UPDATES

മാഞ്ചസ്റ്ററില്‍ തെളിഞ്ഞ കാലാവസ്ഥ; ടോസ് പാകിസ്ഥാന്, ഇന്ത്യയ്ക്ക് ബാറ്റിംഗ്

ജയസാധ്യത രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെന്ന് പിച്ച് പരിശോധനാ ഫലം

ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി. പാക് ക്യാപ്റ്റന്‍ സര്‍ഫാസ് അഹമ്മദ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. തുടക്കത്തില്‍ ബൗളിംഗിന് അനുകൂലമായ പിച്ചില്‍ ഇന്ത്യ ശ്രദ്ധയോടെ തുടങ്ങേണ്ടിയിരിക്കുന്നു.

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ലോകത്തെ ക്രിക്കറ്റ് പ്രേമികളെല്ലാം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്‌റ്റേഡിയത്തിലേക്ക് ഉറ്റുനോക്കുകയാണ്. പേപ്പറിലും ചരിത്രത്തിലും ഇന്ത്യയ്ക്ക് അനുകൂലമാണ് ഇന്നത്തെ മത്സരമെങ്കിലും പ്രവചനാതീത സ്വഭാവമുള്ള പാകിസ്ഥാനെ തള്ളിക്കളയാനും ആരാധകര്‍ തയ്യാറല്ല. ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് തന്നെ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.

ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോഴെല്ലാം ആറ് തവണയും ഇന്ത്യയ്ക്കായിരുന്നു ജയം. എന്നാല്‍ ഇരു ടീമുകളും ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയ 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനാണ് ജയം കണ്ടത്. അന്ന് രണ്ട് പേസര്‍മാരുമായി ഇറങ്ങിയ ഇന്ത്യയുടെ ഒരു പേസര്‍ നിറംമങ്ങിയതാണ് തിരിച്ചടിയായത്. അതിനാല്‍ തന്നെ ഇന്ന് മൂന്നാം പേസറായി മുഹമ്മദ് ഷമിയും കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് കരുത്തേറുന്നു. സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലുമുണ്ടെങ്കിലും പേസിന് അനുകൂലമായ പിച്ചില്‍ ഇവരില്‍ ആരെങ്കിലും ഒരാളാകും ഇറങ്ങുക. ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയും ഇന്നത്തെ മത്സരത്തിനിറങ്ങിയേക്കും.

ബാറ്റിംഗില്‍ ശിഖര്‍ ധവാന്റെ അസാന്നിധ്യം തിരിച്ചടിയാണെങ്കിലും എല്ലാ അര്‍ത്ഥത്തിലും കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് അതൊരു വെല്ലുവിളിയല്ല. ധവാന് പകരം വിജയ് ശങ്കര്‍ ഇറങ്ങുന്നതോടെ ഈ ഓള്‍റൗണ്ടറുടെ ലോകകപ്പ് അരങ്ങേറ്റം ഏറ്റവും വലിയ മത്സരത്തില്‍ തന്നെയാകും. പിച്ച് പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമം ഉപയോഗിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കാന്‍ സാധ്യതയുള്ളതിനാല്‍ ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഔട്ട് പിച്ചിന് നീളം കൂടുതലാണെന്നത് സ്പിന്നര്‍മാര്‍ക്ക് അനുകൂല ഘടകമാണ്.

അതേസമയം മഴ ഭീഷണിയാണ് ഇന്നത്തെ മത്സരത്തിനുമുള്ള മുഖ്യവെല്ലുവിളി. ഈ ലോകകപ്പിലെ നാല് മത്സരങ്ങളാണ് മഴയില്‍ ഒലിച്ചുപോയത്. എന്നാല്‍ മാഞ്ചസ്റ്ററില്‍ നിന്നും ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ആത്മവിശ്വാസം പകരുന്നതാണ്. ട്രഫോര്‍ഡ് സ്‌റ്റേഡിയത്തിന് പുറത്ത് തെളിഞ്ഞ കാലാവസ്ഥയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍