UPDATES

കായികം

ഈ ചരിത്രനേട്ടം കോഹ്‌ലിക്ക് സ്വന്തം

കാന്‍ഡി ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സിനും 171 റണ്‍സിനും ആയിരുന്നു ഇന്ത്യന്‍ വിജയം

അശ്വിന്റെ കൈയില്‍ നിന്നും പുറപ്പെട്ട കാരം ബോള്‍ ലഹിരു കുമാരയുടെ പ്രതിരോധത്തെ തകര്‍ത്ത് വിക്കറ്റ് ഇളക്കുമ്പോള്‍ കാന്‍ഡിയിലെ പല്ലെക്കല്‍ സ്റ്റേഡിയത്തില്‍ വിരാട് കോഹ്‌ലിയെന്ന ഇന്ത്യന്‍ നായകന്‍ ഒരു ചരിത്രനേട്ടത്തിന്റെ സ്വന്തക്കാരനാവുകയായിരുന്നു. ലങ്കയ്‌ക്കെതിരെയുള്ള മുന്നു ടെസ്റ്റ് പരമ്പര രണ്ട് ഇന്നിംഗ്‌സ് വിജയങ്ങളടക്കം സ്വന്തമാക്കിയതോടെ വിദേശത്ത് ഒരു ടെസ്റ്റ് പരമ്പര പൂര്‍ണമായി വിജയിക്കുന്ന ഇന്ത്യന്‍ നായകനായി മാറി കോഹ്‌ലി. 1932 ല്‍ ഇന്ത്യക്ക് ടെസ്‌ററ് പദവി കിട്ടിയശേഷം ആദ്യമായാണ് വിദേശത്ത് ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുന്നത്.

കാന്‍ഡി ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സിനും 171 റണ്‍സിനും ആയിരുന്നു ഇന്ത്യന്‍ വിജയം. വിദേശരാജ്യത്ത് നേടുന്ന രണ്ടാമത്തെ വലിയ വിജയം കൂടിയാണിത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖാര്‍ ധവന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും സെഞ്ച്വറി മികവില്‍ 487 റണ്‍സ് ആദ്യ ഇന്നിംഗ്‌സില്‍ നേടി. കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ പാണ്ഡ്യ 86 പന്തിലാണ് സെഞ്ച്വറി നേടിയത്. ഒന്നാം ഇന്നിംഗ്‌സ് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലങ്ക 135 റണ്‍സിന് പുറത്തായി. ഫോളോ ഓണ്‍ ചെയ്ത അവര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 181 റണ്‍സിന് എല്ലാവരും പുറത്തായതോടെയാണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ 304 റണ്‍സിന്റെ വിജയം നേടിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ എതിരാളികളെ തറപറ്റിച്ചത് ഇന്നിംഗസിനും 53 റണ്‍സിനും ആയിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍