UPDATES

സിനിമ

പ്രിയ പ്രേക്ഷകാ, ഒഴിവുകഴിവുകള്‍ക്ക് അവധി പറഞ്ഞ് ഈ സിനിമകള്‍ക്ക് പോയി ക്യൂ നില്‍ക്കൂ..

Avatar

വി കെ ജോബിഷ്

കഴിഞ്ഞ ദിവസം കോഴിക്കോട് ശ്രീയില്‍നിന്നും സജിന്‍ ബാബുവിന്റെ അസ്തമയം വരെ കണ്ടു. സുദേവന്റെ ക്രൈം നമ്പര്‍ 89 നേരത്തെ ഫെസ്റ്റിവലില്‍ വെച്ച് കണ്ടതായിരുന്നു. സിനിമ കഴിഞ്ഞ് തിയേറ്ററിന്റെ മുറ്റത്തുണ്ടായിരുന്ന സജിന്‍ ബാബുവിനോടും ക്രൈമിന്റെ ക്യാമറമാന്‍ പ്രതാപിനോടും ചില അനിഷ്ടങ്ങളെക്കുറിച്ച് തര്‍ക്കിച്ചു. എന്റെ ഉള്ളിലെ കാല്പനികന്റെ കാഴ്ചാപരിമിതിയെ ശിക്ഷിച്ചുകൊണ്ട് പ്രതാപ് കുറേ സംസാരിച്ചു. സജിന്‍ ബാബു സിനിമ ഒരിക്കല്‍കൂടി കാണാന്‍ പറഞ്ഞു. അപ്പോള്‍ കൂടുതല്‍ തെളിയുമായിരിക്കും.

ഇതൊന്നുമല്ല പ്രശ്‌നം. ഞാന്‍ സിനിമ കണ്ടത് വിരലിലെണ്ണാവുന്ന ആളുകള്‍ക്കൊപ്പമിരുന്നാണ്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളില്‍ ഉണ്ടാവേണ്ടവര്‍ എവിടെയായിരിക്കും. നിങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പാടാതിരിക്കുകയോ ചെയ്യാം. നിങ്ങളുടെ അനിഷ്ടങ്ങള്‍ കേള്‍ക്കാന്‍ അവിടെ അണിയറപ്രവര്‍ത്തകരില്‍ ആരെങ്കിലുമുണ്ട്. എന്നിട്ടും പ്രിയപ്പെട്ട പ്രേക്ഷകരെ നിങ്ങള്‍ എവിടെയാണ് ? നാഴികയ്ക്ക് നാല്പതുവട്ടം നല്ല സിനിമകളെക്കുറിച്ച് വാതോരാതെ പറയുകയും എഫ്.ബി.യില്‍ കുറിപ്പെഴുതുകയും ചെയ്യുന്ന നിങ്ങള്‍ വര്‍ഷാവര്‍ഷം തിരുവനന്തപുരത്തും ഗോവയിലുമൊക്കെ ഡെലിഗേറ്റ്‌സിന്റെ മാലയുമിട്ട് സിനിമാഭക്തരുടെ ശബരിമല സൃഷ്ടിക്കുന്നവരല്ലേ. നിങ്ങള്‍ ഫെസ്റ്റിവെലുംകഴിഞ്ഞ് എങ്ങോട്ടാണ് പോയൊളിക്കുന്നത്?

യഥാര്‍ഥ ഭക്തര്‍ വര്‍ഷാവര്‍ഷം ശബരിമലക്കുമാത്രമല്ല, അല്ലാത്ത സമയത്ത് നാട്ടുദൈവങ്ങളുടെ അടുത്തുചെന്നും അവര്‍ ദൈവങ്ങളോടുള്ള തങ്ങളുടെ കുറ് പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ സിനിമാഭക്തരായ നിങ്ങള്‍ നമ്മുടെ നാട്ടില്‍നിന്ന് പരീക്ഷണചിത്രങ്ങളെടുത്ത് ഈ മാധ്യമത്തില്‍ സാഹസം കാണിക്കുന്നവരോട് ഒട്ടും കൂറ് പുലര്‍ത്താതെന്താണ്. ഐ.എഫ്.എഫ്.എഫ്.കെയില്‍ മലയാളം സിനിമയെ റിലീസാകുമ്പോള്‍ കാണാമെന്ന് പറഞ്ഞ് നിങ്ങള്‍ അവഗണിക്കാറുമുണ്ട്. നിങ്ങളെയൊക്കെ പ്രതീക്ഷിച്ചുകൊണ്ടല്ലേ നാട്ടില്‍ ഈ പടങ്ങള്‍ റിലീസ് ചെയ്തത്. നിങ്ങള്‍ക്ക് പല തിരക്കുകളും കാണും അറിയാം. എന്നാല്‍ നിങ്ങളില്‍ പലരും പ്രേമമെന്ന സിനിമയ്ക്ക്‌ പോയി ടിക്കറ്റ് കിട്ടാതെ നാലുവട്ടമെങ്കിലും മടങ്ങിയിട്ടുമുണ്ടാകും. ഈ മടക്കത്തിനിടയില്‍ ഒരുവട്ടമെങ്കിലും ഈ ചിത്രങ്ങള്‍ക്ക് കയറി സഹകരിച്ചൂകൂടായിരുന്നോ. ഇനി നാളെയിതിന്റെ ഡിവിഡി കണ്ട് നിങ്ങളുണ്ടാക്കുന്ന കുറിപ്പുകള്‍ സുദേവനെയോ സജിന്‍ ബാബുവിനെയോ രക്ഷിച്ചേക്കില്ല.

കോഴിക്കോട് നഗരത്തില്‍നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള ബ്രണ്ണന്‍ കോളേജില്‍നിന്നും നൂറിലധികം കുട്ടികളുമായി ഒരധ്യാപകന്‍ ഈ സിനിമയ്ക്ക് വന്നിരുന്ന ഫോട്ടോ എഫ്ബി യില്‍ കണ്ടിരുന്നു. പഠിച്ച കോളേജില്‍ ഒരിക്കല്‍കൂടി മഴ നനയാന്‍ തോന്നിക്കുന്ന പുതിയ കൂട്ടുകാര്‍. അവരുടെ ടിക്കറ്റിന് നാളയുടെ കാഴ്ചയില്‍ ഇടപെടാനാകും. അത് ഈ സിനിമയ്ക്കുള്ള വലിയ ഇന്ധനമാണ്. കോഴിക്കോട് നഗരത്തിലെ കോളേജില്‍ നിന്ന് ഇങ്ങനെയാരും വന്നതായി അറിയില്ല. നഗരത്തില്‍ ഒരുപാട് സ്‌കൂളുകളുണ്ട് കോളേജുകളുണ്ട്. അവിടൊങ്ങളിലൊക്കെ സിലബസില്‍ സിനിമ പഠിപ്പിക്കുന്ന അധ്യാപകരുമുണ്ട്. അവര്‍ കുട്ടികളേയും കൂട്ടിവന്ന് ചിത്രത്തിന് പിന്തുണയുമായി നില്‍ക്കുന്ന ഫോട്ടോയ്ക്ക് ഇനിയും സാധ്യതയുണ്ട്. പക്ഷേ അവര്‍ വരുമോ ? അവര്‍ക്ക് ഈ തിയേറ്ററിലേക്കുള്ള ബസ്സ് കിട്ടുമോ ?

ഇനി ശ്രീയില്‍ കണ്ട മറ്റൊരു കൗതുകംകൂടി പറഞ്ഞ് അവസാനിപ്പിക്കാം. ഈ സിനിമകള്‍ രണ്ടുപ്രാവശ്യം കാണുകയും തന്റെ ഒരുപാട് സുഹൃത്തുക്കളെ കാണിക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്ത ഒരു പോലീസുകാരന്‍ തിയേറ്ററിന്റെ മുറ്റത്തുണ്ടായിരുന്നു. ഐഎഫ്എഫ്‌കെയ്ക്ക് തിരക്കു നിയന്ത്രിക്കാന്‍ വരുമ്പോള്‍ നിങ്ങളില്‍ ആരൊക്കെയോ  ഉന്തിതള്ളി ഇംഗ്ലീഷില്‍ ബുദ്ധിജീവി തെറിവിളിച്ച പോലീസുകാരുടെ കൂട്ടത്തില്‍പ്പെട്ട ഒരാളാണയാള്‍. അയാള്‍ക്ക് സുദേവന്റെ ക്രൈമിന്റെ പ്രാധാന്യം മനസ്സിലായി. അജ്ഞാതമായ ഏതോ ഒരു സ്ഥലത്തുനിന്നും ഒരു ജീപ്പ് നിറയെ കൊണ്ടുവരുന്ന ആയുധങ്ങള്‍ അത് ഒരു ഗ്രാമജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അതാണല്ലോ ക്രൈം. ആ ആയുധങ്ങള്‍ എവിടേക്കാണ് ? ആരാണ് നാളെയതെടുത്ത് ഉപോയിക്കുക ? എന്താവും ആ ആയുധങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാക്കുക. ?…… അത് ആ പോലീസുകാരന്റെ ഉള്ളിലുണ്ടാക്കിയ നടുക്കമായിരിക്കാം അയാളെ ആ തിയേറ്ററില്‍തന്നെ നിര്‍ത്തുന്നത്.

അതുകൊണ്ട് പ്രിയപ്പെട്ട പ്രേക്ഷകാ സമയം, സ്ഥലം, ജോലി, യാത്ര തുടങ്ങിയ ഒഴികഴിവു പറയാതെ ഈ സിനിമകള്‍ക്ക് പോയി ക്യൂ നില്‍ക്കൂ. അതൊരു ചെറിയ കാര്യമല്ല. ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. സാംസ്‌കാരിക ദൗത്യവുമാണ്. നമ്മളുണ്ടാക്കുന്ന ആ വലിയ ക്യൂവായിരിക്കും പ്രതിസന്ധിയില്‍പെട്ടുകിടക്കുന്ന കെ.ആര്‍.മനോജിന്റെ കന്യകാ ടാക്കീസിനെയും ജയരാജിന്റെ ഒറ്റാലിനെയും സിദ്ധാര്‍ഥിന്റെ ഐയിനിനെയുമൊക്കെ നാളെ തിയേറ്ററിന്റെ ഇരുട്ടിലെത്തിച്ച് പ്രേക്ഷകനെ വെളിച്ചത്തിലേക്ക് നയിക്കുക.

(ഗവേഷകനും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍