UPDATES

ട്രെന്‍ഡിങ്ങ്

കൊലപാതകങ്ങള്‍ ഇരട്ടി, ബലാത്സംഗങ്ങള്‍ നാലിരട്ടി: ഇത് യോഗി ഭരണത്തിന്റെ ഒരുമാസത്തെ കണക്ക്

മുഖ്യമന്ത്രി അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം തന്നെ അലഹബാദില്‍ ദമ്പതികളെ കൊലപ്പെടുത്തി അവരുടെ രണ്ട് പെണ്‍മക്കളെ ബലാത്സംഗം ചെയ്ത സംഭവമുണ്ടായി

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ മാസം തന്നെ ബലാത്സംഗങ്ങള്‍ നാലിരട്ടിയായതായും കൊലപാതകങ്ങള്‍ ഇരട്ടിച്ചതായും പിടിച്ചുപറി അഞ്ചിരട്ടിയായതായും കൂട്ടക്കവര്‍ച്ചകള്‍ ഏഴിരട്ടിയായതായും കണക്കുകള്‍. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള കണക്കുകള്‍ അനുസരിച്ചാണ് ഇത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിലെ കുറ്റകൃത്യങ്ങളുടെ എണ്ണവുമായാണ് താരതമ്യം ചെയ്തിരിക്കുന്നത്.

മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഒരു സര്‍ക്കാരിനെ സംബന്ധിച്ച് രണ്ട് മാസമെന്നത് വിലയിരുത്താനുള്ള കാലയളവല്ലെങ്കിലും യോഗി സര്‍ക്കാരിന് കീഴില്‍ ഉത്തര്‍പ്രദേശില്‍ കുത്തനെ ഉയര്‍ന്ന ഹീനമായ കുറ്റകൃത്യങ്ങളുടെ കണക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ഉതകുന്നത് തന്നെയാണ്. ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ഇന്ന് സംസ്ഥാനമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായെന്ന് ആരോപിച്ച് മാര്‍ച്ചില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ യോഗി ജനങ്ങള്‍ക്ക് നല്‍കിയ ആദ്യ വാഗ്ദാനം ക്രമസമാധാന പുനഃസ്ഥാപനമാണ്. എന്നാല്‍ അധികാരത്തിലേറി രണ്ട് മാസമായിട്ടും അതിന് സാധിച്ചില്ലെന്ന് മാത്രമല്ല സംസ്ഥാനത്തിലെ മൊത്തം കുറ്റകൃത്യങ്ങള്‍ നാലിരട്ടിയോളം വര്‍ദ്ധിക്കുകയും ചെയ്തു.

കൊലപാതകങ്ങള്‍ മുതല്‍ ബലാത്സംഗങ്ങള്‍ വരെയും തീവെട്ടിക്കൊള്ളകള്‍ മുതല്‍ വര്‍ഗീയ ലഹളകള്‍ വരെയും നിര്‍ബാധം തുടരുമ്പോള്‍ കുതിച്ചുയരുന്ന കുറ്റകൃത്യങ്ങള്‍ക്ക് മുന്നിലും ജനങ്ങളുടെ ആത്മവിശ്വാസത്തിനും മുന്നിലും പരുങ്ങി നില്‍ക്കുകയാണ്. ഇതിനിടെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവില്‍ അലഹബാദ് ഹൈക്കോടതി കഴിഞ്ഞയാഴ്ച ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അതനുസരിച്ച് 179 ബലാത്സംഗങ്ങളാണ് ഈ സമയത്തിനുള്ളില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് 41 ആയിരുന്നു. തീവെട്ടിക്കൊള്ള മൂന്ന് ആയിരുന്നത് 20 ആയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 101 കൊലപാതകങ്ങള്‍ നടന്ന സ്ഥാനത്ത് ഈ വര്‍ഷം അത് 240 ആയി. പിടിച്ചുപറികളുടെ എണ്ണമാകട്ടെ 67ല്‍ നിന്നും 273 ആയും ഉയര്‍ന്നു. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം തന്നെ അലഹബാദില്‍ ദമ്പതികളെ കൊലപ്പെടുത്തി അവരുടെ രണ്ട് പെണ്‍മക്കളെ ബലാത്സംഗം ചെയ്ത സംഭവമുണ്ടായി. ഇതാണ് യോഗി സര്‍ക്കാരിന് കീഴിലുണ്ടായ ആദ്യ കുറ്റകൃത്യമെന്നാണ് കരുതപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍