UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാരിന്റെ മൂക്കിന്‍ തുമ്പത്ത് ഒരു പോളിയെ കൊല്ലുന്ന വിധം

Avatar

വിഷ്ണു എസ്. വിജയന്‍

‘സമരങ്ങളാണ് വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക് കോളേജിനെ വളര്‍ത്തിയത്. കാമ്പസിനുള്ളിലെ ഇപ്പോഴത്തെ സമരങ്ങള്‍ കാണുമ്പോള്‍ ഒന്നുറപ്പുണ്ട്; അത് തകര്‍ക്കാനല്ല, രക്ഷിക്കാനാണ്’; നിസാര്‍ മുഹമ്മദ് തന്റെ ചാരുകസേരയില്‍ ഒന്നുകൂടി നിവര്‍ന്നിരുന്നു. പതിയെ അദ്ദേഹം ഓര്‍മകളുടെ പഴങ്കെട്ട് അഴിച്ചു. സിപിടിസി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക് കോളേജിന്റെ ചരിത്രം, അതിന്റെ ഉത്ഭവം,വളര്‍ച്ച, വീഴ്ച്ച, ഉയര്‍ത്തെഴുന്നേല്‍പ്പ് ഇതെല്ലം കണ്ടുകൊണ്ടു ആദ്യബാച്ച് വിദ്യാര്‍ത്ഥിയായ നിസാര്‍ മുഹമ്മദ് എന്ന അറുപതു കഴിഞ്ഞ കേന്ദ്ര ഇന്‍ഷ്വറന്‍സ് സര്‍വേയര്‍ ശാസ്തമംഗലം മംഗലം ലെയിനിലുള്ള വീട്ടിലുണ്ട്.

സിപിടിസി അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോവുകയും ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്നും മടങ്ങി വരികയും ചെയ്തിരിക്കുകയാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും സംഭവിക്കാന്‍ പാടില്ലാത്ത പ്രശ്‌നങ്ങളാണു കുറച്ചു നാളുകളായി സിപിടിസിയില്‍ അരങ്ങേറിയത്. അതിലേക്ക് കടക്കുന്നതിനു മുന്‍പ് സിപിടിസിയുടെ ചരിത്രത്തിലേക്ക്.

ഒന്നുമില്ലായ്മയില്‍ ഒരു പോളിടെക്‌നിക്
1938 ല്‍ ശ്രീമൂലം പ്രജാസഭയുടെ കാലത്താണ് സിപിടിസി സ്ഥാപിക്കപ്പെടുന്നത്. തിരുവനന്തപുരം പിഎംജി ജംഗ്ഷനിലെ പഴയ ട്രിവാന്‍ഡ്രം എഞ്ചിനിയറിംഗ് കോളേജില്‍ പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകള്‍ കൂടി തുടങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു. ജനാര്‍ദ്ദന ശര്‍മ ആയിരുന്നു ആദ്യ പ്രിന്‍സിപ്പല്‍. 1960ല്‍ തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലേക്ക് പോളി മാറി. അതിനുള്ള പ്രധാന കാരണം എഞ്ചിനിയറിംഗ് കോളേജ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഡിപ്ലോമ വിദ്യാര്‍ഥികളോടുള്ള വിരോധമായിരുന്നു. അവര്‍ ഒരിക്കലും ഡിപ്ലോമ വിദ്യാര്‍ഥികളെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. എഞ്ചിനിയറിംഗ് കോളേജിലെ അവഗണനകളേറ്റ് കഴിഞ്ഞിരുന്ന പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്ക് പുതിയ കാമ്പസ് പ്രതീക്ഷ നല്‍കുന്നതായിരുന്നു.

ആര്‍ട്‌സ് കോളേജിലേക്ക് മാറിയതിനു ശേഷമാണ് ടെക്‌സ്‌റ്റൈല്‍ കോഴ്‌സിനൊപ്പം മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍ എന്നീ മൂന്നു കോഴ്‌സുകള്‍ കൂടി ആരംഭിക്കുന്നത്. കോളേജ് പുതിയ ഇടത്തേക്ക് മാറ്റിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ വര്‍ദ്ധിപ്പിച്ചിരുന്നില്ല. മാത്രവുമല്ല ടെക്‌നിക്കല്‍ ഡിപ്ലോമ വിഭാഗത്തിനു വേണ്ടി വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രത്യേകം വകുപ്പ് ഇല്ലാത്തതും തിരിച്ചടിയായിരുന്നു. പിന്നീടാണു വട്ടിയൂര്‍ക്കാവില്‍ സ്ഥലം കണ്ടെത്തി പുതിയ കാമ്പസ് ഉണ്ടാക്കി അങ്ങോട്ട് മാറുന്നത്.

സമരങ്ങളുടെ ആരംഭം
1961 മുതല്‍ ആണ് പോളിടെക്‌നിക് കോളേജ് അതിന്റെ യഥാര്‍ത്ഥ ഉണര്‍വിലേക്ക് എത്തപ്പെടുന്നത്. അന്ന് അവിടെ വിദ്യാര്‍ഥി രാഷ്ട്രീയം ഒന്നുമില്ല, ഒരു നിര്‍ജീവ ക്യാമ്പസ് ആയിരുന്നു. വിദ്യാര്‍ഥികളോട് അധ്യാപകരുടെ സമീപനം ഒന്നും ശരിയായിരുന്നില്ല. പിന്നെയുള്ള ആറുവര്‍ഷങ്ങള്‍ ഞാന്‍ ഒരു പോളിടെക്‌നിക് വിദ്യാര്‍ഥി സംഘടനയുണ്ടാക്കാന്‍ വേണ്ടിയുള്ള അലച്ചിലില്‍ ആയിരുന്നു. ആ സമയത്ത് തന്നെ പാര്‍ട്ട് ടൈം കോഴ്‌സുകളും ആരംഭിച്ചിരുന്നു.

അന്ന് കേരളത്തില്‍ ആകെ പതിനൊന്ന് പോളിടെക്‌നിക് കാമ്പസുകള്‍ ഉണ്ടായിരുന്നു. ഒന്നിലും തന്നെ വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല. ഒരുപാട് അലച്ചിലുകള്‍ക്ക് ഒടുവില്‍ ഞങ്ങള്‍ ഒരു വിദ്യാര്‍ഥി മൂവ്‌മെന്റ് സംഘടിപ്പിച്ചെടുത്തു. അതില്‍ പ്രധാനമായും ഇവിടുത്തെ കുട്ടികളും കാഞ്ഞങ്ങാട് പോളിടെക്‌നിക് കോളേജിലെ കുട്ടികളും ആയിരുന്നു മുന്നില്‍.

സംഘടന ആരംഭിച്ചതിനു ശേഷം ആവശ്യങ്ങള്‍ നേടിയെടുക്കാനായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരന്തരം സമരങ്ങള്‍ സംഘടിപ്പിച്ചു. കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പികുക, മൂന്നു വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുക, പ്രത്യേകം പരീക്ഷ ബോര്‍ഡ് അനുവദിക്കുക, കലോത്സവങ്ങളും കായിക മത്സരങ്ങളും സംഘടിപ്പിക്കാന്‍ അനുവദിക്കുക തുടങ്ങിയവ ആയിരുന്നു പ്രാധാന ആവശ്യങ്ങള്‍. അതുവരെ ഞങ്ങള്‍ക്ക് പ്രത്യേകം പരീക്ഷാബോര്‍ഡ് ഇല്ലായിരുന്നു. എസ്എസ്എല്‍സി പരീക്ഷകള്‍ നടത്തുന്ന ഡിപിഐ തന്നെയായിരുന്നു ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടിരുന്നത്. അത് മാറ്റി സ്ഥിരം പരീക്ഷ ബോര്‍ഡ് സ്ഥാപിക്കുക എന്നതായിരുന്നു പ്രധാന ആവശ്യം. നിരന്തരമായ സമരങ്ങളിലൂടെ അവ ഓരോന്നായി നേടിയെടുത്തു. പോളിടെക്‌നിക് വിദ്യാഭ്യാസം ഇന്ന് കാണുന്ന തരത്തില്‍ മാറ്റിയെടുക്കാന്‍ വട്ടിയൂര്‍ക്കാവ് പോളി വഹിച്ച പങ്കു ചെറുതൊന്നുമല്ല. അതാണ് ഞാന്‍ ആദ്യം പറഞ്ഞത്, സമരങ്ങളാണ് വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക് കോളേജിനെ വളര്‍ത്തിയെടുത്തത് എന്ന്.’ നിസാര്‍ മുഹമ്മദിന്റെ വാക്കുകളില്‍ പഴയ സമരകാലം ആവേശം പകര്‍ത്തുന്നു.

സംഘടന ഉണ്ടാക്കിയതിലും,സമരങ്ങള്‍ സംഘടിപ്പിച്ചതിലും അസ്വസ്ഥരായിരുന്ന ഒരു കൂട്ടം അധ്യാപകര്‍ നിസാര്‍ മുഹമ്മദിനെ പരീക്ഷകളില്‍ പരാജയപ്പെടുത്തിയാണ് പകരം വീട്ടിയത്.

‘ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഞങ്ങള്‍ കുറച്ചുപേരാണ് എല്ലാത്തിലും മുന്നില്‍ നിന്നത്. സമരങ്ങള്‍ക്ക് മുന്നില്‍ നിന്നു എന്ന ഒറ്റക്കാരണത്താല്‍ എന്നെ രണ്ടുവട്ടം തോല്‍പ്പിച്ചു കളഞ്ഞു. മൂന്നാം വട്ടമാണ് ഞാന്‍ പരീക്ഷ എഴുതി എടുക്കുന്നത്. അപ്പോഴേക്കും കുറേയേറെ കാര്യങ്ങള്‍ നേടിയെടുത്തിരുന്നു.’ നിസാര്‍ മുഹമ്മദ് ദീര്‍ഘ നിശ്വാസത്തിനൊപ്പം പറഞ്ഞു നിര്‍ത്തി.

1962 വരെ ട്രിവാന്‍ഡ്രം എന്‍ജിനിയറിംഗ് കോളേജില്‍ തന്നെയായിരുന്നു വിദ്യാര്‍ഥികള്‍ പ്രാക്ടിക്കല്‍ വര്‍ക്കുകള്‍ ചെയ്യാന്‍ പോയിരുന്നത്. പുതിയ കെട്ടിടം നിര്‍മ്മിച്ച് മാറി ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷമാണ് ടെക്സ്റ്റയില്‍ വിഭാഗം വട്ടിയൂര്‍ക്കാവിലേക്ക് മാറ്റുന്നത്.

വട്ടിയൂര്‍ക്കാവില്‍ ക്യാമ്പസ് പ്രവര്‍ത്തനം സുഗമമായി നടന്നു. എല്ലാ ഉറക്കച്ചടവും വിട്ടുണര്‍ന്ന കാമ്പസ് വിദ്യാഭ്യാസ രംഗത്തിനൊപ്പം കലാസാംസ്‌കാരിക രംഗത്തും സജീവമായി. കാമ്പസ് വളരുകയായിരുന്നു, 33 ഏക്കര്‍ ചുറ്റളവില്‍ അന്ന് (ഇന്നും) കേരളത്തിലെ ഏറ്റവും വലിയ പോളി ടെക്‌നിക് കാമ്പസായി സിപിടിസി മാറി. പുതിയ നിരവധി കോഴ്‌സുകള്‍ വര്‍ഷം ചെല്ലും തോറും വന്നുകൊണ്ടിരുന്നു. പാര്‍ട്ട് ടൈം ഡിഗ്രി കോഴ്‌സുകള്‍ കൂടി ആരംഭിച്ചതോടുകൂടി രാത്രിയും പകലും സജീവമായി പ്രവത്തിക്കുന്ന തലസ്ഥാന നഗരത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി സിപിടിസി മാറി. ഇതിനിടയില്‍ പോളിടെക്‌നിക് കോളേജുകള്‍ക്ക് മാത്രമായി പുതിയ പരീക്ഷ ബോര്‍ഡും നിലവില്‍ വന്നിരുന്നു.

മറ്റ് പോളിടെക്‌നിക് കോളേജുകളില്‍ നിന്ന് വിഭിന്നമായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥിനികള്‍ ദൂരദേശങ്ങളില്‍ നിന്ന് വരെ പഠിക്കാന്‍ എത്തിയിരുന്നത് (എത്തുന്നതും) സിപിടിസിയില്‍ തന്നെ. കേരളത്തില്‍ മൂന്ന് വനിത കോളേജുകള്‍ മാത്രമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാതിരുന്നതും, അന്നത്തെക്കാലത്തെ ഏറ്റവും മികച്ച അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടായിരുന്നതും ഇങ്ങോട്ടേക്കുള്ള വിദ്യാര്‍ഥിനികളുടെ ഒഴുക്കിന് കാരണമായി.

വര്‍ക്ക് ഷോപ്പുകള്‍ക്കുള്ളിലെ കലാകാരന്മാരുടെ എണ്ണവും ഒട്ടും കുറവല്ലായിരുന്നു. പാട്ടുപാടാനും മിമിക്രി കാട്ടാനും ഒക്കെ ഒന്നാം സ്ഥാനത്ത് നിന്ന മിടുക്കന്മാരും മിടുക്കികളും ഇപ്പോഴും കാമ്പസിലെ പഴയ മാഗസിനുകളില്‍ കലാതിലകങ്ങളായി നിറഞ്ഞു നില്‍പ്പുണ്ട്. അതിവിശാലമല്ലെങ്കിലും ആവശ്യത്തിനു പുസ്തകങ്ങള്‍ ഉള്ള ഒരു ലൈബ്രറി പുതിയ കാമ്പസിന്റെ തുടക്കം മുതല്‍ ഇവിടെ ഉണ്ട്.

പ്രണയവും, വിപ്ലവവും, ആക്ഷേപ ഹാസ്യങ്ങളും ഒരു പോലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ കോളേജ് മാഗസിനില്‍ പകര്‍ത്തി വെച്ചു.

പ്രതാപത്തില്‍ നിന്നും പതനത്തിലേക്ക്
ഇത്രയും കേട്ടത് സിപിടിസിയുടെ പ്രതാപകാലത്തിന്റെ കഥ. കാലം ചെല്ലുന്തോറും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുരോഗതിയിലേക്ക് വളരുകയാണ് ചെയുന്നത്. എന്നാല്‍ ഇവിടെ സംഭവിച്ചത് നേരെ മറിച്ചാണ്. നിലനില്‍പ്പ് തന്നെ ഭീഷണിയിലാകും വിധം പ്രശ്‌നങ്ങളുടെ വലിയ ചുഴിയിലേക്കാണ് സിപിടിസിയും അവിടുത്തെ വിദ്യാര്‍ഥികളും എടുത്തെറിയപ്പെട്ടത്.

അഡ്മിഷന്‍ നടക്കുന്ന ദിവസങ്ങളില്‍ രാത്രി പത്തുമണി വരെ അപേക്ഷ ഫോമുകള്‍ സ്വീകരിക്കാന്‍ വോളണ്ടിയര്‍മാര്‍ ഇരുന്ന നാളുകള്‍ ഉണ്ടായിരുന്നു സിപിടിസിയ്ക്ക്. എന്നാല്‍ ഈ വര്‍ഷം ആളൊഴിഞ്ഞ പൂരപറമ്പ് പോലെയാണ് അഡ്മിഷന്‍ സമയത്ത് സിപിടിസിയുടെ വരാന്തകള്‍.

പോളിടെക്‌നിക് കോളേജുകളുടെ അപ്രൂവല്‍ ഓരോ വര്‍ഷവും പുതുക്കുകയാണ് പതിവ്. പോളിടെക്‌നിക് കോളേജുകളുടെ അടിസ്ഥാന യോഗ്യതകളും സര്‍ട്ടിഫിക്കറ്റുകളും പ്രവര്‍ത്തനാനുമതിയും നല്‍കുന്ന ബോര്‍ഡ് ആയ എഐസിടിഇ (ആള്‍ ഇന്‍ഡ്യ കൌണ്‍സില്‍ ഫോര്‍ ടെക്ക്നിക്കല്‍ എഡ്യൂക്കേഷന്‍) ആണ് അംഗീകാരം നല്‍കുന്ന ഘടകം. ഓരോ വര്‍ഷത്തേയും കോളേജുകളുടെ പ്രവര്‍ത്തന വിവരങ്ങള്‍ അവലംബിച്ചാണ് അടുത്ത വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനാനുമതി നല്‍കുന്നത്. അതിനായി ഓരോ വര്‍ഷവും കോളേജുകള്‍ എഐസിറ്റിഇയുടെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കുകയും വേണം. ഈ വിവരങ്ങള്‍ നല്‍കിയപ്പോള്‍ സംഭവിച്ച പാകപ്പിഴകളാണ് സിപിടിസിയുടെ ഭാവി മുള്‍മുനയില്‍ നിര്‍ത്തിയത്. 

എഐസിറ്റിഇ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കാന്‍ ഉതകുന്ന വേഗം സിപിറ്റിസിയുടെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കില്ല. അതുകൊണ്ട് ഓരോ വര്‍ഷവും ഏതെങ്കിലും ഒരു അധ്യാപകനെ ഏല്‍പ്പിച്ചു അദ്ദേഹം വീട്ടില്‍ കൊണ്ടുപോയി സ്വന്തം കമ്പ്യുട്ടറില്‍ നിന്ന് അപ്‌ലോഡ് ചെയുകയാണ് പതിവ്. ഒരു വര്‍ഷം ഒരു കമ്പ്യുട്ടറില്‍ നിന്ന് മാത്രമേ നടപടികള്‍ക്ക് വേണ്ടി ലോഗിന്‍ ചെയ്യാന്‍ പാടുള്ളൂ.

2015-16 വര്‍ഷത്തെ പ്രവര്‍ത്തന വിവരങ്ങള്‍ നല്‍കുന്നതിനായി ഒരു അദ്ധ്യാപകനെ ചുമതലപ്പെടുത്തുകയും അദ്ദേഹം വീട്ടില്‍ കൊണ്ടുപോയി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. അതിന്റെ പ്രിന്റ് ഔട്ട് എടുക്കാന്‍ നോക്കുമ്പോഴാണ് ചെയ്ത കാര്യങ്ങള്‍ ഒന്നും അപ്‌ലോഡ് ആയിട്ടില്ല എന്ന് അറിയുന്നത്. എഐസിറ്റിഇ യുടെ വെബ്‌സൈറ്റിന്റെ പ്രത്യേകത എന്ന് പറയുന്നത് ഒരു തവണ ലോഗിന്‍ ചെയ്തു വിവരങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ ആ വര്‍ഷം പിന്നീട് വിവരങ്ങള്‍ പുതിയതായി നല്‍കാന്‍ സാധിക്കില്ല എന്നതാണ്. വിവരങ്ങള്‍ എഐസിറ്റിഇ യില്‍ രജിസ്റ്റര്‍ ആയിട്ടില്ല എന്ന് അറിഞ്ഞതോടെ അദ്ദേഹം അക്കാര്യം കോളേജ് പ്രിന്‍സിപ്പലിനെ അറിയിക്കുകയും എഐസിറ്റിഇ റീജ്യണല്‍ ഓഫീസില്‍ ഇക്കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ എഐസിറ്റിഇ യുടെ ഭാഗത്ത് നിന്നും മറുപടികള്‍ ഒന്നും തന്നെ ലഭിച്ചില്ല. ഈ കാര്യം ശ്രദ്ധിക്കാതെ തന്നെ കോളേജ് ആ വര്‍ഷം മുന്നോട്ട് പോയി.

പിന്നീട് 2016-17 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനാനുമതിക്ക് വേണ്ടി വീണ്ടും രജിസ്റ്റര്‍ ചെയ്തു. ആപ്പോഴും കോളേജ് അധികൃതര്‍ വിചാരിച്ചിരുന്നത് കഴിഞ്ഞ വര്‍ഷത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കാണും എന്നാണ്. എന്നാല്‍ എഐസിറ്റിഇ ചട്ടപ്രകാരം ഒരു വര്‍ഷത്തെ അംഗീകാരം ഇല്ലാതെയാണ് കോളേജ് അതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇത് ചൂണ്ടിക്കാട്ടി എഐസിറ്റിഇ യുടെ പക്കല്‍ നിന്നും മെയില്‍ വന്നപോഴാണ് കോളേജ് അധികൃതര്‍ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കുന്നത്. ഈ അദ്ധ്യായന വര്‍ഷത്തിലേക്ക് അഡ്മിഷന്‍ എടുക്കരുത് എന്നായിരുന്നു മെയിലിന്റെ രത്‌നച്ചുരുക്കം. പുതിയ പ്രവര്‍ത്തനാനുമതി നല്‍കുന്നതിനു മുമ്പ് എഐസിറ്റിഇ കോളേജിന്റെ നടത്തിപ്പുകള്‍ പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു അന്വേഷണ കമ്മിറ്റിയെ വെയ്ക്കുകയും അവര്‍ അന്വേഷണത്തിനെത്തുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തിന് എത്തിയ കേന്ദ്ര സംഘത്തിനു കോളേജിന്റെ ഭാഗത്ത് നിന്നും ഉണ്ടായ നടപടികള്‍ ഒട്ടും ബോധിച്ചില്ല. പ്രത്യേകിച്ച് പ്രിന്‍സിപ്പല്‍ അന്വേഷണ സംഘത്തിനോട് പെരുമാറിയ ശൈലി. കോളേജ് മുഴുവന്‍ ചുറ്റി നടന്നു കണ്ട സംഘം 25 പോരായ്മകള്‍ കണ്ടെത്തി. ലൈബ്രറിയില്‍ ആവശ്യത്തിന് പുസ്തകങ്ങള്‍ ഇല്ല, ലാബുകള്‍ പ്രവര്‍ത്തന യോഗ്യമല്ല, അപകട നിവാരണ സംവിധാനങ്ങള്‍ ഇല്ല എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടുന്നു. ആ പോരായ്മകളില്‍ ഏറെക്കുറെയൊക്കെ കോളേജ് പരിഹരിച്ചുവെങ്കിലും പരിഹരിക്കാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എഐസിറ്റി അംഗീകാരം തടഞ്ഞു വെക്കുകയായിരുന്നു.

പ്രതിഷേധങ്ങള്‍ ശക്തമാകുന്നു
പിന്നീട് കോളേജില്‍ സമരകാലമായിരുന്നു, നിരന്തരമുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ക്യാമ്പസിനെ കലുഷിതമാക്കി. നിരാഹാര സമരങ്ങള്‍ ഉള്‍പ്പെടെ കാമ്പസില്‍ അരങ്ങേറി. ജനപ്രതിനിധികള്‍ എല്ലാം തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു. സര്‍ക്കാരും ജനപ്രതിനിധികളും ആരും കോളേജിനെ തിരിഞ്ഞു നോക്കിയില്ല. തങ്ങളുടെ വിദ്യാലയം നശിക്കരുത് എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്ന ഏതാനും അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും മാത്രം പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഓടിത്തളര്‍ന്നു. അവര്‍ ചെന്ന് കാണാത്ത ജനപ്രതിനിധികള്‍ ഇല്ല, മുട്ടാത്ത വാതിലുകളില്ല. കാരണം അവര്‍ക്കവരുടെ വിദ്യാലയത്തെ പഴയതുപോലെ തിരികെ വേണമായിരുന്നു.

എംഎല്‍എ കെ മുരളീധരന്‍ മുതല്‍ അന്നത്തെ മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി വരെ ഈ പട്ടികയില്‍ പെടും. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പിറ്റേ ദിവസം മുതല്‍ അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും തങ്ങളുടെ പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഓടുകയായിരുന്നു. അവസാനം വിദ്യാഭ്യാസ മന്ത്രി കനിഞ്ഞു. എല്ലാ സഹായവും നല്‍കാം എന്ന ഉറപ്പു നല്‍കി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തില്‍ ശശി തരൂര്‍ എംപിയും അടക്കം തുടര്‍ച്ചയായി ഇടപെട്ടതിന്റെ ഫലമായി കോളേജിന്റെ ഭാഗത്ത് നിന്നും വാദം കേള്‍ക്കാന്‍ എഐസിറ്റിഇ തയാറായി. ഒടുവില്‍ അഡ്മിഷനില്‍ കുട്ടികളുടെ എണ്ണം വെട്ടിക്കുറച്ചു തല്‍ക്കാലത്തേക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് എഐസിറ്റിഇ.

കോളേജ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു എന്ന വാര്‍ത്ത കാട്ട് തീ പോലെ പടര്‍ത്തിയതിന് പിന്നില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ പോളിടെക്‌നിക് കോളേജുകള്‍ ആണ് എന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സമരങ്ങള്‍ ശക്തി പ്രാപിച്ച ദിവസങ്ങളില്‍ ക്യാമ്പസിന് സമീപം വ്യാപകമായി ഒരു സ്വകാര്യ പോളിടെക്‌നിക് കോളേജിന്റെ പരസ്യ ബോര്‍ഡുകള്‍ കണ്ടതും വിദ്യാര്‍ഥികളുടെ സംശയത്തിന് ബലം കൂട്ടുന്നു.

ഇവിടെ ആരാണ് കുറ്റക്കാര്‍? സത്യത്തില്‍ ഈ വിദ്യാലയത്തെ നശിപ്പിച്ചത് ആരാണ്? അംഗീകാരം മുടങ്ങി എന്ന് അറിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതെ മിണ്ടാതെയിരുന്ന പ്രിന്‍സിപ്പല്‍ മുതല്‍ തെരഞ്ഞെടുപ്പ് ചൂടില്‍ ഓടി നടന്ന ജനപ്രതിനിധികള്‍ വരെ കുറ്റക്കാരാണ്. ആരായാലും ചെയ്തത് കുറെയധികം വിദ്യാര്‍ത്ഥികളുടെ ഭാവി കൊണ്ട് പന്താടിയെന്നതാണ്. സിപിടിസി നിലകൊള്ളുന്നത് നിയമസഭയുടെ മൂക്കിനു താഴെയാണ്, തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഒന്നാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രതിവര്‍ഷം വിദേശ കമ്പനികള്‍ അടക്കമുള്ള ഇടങ്ങളിലേക്ക് ക്യാമ്പസ് സെലക്ഷന്‍ കിട്ടി പോകുന്നത് ഇവിടെ നിന്നാണ്, എന്നിട്ടും എന്തേ വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക് കോളേജിന് ഇങ്ങനെയൊരു ദുരവസ്ഥ വന്നു? സ്ഥാപിതമായതിന്റെ എണ്‍പതാം വാര്‍ഷികം അതിന്റെ എല്ലാ പ്രൗഡിയോടും കൂടി ആഘോഷിക്കാന്‍ തയ്യാറെടുക്കേണ്ട സമയത്താണ് സമരകോലാഹലങ്ങളിലേക്ക് ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ ഒരു കൂട്ടം ഉത്തരവാദിത്തം ഇല്ലാത്ത മേലധികാരികളും ഭരണകൂടവും ചേര്‍ന്ന് തള്ളിയിട്ടത്. ഒരുപക്ഷെ സംസ്ഥാന സര്‍ക്കാര്‍ വേണ്ട സമയത്ത് ഉണര്‍ന്നു പരിശ്രമിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല. 

താല്‍ക്കാലിക ആശ്വാസത്തിനെങ്കിലും ഇപ്പോള്‍ വക ഉണ്ടാകാന്‍ കാരണം ക്യാമ്പസിന് വേണ്ടി ഓടി നടന്ന് വിയര്‍പ്പൊഴുക്കിയ ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയും പിറ്റിഎ യും ആണ്. അവരെയാണ് യഥാര്‍ത്ഥത്തില്‍ അഭിനന്ദിക്കേണ്ടത്.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു എസ് വിജയന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍