UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയ പാത: സര്‍ക്കാര്‍ പാക്കേജ് എന്ന തട്ടിപ്പ്- സി ആര്‍ നീലകണ്ഠന്‍ എഴുതുന്നു

Avatar

സി.ആര്‍. നീലകണ്ഠന്‍

ദേശീയപാതാ വികസനമെന്നത് 45 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്ത് ബി.ഒ.ടി. – ടോള്‍ വ്യവസ്ഥയില്‍ റോഡ് നിര്‍മ്മിക്കുക എന്നതാണെന്ന ‘പൊതുബോധം’ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മൂന്നു പതിറ്റാണ്ടു മുമ്പ് പലയിടത്തും (മൊത്തം ദേശീയപാത 47-17 ന്റെ മൂന്നിലൊന്ന്) 30 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. അവിടെ നാലുവരി പാത നിര്‍മ്മിക്കാനാണ് ഭൂമി ഏറ്റെടുത്തത്. പക്ഷെ അന്ന് ബി.ഒ.ടി. സങ്കല്‍പ്പമുണ്ടായിരുന്നില്ലെന്നു മാത്രം. റോഡ് നിര്‍മ്മാണത്തിനും വികസനത്തിനും ഏക തടസ്സം ഭൂമി വിട്ടു നല്‍കാന്‍ ജനങ്ങള്‍ തയ്യാറാകാത്തതാണെന്നും അതിനു ജനങ്ങളെ പ്രേരിപ്പിക്കുന്നത് ‘കുറച്ച് വികസനവിരുദ്ധര്‍’ ആണെന്നുമാണ് മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും മാദ്ധ്യമങ്ങളും ഏറെക്കാലമായി വാദിച്ചുപോന്നത്. 45 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്താല്‍ മാത്രമേ ദേശീയപാതാ അതോറിറ്റി വികസനപദ്ധതികള്‍ നടപ്പിലാക്കുകയുള്ളുവെന്നതില്‍ ഈ തടസ്സം എങ്ങനെയെങ്കിലും നീക്കലാണ് വഴി എന്നവര്‍ പ്രചരിപ്പിച്ചു. ജനങ്ങളും അവര്‍ക്കൊപ്പം നില്‍ക്കുന്നവരും പ്രതികളുമായി.  അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ സ്ഥിരം ചില ചോദ്യങ്ങള്‍ തിരിച്ചു ചോദിച്ചുകൊണ്ടിരുന്നു. ‘രാജ്യവികസനത്തിന് ദേശീയപാതകള്‍ നട്ടെല്ലായി മാറുകയല്ലേ! എത്ര വലിയ നഷ്ടമാണ് ഇത് തടസപ്പെടുത്തുന്നതുകൊണ്ടുണ്ടാകുന്നത്? ഈ വികസനത്തിനെ എതിര്‍ക്കുന്നവര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നില്ലേ! ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്നത് വികസനം നടക്കാത്തതുകൊണ്ടല്ലേ? മറ്റു സംസ്ഥാനങ്ങളിലെല്ലാം എത്ര നല്ല ഹൈവേകളുണ്ട്! ബി.ഒ.ടി. ടോള്‍ വ്യവസ്ഥയെ എതിര്‍ക്കുന്നത് കേവലം വരട്ടുതത്വവാദമല്ലേ? കമ്മ്യൂണിസ്റ്റ് ചൈനയില്‍ പോലും വന്‍ ടോള്‍ റോഡുകളല്ലേ ഉള്ളത്?’ ഇതിനൊപ്പം ”ചില പ്രദേശങ്ങളില്‍ മാത്രമാണ് പ്രതിഷേധമുള്ളത്?” ഇതിനു പിന്നില്‍ ചില മതസംഘടനകള്‍ ആണുള്ളത്. ചില ചെറുസംഘങ്ങള്‍ ആണുള്ളത്. അവര്‍ക്ക് ജനങ്ങളോട് യാതൊരു ഉത്തരവാദിത്വങ്ങളുമില്ലല്ലോ. (മുഖ്യധാരക്കാര്‍ക്ക് അതുണ്ട് എന്നാണര്‍ത്ഥം!) ഇങ്ങനെ പോകുന്നു വാദങ്ങള്‍. ഇതിനെല്ലാം നിരന്തരം മറുപടി പറഞ്ഞുകൊണ്ടും പാതവികസനം സംബന്ധിച്ച യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണിച്ചുകൊണ്ടും ദേശീയപാതാ സംരക്ഷണ സമിതിയടക്കം ഉന്നയിച്ച കാര്യങ്ങളൊന്നും കേള്‍ക്കാന്‍ പോലും ഭരണകര്‍ത്താക്കള്‍ തയ്യാറായിരുന്നില്ല.  ശ്രദ്ധിക്കാന്‍ മിക്കവാറും മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറായിരുന്നില്ല. കാരണം ‘വികസന പാര്‍ട്ടി’കളാണല്ലോ അവരെല്ലാം.

വികസനം ആടിയന്തിരമാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഈ സമരസമിതികള്‍ ഒരിക്കലും ഉന്നയിച്ചിട്ടില്ല എന്ന സത്യം മറച്ചുപിടിക്കപ്പെട്ടു. ദേശീയപാത വികസനത്തിന് 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കുന്നതിനെയും ടോള്‍ സമ്പ്രദായം നടപ്പിലാക്കുന്നതിനെയും മാത്രമാണ് എതിര്‍ത്തത്. എന്താണ് ഇരകളും അവരെ സഹായിക്കുന്നവരും ഉന്നയിക്കുന്ന സംശയങ്ങള്‍? ഏറ്റെടുക്കുന്ന ഭൂമിയുടെ വീതി 30 മീറ്ററില്‍ നിന്നും 45 മീറ്റര്‍ ആക്കുമ്പോള്‍ ഗതാഗതയോഗ്യമാകുന്ന റോഡിന്റെ വീതിയില്‍ ഒരു വര്‍ദ്ധനവും ഉണ്ടാകുന്നില്ല. അത് 3.5 മീറ്റര്‍ വീതിയുള്ള നാലുവരിപ്പാത മാത്രം. മീഡിയനും സര്‍വ്വീസ് റോഡുമടക്കം വികസിപ്പിക്കാനായി ഉപയോഗിക്കുന്നത് കേവലം 30 മീറ്ററില്‍ താഴെ മാത്രം. ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ടോള്‍പിരിവ് നടത്തുന്ന കേരളത്തിലെ ആദ്യ ബി.ഒ.ടി. ദേശീയപാതയായ അങ്കമാലി – മണ്ണുത്തി റോഡിന്റെ അവസ്ഥ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. തന്നെയുമല്ല കേരളത്തിലെ ആവാസവ്യവസ്ഥയനുസരിച്ച് ദേശീയപാതയോരത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഒപ്പം നിരവധി വാണിജ്യ വ്യാപാരസ്ഥാപനങ്ങളും ആതുരാലയങ്ങളും വിദ്യാലയങ്ങളും  ഉണ്ട്. ജനങ്ങള്‍ക്ക് പാത നിരന്തരം മുറിച്ചുകടക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഇത് ‘അതിവേഗം’ പോകാന്‍ കഴിയുന്ന ഹൈവേയല്ല.

ബി.ഒ.ടി. സമ്പ്രദായത്തെ ന്യായീകരിച്ച മുഖ്യധാരാ കക്ഷികളും പാലിയക്കരയിലെ ടോള്‍പിരിവു തുടങ്ങിയതോടെ അതിനെതിരെ (‘അനുഷ്ഠാന’മാണെങ്കിലും) സമരം തുടങ്ങി. അതിഭീകരമായ ടോള്‍ ആണതെന്നും അതു കുറയ്ക്കണമെന്നും വാദിച്ചതിലെ പൊള്ളത്തരം ജനകീയ സമരസമിതികള്‍ ചൂണ്ടിക്കാട്ടി. എല്ലാ സമരങ്ങളും ടോള്‍ നിരന്തരം കൂട്ടിക്കൊണ്ടിരിക്കുന്നു എന്നു കാണുക. കാരണം ഇത് ദേശീയ നിരക്കാണ്! വര്‍ഷംപ്രതി കൂട്ടാമെന്ന് സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്. ഇത്തരം മുപ്പതോളം ടോള്‍ബൂത്തുകള്‍ കേരളം മുഴുവന്‍ വന്നാല്‍ എന്താകും അതുണ്ടാക്കുന്ന സാമ്പത്തികഭാരം? മുന്നൂറു കോടി രൂപയ്ക്ക് റോഡ് നിര്‍മ്മിച്ച കമ്പനി പ്രതിദിനം ഒരു കോടി രൂപവരെ ടോള്‍ പിരിക്കുന്നു. അങ്ങനെ 20 വര്‍ഷം പിരിക്കും. ഓരോ വര്‍ഷവും വാഹനങ്ങളുടെ എണ്ണവും നിരക്കും കൂടും… ഇതൊക്കെ സത്യമായിവന്നിരിക്കുന്നു.

ഇതൊക്കെയായിട്ടും ടോള്‍ സമ്പ്രദായം ഇപ്പോഴും ചര്‍ച്ചയായിട്ടില്ല. പലതവണ സര്‍വ്വകക്ഷി യോഗം ചേര്‍ന്നത് എത്ര വീതിയില്‍ ഭൂമി ഏറ്റെടുക്കണമെന്നു ചര്‍ച്ച ചെയ്യാനാണ്. അഴിമതിയില്‍ നോബല്‍ സമ്മാനമുണ്ടെങ്കില്‍ അത് നേടാന്‍ അര്‍ഹതയുള്ള സ്ഥാപനമാണ് ‘ദേശീയ പാതാ അതോറിറ്റി’ എന്നറിയാത്തവരില്ല. എന്നിട്ടും അവരുടെ ‘നിലവാരം’ പാലിക്കാന്‍ 45 മീറ്റര്‍ ഏറ്റെടുക്കാതെ വഴിയില്ലെന്ന് പലവട്ടം സര്‍ക്കാര്‍ തീരുമാനിച്ചതാണ്. ശക്തമായ ജനകീയ പ്രതിരോധങ്ങള്‍ മൂലം അതിനായി ഇറക്കിയ വിജ്ഞാപനങ്ങളെല്ലാം റദ്ദായിപ്പോയി. ഇതു മലപ്പുറം ജില്ലയില്‍ മാത്രമാണെന്ന പ്രചാരണം എത്ര അപഹാസ്യമാണ്; കേരളത്തിലൊരു ജില്ലയിലും ഭൂമി ഏറ്റെടുക്കാനായില്ല. എറണാകുളം ജില്ലയില്‍ അളക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.

എന്തുകൊണ്ടാണ് 45 മീറ്റര്‍ എന്നതിനെ ജനങ്ങള്‍ എതിര്‍ക്കുന്നത്? 30 മീറ്ററില്‍ വരുന്ന വലുപ്പമേ 45 മീറ്ററില്‍ വരുന്ന റോഡിനുമുണ്ടാകൂവെന്നതു മാത്രമല്ല. 15 മീറ്റര്‍ കൂടതലെടുത്താല്‍ തങ്ങള്‍ക്കു വലിയ നഷ്ടമുണ്ടാകും എന്നവര്‍ തിരിച്ചറിയുന്നു. ഒരിക്കല്‍ കുടിയിറക്കപ്പെട്ട (30 മീ. നല്‍കിയ) മനുഷ്യര്‍ ബാക്കിത്തുണ്ടു ഭൂമിയില്‍ സ്വന്തം ജീവിതം പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. അവരോട് വീണ്ടും കുടിയിറങ്ങണമെന്ന് പറയുന്നതിന്റെ ദുരന്തം എത്ര വലുതാണ്? സാമ്പത്തികമായ നഷ്ടം എന്നാല്‍ (സ്വന്തം ഭൂമിക്ക് എത്ര വില കിട്ടും എന്ന പ്രശ്‌നം) ചെറിയ കാര്യമല്ല. ഇപ്പോഴുള്ള വീടുപൊളിച്ച് വേറൊരിടത്ത് ഭൂമി വാങ്ങി വീടുപണിയാനുള്ള പണം എന്നാണര്‍ത്ഥം. സര്‍ക്കാരും മന്ത്രിമാരും മറ്റും പറയുന്നത് ‘ന്യായമായ വില’, ‘മാന്യമായ പാക്കേജ്’, ‘കമ്പോള വില’ തുടങ്ങിയ കാര്യങ്ങളാണ്. സ്വബോധമുള്ളവരൊന്നും (ഭൂമി പോകുന്നവര്‍) ഇത് വിശ്വസിക്കില്ല. കാരണം ലളിതം. സര്‍ക്കാര്‍ ബി.ഒ.ടി. വ്യവസ്ഥയ്ക്ക് പോകുന്നത് റോഡ് നിര്‍മ്മിക്കാന്‍ പണമില്ലാത്തതിനാണല്ലോ. ഇന്നത്തെ കമ്പോള നിരക്ക് വച്ച് 15 മീറ്റര്‍ അധിക ഭൂമി ഏറ്റെടുക്കാന്‍ എത്ര പണം വേണം? (അഥവാ അത്രയും ഭൂമി നല്‍കിയാല്‍ ഉടമസ്ഥന് എത്ര പണം കിട്ടും!) ഒരു കിലോമീറ്റര്‍ ദൂരത്ത്  15 മീറ്റര്‍ ഭൂമി ഏറ്റെടുത്താല്‍ നാല് ഏക്കര്‍ ഭൂമിയോളം വേണം. ദേശീയ പാതയ്ക്കടുത്ത് ഇത്രയും ഭൂമിക്ക് എന്തു ‘കമ്പോള വില’യുണ്ടാകും? ഏറ്റവും കുറഞ്ഞത് സെന്റിന് 5 ലക്ഷം രൂപയെന്ന് കണക്കാക്കിയാല്‍… ഒരു കിലോമീറ്റര്‍ ദൂരത്ത് 15 മീ അധികഭൂമി വാങ്ങാന്‍, ഭൂമിവില മാത്രം 20 കോടി രൂപ വേണം. പിന്നെ കെട്ടിടം, സ്ഥാപനങ്ങള്‍… പുനരധിവാസ ചെലവുകള്‍.. എല്ലാം ചേര്‍ത്താല്‍ 25 – 30 കോടി രൂപ വേണം. ഇത്ര ദൂരം റോഡു നിര്‍മ്മിക്കാന്‍ എത്ര പണം വേണം? ഏറിയാല്‍ 10-15 കോടി രൂപ. അതായത് 15 കോടി രൂപ പണമില്ലാത്തതിനാല്‍  റോഡു നിര്‍മ്മിക്കാന്‍ ബി.ഒ.ടി. വ്യവസ്ഥയില്‍ ഏല്‍പ്പിക്കുന്ന സര്‍ക്കാര്‍ അതിനായി 30 കോടി  രൂപ നല്‍കി ഭൂമി ഏറ്റെടുക്കുന്നുവെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? ഇതിന്റെ ചുരുക്കം  മറ്റൊന്നാണ്, ഈ പറയുന്ന കമ്പോള വിലയൊന്നും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഇതു തിരിച്ചറിയുന്ന ഭൂവുടമകള്‍ എതിര്‍ക്കുന്നതില്‍ എന്തു തെറ്റ്? തന്നെയുമല്ല ഈ പറയുന്ന ‘കമ്പോളവില’, ‘ന്യായമായ വില’ തുടങ്ങിയവയൊന്നും ഉദ്യോഗസ്ഥര്‍ക്കു മനസ്സിലാവില്ല. അവര്‍ക്കറിയാവുന്നത് ‘പൊന്നും വില’, ‘ജില്ലാതല വില’, അങ്ങേയറ്റം ‘ഫെയര്‍ വാല്യു’ (രജിസ്‌ട്രേഷന്‍ ഫീസ് നിശ്ചയിക്കുന്ന വില) മുതലായവ മാത്രം. പിന്നെ ആര് നിശ്ചയിക്കും കമ്പോള വില? ചുരുക്കത്തില്‍ ഇതൊക്കെ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം. ശുദ്ധഹൃദയരായ ജനം (അങ്ങിനെ നടിക്കുന്നവരും) ‘ജനങ്ങള്‍ക്കു നല്ല വില’ നല്‍കി ഭൂമി ഏറ്റെടുക്കണം എന്നു പറയുമ്പോള്‍ അതിന്റെ പിന്നിലെ ചതി അവര്‍ തിരിച്ചറിയുന്നില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഞാനെന്തുകൊണ്ട് \’ഇപ്പോള്‍\’ ആം ആദ്മിയില്‍ ചേരുന്നില്ല – സി.ആര്‍ നീലകണ്ഠന്‍
ഇതിനെന്തിനാണ് മാണി സാര്‍? ഒരു കാല്‍ക്കുലേറ്റര്‍ പോരേ…
ഞങ്ങയില്ല ഈ വള്ളംകളിക്ക്; മൂലപ്പന്‍ തുരുത്തിന്റെ തെരഞ്ഞെടുപ്പ് ബഹിഷ്കരണം
മുല്ലപ്പെരിയാറില്‍ പൊളിയുന്നത് ആരുടെ വാദങ്ങള്‍? – സിആര്‍ നീലകണ്ഠന്‍
കിഴക്കന്‍ ഗോദാവരി അപകടം കണ്ടില്ലേ കേരളത്തിലെ നേതാക്കളും അധികൃതരും? സി ആര്‍ നീലകണ്ഠന്‍ എഴുതുന്നു

സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ , എത്ര വില എന്നു പരസ്യപ്പെടുത്തട്ടെ! (ചുരുങ്ങിയത് പത്തു കിലോമീറ്റര്‍ റോഡു പ്രദേശത്തെ ഒരു സാമ്പിള്‍ എന്ന രീതിയില്‍ വില പറയട്ടെ!) ഇത്രയും കാലം ചര്‍ച്ചകളും ഭീഷണികളും നടത്തിയിട്ടും 15 മീറ്റര്‍ അധികഭൂമി ഏറ്റെടുത്താല്‍ എത്ര വീടുകള്‍, കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ പൊളിക്കേണ്ടി വരും, എത്രമരങ്ങള്‍ മുറിക്കേണ്ടി വരും, എത്ര പാടങ്ങള്‍ നികത്തേണ്ടി വരും തുടങ്ങിയ കണക്കുകളെങ്കിലും സര്‍ക്കാരിനു തയ്യാറാക്കാന്‍ കഴിയാതിരുന്നത് (ശ്രമിക്കാതിരുന്നത്) എന്തുകൊണ്ട്? അതു കണ്ടെത്തി ഓരോരുത്തര്‍ക്കും ഇത്ര പണം നല്‍കും എന്ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കട്ടെ! ആ വിജ്ഞാപനം കണ്ട് സമ്മതമായി ജനങ്ങള്‍ ഭൂമി വിട്ടു നല്‍കുന്നുവെങ്കില്‍ അത് തടയാന്‍ ആര്‍ക്കു കഴിയും? പക്ഷെ അതല്ല സര്‍ക്കാരിന്റെ വഴികള്‍… കാലഹരണപ്പെട്ട ഭൂമി  ഏറ്റെടുക്കല്‍ (ദേശീയപാതാ ഭൂമി ഏറ്റെടുക്കല്‍) നിയമം വച്ചുകൊണ്ട് വീടുകള്‍ക്കകത്ത് കയറി സര്‍വ്വേക്കല്ല് സ്ഥാപിക്കുകയും അതിനെ ചോദ്യം ചെയ്യുന്നവരെ അടിച്ചോടിക്കാനും അറസ്റ്റു ചെയ്തു ജയിലിലടയ്ക്കാനും നൂറുകണക്കിനു പൊലീസുകാരെ നിരത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നിങ്ങള്‍ ഇതു തടഞ്ഞാല്‍ സര്‍ക്കാര്‍ ‘പൊന്നും വില’ കോടതിയില്‍ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കും എന്ന് ഉദ്യോഗസ്ഥര്‍ വീടുകയറി ഭീഷണിപ്പെടുത്തല്‍ വഴിയാണോ ദേശീയപാതാ വികസനം നടത്താന്‍ പോകുന്നത്? സ്വന്തം വീടും ഭൂമിയും വിട്ടുനല്‍കേണ്ടി വരുമ്പോള്‍ അതിനെത്ര പണം കിട്ടുമെന്നറിയാനുള്ള  ധാര്‍മ്മികവകാശം ഒരു പൗരനില്ലേ?

ഇത്തരം ‘വികസനവിരുദ്ധ’ ചോദ്യങ്ങള്‍ ഉന്നയിക്കാതെ സര്‍ക്കാര്‍ വാക്ക് വിശ്വസിച്ച് സ്വന്തം ഭൂമിയും വീടും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാന്‍ ഇവര്‍ തയ്യാറാകണമോ? 2008 ഫെബ്രുവരിയില്‍ കുടിയിറക്കപ്പെട്ട മുല്ലമ്പിള്ളിയിലെ 316 കുടുംബങ്ങളില്‍ ഇത്രയും കാലം കൊണ്ട് സ്വന്തം വീട്ടിലേക്ക് താമസിക്കാനായത് കേവലം 75 കുടുംബങ്ങള്‍ക്ക് മാത്രം! അവരുടെ കൈയ്യില്‍ ഹൈക്കോടതി വിധിയും സര്‍ക്കാര്‍ വിജ്ഞാപനങ്ങളും മന്ത്രിമാരുടെ ഉറപ്പുകളുമെല്ലാം ഉണ്ട്. അവയെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ മാറിയിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. ഉദ്യോഗസ്ഥരാണെങ്കില്‍ ”ഇനിയുമെത്ര നല്‍കിയാല്‍ ഇവര്‍ക്ക് തൃപ്തി കിട്ടും?” എന്ന ചോദ്യമാണ് നിരന്തരം ചോദിക്കുന്നത്. സ്വന്തം വീട് തിരിച്ചുകിട്ടുന്നതുവരെ എന്തുകിട്ടിയിട്ടും ഇവര്‍ക്കെങ്ങനെ തൃപ്തിയാകാനാണ്? ഇതൊന്നും വികസനവാദികള്‍ക്കോ ബ്യൂറോക്രസിക്കോ മനസ്സിലാവില്ല.

എന്തായാലും ഇത്തവണത്തെ ചര്‍ച്ചകള്‍ അല്‍പ്പം വ്യത്യാസമുണ്ടാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ വില നല്‍കി ഭൂമിയേറ്റെടുത്തുകൊണ്ടുള്ള വികസനം അസാധ്യമാണെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ക്കെങ്കിലും ബോധ്യപ്പെട്ടിട്ടുണ്ട്. പതിനായിരക്കണക്കിന് കോടി രൂപ ഭൂമി ഏറ്റെടുക്കാന്‍ നല്‍കുന്നതെങ്ങനെ? എവിടെ നിന്ന്? തുടങ്ങിയ ചോദ്യങ്ങള്‍ അവര്‍ ഉന്നയിച്ചു കഴിഞ്ഞു. വികസനത്തിന്റെ പേരില്‍ ഈ കുടുംബങ്ങളെ ശക്തി ഉപയോഗിച്ച് ഇടിച്ചിറക്കിക്കളയാന്‍ ഇന്നാര്‍ക്കും ധൈര്യമില്ല. (മുല്ലമ്പിള്ളി കൊണ്ട് അത്രയെങ്കിലും നേട്ടമുണ്ടായി).

ഇനിയെന്തു ചെയ്യണം? സമചിത്തതയോടെ ചിന്തിച്ചാല്‍ വ്യക്തമായ മറുപടിയുണ്ട്. ഭൂമിക്ക് മേല്‍ കടുത്ത സമര്‍ദ്ദമുണ്ടായപ്പോഴാണല്ലോ കേരളീയര്‍ ഫ്‌ളാറ്റ് സംസ്‌കാരത്തിനനുകൂലമായി ചിന്തിച്ചത്. വാഹനങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നതനുസരിച്ച് ഭൂമി വലുതാകുന്നില്ല. അപ്പോള്‍ പാതകളും ബഹുനിലകളാകുന്നതല്ലേ?  വളരെ തിരക്കേറിയ നഗരപ്രദേശങ്ങളിലൂടെ പോകുമ്പോള്‍ ദേശീയ പാതകള്‍, ഫ്‌ളൈ ഓവര്‍ – അഥവാ എലവേറ്റഡ് റോഡ് – ആയിപ്പോകുന്നതിനിപ്പോള്‍ തന്നെ വ്യവസ്ഥയുണ്ട്. പരമാവധി ഇടങ്ങളില്‍ ഇത്തരം ഇലവേറ്റഡ് റോഡ് നിര്‍മ്മിച്ചുകൂടെ? താഴെ 30 മീറ്ററില്‍ നാലുവരിപ്പാതയാകാം. സര്‍വ്വീസ് റോഡും ബസ് ബേകളും ആകാം. മേല്‍പ്പാലം അതിവേഗ വാഹനങ്ങള്‍ക്ക് മാത്രമായി നീക്കിവയ്ക്കാം. പ്രധാനപ്പട്ടണങ്ങളില്‍ മാത്രം അതിന് ‘ലാന്റിംഗ്’ നിര്‍മ്മിക്കാം. ജനങ്ങള്‍ റോഡു മുറിച്ചുകടക്കുന്നതിന്റെയോ ഇടയ്ക്കിടെയുള്ള സിഗ്നലുകളുടെയോ പ്രശ്‌നമില്ല. ആ മേല്‍പ്പാതയ്ക്ക് ഉയര്‍ന്ന ടോള്‍ ഏര്‍പ്പെടുത്തിയാലും തെറ്റില്ല. അതിലെ വാഹനങ്ങള്‍ക്ക് അതിന്റെ ചിലവുകുറവുണ്ടാകും, സമയലാഭവും.

മേല്‍പ്പാതയ്ക്ക് ചിലവും കൂടുതലാകും എന്നതാണ് ഒരു പ്രശ്‌നമായി എല്ലാവരും കാണുന്നത്. പക്ഷെ ഭൂമിവില, അതിന്റെ ഏറ്റെടുക്കല്‍ സൃഷ്ടിക്കുന്ന സാമൂഹ്യരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, പൊളിക്കുന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഫലമായുള്ള പരിസ്ഥിതി നാശം, നിരന്തര സംഘര്‍ഷങ്ങള്‍ കൊണ്ടുണ്ടാകുന്ന സമയനഷ്ടം മുതലായവയെല്ലാം ഒഴിവാക്കാന്‍ ഇതുവഴി കഴിയും. മറിച്ച് മനുഷ്യര്‍ വിശ്വസിക്കാത്ത ‘വിപണി വില’യും ആകര്‍ഷകമായ ‘പാക്കേജും’ മറ്റും ആവര്‍ത്തിക്കാനാണ് സര്‍ക്കാരുകള്‍ ആലോചിക്കുന്നതെങ്കില്‍… ഹാ കഷ്ടം. കേരളത്തില്‍ ഒരിക്കലും ദേശീയപാത നാലുവരിയില്‍ ഉണ്ടാക്കില്ല.

വാല്‍ക്കഷണം: ഭൂമി ഏറ്റെടുക്കാന്‍ വൈകുന്നതാണ് റോഡു വികസനത്തിനു തടസ്സമെന്ന് വാദിക്കുന്നവര്‍ മറുപടി പറയുക – ആലപ്പുഴ തുടങ്ങിയ ബൈപ്പാസുകള്‍ പതിറ്റാണ്ടുകളായിട്ടും വരാത്തതെന്തുകൊണ്ട്? 60 മീറ്റര്‍ വീതിയില്‍ ആറു കൊല്ലം മുമ്പ് ഭൂമി ഏറ്റെടുത്തിട്ടും മണ്ണുത്തി – വാളയാര്‍ പാത എങ്ങുമെത്താത്തതെന്തുകൊണ്ട്?… ഇങ്ങനെ പലതും…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍