UPDATES

കായികം

ഇന്ത്യന്‍ കാണികളെപോലെ പെരുമാറരുത്; ശ്രീലങ്കന്‍ ആരാധകരോട് രണതുംഗ

നമുക്ക് മികച്ചൊരു സംസ്‌കാരവും ചരിത്രവും ഉണ്ടെന്നോര്‍ക്കണമെന്നും ലങ്കന്‍ ആരാധകരോട് രണതുംഗ

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ മോശക്കാരാക്കി കൊണ്ട് തന്റെ രാജ്യത്തെ ക്രിക്കറ്റ് പ്രേമികളോട് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയുടെ ഉപദേശം. നിങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ ആരാധകരെ പോലെ പെരുമാറരുതെന്നായിരുന്നു രണതുംഗെയുടെ മുന്നറിയിപ്പ്. ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തിനിടയില്‍ മത്സരം തടസപ്പെടുത്തിക്കൊണ്ട് കാണികള്‍ ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പികളും മറ്റും എറിഞ്ഞ് കളി തടസ്സപ്പെടുത്തിയിരുന്നു. ഇതിനെ ബന്ധപ്പെടുത്തിയാണ് ശ്രീലങ്കന്‍ മന്ത്രി കൂടിയായ രണതുംഗയുടെ പരാമര്‍ശങ്ങള്‍ വന്നത്. പല്ലെക്കെല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വിജയത്തിന് അരികിലെത്തിയ സമയത്തായിരുന്നു കാണികള്‍ കുപ്പികള്‍ വലിച്ചെറിഞ്ഞത്. അര മണിക്കൂറോളം മത്സരം തടസപ്പെട്ടിരുന്നു. പിന്നീട് മത്സരം തുടരുകയും പരമ്പര സ്വന്തമാക്കി കൊണ്ട് മത്സരം ഇന്ത്യ ജയിക്കുകയും ചെയ്തു.

ചില സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. ശ്രീലങ്കന്‍ ജനത ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു, ടീം തോല്‍ക്കുമ്പോള്‍ അവര്‍ സങ്കപ്പെടുന്നു. ക്രിക്കറ്റിനു വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ നമ്മള്‍ സഹിച്ചിട്ടുണ്ട്. ടീമിലെ ഓരോ താരവും ഇപ്പോള്‍ മാനസികമായി തകര്‍ന്ന നിലയിലാണ്. ക്രിക്കറ്റ് ആരാധകരോട് ഞാന്‍ ആഭ്യര്‍ത്ഥിക്കുകയാണ്, നിങ്ങള്‍ ഇന്ത്യന്‍ കാണികളെപോലെ പെരുമാറരുത്. നമുക്ക് വളരെ മികച്ചൊരു ചരിത്രവും സംസ്‌കാരവും ഉണ്ട്. അപമര്യാദകള്‍ നമ്മുടെ സംസ്‌കാരത്തിനും ചരിത്രത്തിനും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്; സെയ്‌ലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഹെഡ് ഓഫിസില്‍ മാധ്യമങ്ങളെ കാണുന്നതിനിടയില്‍ രണതുംഗ പറഞ്ഞു.

1996 ലെ ലോകകപ്പില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗൗര്‍ഡനില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തില്‍ ഇന്ത്യന്‍ ടീം തോല്‍വിയിലേക്ക് അടുത്ത സമയത്ത് കാണികള്‍ അക്രമാസക്തരാവുകയും ഗ്രൗണ്ടിലേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞ് കളി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ചരിത്രം മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു പല്ലെക്കെല്‍ സ്റ്റേഡിയത്തില്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍