UPDATES

വായന/സംസ്കാരം

കറുത്ത പെണ്‍കുട്ടികളെ കുറ്റവാളികളാക്കുമ്പോള്‍

Avatar

അലക്സ് ലോഗ്ലിന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കറുത്ത ജീവനും വിലപ്പെട്ടതാണ് എന്ന ഫെര്‍ഗൂസനിലും ബാള്‍ടിമോറിലും പടര്‍ന്ന മുന്നേറ്റം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ട്രാവിയോണ്‍ മാര്‍ടിന്‍, മൈക്കല്‍ ബ്രൌണ്‍, എറിക് ഗാര്‍ണര്‍, ടമിര്‍ റൈസ് തുടങ്ങിയ കറുത്ത വര്‍ഗക്കാരായ പുരുഷന്മാരുടെ കഥകള്‍ യു.എസില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ഇന്നും നേരിടുന്ന അസമത്വത്തിന്റെ അടയാളമായി മാറി.

പക്ഷേ “Pushout: The Criminalization of Black Girls in Schools” എന്ന പുതിയ പുസ്തകത്തില്‍ മോണിക ഡബ്ലിയു മോറിസ് കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍, പ്രത്യേകിച്ചും സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം കാണാതെ പോകുന്നു എന്നു വാദിക്കുന്നു. അതുകൊണ്ടാണ്  മകിന്നേ, ടെക്സില്‍ സ്കൂളിലെ ഒരു നീന്തല്‍ആഘോഷത്തിനിടെ  ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നിലത്തു വീഴ്ത്തിയിട്ട 14-കാരിയായ ദജെറിയ ബെക്റ്റന്‍റെയുടെ അനുഭവുമായി ഈ പുസ്തകം ആരംഭിക്കുന്നത്. ദൃശ്യം ക്യാമറയില്‍ പതിഞ്ഞതോടെ ഈ ഉദ്യോഗസ്ഥന് രാജിവെക്കേണ്ടിവന്നു.

“കറുത്തവര്‍ഗക്കാരായ പെണ്‍കുട്ടികളെ കുറ്റവാളികളാക്കി മുദ്രകുത്തുന്നത് ഒരു തെരുവ് പ്രതിഭാസത്തിനും അപ്പുറമാണ്,” മോറിസ് എഴുതുന്നു. “അത് നമ്മുടെ സ്കൂളുകളിലേക്ക് നീണ്ടിരിക്കുന്നു. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതമായ കാലത്തെ-അവളുടെ വിദ്യാഭ്യാസത്തെ-തടസപ്പെടുത്തിക്കൊണ്ട്”. 

ഏതാണ്ട് 20 കൊല്ലക്കാലം മോറിസ് ഈ മേഖലയില്‍ പഠനം നടത്തി. ഈ പുസ്തകത്തിനായി യു.എസിലെ പൊതുവിദ്യാലയങ്ങളിലും നീതിന്യായവ്യവസ്ഥയിലും വംശീയ, ലിംഗ വിവേചനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ നാല് വര്‍ഷത്തോളം സാന്‍ഫ്രാന്‍സിസ്കോ മുതല്‍ ന്യൂയോര്‍ക് വരെയുള്ള വലിയ നഗരങ്ങളില്‍ അവര്‍ ചെലവഴിച്ചു. 15നും 23നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരികളുമായി അഭിമുഖം നടത്തി.

കറുത്ത വര്‍ഗക്കാരായ പെണ്‍കുട്ടികളുടെ പ്രത്യേകാവശ്യങ്ങളോട് മിക്ക വിദ്യാലയങ്ങളും സംവേദനക്ഷമമല്ല എന്നാണ് അവര്‍ വിലയിരുത്തുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും അവര്‍ അച്ചടക്കനടപടികളെടുത്ത് ഈ പെണ്‍കുട്ടികളെ ബാലനീതി സംവിധാനത്തിന് കീഴിലേക്ക് അയക്കുന്നു. 2013-ല്‍ സ്കൂളില്‍ നിന്നും ഒന്നിലേറെ തവണ സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട പെണ്‍കുട്ടികളില്‍ 50.7% കറുത്തവരായ പെണ്‍കുട്ടികളാണ്. എന്നാല്‍ കറുത്ത വര്‍ഗക്കാരായ ആണ്‍കുട്ടികള്‍ ഈ വിഭാഗത്തില്‍ 39.9%-മാണ്.

വിവേചനങ്ങള്‍ വളരെ ചെറുപ്പത്തിലെ തുടങ്ങുന്നു. ഇന്നിപ്പോള്‍ പ്രീ-സ്കൂള്‍ ചേരുന്നവരില്‍ 18% കറുത്തവരാണ്. എന്നാല്‍ ഈ വിഭാഗത്തില്‍ സ്കൂളില്‍ നിന്നും ഒരുതവണയെങ്കിലും പുറത്താക്കപ്പെടുന്നവരില്‍ 42% കറുത്തവര്‍ തന്നെയെന്നും മോറിസ് എഴുതുന്നു. 2002-2006-ല്‍ സ്കൂളില്‍ നിന്നും പുറത്താക്കപ്പെടുന്നവരില്‍ കറുത്ത വര്‍ഗക്കാരായ പെണ്‍കുട്ടികളുടെ എണ്ണം 5.3% കറുത്ത ആണ്‍കുട്ടികളുടേത് 1.7% മാണ് കൂടിയത്.

കറുത്ത പെണ്‍കുട്ടികളുടെ ശിക്ഷാനിരക്കും കൂടുതലാണ്. കാരണം കറുത്ത സ്ത്രീത്വത്തെ കുറിച്ചുള്ള വാര്‍പ്പുമാതൃകകള്‍ നാം ശരിയാണെന്ന മട്ടില്‍ സ്വീകരിച്ചിരിക്കുന്നു. (അച്ചടക്ക നടപടികളിലൂടെ കറുത്ത പെണ്‍കുട്ടികള്‍ വിദ്യാഭ്യാസസമ്പ്രദായത്തിന് പുറത്താക്കപ്പെടുന്ന രീതികളെ സൂചിപ്പിച്ചാണ് ‘pushed out’ എന്ന തലക്കെട്ടുപോലും നല്കിയത്.)

മോറിസിന്റെ രീതി മനസിലാക്കണമെങ്കില്‍ സ്ത്രീപക്ഷ പഠനങ്ങളില്‍ പ്രചാരമുള്ള ‘intersectionality’ എന്ന ആശയം മനസിലാക്കണം. ആളുകളുടെ ബഹുസ്വത്വങ്ങള്‍-വംശം, വര്‍ഗം, ലിംഗപദവി തുടങ്ങിയവ- കൂടിക്കലര്‍ന്ന് വിശാലമായ ചൂഷണസാധ്യതകള്‍ ഉണ്ടാക്കാം എന്നു ഈ ആശയം പറയുന്നു. ഇവിടെ ഒരു കറുത്ത വര്‍ഗക്കാരി പെണ്‍കുട്ടി ഒരു സ്ത്രീയെന്ന നിലയില്‍ നേരിടുന്ന ചൂഷണങ്ങളോടൊപ്പം വംശീയ ന്യൂനപക്ഷ ഇരയുടെ ദുരിതങ്ങളും അനുഭവിക്കേണ്ടിവരുന്നു എന്നാണ് മോറിസ് എഴുതുന്നത്.

വിദ്യാലങ്ങളിലും അവര്‍ക്ക് ഇതേ വിവേചനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. അവരില്‍ ആരോപിക്കപ്പെടുന്ന ഈ ‘സമീപന’പ്രശ്നം പലപ്പോഴും അപമാനകരമായ ജീവിതാവസ്ഥകളോടുള്ള, വിദ്യാഭ്യാസാന്തരീക്ഷത്തിലും നിലനില്‍ക്കുന്ന സമാന അവസ്ഥകളോടുള്ള ഒരു പ്രതികരണമാണെന്ന് മോറിസ് ചൂണ്ടിക്കാട്ടുന്നു.

ഒന്നാം ക്ലാസ് മുതല്‍ നിരന്തരം പുറത്താക്കപ്പെട്ടിരുന്ന മലൈക എന്ന വിദ്യാര്‍ത്ഥിയെ മോറിസ് കാണിച്ചുതരുന്നു. ക്ലാസ്സ് മുറിയെ കുറിച്ച് മലൈക പുലര്‍ത്തുന്ന ധാരണ, തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രോത്സാഹിക്കപ്പെടുകയും പക്ഷേ അങ്ങനെ ചെയ്താല്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒന്നായാണ്. “സ്വന്തം അഭിപ്രായങ്ങള്‍ പറയാന്‍ അവരെപ്പോഴും ആവശ്യപ്പെടും. പക്ഷേ അങ്ങനെ ചെയ്താലോ നിങ്ങള്‍ കുഴപ്പത്തിലാവുകയും ചെയ്യും.”

ഒരിക്കല്‍ ക്ലാസില്‍ സംസാരിച്ചതിന് അവളെ ശിക്ഷിച്ചു. അധ്യാപിക അവള്‍ക്ക് നേരെ ഉറക്കെ ചീത്ത വിളിച്ച്. “ഞാന്‍ അധ്യാപികയോട് പറഞ്ഞു… എന്റെ നേരെ അലറാന്‍ പാടില്ല,”മലൈക പറയുന്നു. സാഹചര്യം വഷളാവുകയും മലൈകക്ക് പ്രിന്‍സിപ്പലിന്റെ മുറിയില്‍ മൂന്നുദിവസം സേവനം ചെയ്യേണ്ടതായും വന്നു. തനിക്ക് ശരിയെന്ന് തോന്നിയത് പറയാന്‍ ശ്രമിച്ചപ്പോള്‍ താന്‍ അപമാനിക്കപ്പെട്ടുവെന്ന് അവള്‍ക്ക് തോന്നിയതായി മോറിസ് എഴുതുന്നു.

ക്ലാസ് മുറിക്ക് അകത്തും പുറത്തും കറുത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നു എന്നകാര്യത്തില്‍ കൃത്യമായി ഇടപെടുന്നതിലും വിദ്യാലയങ്ങള്‍ പരാജയപ്പെടുന്നതായി മോറിസ് പറയുന്നു. ഏതാണ്ട് 19% കറുത്തവര്‍ഗ പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്യപ്പെടുന്നതായി മോറിസ് എഴുതുന്നു. ലോകത്തിലെ ഏത് രാജ്യത്തെക്കാളും കൂടുതലാണിത്.

ഈ മാനസികപീഡ ക്ലാസ് മുറികളിലും അവരെ പിന്തുടരുന്നു. വിദ്യാലയങ്ങളിലെ ദൈനംദിന പരിപാടികളില്‍ പങ്കെടുക്കുന്നത് വിഷമകരമാക്കുന്നു. “ഇടനാഴികളില്‍, ക്ലാസ് മുറികളില്‍… കറുത്തവര്‍ഗക്കാരി പെണ്‍കുട്ടികള്‍ അവരുടെ ശരീരങ്ങള്‍ വെറും വസ്തുക്കളാക്കിമാറ്റുന്ന അവസ്ഥയെക്കുറിച്ച്, അനുവാദമില്ലാതെ സ്പര്‍ശിക്കുന്നതിനെക്കുറിച്ച്,എപ്പോഴും ജാഗ്രതയും പ്രതിരോധവും വേണ്ടിവരുന്നതിനെക്കുറിച്ച് വിവരിക്കുന്നു,” എന്ന് മോറിസ് എഴുതുന്നു. ഇത് വസ്ത്രവും വസ്ത്രധാരണ നിയമങ്ങളും വെച്ച് ഈ പെണ്‍കുട്ടികളെ അച്ചടക്കനടപടികള്‍ക്ക് വിധേയരാക്കുന്ന  അദ്ധ്യാപകരിലേക്കും മറ്റ് അധികൃതരിലേക്കും നീളുന്നുണ്ട്.

ഒരു ചൂടുള്ള ദിവസം ഷോര്‍ട്ട്സ് ധരിച്ചതിന് തന്നോടു വീട്ടില്‍ പോകാന്‍ പറഞ്ഞെന്ന് കാലിഫോര്‍ണിയയിലെ വിദ്യാര്‍ത്ഥി ദേജ പറയുന്നു. അതേ സമയത്ത് ചെറിയ കുപ്പായം ധരിച്ചുവന്ന വെള്ളക്കാരി പെണ്‍കുട്ടിയെ ഒന്നും പറയാതെ ക്ലാസിലേക്ക് വിട്ടു. വെള്ളക്കാരിയുടെ ഷോര്‍ട്ട്സ് തന്‍റേതിനെക്കാള്‍ ചെറുതാണെന്ന് പറഞ്ഞു അധികൃതരുമായി വലിയ വഴക്കുണ്ടാക്കിയ ശേഷമാണ് അവളെ ക്ലാസിലേക്ക് പറഞ്ഞയച്ചത്. സ്കൂളിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു, “ഇത്തവണ വിടാം, പക്ഷേ ദയവായി എല്ലാ ആമ്പിള്ളേരും നിന്റെ പിന്നാലെ കൂടാതിരിക്കാന്‍ ശ്രദ്ധിയ്ക്കണം.”

ദേജയുടെ തുറന്ന ശരീരം ആണ്‍കുട്ടികളുടെ ശ്രദ്ധ തിരിക്കുമെന്നതിനാലാണ് അവളെ വിടാന്‍ മടിച്ചതെന്ന് മോറിസ് വാദിക്കുന്നു. അതേ സമയം വെള്ളക്കാരിയെ വിടുകയും ചെയ്യുന്നു. ഈ ഭയം കറുത്ത വര്‍ഗക്കാരുടെ പ്രത്യേകിച്ചു സ്ത്രീകളുടെ ലൈംഗികതയെ കുറിച്ചുള്ള പൊതുസങ്കല്‍പങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മോറിസ് പറയുന്നുണ്ട്.

മോറിസുമായി ഈ വിഷയങ്ങളെക്കുറിച്ച് ഞാന്‍ നടത്തിയ അഭിമുഖമാണ് താഴെ:

ചോദ്യം: കഥ പറയുന്ന രീതിയിലാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. എന്തുകൊണ്ട് ഈ രീതി അവലംബിച്ച് എന്ന് പറയാമോ?

ഉത്തരം: ആരെക്കുറിച്ചാണോ പറയുന്നതു അവരെ കേന്ദ്രീകരിച്ചുള്ള ആഖ്യാനം എന്റെ രീതിയാണ്. പങ്കാളിത്ത ദൌത്യ ഗവേഷണമാണ് എന്റെ ഗവേഷണ രീതി. കണക്കുകളെ സാധൂകരിക്കാന്‍ ഈ പെണ്‍കുട്ടികളുടെ കഥകള്‍ക്കാകും എന്നും ഞാന്‍ കരുതുന്നു. അവരുടെ ഭാഷ ഏതാണ്ട് അതേപടി പകര്‍ത്താനും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ചോ: വായിക്കുമ്പോള്‍ എനിക്കവരുടെ ശബ്ദം കേള്‍ക്കാമായിരുന്നു.

ഉ: തീര്‍ച്ചയായും, ചില പെണ്‍കുട്ടികളുമായി എനിക്കു ഒരു ബന്ധം തോന്നി.. പല സന്ദര്‍ഭങ്ങളിലും പ്രതികരിച്ചില്ലെങ്കില്‍ നിങ്ങള്‍ മനുഷ്യനല്ല എന്നുവരെ തോന്നും. പക്ഷേ ഒരു ഗവേഷണത്തില്‍ ചില വസ്തുനിഷ്ഠമായ സമീപനങ്ങള്‍ പുലര്‍ത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എനിക്കിടപെടാനും കഴിയില്ല. അതൊരു ഗവേഷക-പ്രവര്‍ത്തക-കഥപറച്ചിലുകാരി സംഘര്‍ഷമാണ്.

ചോആരെയാണ് ഇതിന്റെ വായനക്കാരായി നിങ്ങള്‍ കാണുന്നത്?

ഉ: എല്ലാവരും വായിക്കുമെന്നാണ് പ്രതീക്ഷ. ഈ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികളുടെ ഭാഷയാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരെല്ലാം ഇതേറ്റെടുക്കും എന്നു ഞാന്‍ കരുതുന്നു. ഒരു പുതിയ നയവും നിയമാവുമാണ് ആവശ്യം. പ്രത്യേകിച്ചും ലൈംഗിക വാണിജ്യ ചൂഷണത്തിന് വിധേയരായവര്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടാകണം.

ന്യൂ യോര്‍കില്‍ സ്കൂളില്‍ നിന്നുമുള്ള പെണ്‍കുട്ടികളുമായി ഞാന്‍ പുറത്താക്കലിനെക്കുറിച്ച് സംസാരിച്ചു. എന്തുകൊണ്ടാണ് തങ്ങളുടേതല്ലാത്ത , അവാസ്തവമായ ഒരു അസ്തിത്വം തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന അടിസ്ഥാനപരമായ ചോദ്യം അവര്‍ ഉയര്‍ത്തുന്നുണ്ട്.

ചോ: പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള കോടതി വക വിദ്യാലയങ്ങള്‍ ഈ പെണ്‍കുട്ടികളെ സംബന്ധിച്ചു പഠനവും പുനരധിവാസവും കൂടുതല്‍ ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള ഘടനയാണ് എന്നു നിങ്ങള്‍ വാദിക്കുന്നു. എന്തുകൊണ്ടാണ് ഈ വ്യവസ്ഥ ഇതിനെയിങ്ങനെ സംഘടിപ്പിച്ചിരിക്കുന്നത്?

ഉ: കുട്ടികള്‍ക്കായുള്ള തടവറകള്‍ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി വലിയ മുന്നേറ്റമുണ്ട്. കാരണം നമുക്കെല്ലാമറിയാം ഈ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള  നിയമസംവിധാനത്തിലൂടെ കടന്നുപോകുന്ന കുട്ടികള്‍ അവരെ ഇരകളാക്കുന്ന സാഹചര്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എന്ന്. അത് മിക്കപ്പോഴും സ്ഥിരമായി അങ്ങനെയാണ്.

ക്രിമിനല്‍ നിയമനടപടികളുമായി ഇടപഴകേണ്ടിവന്ന പെണ്‍കുട്ടികളുമായുള്ള ബന്ധങ്ങള്‍ ശരിയാക്കാന്‍ ശ്രമിക്കുന്ന ചില സ്ഥാപനങ്ങള്‍ ഇല്ലാതില്ല.

ശിക്ഷയുടെ അതിപ്രസരമുള്ള ഒരു അന്തരീക്ഷത്തില്‍ തര്‍ക്കങ്ങളെ അക്രമം കൊണ്ടു  നേരിടാന്‍ പാകത്തില്‍ രൂപപ്പെട്ട കുട്ടികളോട് സംവദിക്കാന്‍ നിങ്ങളുടെ കയ്യില്‍ മാര്‍ഗങ്ങളില്ലാതാകുന്നു. ക്രിമിനല്‍ നിയമ നടപടികളിലൂടെ കടന്നുപോയ മിക്ക പെണ്‍കുട്ടികള്‍ക്കും ഇത്തരത്തില്‍ പീഡനത്തിന്റെ ചരിത്രവും വിദ്യാലയങ്ങളിലെ പ്രശ്നം നിര്‍ഞ്ഞ ഭൂതകാലവും ഉണ്ടായിരുന്നു. മിക്ക പെണ്‍കുട്ടികള്‍ക്കും നഴ്സറിയിലും ഒന്നാം തരത്തിലും വെച്ചുതന്നെ പുറത്താക്കല്‍ ശിക്ഷകള്‍ കിട്ടിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ ശിക്ഷ ലഭിക്കുന്ന സ്ഥലങ്ങളാണെന്നും മറ്റിടങ്ങളില്‍ നിന്നും ലഭിച്ച അറിവുകളെ അഴിച്ചെടുക്കാനോ അന്വേഷണങ്ങള്‍ക്കൊ പറ്റിയ ഇടമെല്ലെന്നും അവര്‍ തിരിച്ചറിയുന്നു.

വളരെ ഉയര്‍ന്ന തോതില്‍ കറുത്ത പെണ്‍കുട്ടികള്‍ക്ക് കിട്ടുന്ന ശാരീരികമായ ശിക്ഷകളിലൂടെ, നമ്മുടെ കുട്ടികളെ വളരെ ചെറുപ്പത്തിലേ തന്നെ തര്‍ക്കങ്ങളില്‍ അക്രമത്തോടെയാണ് പ്രതികരിക്കേണ്ടതെന്നാണ് നാം പഠിപ്പിക്കുന്നത്. എന്നിട്ട് അവര്‍ മുതിരുമ്പോള്‍, അത് പരസ്പരം ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ അതവര്‍ക്ക് എവിടെനിന്നും കിട്ടി എന്ന് നാം അത്ഭുതപ്പെടുന്നു.

ചോ: Hurt people hurt people എന്ന് പുസ്തകത്തില്‍ പലതവണ ആവര്‍ത്തിക്കുന്നുണ്ട്.

ഉ: ശരിയാണ്, ഞാനത് ബോധപൂര്‍വം ചെയ്തതാണ്.

എങ്ങനെയാണ് വിദ്യാലയങ്ങളെ ഒരു പുനരധിവാസ സ്ഥലം പോലെ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളായി മാറ്റാനാകുക എന്നും നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷ ഏകോപിതമായി നിര്‍മ്മിക്കാനാകുക എന്നുമാണ് ഈ ഇടപെടലിന്റെ കേന്ദ്രപ്രമേയം. തങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലിനോടും പീഡനങ്ങളോടുമുള്ള പ്രതികരണങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുന്ന സ്ഥലമാകരുത് അതെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് സ്നേഹത്തോടെ നയിക്കുന്നത് ശീലമാക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്താല്‍ വാസ്തവമെന്തെന്ന്, ഈ വാര്‍പ്പുമാതൃകകളെ മാറ്റിനിര്‍ത്തി നമുക്ക് കാണാനാകും.

ഈ പെണ്‍കുട്ടികളില്‍ ഞാന്‍ എന്നെത്തന്നെയാണ് കാണുന്നത്. അവര്‍ നേരിടുന്ന പ്രതിബന്ധങ്ങളെ മാറ്റി മുന്നോട്ടുവരാനാകുമെന്ന് അവര്‍ അറിയണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

ആഗോളതലത്തില്‍ വിദ്യാഭ്യാസം സ്ത്രീകളുടെ രക്ഷാകവചമാണെന്ന് പറയുമ്പോള്‍ നമ്മുടെ മുറ്റത്തുള്ള പെണ്‍കുട്ടികളുടെ അവസ്ഥ നാം മറക്കുന്നു.
ഇവിടെ കറുത്ത വര്‍ഗക്കാരായ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നിര്‍ത്തിപ്പോകുന്നത് അവരുടെ ഇഷ്ടപ്രകാരമുള്ള തെരഞ്ഞെടുപ്പാണെന്ന്  പറയുന്ന നമ്മള്‍ വിദേശത്തു  അങ്ങനെ ചെയ്യേണ്ടിവരുന്ന പെണ്‍കുട്ടികള്‍ സാഹചര്യങ്ങളുടെ ഇരകളാണെന്നും പറയുന്നു. തികഞ്ഞ ഇരട്ടത്താപ്പ്!

കറുത്ത വര്‍ഗക്കാരായ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ചരിത്രപരമായ സംഘര്‍ഷങ്ങള്‍ മനസിലാക്കാതെ അവരെ വീണ്ടും പഠനത്തില്‍ പിന്നിലാക്കുന്ന കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

ഇവര്‍ കുട്ടികളാണ്. നമ്മുടെ കുട്ടികളാണ്. നമുക്കീ കുട്ടികളെ എറിഞ്ഞുകളയാനാവില്ല. ഞാനതില്‍ വിശ്വസിക്കുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍