UPDATES

കായികം

സാനിയ മിര്‍സയ്‌ക്കൊപ്പം രാത്രി കഫേയില്‍ കണ്ട പാക് താരങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുന്‍ക്യാപ്റ്റന്‍ ഇന്‍തിഖാബ് ആലം

കളിക്കാര്‍ക്ക് ഏത് ഹോട്ടലിലും 11 മണിയില്‍ കൂടുതല്‍ രാത്രിഭക്ഷണത്തിനായി ചെലവഴിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം പറയുന്നു

മാഞ്ചസ്റ്ററിലെ ഷിഷ കഫേയില്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയ്‌ക്കൊപ്പം കണ്ട മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ഇന്‍തിഖാബ് ആലം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. സാനിയയുടെ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയിബ് മാലിക്, വഹാബ് റിയാസ്, ഇമാദ് വാസി, ഇമാം ഉല്‍ഹഖ് എന്നിവരാണ് ഇന്ത്യ-പാക് മത്സരത്തിന്റെ തലേദിവസം പുലര്‍ച്ചെ രണ്ട് മണി വരെ ഷിഷ കഫേയില്‍ ഇരിക്കുന്നതായി കണ്ടെത്തിയത്.

ലോകകപ്പില്‍ ഇന്ത്യയോടേറ്റ ഏറ്റവും വലിയ പരാജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തു. അതോടെ വ്യാപകമായ വിമര്‍ശനമാണ് മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ ഉയരുന്നത്. അതേസമയം മത്സരത്തിന്റെ തലേദിവസമല്ല, ദിവസങ്ങള്‍ക്ക് മുമ്പത്തെ ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതിനെക്കുറിച്ച് വിശദീകരണം നല്‍കിയിരുന്നു.

സുപ്രധാന മത്സരങ്ങള്‍ക്ക് തലേദിവസം ഇത്ര വൈകി പ്രൊഫഷണല്‍ ക്രിക്കറ്റ് താരങ്ങള്‍ കഫേയില്‍ തങ്ങുന്നത് ന്യായീകരിക്കാവുന്നതല്ലെന്ന് ഇന്‍തിഖാബ് ആലം അറിയിച്ചു. ദേശീയ ചുമതലയുമായി ഇറങ്ങിത്തിരിക്കുന്ന പ്രൊഫഷണല്‍ കളിക്കാര്‍ അച്ചടക്കം പാലിക്കണമെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് കൂടിയായിരുന്ന ആലം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് രണ്ട് ദിവസം മുമ്പാണ് ഇവര്‍ കഫേയിലുണ്ടായിരുന്നതെങ്കിലും പ്രൊഫഷണല്‍ താരങ്ങള്‍ ഇത്ര വൈകി കഫേകളിലിരിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

കളിക്കാര്‍ക്ക് ഏത് ഹോട്ടലിലും 11 മണിയില്‍ കൂടുതല്‍ രാത്രിഭക്ഷണത്തിനായി ചെലവഴിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം പറയുന്നു. അതിനാല്‍ പിസിബി അന്വേഷണം നടത്തി കളിക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഷൊയ്ബ് മാലിക് പൂജ്യത്തിന് പുറത്തായിരുന്നു. ‘ആ വീഡിയോകള്‍ ജൂണ്‍ 13ലേതാണ് 15ലേതല്ല. എന്നാണ് പാക് മാധ്യമങ്ങള്‍ വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങുന്നത്. കഴിഞ്ഞ 20ലേറെ വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള എനിക്ക് എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വിശദീകരിക്കേണ്ടി വരുന്നത് ദുഃഖകരമാണ്’ എന്ന് പിന്നീട് മാലിക് ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഇന്ത്യ ഏകപക്ഷീയമായി വിജയിച്ച മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. അതേസമയം മാധ്യമ വിചാരണകളില്‍ ശ്രദ്ധിക്കാതെ അടുത്ത മത്സരങ്ങളില്‍ വിജയിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സര്‍ഫറാസിന് പിസിബി ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

read more:ശിഖര്‍ ധവാന് ഇനി തിരിച്ചു വരാനാകില്ലെന്ന് ദിലീപ് വെങ്‌സര്‍ക്കര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍