UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറ്റകൃത്യം നടന്ന സ്ഥലത്ത് അന്വേഷകര്‍ ചെയ്യുന്നത്

ലിന്‍ ബുയ്
(വാഷിങ്ടണ്‍ പോസ്റ്റ്)

ഹീതര്‍ ജോര്‍ദാന്‍ വിരലടയാളങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്ന ഡ്രസറിനടുത്ത് മൃതദേഹം വന്നുവീണതുപോലെ ഇരുന്നു. കിടപ്പുമുറിയുടെ മറുവശത്ത് അവരുടെ സഹപ്രവര്‍ത്തകന്‍ ഒരു ചെറിയ വാള്‍ ഭിത്തിയിലേക്കു കടത്തി. പ്ലാസ്റ്റര്‍ തുളച്ചുകടന്ന വെടിയുണ്ട കണ്ടെത്താമെന്ന പ്രതീക്ഷയില്‍.

വാളിന്റെ ശബ്ദം നിലച്ചു.

‘അതു കണ്ടെത്തിയോ?’ ജോര്‍ദാന്‍ ചോദിച്ചു. 

‘വെടിയുണ്ടയില്ല,’ ഡേവിഡ് വസ്താഗ് പറഞ്ഞു. ‘പക്ഷേ, എനിക്ക് ചത്ത പക്ഷിയുടെ ചില ഭാഗങ്ങള്‍ കിട്ടി.’

പാറുന്ന പൊടിക്കിടയിലൂടെ വസ്താഗ് ഭിത്തിക്കും പ്ലാസ്റ്ററിനും ഇടയില്‍നിന്ന് ഏതാനും കമ്പുകളും തൂവലുകളും പുറത്തെടുത്തു.

ആ ദ്വാരം മൂന്നുനില താഴേക്കു നീളുന്നതായിരുന്നു.

അതിനിടയില്‍ എവിടെയെങ്കിലും വെടിയുണ്ട അപ്രത്യക്ഷമായിരിക്കാമെന്ന് വസ്താഗിനു തോന്നി.

ഒരു ഹീനമായ കുറ്റകൃത്യം നടന്ന സ്ഥലത്ത് അന്വേഷകര്‍ എത്തുന്നതും കൃത്യമായ തെളിവുകള്‍ ശേഖരിക്കുന്നതും കുറ്റവാളിയെ പിടികൂടുന്നതും ഒരു മണിക്കൂറിനുള്ളില്‍ (പരസ്യബ്രേക്കുകള്‍ ഉള്‍പ്പെടെ) ടിവി ക്രൈം പരിപാടികള്‍ കാണിച്ചുതരുന്നു. എന്നാല്‍ യഥാര്‍ത്ഥ കുറ്റകൃത്യങ്ങളില്‍ തെളിവുകള്‍ എല്ലായ്‌പോഴും കുറ്റം തെളിയിക്കാന്‍ സഹായിക്കുന്നവയും പെട്ടെന്നു കണ്ടെത്താനാകുന്നവയും ആയിരിക്കണമെന്നില്ല. വിരലടയാളങ്ങള്‍ എപ്പോഴും കാണണമെന്നില്ല. കുറ്റം നടക്കുന്നതിനു വളരെ മുന്‍പ് അതേ വസ്തുക്കളില്‍ തൊട്ട അനേകം പേരുടെ ഡിഎന്‍എയുമായി കൂടിക്കലര്‍ന്നതാകും സാമ്പിളുകള്‍. അന്വേഷകര്‍ എല്ലായ്പ്പോഴും രക്തം, ആയുധത്തിന്റെ ആവരണം, മറ്റ് ശക്തമായ തെളിവുകള്‍ എന്നിവ കണ്ടെത്താറില്ല.

യഥാര്‍ത്ഥ ജീവിതത്തില്‍ തുമ്പുകള്‍ കണ്ടെത്തുക എന്നത് ശാരീരികമായും വികാരപരമായും മാനസികമായും കഠിനമായ ജോലിയാണ്. മേരിലാന്‍ഡിലെ പ്രിന്‍സ് ജോര്‍ജസ് കൗണ്ടിയില്‍ ക്രൈം സീന്‍ ടെക്‌നീഷ്യന്‍മാരുമായി ചെലവിട്ട ഒരു രാത്രി അത് വ്യക്തമാക്കി.

‘വളരെ നീളമേറിയ ഒരു രാത്രിയാണു വരാനിരിക്കുന്നത്,’ മോണ്ട്‌ഗോമെറി പറഞ്ഞു. മുട്ടിലും കൈകളിലും ഊന്നി ഡ്രസറിനടിയിലേക്ക് കൂടുതല്‍ തെളിവുകള്‍ക്കായി പരതുകയായിരുന്നു അദ്ദേഹം. ‘എനിക്കത് ഇപ്പോള്‍ കാണാനാകുന്നു.’

മോണ്ട്‌ഗോമെറിയുടെ സംഘം മേരിലാന്‍ഡിലെ ഓക്‌സന്‍ ഹില്ലിലുള്ള അപ്പാര്‍ട്ട്‌മെന്റിലേക്കു തിരിക്കുമ്പോള്‍ അര്‍ദ്ധരാത്രിയാകുന്നതേയുണ്ടായിരുന്നുള്ളൂ. കിടപ്പുമുറിയില്‍ വെടിയേറ്റു മരിച്ച ഒരാളെയാണ് ഉദ്യോഗസ്ഥര്‍ക്കു കാണാനായത്.

സംഭവസ്ഥലം ഒരു സ്‌കാനര്‍ പകര്‍ത്തിക്കഴിഞ്ഞതോടെ – പിന്നീട് ഇതില്‍നിന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ ത്രീഡി ചിത്രങ്ങളുണ്ടാക്കും – സംഘം ജോലി തുടങ്ങി.

ജോര്‍ദാന്‍ അപ്പാര്‍ട്ട് മെന്റിന്റെ രേഖാചിത്രങ്ങളുണ്ടാക്കി, മൃതദേഹത്തിന്റെ സ്ഥാനവും വെടിയേറ്റ പാടുകളും രക്തം ചിതറിയതും രേഖപ്പെടുത്തി. വസ്താഗ് ചിത്രങ്ങളെടുത്തു. അന്വേഷണത്തെ നയിക്കുന്ന ഓഫിസര്‍ ലാടോയ ഹോംസ് ഡിഎന്‍എ, വിരലടയാള പരിശോധനകള്‍ക്കായി ബീര്‍ കാനുകള്‍, സിഗററ്റ് കുറ്റികള്‍ തുടങ്ങിയവ ശേഖരിച്ചുതുടങ്ങി.

‘നമുക്ക് വളരെക്കുറച്ച് തെളിവേയുള്ളൂ. അടിസ്ഥാനവസ്തുതകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.’

അപ്പാര്‍ട്ട്‌മെന്റ് വളരെ ചെറുതായിരുന്നു എന്നത് ശേഖരിക്കേണ്ട തെളിവുകള്‍ ഏതെന്നു കണ്ടെത്താന്‍ സഹായകമായി. അതേസമയം അത് ജോലി വിഷമകരവുമാക്കി. ഒരു ഡസനോളം സാങ്കേതികവിദഗ്ധര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, കൊലപാതക അന്വേഷകര്‍, ഒരു മെഡിക്കല്‍ എക്‌സാമിനര്‍ – എല്ലാവരും പാതിരാത്രിയില്‍ തുമ്പിനായി തിരച്ചില്‍ തുടങ്ങി. സിഗററ്റ് പുകയുടെയും അമോണിയയുടെയും മണത്തിനൊപ്പം ‘ഇതുവഴി നടക്കരുത്’, ‘ ഇത് തൊടരുത്’ തുടങ്ങിയ മുന്നറിയിപ്പുകളും വന്നുതുടങ്ങി.

കുറ്റകൃത്യം നടക്കുന്ന സ്ഥലത്തെ ഗന്ധങ്ങള്‍ മിക്കപ്പോഴും അന്വേഷകരുടെ ഓര്‍മകളില്‍ നിലനില്‍ക്കും. ഇറച്ചിക്കടകളിലെ രക്തഗന്ധം അവരെ പലപ്പോഴും ചില ക്രൂരസംഭവങ്ങളിലേക്കു തിരിച്ചുവിളിക്കും. ചീഞ്ഞ ഭക്ഷണത്തിന്റെ ഗന്ധം ഉപേക്ഷിക്കപ്പെട്ട ഒരു തോക്കിനുവേണ്ടി ചവറുകൂന തിരഞ്ഞതിനെ ഓര്‍മിപ്പിക്കും.

‘ഞാന്‍ മിക്കപ്പോഴും വായിലൂടെയാണു ശ്വസിക്കുന്നത്,’ 2011 മുതല്‍ ഈ ജോലി ചെയ്യുന്ന ജോര്‍ദാന്‍ പറയുന്നു. ‘നിങ്ങള്‍ എവിടെയെങ്കിലും പോകുമ്പോള്‍ അനുഭവപ്പെടുന്ന ഏതെങ്കിലുമൊരു ഗന്ധം നിങ്ങളെ മുന്‍പ് പോയ ക്രൈംസീനിലേക്ക് തിരിച്ചുകൊണ്ടുവരും.’

അന്വേഷകര്‍ എപ്പോഴും കയ്യുറകള്‍ ധരിക്കുന്നു. സ്പര്‍ശിക്കേണ്ടതിനെ മാത്രം സ്പര്‍ശിക്കുന്നു. ആവശ്യമില്ലാത്ത ഇടപെടല്‍ ഒഴിവാക്കുന്നു. ഓക്‌സന്‍ ഹില്‍ അപാര്‍ട്ട്‌മെന്റില്‍ ഇതിന്റെ അര്‍ത്ഥം ഇങ്ങനെയായിരുന്നു – അവര്‍ എത്തിയപ്പോള്‍ പാടിക്കൊണ്ടിരുന്ന സ്റ്റീരിയോ അവര്‍ അവിടെയുണ്ടായിരുന്ന ഏഴുമണിക്കൂറും പാടിക്കൊണ്ടിരുന്നു. വോളിയം നോബില്‍ കണ്ടേക്കാവുന്ന ഡിഎന്‍എയ്ക്കുവേണ്ടി മാത്രമാണ് അതില്‍ ആരെങ്കിലും തൊട്ടത്.

തെളിവുശേഖരിക്കാന്‍ സാങ്കേതികവിദഗ്ധര്‍ എത്തുമ്പോള്‍ മിക്കയിടത്തും ഉറക്കെ ശബ്ദിക്കുന്ന റേഡിയോകളും ടിവികളും കാണും. മിക്കപ്പോഴും വാഗ്വാദം പുറത്തുകേള്‍ക്കാതിരിക്കാനും വെടിയൊച്ചകളും അലര്‍ച്ചകളും മറയ്ക്കാനുമാകും ഇത്. അന്വേഷകര്‍ ഈ ശബ്ദത്തിനിടയിലൂടെ ജോലി ചെയ്യുന്നു. അല്ലെങ്കില്‍ ആവശ്യമായ തെളിവ് ശേഖരിച്ചശേഷം മാത്രം ശബ്ദം കുറയ്ക്കുന്നു.

എന്നാല്‍ ചില ശബ്ദങ്ങള്‍ അവഗണിക്കാന്‍ പ്രയാസമുള്ളവയാണ്. ഇരയുടെ പോക്കറ്റില്‍ നിരന്തരം അടിക്കുന്ന ഫോണ്‍ ഉദാഹരണം. മറ്റൊരാളുടെ ഉദ്വേഗത്തിന്റെ ഓര്‍മപ്പെടുത്തല്‍.

‘ആരോ അവരെ അന്വേഷിക്കുകയാണ്. അവര്‍ മരിച്ചത് അന്വേഷിക്കുന്നവര്‍ക്കറിയില്ല.’

ഓക്‌സന്‍ ഹില്‍ അന്വേഷണം മണിക്കൂറുകള്‍ പിന്നിട്ടുമുന്നേറുമ്പോള്‍ മഞ്ഞ പ്ലക്കാര്‍ഡുകള്‍ കിടപ്പുമുറിയില്‍ നിരന്നു. ഒന്ന് – ഒഴിഞ്ഞ തിരകള്‍. രണ്ട് – മരുന്നുകള്‍, മൂന്ന് – കാലിയായ ബിയര്‍ കാന്‍; അങ്ങനെയങ്ങനെ.

‘ലടോയ, മറ്റെന്താണ് ഇവിടെ പ്രധാനപ്പെട്ടതായുള്ളത്? ‘ വിരലടയാളം ശേഖരിച്ചശേഷം ജോര്‍ദന്‍ ഹോംസിനോടു ചോദിച്ചു.

അന്വേഷകര്‍ അപ്പാര്‍ട്ട്‌മെന്റ് അരിച്ചുപെറുക്കി. എല്ലാം തെളിവുകളാണെന്നു തോന്നി. ഭിത്തിയിലെ സ്‌ക്രൂ അകലെനിന്നു നോക്കിയപ്പോള്‍ വെടിയുണ്ടയുടെ ദ്വാരം പോലെ. സ്വെറ്ററിലെ സിരററ്റ് ചാരം വീണ തുളയും അങ്ങനെ തന്നെ.

‘ഈ ഭിത്തിയിലോ അടുത്ത ഭിത്തിയിലോ തെളിവുണ്ടെന്ന് ഞങ്ങള്‍ക്കറിയാം,’ മൃതദേഹത്തിനു മുകളില്‍ കുനിഞ്ഞുനിന്ന് മോണ്ട്‌ഗോമെറി പറഞ്ഞു. ‘ പക്ഷേ മൃതദേഹം മാറ്റാതെ അത് കണ്ടെത്താനാകില്ല.’

കൊലപാതകം നടന്നാല്‍ മേരിലാന്‍ഡ് സര്‍ക്കാരിനാണ് മൃതദേഹത്തിന്റെ ഉത്തരവാദിത്തം. അതിനാല്‍ ഒരു മെഡിക്കല്‍ ഓഫിസര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തയാറാക്കുംവരെ അന്വേഷകര്‍ക്ക് മൃതശരീരം തൊടാനാകില്ല. മറിച്ചായാല്‍ നിര്‍ണായക തെളിവ് നഷ്ടമാകാം.

അതിനാലാണ് അന്വേഷകര്‍ മൃതദേഹത്തെ തുണികൊണ്ടുമൂടുകയോ കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നു മാറ്റുകയോ ചോക്ക് കൊണ്ട് ഔട്ട്‌ലൈനിടുകയോ ചെയ്യാത്തത്.

കുറ്റകൃത്യം നടന്ന സ്ഥലത്തെ ജോലിസംബന്ധിച്ച ലൊക്കാര്‍ഡ്‌സ് പ്രിന്‍സിപ്പിള്‍ അനുസരിച്ചുള്ളതാണ് ഈ നിയന്ത്രണം. എന്തിനെയെങ്കിലും സ്പര്‍ശിക്കുന്ന ആരും തെളിവ് ഇല്ലാതാക്കുകയും പുതിയ തെളിവ് ഉണ്ടാക്കുകയും ചെയ്യുന്നു എന്നതാണത്. അതിനാലാണ് ജോര്‍ദാന്റെ മുടി എപ്പോഴും ബണ്‍ പോലെ കെട്ടിവച്ചിരിക്കുന്നത്, അന്വേഷകര്‍ ചിലപ്പോള്‍ ബയോഹസാര്‍ഡ് വസ്ത്രം ധരിക്കുന്നത്, പലരും പൊതുസ്ഥലങ്ങളിലെ വാതില്‍ കൈപ്പിടികള്‍ സ്പര്‍ശിക്കാന്‍ മടിക്കുന്നത്.

30 വര്‍ഷം മുന്‍പ് അന്വേഷകര്‍ രംഗത്തിന്റെ ചിത്രങ്ങളെടുത്തു. വരലടയാളത്തിനുവേണ്ടി പൊടി വിതറി. എന്നാല്‍ സാങ്കേതികവിദ്യ മെച്ചപ്പെട്ടുകഴിഞ്ഞു.  ഡിഎന്‍എ ടെസ്റ്റുകള്‍ക്ക് കുറ്റകൃത്യങ്ങളെ സംശയിക്കപ്പെടുന്ന കുറ്റവാളികളുമായി ബന്ധിപ്പിക്കാന്‍ നാഷനല്‍ ഡാറ്റാബേസുകള്‍ സഹായിക്കുന്നു. ചിലപ്പോള്‍ വളരെ ചെറിയ സാംപിളുകളിലൂടെത്തന്നെ. ഡിഎന്‍എ പരിശോധനയ്ക്ക് ഒരു മുഴുവന്‍ തുള്ളി രക്തം വേണമെന്നതില്‍നിന്ന് സ്പര്‍ശിക്കപ്പെട്ട വസ്തുക്കളില്‍നിന്ന് ഇത് ശേഖരിക്കാമെന്നായി.

‘സിഎസ്‌ഐ: ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍’, ‘എന്‍സിഐഎസ് ഹൈലൈറ്റ്’ തുടങ്ങിയ ടിവി പരിപാടികള്‍ ഇത്തരം സാങ്കേതിക പുരോഗതിയെ പൊലിപ്പിച്ചുകാട്ടുന്നു. അതുവഴി വിധികര്‍ത്താക്കള്‍ കേസുകളില്‍ വ്യക്തമായ ഫോറന്‍സിക് തെളിവ് ആവശ്യപ്പെടുന്നുവെന്ന് ഇന്റര്‍നാഷനല്‍ ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് അസോസിയേഷന്‍ തലവന്‍ ഹെയ്ഡന്‍ ബാള്‍ഡ് വിന്‍ പറയുന്നു.

എന്നാല്‍ അഞ്ചുശതമാനത്തില്‍ താഴെ നിയമപാലന സേനകളില്‍ മാത്രമേ മുഴുവന്‍ സമയ കുറ്റകൃത്യരംഗനിരീക്ഷകരുള്ളൂവെന്ന് ബാള്‍ഡ്‌വിന്‍ പറയുന്നു. കോടതിയില്‍ മൊഴിനല്‍കുമ്പോള്‍ എന്താണ് വിധികര്‍ത്താക്കള്‍ പ്രതീക്ഷിക്കുന്നത് എന്നറിയാന്‍ ക്രൈം ഡ്രാമകള്‍ കാണാറുണ്ടെന്നും ബാള്‍ഡ്‌വിന്‍ പറയുന്നു.

‘എനിക്ക് ഇതുവരെ ഒരു കുറ്റാന്വേഷണവും ഒരുമണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. ഒരു ഡിഎന്‍എ ഫലവും അഞ്ചുമിനിറ്റിനുള്ളില്‍ വന്നിട്ടുമില്ല,’ ബാള്‍ഡ് വിന്‍ പറഞ്ഞു.

കുറ്റാന്വേഷകര്‍ ശേഖരിക്കുന്ന തെളിവുകള്‍ പ്രധാനമാണ്. അതേ സമയം അവയുടെ വിശകലനമാണ് നിര്‍ണായകം.

ശരിയല്ലാത്ത വിശകലനം കുറ്റവാളിയെ രക്ഷിക്കുകയും നിരപരാധിയെ ജയിലിലാക്കുകയും ചെയ്യും. ‘അനവധി ക്രിമിനല്‍ കേസുകളില്‍ ലഭ്യമായിട്ടും ശേഖരിക്കപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്യാത്ത വിവരങ്ങള്‍ എന്നത് ദീര്‍ഘകാലമായുള്ള പ്രശ്‌നമാണ്. വളരെ പ്രധാനപ്പെട്ട തെളിവുകള്‍ ശരിയായി കൈകാര്യം ചെയ്യപ്പെടാത്തതും അതേപോലെ തന്നെ,’ വിര്‍ജീനിയ സര്‍വകലാശാല നിയമപ്രഫസര്‍ ബ്രാന്‍ഡന്‍ ഗാറെറ്റ് പറയുന്നു.

സാങ്കേതികരീതികള്‍ പരിഷ്‌കരിക്കാനുള്ള ദേശീയനീക്കത്തിന്റെ ഭാഗമായി എഫ്ബിഐയുടെ ഫോറന്‍സിക് തെളിവിന്റെ റിവ്യൂ കൂടുതല്‍ വിശാലമാക്കാന്‍ ഈയിടെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചിരുന്നു. ശരിയായി ചെയ്താല്‍ ഫോറന്‍സിക് അനാലിസിസിന് നീതി നടപ്പാക്കാനും പ്രധാന ഉത്തരങ്ങള്‍ നല്‍കാനും കഴിയും.

ഒരു വര്‍ഷം മുന്‍പ് പിതാവ് കിഡ്‌നാപ് ചെയ്ത് മൂന്നുവയസുകാരി അയാളും പൊലീസും തമ്മിലുണ്ടായ വെടിവെയ്പ്പില്‍ മരിച്ച സംഭവത്തില്‍ ആരുടെ വെടിയുണ്ടയാണ് കുട്ടിയുടെ മരണകാരണമെന്നു കണ്ടെത്തുന്നതില്‍ പ്രിന്‍സ് ജോര്‍ജിലെ അന്വേഷകര്‍ക്ക് കഠിനാദ്ധ്വാനം ചെയ്യേിവന്നു. പിതാവിനൊപ്പം കുട്ടിയും കാറിലുണ്ടെന്ന് അറിയാതിരുന്ന പൊലീസുകാരുടെ വെടിവെയ്പിലാണ് കുട്ടി മരിച്ചതെന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്. എന്നാല്‍ പിതാവ് കുട്ടിയെ വെടിവച്ചുകൊല്ലുകയും സ്വയം വെടിവെച്ച് മരിക്കുകയുമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.

‘ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി ശരിയായ കാര്യം ചെയ്യാന്‍ ഒരു അവസരം പൊലീസ് വകുപ്പിനു കിട്ടുന്നു,’ പ്രിന്‍സ് ജോര്‍ജിലെ ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷനില്‍ സാങ്കേതിക വിഭാഗത്തിന്റെ ഡയറക്ടറായ വില്യം എഫ് ഗ്രീന്‍ ചൂിക്കാട്ടുന്നു.

വെളുപ്പിന് മൂന്നേമുക്കാലോടെ മെഡിക്കല്‍ എക്‌സാമിനര്‍ വന്നു. ‘ഞങ്ങള്‍ അയാളെ മാറ്റുകയാണ്. രക്തം ശ്രദ്ധിക്കുക,’ അവര്‍ പറഞ്ഞു.

ഓഫിസര്‍മാരുടെയും അന്വേഷകരുടെയും സഹായത്തോടെ മെഡിക്കല്‍ ഓഫിസര്‍ വധിക്കപ്പെട്ടയാളെ ടാര്‍പോളിനിലേക്കു മാറ്റി. തിരിച്ചുകിടത്തി വെടിയേറ്റ പാടുകള്‍ എണ്ണിത്തുടങ്ങി. അയാളുടെ കൈകള്‍ കടലാസ് ബാഗുകള്‍ കൊണ്ടുപൊതിഞ്ഞ് ടേപ് ഒട്ടിച്ചു. പിന്നീട് കൈനഖങ്ങള്‍ക്കിടയില്‍നിന്നു തെളിവെടുക്കാനാണിത്. ശരീരം ബോഡിബാഗിലാക്കി പുറത്തേക്കു മാറ്റി.

കൊലപാതകങ്ങള്‍ മാത്രമല്ല അന്വേഷകര്‍ക്കു മുന്നിലെത്തുന്നത്. ലൈംഗിക പീഡനം, കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍, കവര്‍ച്ച, കൊള്ള. കുറ്റകൃത്യത്തിന് ഇരയായവരുടെ ജീവിതസാഹചര്യങ്ങളിലാണ് അവര്‍ ജോലി ചെയ്യുന്നത്. ഭിത്തികളിലെ കുടുംബചിത്രങ്ങള്‍, തറയില്‍ കിടക്കുന്ന ബാര്‍ബി ഡോള്‍, സ്റ്റൗവിലെ തണുത്ത ഭക്ഷണം.

ചില ദിവസങ്ങള്‍ പതിവുപോലെയാകും. ചിലവ ഭീകരവും. ചിലപ്പോഴൊക്കെ സാക്ഷ്യം വഹിക്കേണ്ടി വന്നവയെപ്പറ്റി സംസാരിക്കാന്‍ ഉദ്യോഗസ്ഥര്‍ മനഃശാസ്ത്രജ്ഞരുടെ അടുത്തെത്തുന്നു. കൂടുതലും തമാശകളിലും മറ്റുകാര്യങ്ങളിലുമായി അവര്‍ ജോലിക്കിടയിലെ അനുഭവങ്ങള്‍ ലഘൂകരിക്കുന്നു.

ഭക്ഷണവും വെള്ളവും ടോയ്‌ലറ്റ് ഇടവേളകളും പോലുമില്ലാതെ ജോലി ചെയ്യുമ്പോള്‍ തമാശകളിലൂടെ സമ്മര്‍ദം കുറയ്ക്കാനായിരുന്നു ഗ്രീനിന്റെയും ശ്രമം.

രാവിലെ ഏഴുമണിയോടെ ദൗത്യത്തിന് അവസാനമായി. പ്ലക്കാര്‍ഡുകള്‍ മാറ്റി. മേശകള്‍ക്കടിയിലും കിടക്കയ്ക്ക് ഇടയിലും സോഫയ്ക്കു പിന്നിലും അവസാന പരിശോധനകള്‍.

ലാബില്‍ കൂടുതല്‍ ജോലികള്‍ കാത്തിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അന്വേഷകര്‍ക്ക് കതകടച്ച് അപാര്‍ട്ട്‌മെന്റ് പൂട്ടി ഇറങ്ങാനുള്ള സമയമായി. അകത്ത് ഇപ്പോഴും ഗാനം മുഴങ്ങിക്കൊണ്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍