UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുമ്പിടി രാഷ്ട്രീയവും പരിഹാസ്യരായ സിപിഎമ്മും

Avatar

അഴിമുഖം പ്രതിനിധി

അണികളും അനുഭാവികളുമെല്ലാം ചേര്‍ത്തുള്ള കണക്കുകളനുസരിച്ചാണെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സ്സിറ്റ്) ആണ്. ഇടതുപക്ഷാശയം മുറുകെ പിടിക്കുന്നൊരു സംസ്ഥാനം കൂടിയാകയാല്‍ സിപിഎമ്മിന് അതിന്റെ അടിത്തറയില്‍ ആശങ്കപ്പെടേണ്ട കാര്യവുമില്ല. എന്നിരിക്കെത്തന്നെയാണ് കേഡര്‍ സ്വഭാവമുള്ളൊരു പാര്‍ട്ടി രാഷ്ട്രീയനേട്ടമെന്ന പേരില്‍ കണ്ണില്‍ കാണുന്നവരെയും കൈയില്‍ കിട്ടുന്നവരേയും വിളിച്ചു കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുന്നത്. കമ്യൂണിസം എന്നതൊരു ആശയമാണ്. ആ ആശയവുമായി സ്വാതന്ത്ര്യത്തോടു കൂടി യോജിക്കാന്‍ കഴിയുന്നവരാണ് ഇടതുപക്ഷക്കാര്‍ ആകുന്നത്. കമ്യൂണിസത്തോട് പ്രതിപത്തിയില്ലാതിരിക്കുകയും അതേസമയം പാര്‍ട്ടിയോട് താത്പര്യം കാണിക്കുകയും ചെയ്യുന്നവര്‍ സ്വാര്‍ത്ഥതയ്ക്കപ്പുറം അവര്‍ വന്നുചേരുന്ന സങ്കേതത്തിന്റെ നിലപാടപകളോട് സമരസപ്പെടുകയെന്നത് അസാധ്യമായവരാണ്. എന്നാല്‍ ഇത്തരക്കാരെ തിരിച്ചറിയാന്‍ കഴിയാതെ/ശ്രമിക്കാതെയുള്ള സിപിഎമ്മിന്റെ സ്വാഗതമനോഭാവം ആ പാര്‍ട്ടിക്ക് എല്‍പ്പിക്കുന്ന നാണക്കേടിന്റെ അവസാനത്തെ പേരാണ് പി പത്മകുമാര്‍.

ഹിന്ദു ഐക്യവേദി മുന്‍ സംസ്ഥാന സെക്രട്ടറിയും ആര്‍എസ്എസ് നേതാവുമായ പത്മകുമാര്‍ നാലുദിവസം മുമ്പാണ് അയാള്‍ അതുവരെ പ്രവര്‍ത്തിച്ചിരുന്ന രാഷ്ട്രീയ സങ്കേതത്തില്‍ നിന്നും പുറത്തു വന്ന്‍ സിപിഎമ്മിന്റെ ഭാഗമാകാന്‍ എത്തിയത്. വെറും നാലുദിവസം കൊണ്ട് പത്മകുമാര്‍ പഴയ തട്ടകത്തിലേക്ക് തിരികെ പോയി. പത്മകുമാര്‍ പാര്‍ട്ടി വിട്ടതിനു പിറകെ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരേ ഉന്നയിച്ചത്. ചിട്ടിതട്ടിപ്പ് നടത്തിയവനെന്ന പരിഹസമായിരുന്നു മൂന്നുദിവസത്തിനുള്ളില്‍ പത്മകുമാറിനു കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ നാലാം നാള്‍ ഉണ്ടായ അയാളുടെ തിരിച്ചുവരവ് ഒരു മടിയും കൂടാതെ അംഗീകരിക്കുവാനും അയാള്‍ക്കെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ ക്ഷണനേരം കൊണ്ട് പിന്‍വലിക്കാനും ബിജെപിക്ക് ഒരുവിധത്തിലുള്ള പുനര്‍ചിന്തനവും വേണ്ടിവന്നില്ല. ഇതുകൊണ്ട് ബിജെപിക്ക് നാണക്കേടുണ്ടായി എന്നതു ശരി തന്നെ, പക്ഷേ യഥാര്‍ത്ഥത്തില്‍ അപഹാസ്യരായത് സിപിഎം തന്നെയാണ്. ആ പാര്‍ട്ടി ഒരു വണ്ടി ചന്തയല്ല എന്നതോര്‍ക്കാതെ പോയ നേതാക്കനമാര്‍ തന്നെയാണ് അതിനു കാരണക്കാരനായത്.

നാലു പതിറ്റാണ്ടുകാലം സംഘത്തില്‍ പ്രവര്‍ത്തിച്ച തനിക്ക് അരമണിക്കൂര്‍ നേരത്തേക്ക് തെറ്റുപറ്റിയെന്നായിരുന്നു സിപിഎം ബാന്ധവത്തിനുപോയതില്‍ മനസ്താപം പ്രകടിപ്പിച്ചു തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പാര്‍ക്കില്‍ വ്യാഴാഴ്ച വൈകുന്നേരം സംഘടിപ്പിച്ച ടികെ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തില്‍ പങ്കെടുത്തു പത്മകുമാര്‍ പ്രസംഗിച്ചത്. ഐ എസ് ഭീകരര്‍ക്കിടയില്‍ പെട്ട ദേശീയവാദിയുടെ അനുഭവമായിരുന്നു തനിക്ക് സിപിഎമ്മില്‍ ഉണ്ടായതെന്നും ഭാരതത്തിലെ ഏക പ്രതീക്ഷയുള്ള പ്രസ്ഥാനം ആര്‍എസ്എസ് ആണെന്നും ഗാന്ധി പാര്‍ക്കില്‍ നിന്നു പത്മകുമാര്‍ വിളിച്ചു പറഞ്ഞു. പത്മകുമാറിന് പറ്റിയ അബദ്ധം പൊറുത്ത് അദ്ദേഹത്തെ ആശ്ലേഷിക്കാന്‍ ഒ രാജഗോപാല്‍ എന്ന സംഘരാഷ്ട്രീയത്തിന്റെ കാരണവരും എത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പത്രസമ്മേളനം വിളിച്ച് പത്മകുമാര്‍ ബിജെപിവിട്ട് സിപിഎമ്മില്‍ ചേര്‍ന്ന വിവരം പറയുന്നത്. ഇനിയും നിരവധി പേര്‍ ബിജെപി വിട്ട് സിപിഎമ്മിലേക്കു വരുമെന്നു പത്മകുമാറിന്റെ സാന്നിധ്യത്തില്‍ ആനാവൂര്‍ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.

ഇവിടെ പിഴച്ചത് ആനാവൂര്‍ നാഗപ്പനല്ല, സിപിഎം നടത്തി വരുന്ന രാഷ്ട്രീയ കളിയാണ്. ഒരു കോണ്‍ഗ്രസുകാരനോ അല്ലെങ്കില്‍ സിപിഐക്കാരനോ വരുന്നതിനേക്കാള്‍ രാഷ്ട്രീയ മൈലേജാണ് ബിജെപിയില്‍ നിന്നും ഒരാള്‍ വരുമ്പോള്‍ കിട്ടുന്നതെന്നാണു സിപിഎം കരുതുന്നത്. പത്മകുമാറിന്റെ വരവ് രാഷ്ട്രീയനേട്ടം മാത്രമായെ പാര്‍ട്ടി കണ്ടുള്ളൂ.

ഒ കെ വാസു, എ എ അശോകന്‍, എസ് കെ മോഹന്‍ എന്നീ ബിജെപിയുടെ മുന്‍ സംസ്ഥാനതല നേതാക്കന്മാരെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കണ്ണൂര്‍ ഘടകത്തിനു കഴിഞ്ഞത് പാര്‍ട്ടി വലിയ ആഘോഷമായാണ് ഇപ്പോവും കൊണ്ടാടുന്നത്. ഓരോ ജില്ലയിലും ഇതിന്റെ ഹാങ്ഓവര്‍ നേതാക്കന്മാരില്‍ പിടിപെട്ടിട്ടുണ്ട്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നേതാക്കന്മാരുടെ കൂടുമാറ്റം ഇപ്പോഴൊരു വാര്‍ത്തയൊന്നുമല്ല. ഷെയര്‍ മാര്‍ക്കറ്റിലെ ബ്രോക്കര്‍മാരെപോലെയാണ് ഇന്നത്തെ രാഷ്ട്രീയക്കാരില്‍ അധികവും. വിപണിസാധ്യത മുന്‍കൂട്ടി മനസിലാക്കി കളിക്കുന്നവര്‍. ഇന്നലെ കണ്ട പാര്‍ട്ടിയില്‍ ഇന്നവര്‍ കാണണമെന്നില്ല, നാളെ മറ്റൊരിടത്തു കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല. ആശയങ്ങളുടെ നിലനില്‍പ്പല്ല, അവനവന്റെ നിലനില്‍പ്പാണ് ഇന്നത്തെ രാഷ്ട്രീയം. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തില്‍ കോണ്‍ഗ്രസില്‍ നിന്നടക്കം ബിജെപ്പിയിലേക്കുള്ള കൂട്ടയൊഴുക്ക്.  

സംഘപരിവാര്‍ രാഷ്ട്രീയം ഇന്ത്യയില്‍ അതിന്റെ അജണ്ട വ്യാപിക്കുന്നതില്‍ വിജയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷബോധത്തോടെ മുന്നിട്ടിറങ്ങേണ്ടവരാണ് ഇടതുപക്ഷം. സംഘപരിവാര്‍ ശക്തിയെ തടഞ്ഞുനിര്‍ത്തുന്നതില്‍ കാര്യമായ വിജയം കാണുന്നവര്‍ എന്ന നിലയില്‍ കേരളത്തിലെ ഇടതുപക്ഷം പ്രത്യേകിച്ച് സിപിഎം നിലവിലെ സാഹചാര്യങ്ങളില്‍ കൂടുതല്‍ പ്രസക്തി നേടുന്നുണ്ട്. എന്നാല്‍ പ്രതിരോധശക്തിയില്‍ സിപിഎമ്മിനു പൂര്‍ണ വിശ്വാസം ഇല്ലായെന്നതും ഇതോടൊപ്പം കാണണം. ഈയൊരു ശങ്കയിലാണ് ഏതെങ്കിലുമൊരു ബിജെപി-ആര്‍എസ് എസ് നേതാവ് സിപിഎമ്മിലേക്കു വരുമ്പോള്‍ അതിനെ വലിയ ആഘോഷമാക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നത്. 

അമ്പലപ്പറമ്പില്‍ വരുന്നവരെല്ലാം ഭക്തന്മാര്‍ ആണെന്നു കരുതാനാകുമോ? ഭക്തരുണ്ടാകും, അതുപോലെ കറക്കിക്കുത്തുകാരനും കള്ളനും പിടിച്ചു പറിക്കാരനും ആ കൂട്ടത്തില്‍ കാണും, ഒരു സങ്കേതത്തെ പലവിധത്തില്‍ ആശ്രയിക്കുന്നവരാണിവരെല്ലാം. ഈ തിരിച്ചറിവില്ലാതെ, ആള്‍ക്കൂട്ടത്തിന്റെ വലിപ്പത്തില്‍ ആവേശം കൊള്ളുന്നതില്‍ ഉണ്ടാകുന്ന കുഴപ്പമാണ് പത്മകുമാറിനെ പോലുള്ളവരുടെ കാര്യത്തില്‍ പാര്‍ട്ടിക്കു സംഭവിക്കുന്നത്. പൂര്‍ണമായ ഫില്‍റ്ററിംഗ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ സംബന്ധിച്ച് അതിലേക്കു വരുന്നവരുടെ കാര്യത്തില്‍ നടത്തുക അസാധ്യം തന്നെയാണ്. എന്നാല്‍ മേല്‍ത്തട്ടില്‍ നിന്നും ഉണ്ടാകുന്ന പ്രവേശനത്തില്‍ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതുന്നില്ല. കുറിച്ചിട്ടി നടത്തുന്ന സ്ഥാപനമൊന്നുമല്ലല്ലോ മാര്‍ക്സിസ്റ്റ് പാര്‍ട്ടി. പ്രത്യശാസ്ത്ര ഭിന്നതകള്‍ അടക്കമുള്ളവ ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ നിന്നകന്ന ഇടതുപക്ഷ മനോഭാവമുള്ളവരെ ഇപ്പോഴും കൈയകലത്തു പോലും പ്രവേശിപ്പിക്കാന്‍ ആലോചിക്കാത്തവരാണ് ആര്‍എസ്എസിന്റെ സംസ്ഥാന നേതാക്കളെ വിളിച്ചു കയറ്റുന്നത് എന്നതു കൂടി ഓര്‍ക്കണം; അതില്‍ സിപിഎമ്മിന് പ്രശ്നമുണ്ടോ എന്നറിയില്ല, പക്ഷേ, ആ പ്രസ്ഥാനം നാടിന് എത്ര ആവശ്യമുള്ളതാണ് എന്നറിയാവുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട് എന്നതാണ് വാസ്തവം. പ്രത്യേകിച്ച് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍.

കുമ്പിടി രാഷ്ട്രീയം കളിക്കാന്‍ യാതൊരു ഉളുപ്പിമില്ലെന്നു തെളിയിക്കുന്ന പത്മകുമാറിനെ പോലുള്ളവര്‍ ഏറെയുണ്ട്, ഓരോ പാര്‍ട്ടിയിലും. സിപിഎമ്മിലും. എങ്കിലും ഇത്തരം കുമ്പിടിമാരുടെ ഓടിച്ചാടി കളിയില്‍ ഒരു പ്രയസവുമില്ലാതെ വീണുകൊടുക്കാനും അതിന്റെ ജാള്യത ഒട്ടുമേ കാണിക്കാതെ അടുത്ത കളിക്കാരനുവേണ്ടി കാത്തിരിക്കാനും തയ്യാറാകുന്നത് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ആണെന്നത് ലജ്ജാകരമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍