UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി നൈസായൊന്ന് പിടിമുറുക്കിയാൽ തീരാവുന്നതേയുള്ളൂ ഏറണാകുളത്തെ ഗുണ്ടാ-പോലീസ്-രാഷ്ട്രീയ കൂട്ടുകെട്ട്

Avatar

അഴിമുഖം പ്രതിനിധി

റേഷന്‍ കാര്‍ഡിലെ ബിപിഎല്‍ പട്ടികയിലെ ക്രമക്കേടിനെതിരെ മരട് വില്ലേജ് ഓഫിസിനു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ യോഗത്തില്‍ നിന്ന് അധ്യക്ഷനെ കാണാതായി. അധ്യക്ഷ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും മരട് നഗരസഭാ വൈസ് ചെയര്‍മാനുമായ ആന്റണി ആശാന്‍പറമ്പിലാണ് ജനക്കൂട്ടത്തിനിടയില്‍ നിന്നും ഇന്നലെ അപ്രത്യക്ഷനായത്. അദ്ദേഹത്തോടൊപ്പം കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററെയും കാണാതായി. എന്നാല്‍ നഗരസഭാ ഭരണത്തിന്റെ തിരക്ക് മൂലമാണ് കെപിസിസി ആഹ്വാനം ചെയ്ത മാര്‍ച്ചില്‍ നിന്നും നേതാക്കള്‍ പോയത് എന്നാണ് പ്രവര്‍ത്തകര്‍ കരുതിയത്. പിന്നീട് ചാനല്‍ ഫ്ലാഷ് ന്യൂസ് കണ്ടപ്പോഴാണ് ഐഎന്‍ടിയുസി നേതാവ് ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രതികളായതോടെ രണ്ടു നേതാക്കളും മുങ്ങിയതാണെന്ന് നാട്ടുകാര്‍ക്ക് മനസിലായത്.

 

ഷുക്കൂറിനെതിരായ മര്‍ദ്ദന പരമ്പര ആരംഭിച്ചത് 2013 കാലത്താണ്. കെട്ടിട നിര്‍മാണത്തിന്റെ പൈല്‍ അടിച്ചു കഴിഞ്ഞുണ്ടാകുന്ന ചെളി നീക്കം ചെയ്യുന്നതിനുള്ള കരാര്‍ ഷുക്കൂര്‍ എടുക്കാന്‍ ശ്രമിച്ചതോടെയാണ് തുടക്കം. കരാറില്‍ നിന്നും മാറി നില്‍ക്കണമെന്നും അറിയപ്പെടുന്ന ഗുണ്ടകളായ ഭരതന്‍ ഷിജു, കൊഞ്ച് സലാം എന്നിവരാണ് കരാര്‍ എടുക്കുന്നതെന്നും ഷുക്കൂറിനെ ആന്റണി ആശാന്‍പറമ്പില്‍ ഫോണില്‍ വിളിച്ചറിയിച്ചു. നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചതോടെ രാത്രി ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി ഭരതനും ഷിജുവും മറ്റു ഗുണ്ടകളും ചേര്‍ന്ന് നഗ്‌നനാക്കി ക്രൂരമായി മര്‍ദ്ദിച്ചു. രാവിലെ വീടിനു മുന്നില്‍ വിടുകയും ചെയ്തു. ആന്റണി ആശാന്‍പറമ്പില്‍ അന്ന് മന്ത്രി ആയിരുന്ന കെ ബാബുവിന്റെ വലംകൈ ആയിരുന്നതിനാല്‍ പരാതി കൊടുത്തിട്ടും കേസ് എടുക്കാന്‍ പോലീസ് തയാറായില്ല. കരാര്‍ എടുക്കാനെത്തുമ്പോള്‍ ഷുക്കൂറിനു ആന്റണി ആശാന്‍പറമ്പിലിന്റെ മര്‍ദ്ദനവും ഭീഷണിയും സ്ഥിരമായി. നെട്ടൂരിലെ സന്മയാനന്ദന്റെ വാടക വീടാണ് മര്‍ദ്ദക കേന്ദ്രം.

 

മര്‍ദ്ദനത്തില്‍ അവശനായ ഷുക്കൂര്‍ കഴിഞ്ഞ ദിവസം സിറ്റി ടാസ്‌ക് ഫോഴ്‌സില്‍ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ക്കു നീക്കുപോക്കുണ്ടായി. ഗുണ്ടകളെ രാത്രി വീട്ടില്‍ കയറി പോലീസ് അറസ്റ്റ് ചെയ്തു. അവരെ ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദനത്തിന്റെ മസ്തിഷ്‌കം ആന്റണി ആശാന്‍പറമ്പിലും ജിന്‍സണ്‍ പീറ്ററും ആണെന്ന് മനസിലായത്.

കോണ്‍ഗ്രസില്‍ മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും നേതാക്കന്മാരുടെ ഗുണ്ടാബന്ധം അരങ്ങുവാഴുകയാണ് എന്നാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്ന വാര്‍ത്തകള്‍ വെളിവാക്കുന്നത്. കറുകപ്പള്ളി സിദ്ദിഖ് എന്ന കുപ്രസിദ്ധ ഗുണ്ട ഒരു സുപ്രഭാതത്തില്‍ ഡിവൈഎഫ്ഐ നേതാവായി മാറുകയായിരുന്നു. അതിനിടെ സിദ്ദിഖിനെ എംഎ, ബിഎഡുകാരി പ്രേമിച്ചു. വിവാഹം കഴിഞ്ഞ് പെണ്‍കുട്ടി സിവില്‍ സര്‍വീസിന് പഠിക്കാന്‍ തുടങ്ങിയതോടെ സിദ്ദിഖ് പാര്‍ട്ടിക്കാര്‍ക്കിടയില്‍ പ്രചരിപ്പിച്ചത് സിവില്‍ സര്‍വീസിലേക്ക് സെലക്ഷന്‍ ആയെന്നായിരുന്നു. ഭീഷണിപ്പെടുത്തലിനും പണംതട്ടലിനും റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തിനും സിദ്ദിഖിന് ഒരു മാറ്റവും ഉണ്ടായില്ല. യുവ സംരംഭകയായ സാന്ദ്രാ തോമസിനെ ഭീഷണിപ്പെടുത്തിയതോടെയാണ് സിദ്ദിഖ് വലയിലായത്. കോടിയേരിയുടെയും പിണറായിയുടെയും ആള്‍ എന്ന പേരിലായിരുന്നു ഭീഷണി. നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അവരുമായി സെല്‍ഫി എടുത്ത ശേഷം ഈ ഫോട്ടോ കാട്ടിയാണ് അടുത്ത ബന്ധം തെളിയിക്കുന്നത്. സിദ്ദിഖ് അകത്തായതോടെ അയാളെ സഹായിക്കുന്നത് സിപിഎം കളമശേരി ഏരിയ സെക്രട്ടറിയും ഡിവൈഎഫ്ഐ മുന്‍ അഖിലേന്ത്യ നേതാവുമായിരുന്ന സക്കീര്‍ ഹുസൈന്‍ ആണെന്നും വാര്‍ത്ത പ്രചരിച്ചു. സിദ്ദിഖുമായി ബന്ധമില്ലെന്ന് സക്കീര്‍ പ്രസ്താവന ഇറക്കിയതോടെയാണ് നേരത്തെ തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതിനു പിന്നില്‍ ഇവര്‍ രണ്ടുപേരുമാണെന്നു വ്യക്തമാക്കി യുവ സംരംഭകനായ ജൂബി പൗലോസ് രംഗത്തു എത്തിയതും മുഖ്യമന്ത്രിക്ക് നേരിട്ടു പരാതി കൊടുത്തതും. പോലീസ് അന്വേഷിച്ചതോടെ സക്കീറിന്റെ പങ്ക് വ്യക്തമായി.

 

സക്കീറിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചവരെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതും ചോദ്യം ചെയ്തതും ജില്ലാ സെക്രട്ടറി പി രാജീവിന്റെ വീട്ടില്‍ വെച്ചാണെന്ന് വാര്‍ത്ത പുറത്തു വന്നപ്പോള്‍ സംഭവവുമായി ബന്ധമില്ലെന്ന് രാജീവ് വ്യക്തമാക്കി. രാത്രി ഗേറ്റ് തുറന്നില്ലെന്നും പരാതി ഉണ്ടെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കാനാണ് താന്‍ നിര്‍ദേശം നല്‍കിയതെന്നും രാജീവ് പറയുന്നു. കേസ് മുറുകിയതോടെ സക്കീര്‍ ഒളിവില്‍ പോയി. ഒളിവില്‍ ആണെന്ന് പോലീസ് പറയുമ്പോഴും കളമശേരിയിലെ കടയില്‍ നിന്നും സക്കീര്‍ പാല് വാങ്ങിപ്പോകുന്നത് കണ്ടെന്നു അയല്‍വാസികള്‍ സാക്ഷ്യം പറയുന്നു. കേസ് സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റിയില്‍ വരെ എത്തിക്കഴിഞ്ഞു.

 

കോണ്‍ഗ്രസിലും സിപിഎമ്മിലും മാത്രമല്ല എറണാകുളത്തു നിന്നുള്ള ബിജെപിയിലെ പ്രമുഖ സംസ്ഥാന നേതാവിന്റെ വരുമാനവും റിയല്‍ എസ്‌റ്റേറ്റ്, ഗുണ്ടാ ബന്ധം തന്നെയാണ്. അണികള്‍ കുറഞ്ഞ, ജില്ലയിലെ ശിവസേന നേതാവും ജീവിക്കുന്നത് ഗുണ്ടാ പണത്തില്‍ നിന്ന് പങ്കു പറ്റിയാണ്.

 

പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിനു ശേഷം മുഖം നോക്കാതെ കുറ്റവാളികള്‍ക്ക് എതിരെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടതും, മുഖ്യമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതി ഡിജിപി വഴി സത്യസന്ധമായ അന്വേഷണത്തിനു ഉത്തരവിടുന്നതും കൂടുതല്‍ പരാതിക്കാര്‍ രംഗത്തു വരാന്‍ കാരണമാകുന്നുണ്ട്. കെ ബാബുവിന്റെ ശക്തി ക്ഷയിച്ചതും കളങ്കിതരായ പാര്‍ട്ടിക്കാരുടെ അടുപ്പം പുലര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതും പരാതി പുറത്തുവരാന്‍ പ്രധാന കാരണമാണ്. പിണറായി ഒന്നുകൂടി പിടി മുറുക്കിയാല്‍ ഏറണാകുളത്തിന് ശാപമായ ഗുണ്ടാ – പോലീസ്‌ – രാഷ്ട്രീയ കൂട്ടുകെട്ടിന് തടയിടാന്‍ കഴിയും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍