UPDATES

കായികം

കൊലക്കളത്തില്‍ നിന്നുകൊണ്ട് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല

സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാശ്മീരില്‍ നിന്നുള്ള ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സാധ്യത. ജമ്മു കാശ്മീരിനായി കളിക്കുന്ന പല താരങ്ങളും ഈ സീസണില്‍ ക്രിക്കറ്റ് കളത്തില്‍ നിന്നും വിട്ടുനിന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസും സ്‌പോര്‍ട്‌സ് കീഡും പറയുന്നത്. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില ജമ്മു താരങ്ങളുടെ പ്രതികരണങ്ങള്‍ അഭ്യൂഹം ശരിവയ്ക്കുന്നതാണ്.

‘കൊലക്കളത്തില്‍ നിന്നുകൊണ്ട് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, ഈ സാഹചര്യത്തില്‍ ഞാന്‍ ചിന്തിക്കുന്നത് ഈ സീസണില്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കാനാണ്. ധാരാളം ആളുകള്‍ കൊല്ലപ്പെടുന്നു, എന്താണ് ഞാന്‍ പറയേണ്ടത്! ഇപ്പോഴത്തെ സാഹചര്യം ഞങ്ങളില്‍ ധാരാളം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്’. ഒരു ജമ്മുതാരത്തിന്റെ പ്രതികരണം ഇതാണ്. 

‘പ്രശ്‌നങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലാണ്, ഈ സാഹചര്യം ശാന്തമാകാതെ ക്രിക്കറ്റ് കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല, പ്രശ്‌നങ്ങള്‍ ശാന്തമാകുന്നതിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്, ഞങ്ങളുടെ വിഷമം വിവരിക്കാന്‍ പോലും കഴിയില്ല. ക്രിക്കറ്റിലൂടെ ഇതെല്ലാം ശമിപ്പിക്കുവാന്‍ കഴിയുമായിരിക്കും, എന്നാല്‍ ഇവിടെ ഞങ്ങളുടെ ജനത സമ്മര്‍ദത്തിന്റെ അങ്ങേ അറ്റത്താണ്’. പേര് വെളിപ്പെടുത്താത്ത മറ്റൊരു താരം പറഞ്ഞു.

താരങ്ങള്‍ കളി ബഹിഷ്‌ക്കരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഇമ്രാന്‍ അന്‍സാരി പ്രതികരിച്ചത്. കൂടാതെ ഈ സീസണില്‍ നല്ല താരങ്ങളെ തെരഞ്ഞെടുത്ത് മികച്ച ടീമിനെ കളിപ്പിക്കാനാകുമെന്ന ആത്മവിശ്വാസവും അന്‍സാരി പങ്കുവെച്ചു.

രണ്ടു മാസമായി തുടരുന്ന കാശ്മീര്‍ പ്രക്ഷോഭത്തില്‍ ഇതുവരെ 76 പേരാണ് കൊല്ലപ്പെട്ടത്. ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് കാശ്മീരില്‍ പ്രക്ഷോഭം ആരംഭിച്ചത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍