UPDATES

ട്രെന്‍ഡിങ്ങ്

ദക്ഷിണാഫ്രിക്കയെ കാത്ത് മറ്റൊരു ലോകകപ്പ് ദുരന്തം; മഴ ചതിച്ച പ്രോട്ടിയകളുടെ സാധ്യതകള്‍ ഇനിയിങ്ങനെ

ദക്ഷിണാഫ്രിക്കയില്ലാത്ത ലോകകപ്പ് സെമിഫൈനല്‍സ് ഒരു രസവുമുണ്ടാകില്ല

ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തെ തുറമുഖ നഗരമായ സതാംപ്ടണിലുള്ള സീസിറ്റി മ്യൂസിയത്തില്‍ ടൈറ്റാനിക് കപ്പലിന്റെ ഒരു മാതൃകാരൂപം സൂക്ഷിച്ചിട്ടുണ്ട്. 1912-ല്‍ ടൈറ്റാനിക് അറ്റ്ലാന്റിക്കിലേക്കുള്ള മരണയാത്ര ആരംഭിച്ചത് സതാംപ്ടണില്‍ നിന്നായിരുന്നു. സീസിറ്റിയില്‍ നിന്ന് കൃത്യം അഞ്ച് മൈല്‍ അകലെയുള്ള ഏജിയസ് ബൗള്‍ സ്റ്റേഡിയത്തില്‍ നിന്ന് ലോകക്രിക്കറ്റിലെ കരുത്തരായ ദക്ഷിണാഫ്രിക്ക ഇന്നലെ പുറപ്പെട്ട യാത്രയും മരണത്തിലേക്കു തന്നെയാണോ? ആറര മണിക്കൂറിലേറെ നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസുമായുള്ള മത്സരം ഉപേക്ഷിക്കുമ്പോള്‍ പ്രോട്ടിയകള്‍ ചെന്നുപെട്ടിരിക്കുന്നത് പ്രതിസന്ധിയുടെ ആഴക്കടല്‍ നടുവിലാണ്.

തുടര്‍ച്ചയായ മൂന്നു മത്സരങ്ങള്‍ തോറ്റതിനു ശേഷം സതാംപ്ടണില്‍ നാലാം അങ്കത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വിജയം കൂടിയേതീരൂ എന്നതായിരുന്നു സ്ഥിതി. പക്ഷേ, ആദ്യം ടോസും തൊട്ടുപിന്നാലെ മഴയും അവരുടെ പ്രതീക്ഷകളെ മുക്കിക്കളഞ്ഞു. പന്തെടുത്ത വെസ്റ്റ് ഇന്‍ഡീസ് 28 റണ്‍സിനിടെ ഹാഷിം അംലയെയും എയ്ഡന്‍ മാര്‍ക്രത്തെയും പവലിയനില്‍ തിരിച്ചെത്തിച്ചിരുന്നു. പ്രതീക്ഷകളുടെ അമിതഭാരവുമായി ക്യാപ്ടന്‍ ഫാഫ് ഡുപ്ലസ്സി ബാറ്റെടുത്തിറങ്ങിയപ്പോഴേക്കും മഴമേഘങ്ങള്‍ കെട്ടഴിഞ്ഞു പെയ്തു തുടങ്ങി. കളി തുടരാന്‍ പാകത്തില്‍ പിന്നീടൊരിക്കലും അത് നിന്നില്ല. നാലാം മത്സരത്തില്‍ നിന്നു ലഭിച്ച ഒരേയൊരു പോയിന്റുമായി സ്റ്റേഡിയം വിട്ടിറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ സമ്മര്‍ദത്തിന്റെ പിരിമുറുക്കത്തിലാവും. ഇവിടെ നിന്നവര്‍ സെമിഫൈനലില്‍ പ്രവേശിക്കാന്‍ പാകത്തില്‍ തിരിച്ചുവരികയാണെങ്കില്‍ കായിക ചരിത്രം എന്നുമോര്‍ക്കുന്ന അത്ഭുതങ്ങളിലൊന്നാവും അത്.

ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഇന്ത്യ – ടൂര്‍ണമെന്റിലെ ആദ്യ മൂന്നു മത്സരങ്ങളും ‘കരുത്തരായ’ ദക്ഷിണാഫ്രിക്കക്ക് കടുപ്പമായിരുന്നു. മൂന്നിലും പിഴച്ചതോടെ മുന്നോട്ടുള്ള വഴി കല്ലുംമുള്ളും നിറഞ്ഞതായിക്കഴിഞ്ഞു. പാകിസ്താനെതിരായ അവിസ്മരണീയ ജയവും ഓസ്ട്രേലിയക്കെതിരെ പാഠങ്ങള്‍ പഠിച്ച പരാജയവുമായി വന്ന വെസ്റ്റ് ഇന്‍ഡീസ്, ഈയൊരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു എതിരാളിയായിരുന്നില്ല. പ്രതാപകാലത്തെ ഓര്‍മകളുണര്‍ത്തുന്ന ഫാസ്റ്റ് ബൗളര്‍മാരും വെടിക്കെട്ട് ബാറ്റ്സ്മാന്മാരുമടങ്ങുന്ന വിന്‍ഡീസ്, വീണുകിടക്കുന്ന ദക്ഷിണാഫ്രിക്കയെ ചവിട്ടാന്‍ തന്നെയാണ് സതാംപ്ടണിലെത്തിയത്. മഴ പെയ്തില്ലായിരുന്നെങ്കില്‍ ഇരുകൂട്ടര്‍ക്കും സാധ്യതയുള്ള കിടിലനൊരു അങ്കമാവുമായിരുന്നു അത്. ദക്ഷിണാഫ്രിക്ക ജയിക്കുമായിരുന്നോ? തന്റെ ആദ്യപന്തില്‍ തന്നെ ക്വിന്റണ്‍ ഡികോക്കിനെ വിറപ്പിച്ച കെമര്‍ റോഷും രണ്ട് മുന്‍നിര ബാറ്റ്സ്മാന്മാരെ പുറത്താക്കിയ ഷെല്‍ഡന്‍ കോട്രലും നല്‍കിയ സൂചന ഡുപ്ലസ്സിക്കും സംഘത്തിനും ഒട്ടും ശുഭസൂചകമായിരുന്നില്ല. ഓവറുകള്‍ വെട്ടിക്കുറച്ച് മത്സരം നടന്നിരുന്നെങ്കില്‍ ജയസാധ്യത രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനായിരുന്നുവെന്ന് ഫാഫ് ഡുപ്ലസ്സി പിന്നീട് പറയുകയും ചെയ്തു. ഇപ്പോഴത്തെ സ്ഥിതിയില്‍, ആന്ദ്രെ റസ്സല്‍ കളിക്കുന്നില്ലാതിരുന്നിട്ടു കൂടി, ഒരു ട്വന്റി 20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ തന്നെയാണ് കൂടിയ സാധ്യത. അതുകൊണ്ട്, 7.3 ഓവറിനു ശേഷം ഒരു പന്തുപോലും എറിയാന്‍ സമ്മതിക്കാതെ പെയ്ത മഴ അനുഗ്രഹമായിരുന്നു എന്ന് ദക്ഷിണാഫ്രിക്കക്കാര്‍ക്ക് വിശ്വസിക്കാം.

കഴിഞ്ഞതൊക്കെ മറക്കാം; ഇനി ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ജയിക്കണമെന്നതാണ് ദക്ഷിണാഫ്രിക്കക്കു മുന്നിലുള്ള വലിയ യാഥാര്‍ത്ഥ്യം. ആ യാത്രയ്ക്കു കച്ചമുറുക്കുമ്പോള്‍ അവര്‍ക്കുള്ള ഏറ്റവും വലിയ അനുകൂല ഘടകം, അടുത്ത മത്സരം ദുര്‍ബലരായ അഫ്ഗാനിസ്താനെതിരെ ആണെന്നതാണ്. ശനിയാഴ്ച കാര്‍ഡിഫില്‍ അഫ്ഗാനെ വലിയ വ്യത്യാസത്തില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ പ്രഭാവം നാലു ദിവസം കഴിഞ്ഞു നടക്കുന്ന ന്യൂസിലാന്റിനെതിരായ മത്സരത്തിലുമുണ്ടാവും. പാകിസ്താന്‍ ആണ് അതുകഴിഞ്ഞുള്ള എതിരാളി. പിന്നെ ശ്രീലങ്ക. ഈ നാലു മത്സരങ്ങള്‍ ലീഗ് റൗണ്ടിലെ ‘ഫൈനല്‍’ ദിനത്തില്‍ ഓസ്ട്രേലിയയെ നേരിടുന്നതിലേക്കുള്ള മുന്നൊരുക്കമായിരിക്കും ദക്ഷിണാഫ്രിക്കക്ക്.

ജൂലൈ ആറിന് ഓസ്ട്രേലിയക്കെതിരായ ‘അവസാന’ മത്സരത്തിനിറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്ക സെമിഫൈനല്‍ സാധ്യതയുടെ വക്കിലായിരിക്കുമോ? അതോ, അതിനുമുമ്പേ പത്തി മടക്കിയിട്ടുണ്ടാവുമോ? – ലോകകപ്പുകളില്‍ ഹോട്ട് ഫേവറിറ്റുകളിലൊന്നായി എത്തുകയും തട്ടിയും തടഞ്ഞും മഴകൊണ്ടും പുറത്താവുകയും ചെയ്യുന്ന ‘ദക്ഷിണാഫ്രിക്കന്‍ ശീല’ത്തിന് ഇത്തവണയെങ്കിലും അറുതിയാവുമോ?

എന്തായിരുന്നാലും, ദക്ഷിണാഫ്രിക്കക്ക് ചരിത്രത്തില്‍ നിന്ന് ഉള്‍ക്കൊള്ളാന്‍ പാഠങ്ങളുണ്ട്. 1992-ല്‍ കപ്പടിച്ച പാകിസ്താനെ നോക്കുക. ആദ്യ അഞ്ച് മത്സരങ്ങളില്‍ മൂന്നും അവര്‍ തോറ്റിരുന്നു; ഒരു കളി മഴയില്‍ ഉപേക്ഷിക്കുകയും ചെയ്തു. എന്നിട്ടും ഓസ്ട്രേലിയയെയും ന്യൂസിലാന്റിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് അവര്‍ സെമിയിലെത്തി. അവസാനം കപ്പടിക്കുകയും ചെയ്തു. ചരിത്രത്തിലേക്കു നോക്കി ശുഭാപ്തി വിശ്വാസമുണ്ടാക്കുന്നതിനൊപ്പം ദക്ഷിണാഫ്രിക്ക കഠിനമായി പോരാടുമെന്ന് കരുതാം. കാരണം, അവരില്ലാത്ത ലോകകപ്പ് സെമിഫൈനല്‍സ് ഒരു രസമുണ്ടാകില്ല.

read more:യോ യോ ടെസ്റ്റ് പാസായിട്ടും യുവിയ്ക്ക് വിളി വന്നില്ല; യുവരാജ് വിടവാങ്ങല്‍ മത്സരം അര്‍ഹിക്കുന്നെന്ന് രോഹിത് ശര്‍മ്മ

മുഹമ്മദ്‌ ഷാഫി

മുഹമ്മദ്‌ ഷാഫി

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍