UPDATES

കായികം

ധോണിക്ക് പത്മഭൂഷണ്‍ ശുപാര്‍ശ

. ക്രിക്കറ്റിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയന്‍ പുരസ്‌കാരത്തിനു ധോണിയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ പത്മഭൂഷണ്‍ ബഹുമതിക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ക്രിക്കറ്റിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയന്‍ പുരസ്‌കാരത്തിനു ധോണിയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ക്കായി ക്രിക്കറ്റില്‍ നിന്നും ഒരാളെയെ നിര്‍ദേശിച്ചിട്ടുള്ളൂവെന്നും അത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായ ധോണിയേയാണെന്നും ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പത്മഭൂഷണ്‍ ബഹുമതിക്ക് എന്തുകൊണ്ടും യോഗ്യനാണ് ധോണിയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഏകദിന, ട്വന്റി-20 ലോകകപ്പുകള്‍ ഇന്ത്യക്കു സമ്മാനിച്ച നായകനായ ധോണിയെക്കാള്‍ ഈ പുരസ്‌കാരത്തിനു നിര്‍ദേശിക്കാന്‍ യോഗ്യനായ മറ്റൊരാള്‍ ഇല്ലെന്നുമാണ് ബിസിസിഐ ഭാരവാഹികള്‍ പറയുന്നതെന്നു പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്മശ്രീ, രാജീവ് ഗാന്ധി ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുള്ള ധോണി 302 ഏകദിനങ്ങളില്‍ നിന്നായി 9737 റണ്‍സും 90 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 4876 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 78 ട്വന്റി-20 മത്സരങ്ങളില്‍ കളിച്ച ധോണി ഈ ഫോര്‍മാറ്റില്‍ നേടിയ റണ്‍സ് 1212. ഏകദിനത്തില്‍ 10 ഉം ടെസ്റ്റില്‍ 6 ഉം സെഞ്ച്വറികളും ധോണിയുടെ പേരിലുണ്ട്. 100 അര്‍ദ്ധ സെഞ്ച്വറികളും ധോണി അടിച്ചു കൂട്ടിയിട്ടുണ്ട്.
വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നായി 584 ക്യാച്ചുകള്‍ ധോണി കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ 163 പേരുടെ സ്റ്റംപുകള്‍ ഇളക്കാനും മഹിക്കായി.

പത്മഭൂഷണ്‍ ബഹുമതി ധോണിക്ക് സ്വന്തമായാല്‍ ഈ നേട്ടം കൈവരിക്കുന്ന പതിനൊന്നാമത്തെ ക്രിക്കറ്റ് താരമായിരിക്കും അദ്ദേഹം. ലാലാ അമര്‍നാഥ്, കേണല്‍ സി കെ നായിഡു, ഡി ബി ദേവ്ദര്‍, ചന്ദു ബോര്‍ഡെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവര്‍ പത്മഭൂഷന്‍ നേടിയ ക്രിക്കറ്റ് താരങ്ങളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍