UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗണേശോത്സവം (സി പി എം-കണ്ണൂര്‍ വക)

Avatar

കെ.പി.എസ്.കല്ലേരി

സേവ് സിപിഎമ്മുകാരേയും അവസരവാദികളേയും കുലംകുത്തികളേയും പിടിച്ച് മാധ്യമങ്ങള്‍ വിടാതെ ആക്രമിക്കുമ്പോള്‍ സാക്ഷാല്‍ പിണറായി വിജയന്‍ സ്ഥിരമായ പറയുന്നൊരു പ്രയോഗമുണ്ട്, ‘ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ലെ’ന്ന്. പറഞ്ഞു പറഞ്ഞ് ആ പ്രയോഗമിപ്പോള്‍ തിരുത്താന്‍ സമയമായിരിക്കുന്നു എന്നുതോന്നുന്നു. കാരണം ഈ പാര്‍ട്ടിയെന്നു പറഞ്ഞാല്‍ കേരളത്തിലെ മൊത്തമായും പിന്നെ ബംഗാളും ത്രിപുരയും ഡല്‍ഹിലെ ആപ്പീസുമൊക്കെ ചേര്‍ന്നതാണല്ലോ. ആ പാര്‍ട്ടിയെക്കുറിച്ച് പാറപ്പുറത്തെ സമ്മേളനം തൊട്ടിങ്ങോട്ട് ഏതാണ്ടെല്ലാ അക്ഷരാഭ്യാസികളായ മാലോകര്‍ക്കും നന്നായിട്ടറിയാം. അത് പിണറായിക്കുമറിയാം. പക്ഷെ അന്നും ഇന്നുമെല്ലാം അറിയാത്തൊരു കാര്യമുണ്ട്; കണ്ണൂരിലെ പാര്‍ട്ടിയെക്കുറിച്ച്. കഴിഞ്ഞ കുറേക്കാലമായി തുടരുന്ന സംഭവവികാസങ്ങള്‍ വെച്ചുനോക്കിയാല്‍ പിണറായിവിജയന്റെ പ്രയോഗം ഇങ്ങനെ തിരുത്തേണ്ടിയിരിക്കുന്നു, ‘കണ്ണൂരിലെ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല’.

കേരളത്തില്‍ നിന്നുള്ള ആകെ നാല് പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ മൂന്നുപേരും കേന്ദ്ര-സംസ്ഥാന കമ്മറ്റി അംഗങ്ങളില്‍ ബഹുഭൂരിപക്ഷം പേരും ഇരുന്ന് വിലസുന്ന കണ്ണൂരിനെക്കുറിച്ച് എതിരാളികള്‍ക്ക് പണ്ടേ ആക്ഷേപമുണ്ട്. സിപിഎമ്മെന്നാല്‍ കണ്ണൂരിലെ പാര്‍ട്ടിയാണെന്ന്. പക്ഷെ ഇക്കാലമത്രയും സംസ്ഥാനത്തെ ലക്ഷക്കണക്കായ ഒറ്റ സിപിഎം പ്രവര്‍ത്തകരും അത് സമ്മതിച്ച് കൊടുത്തിട്ടില്ല. എന്നാല്‍ പിണറായി സംസ്ഥാന സെക്രട്ടറിയും കോടിയേരി പ്രസിഡന്റും ജയരാജന്‍മാര്‍ മെമ്പര്‍മാരുമായി വിലസുന്ന കണ്ണൂരിലെ സമീപകാല യാഥാര്‍ഥ്യങ്ങള്‍ ഒരു പാര്‍ട്ടി പ്ലീനത്തിലും പരതിനോക്കിയിട്ട് പ്രത്യയശാസ്ത്രപരമായി അങ്ങോട്ട് ശരിയാവുന്നില്ല. പാര്‍ട്ടി ദേശീയതലത്തില്‍ പൊതുവായിട്ടെന്ത്  തീരുമാനമെടുത്താലും അതൊന്നും കണ്ണൂരിലെ പാര്‍ട്ടിക്ക് ബാധകമല്ലെന്ന് വരാന്‍ തുടങ്ങിയിട്ടിപ്പോള്‍ കാലം കുറേ ആയി. വന്നുവന്ന് അതിപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന ഗണേശോത്സവം വരെ എത്തിയിരിക്കുന്നു. അടിക്കടി തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും പിടിച്ച് നില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പ് പോലും കിട്ടാതിരുന്നിട്ടും കണ്ണൂരിലെ പാര്‍ട്ടിക്ക് കുലുക്കമൊന്നുമില്ല. നേതാക്കള്‍ രൂപത്തിലും ഭാവത്തിലും നടപ്പിലും ജീവിതശൈലിയിലും വാക്കിലുമെല്ലാം കുറേക്കൂടി ജനകീയരാവണമെന്ന പാലക്കാട് പ്ലീനം റിപ്പോര്‍ട്ട് കണ്ണൂര്‍ നേതാക്കള്‍ക്ക് തീരെയങ്ങോട്ട് രസിച്ചിട്ടില്ല. ഇപ്പോഴും അവിടുത്തെ നേതാക്കള്‍ പിണറായിയുടെ പഴയ വാചകം തന്നെ ഉരുവിടുന്നു. ‘നിങ്ങള്‍ക്കീ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല’.

ടി.പി ചന്ദ്രശേഖരനെന്ന ‘ധീരനായ പോരാളി’ യുടെ ശരീരത്തില്‍ വീണ 51 വെട്ടു മുതലാണ് കണ്ണൂരിലെ പാര്‍ട്ടി പ്രത്യക്ഷമായി സ്വന്തം വഴിയിലേക്ക് നടക്കാന്‍ തുടങ്ങിയത്. അതിനുമുമ്പ് ബിജെപിയുമായി അടിക്കടി നടത്തിയിരുന്ന കൊലപാതക ഗോളടിമാത്രമായിരുന്നു കണ്ണൂരിനെ മറ്റ് ജില്ലകളിലെ പാര്‍ട്ടിയില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത്. എന്നാല്‍ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയ കോഴിക്കോട് ജില്ലക്കാരനായ ചന്ദ്രശേഖരന്റെ കൊല സിപിഎമ്മിനെ വലിയതോതില്‍ പ്രതിസന്ധിയിലാഴ്ത്തി. പാര്‍ട്ടിക്കുള്ളില്‍പോലും കണ്ണൂര്‍ നേതൃത്വത്തിനെതിരെ പ്രതീക്ഷിക്കാത്ത ആഞ്ഞടികളുണ്ടായി. സംസ്ഥാനത്തും ദേശീയതലത്തിലുമെല്ലാം പാര്‍ട്ടിയില്‍ അത് വലിയ കോളിളക്കമുണ്ടാക്കിയെങ്കിലും കണ്ണൂരില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളുടെ അംഗബലം ഒന്നുകൊണ്ടു മാത്രം അവര്‍ എല്ലാറ്റിനുമെതിരേ ശക്തമായ പ്രതിരോധം തീര്‍ത്തു. ടിപി കേസിനുശേഷവും പിന്നീടിങ്ങോട്ട് കണ്ണൂര്‍ പാര്‍ട്ടി കൈക്കൊണ്ട ഓരോ നിലപാടുകളും ഇതേപോലുള്ള പ്രതിഷേധങ്ങള്‍ക്കിടയാക്കി. കണ്ണൂരിലെ നൂറുകണക്കായ സിപിഎം പ്രവര്‍ത്തകരെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ബിജെപി-ആര്‍എസ് പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്, ടിപി വധക്കേസിലടക്കം ആരോപണ വിധേയനായിട്ടും ഷംസീറിനെ വടകരയില്‍ ഏകപക്ഷീയമായി സ്ഥാനാര്‍ഥിയാക്കിയത്, തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് കണ്ണൂരില്‍ നടത്തിയ മുസ്‌ലീം സംഗമം… ഇതില്‍ ഒന്നുപോലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വോട്ടാകാതിരുന്നിട്ടും സംസ്ഥാനത്തെ പാര്‍ട്ടിയെ മൊത്തമായും കേരളത്തില്‍ സിപിഎമ്മിനെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കായ പൊതുജനത്തെ ഞെട്ടിപ്പിക്കുകയും ചെയ്തുകൊണ്ടൊരു ഗണേശോത്സവവും ഇപ്പോള്‍ പാര്‍ട്ടി നടത്തുന്നു. എന്തിനെയൊക്കെ എതിര്‍ക്കണമെന്നാണോ പാര്‍ട്ടി പഠിപ്പിച്ചത് അതിനേയെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ ഇതാണ് പാര്‍ട്ടി എന്ന് വിശ്വസിക്കാന്‍മാത്രം വിവരദോഷികളാണോ ജയരാജന്‍ സാറന്‍മാരേ കേരളത്തിലുള്ളത്? കേരളം മുഴുന്‍ വര്‍ഗീയത ആരോപിച്ച പിഡിപിയെ സഖ്യം ചേര്‍ത്തതുമുതല്‍ തുടങ്ങുകയും ദോഷമല്ലാതെ ഒരു ഗുണവുമുണ്ടായിട്ടില്ലാത്ത വര്‍ഗീയതയെ ദിനം പ്രതി അടവു നയങ്ങളുടെ പേരില്‍ പുല്‍കുകയും ചെയ്യുന്നത് ഈ പാര്‍ട്ടിയെ വളര്‍ത്താനോ അതോ തളര്‍ത്താനോ?

ഇക്കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ലക്ഷക്കണക്കായ മതേതര വിശ്വാസികളേയും കമ്യൂണിസ്റ്റുകാരേയും അന്ധാളിപ്പിച്ച തീരുമാനം കണ്ണൂര്‍ സിപിഎം ഘടകത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. കഴിഞ്ഞ കുറേക്കാലമായി സിപിഎം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി, പ്രത്യേകിച്ച് മുസ്‌ലീം സമുദായത്തെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ പണ്ടെന്നോ ഒരു ടികെ ഹംസയും പിന്നീടൊരു ജലീലും കൂടെ പോന്നതൊഴിച്ചാല്‍ കപടമായ ന്യൂനപക്ഷ സഹതാപം കൊണ്ട് പാര്‍ട്ടിക്ക് പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടായില്ല. ഗുണമുണ്ടായില്ലെന്ന് മാത്രമല്ല ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായം വ്യാപകമായി കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും അടുക്കുകയും ചെയ്തു. അങ്ങനെ ഉണ്ടായൊരു ബോധോദയത്തില്‍ നിന്നാണ് വലിയ ആലോചനകളൊന്നും ആരോടും നടത്താതെ പോളിറ്റ് ബ്യൂറോയോട് മാത്രം (പിണറായി, കോടിയേരി, വേണമെങ്കില്‍ പത്മനാഭനും) കാര്യം പറഞ്ഞ്, തങ്ങളുടെ സഖാക്കളെ നിരന്തരം കൊന്നു തള്ളുകയും ജീവച്ഛവങ്ങളാക്കുകയും ചെയ്യുന്നതിന് നേതൃത്വം വഹിച്ച ബിജപിനേതാക്കളേയും പ്രവര്‍ത്തകരേയും കൂട്ടമായിതന്നെ ഒപ്പം കൂട്ടിയത്. സംസ്ഥാന വ്യാപകമായി പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്ത് നിന്നും വ്യാപക എതിര്‍പ്പുകളുണ്ടായിട്ടും അതിനെല്ലാം കണ്ണൂര്‍ മോഡല്‍ ന്യായങ്ങള്‍ നിരത്തി ജയരാജന്‍മാര്‍ പൊതുവേദിയില്‍ പിണറായിയെകൊണ്ടുതന്നെ കര്‍മങ്ങള്‍ ചെയ്യിപ്പിച്ചു. സംസ്ഥാന വ്യാപകമായി പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടായപ്പോള്‍ പാവം കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതി, എന്തെങ്കിലുമാവട്ടെ നമ്മുടെ സഖാക്കള്‍ കൊല്ലപ്പെടുന്നതിനെങ്കിലും ഇനി സമാധാനമുണ്ടാവുമല്ലോ എന്ന്. പക്ഷെ അത് വെറുതെയായിരുന്നു. അതിനുശേഷം മാത്രം മൂന്ന് സിപിഎം പ്രവര്‍ത്തകരും രണ്ട് ബിജെപിക്കാരും കണ്ണൂരില്‍ കൊല്ലപ്പെട്ടു. അതൊക്കെ പൊട്ടെ, പഴയകഥ. പഴയതെന്നുപറഞ്ഞാല്‍ അതിനുമാത്രം പഴയതൊന്നുമല്ല നാലഞ്ചു മാസത്തെ പഴക്കം. പക്ഷെ ഇപ്പോ ജനം  ഞെട്ടിയത് അതിനൊന്നുമല്ല മതപരമായ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ക്ഷേത്രചടങ്ങുകള്‍, ക്ഷേത്ര ഭാരവാഹിത്വങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം പാര്‍ട്ടി അംഗങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് പറഞ്ഞിട്ട് ഒരു കൂട്ടം പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ണൂരില്‍ ഗണേശോത്സവം നടത്തുന്നു. അതും പി.ജയരാജന്റെ അറിവോടെയും അനുഗ്രഹത്തോടെയും. വിമര്‍ശനമുയര്‍ന്നപ്പോള്‍ അതിന് അദ്ദേഹത്തിന്റെ മറുപടിയും വന്നു ‘പാര്‍ട്ടിക്കാരാണെന്ന് കരുതി അവരവരുടെ വിശ്വാസത്തിനും ആചാരങ്ങള്‍ക്കുമൊന്നും തടസം നില്‍ക്കാനാവില്ല…’

ഒ കെ വാസുവും കൂട്ടരും വന്നതിനു പിന്നാലെ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കണ്ണൂര്‍ തളാപ്പ് അമ്പാടിമുക്കിലെ 25 ഓളം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഇപ്പോള്‍ വിവാദമായ ഗണേശോല്‍സവം സംഘടിപ്പിക്കുന്നത്. ഇന്നു മുതല്‍ 31 വരെയാണ് ഗണേശപൂജ. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഗണേശോല്‍സവത്തിനൊപ്പം പൂജയും മറ്റ് ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്. പതിവായി ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ നടത്തിവരുന്ന ഗണേശോത്സവത്തിനെ ശക്തമായ ഭാഷയില്‍ എതിര്‍ത്തുകൊണ്ടിരുന്നതാണ് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍. എന്നിട്ടും ഇത്തവണ കുറച്ച് പ്രവര്‍ത്തകരെ കൂടെ കിട്ടിയതിന്റെ പേരില്‍ മാത്രം പഴയതെല്ലാം വിഴുങ്ങി അന്ധവിശ്വാസത്തിനും അനാചാരങ്ങളുടേയും പിണിയാളുകളായി പാര്‍ട്ടിപ്രവര്‍ത്തകര്‍ മാറുന്ന കാഴ്ച സംസ്ഥാനത്തെങ്ങും പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധം തന്നെയാണ് ഉയര്‍ത്തിയിരിക്കുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

കാത്തിരിക്കാന്‍ പിണറായി തയാറാണ്!
സഖാവേ, അതൊരു ഓലപ്പടക്കമാണ്!
ചെറിയ ലോകത്തെ വലിയ പാര്‍ട്ടിക്കാര്‍
പിണറായി എന്ന മുരടന്‍
നല്ല നേതാവും ചീത്ത നേതാവും

 ഗണേശോല്‍വസത്തിനായി ബംഗളൂരുവില്‍ നിന്ന് ഗണപതിയുടെ കൂറ്റന്‍ വിഗ്രഹമാണ് കഴിഞ്ഞ ദിവസം അമ്പാടിമുക്കില്‍ എത്തിച്ചിരിക്കുന്നത്.  ഗണേശോല്‍സവത്തെ കുറിച്ചുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും നഗരത്തില്‍ സജീവമാണ്. ബിജെപിയിലെ ഒരു വിഭാഗം ജില്ലാ നേതാക്കളോടുള്ള എതിര്‍പ്പ് മൂലം പാര്‍ട്ടി വിട്ട് നമോ വിചാര്‍ മഞ്ച് എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചവര്‍ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ ഒ.കെ. വാസു മാസ്റ്ററുടെ നേതൃത്വത്തിലാണ് സിപിഎമ്മിലേക്ക് ചേക്കേറിയിരുന്നത്. അവരെയെല്ലാം മുന്നുപിന്നും നോക്കാതെ പാര്‍ട്ടി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പഴയ നിലപാടുകളൊന്നും ഞങ്ങള്‍ക്ക് ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന സൂചന ഇവര്‍ ഗണേശാത്സവം സംഘടിപ്പിച്ചതിലൂടെ സിപിഎമ്മിന് നല്‍കിയിട്ടും അതിനെതിരായി ഒരക്ഷരംപോലും മിണ്ടാതിരിക്കുന്ന കണ്ണൂര്‍ സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ എന്താണ്? ഒകെ വാസുവും കൂട്ടരും കുറച്ചുപേരുമായി സിപിഎമ്മില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ഒട്ടും കുറയാത്തൊരംഗസംഖ്യ കണ്ണൂരിലെ ബിജെപി നേതൃത്വം സിപിഎമ്മില്‍ നിന്ന് തിരിച്ചെടുത്തതിനും നമ്മള്‍ സാക്ഷിയാണ്. എന്നിട്ടും ഇത്തരം പരീക്ഷണങ്ങള്‍ക്ക് തന്നെ കണ്ണൂരിലെ സിപിഎം തയ്യാറായിക്കൊണ്ടിരിക്കുന്നത് ഏത് രീതിയിലുള്ളൊരു പാര്‍ട്ടി വളര്‍ത്തലിനാണ്. ജാതിക്കും മതത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടപൊരുതി പാര്‍ട്ടി കെട്ടിപ്പടുത്ത കൃഷ്ണപിള്ളയുടേയും എകെജിയുടേയും ഇഎംഎസിന്റേയും നായനാരുടേയുമെല്ലാം പാരമ്പര്യം പേറുന്നവര്‍ എങ്ങോട്ടേക്കാണീ പാര്‍ട്ടിയെ കെട്ടിയിടാന്‍ കൊണ്ടുപോവുന്നത്. ഇതിനെക്കുറിച്ചാണോ മിസ്റ്റര്‍ പിണറായി, നിങ്ങള്‍ ഇടക്കിടെ പറയാറുള്ളത് ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന്?

Views are personal*

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍