UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യാദവ് X യാദവ് X യാദവ്… സമാജ് വാദി പാര്‍ട്ടിയില്‍ കൂട്ടത്തല്ല്

Avatar

അഴിമുഖം പ്രതിനിധി

ഇതില്‍ അത്ഭുതമില്ല. രാഷ്ട്രീയ കുടുംബങ്ങളില്‍ അനന്തരാവകാശി തര്‍ക്കം അപൂര്‍വമായേ സുഗമമായി നടന്നിട്ടുള്ളൂ. ഡിഎംകെ മേധാവി കരുണാനിധി അത്ര ബുദ്ധിമുട്ടില്ലാതെ ഇളയ മകന്‍ എംകെ സ്റ്റാലിനായിരിക്കും ചെങ്കോല്‍ കൈമാറുകയെന്ന് ഉറപ്പാക്കിയിട്ടുണ്ട്, പക്ഷേ അതിനു മുമ്പ് മറ്റൊരു മകന്‍ അഴഗിരിയുമായി വൃത്തികെട്ട പോര് കഴിഞ്ഞിരുന്നു. എന്തായാലും അധികാരമാറ്റത്തെ അത് ബാധിക്കുന്നില്ല. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് തന്റെ സഹോദരനും മകനും ഇടയില്‍പ്പെട്ടു. അധികാരകൈമാറ്റം കുഴപ്പങ്ങളില്ലാതെ നടത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.

എസ് പിക്കുള്ളിലെ തര്‍ക്കങ്ങള്‍ യാദവ കുടുംബത്തെയും 25 വയസ് പൂര്‍ത്തിയാക്കുന്ന കക്ഷിയെയും പിളര്‍പ്പിന്റെ വാക്കിലെത്തിച്ചിരിക്കുകയാണ്. വഴക്കില്‍ നിന്നും ഒഴിഞ്ഞുനിന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വൈകിയാണ് ഇടപെട്ടത്. അതൊന്നും ഒരു ഫലവുമുണ്ടാക്കിയില്ല.

പ്രശ്നം 2017-ലെ മുഖ്യമന്ത്രിയെ സ്ഥാനാര്‍ത്ഥിയുടേത് മാത്രമല്ല. പാര്‍ട്ടിക്കകത്ത് പുറത്തുനിന്നുള്ളവരുടെ പങ്കിനെക്കുറിച്ചും ടിക്കറ്റ് ആര്‍ക്ക് നല്‍കുമെന്നതിനെ കുറിച്ചും പാര്‍ട്ടിക്ക് മുകളിലെ നിയന്ത്രണത്തെക്കുറിച്ചുമാണ്.

ഇപ്പോള്‍ കുഴപ്പത്തിലായിരിക്കുന്നത്  മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവ് നയിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരാണ്. കുശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരനായ മുലായം സിങ് യാദവ് തന്റെ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാര്‍ വീഴാന്‍ വഴിയൊരുക്കുമോ അതോ സഹോദരന്‍ ശിവപാല്‍ യാദവിനെ മുഖ്യമന്ത്രിയാക്കുമോ?

എതിരാളികള്‍ക്കെതിരെ കര്‍ക്കശക്കാരനാകുന്നതാണ് മുലായത്തിന്റെ ചരിത്രം. പക്ഷേ, അത് സ്വന്തം മകനെതിരെ ചെയ്യുമോ? നേതാജി (മുലായത്തിനെ പാര്‍ട്ടിക്കാര്‍ അങ്ങനെയാണ് വിളിക്കുന്നത്)യുടെ ചായ്വ് സഹോദരനോടാണെന്ന് വ്യക്തം. കുപിതനായ അഖിലേഷ്, ശിവപാലിന്റെ വകുപ്പുകള്‍ എടുത്തുമാറ്റിയപ്പോള്‍ അച്ഛന്‍ മകനെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റി. അങ്ങനെ താത്ക്കാലികമായ വെടിനിര്‍ത്തല്‍ ഉണ്ടായി എന്നു കരുതിയിരുന്നപ്പോഴാണ് അഖിലേഷ് കഴിഞ്ഞ ദിവസം ശിവപാല്‍ യാദവിനെയും അയാളുടെ അടുപ്പക്കാരായ മൂന്നു മന്ത്രിമാരെയും പുറത്താക്കിയത്. എന്നാല്‍ ശിവപാല്‍ തിരിച്ചടിച്ചത് ഇവരുടെ കസിനും രാജ്യസഭാ എംപിയും മുഖ്യമന്ത്രിയുടെ ഉറച്ച അനുയായിയായിരുന്ന രാംഗോപാല്‍ യാദവിനെ മുലായത്തെക്കൊണ്ട് പുറത്താക്കിച്ചാണ്. 

അഖിലേഷ് അല്പം അയയുന്നതായി സൂചനകളുണ്ട്. പാര്‍ട്ടിയുടെ 25-ആം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുമെന്നും നേതാജിയെ, സേവിക്കുമെന്നും അയാള്‍ പറഞ്ഞു. പക്ഷേ പരസ്യമായ കുടുംബ വിഴുപ്പലക്കലില്‍ എന്തും സംഭവിക്കാം.

രാംഗോപാല്‍ യാദവ് സ്വന്തം മകനെയും മരുമകളേയും ഒരു കേസില്‍ നിന്നും രക്ഷിക്കാന്‍ ബിജെപിയുമായി ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുന്നു എന്നാണ് ശിവപാല്‍ ആരോപിക്കുന്നത്. ആരോപണങ്ങള്‍ മിക്കവയും രാഷ്ട്രീയത്തേക്കാളേറെ വ്യക്തിപരമാണ്. രാംഗോപാലിനെ ഒരു ബിജെപി ദല്ലാള്‍ എന്നും ശിവപാല്‍ വിശേഷിപ്പിച്ചു. എന്നാല്‍ രാംഗോപാല്‍ മുന്‍ കൂര്‍പ്പിക്കുന്നത് മുലായതിന്റെ വിശ്വസ്തന്‍ കൂടിയായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിംഗിനു നേര്‍ക്കാണ്. 

ശിവപാലിനെയും രാംഗോപാലിനെയും ഇരു ക്യാമ്പുകളും പരസ്പരം പുറത്താക്കിയെങ്കിലും പാര്‍ട്ടി ഔദ്യോഗികമായി പിളരില്ലെന്ന് അഭ്യുദയകാംക്ഷികള്‍ വിശ്വസിക്കുന്നു.

എന്തായാലും പന്ത് ഇപ്പോള്‍ ചേരിതിരിഞ്ഞ എം എല്‍ എ മാരുടെ കളത്തിലാണ്. അച്ഛനും മകനും തമ്മില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാകും എന്ന പ്രതീക്ഷയില്‍ ആടിക്കളിക്കുകയാണ് അവര്‍. ഒരു ഭാഗത്ത് ഉറച്ചുനില്‍ക്കേണ്ട ഒരവസ്ഥ അവര്‍ക്ക്  വന്നേക്കാം.

സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്. അഖിലേഷിനും സാമാജികര്‍ക്കും രണ്ടു വഴികളാണ് ഉള്ളതെന്ന് ഗവര്‍ണറുടെ മുന്‍ ഉപദേശകന്‍ സിബി പാണ്ഡേ പറയുന്നു. നിയമസഭാ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്കി താത്ക്കാലിക മുഖ്യമന്ത്രിയായി തുടരാം. സാങ്കേതികമായി ഇതിന് മന്ത്രിസഭയുടെ അനുമതി ആവശ്യമാണ്. മന്ത്രിസഭയില്‍ മുലായം അനുകൂലികളാണ് അധികവും.

സൂര്യനുദിക്കും മുമ്പ് നിയമസഭാ പിരിച്ചുവിട്ട് കോണ്‍ഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട് മുലായം 1990-കളുടെ ആദ്യം. പക്ഷേ അന്ന് സത്യ നാരായണ്‍ റെഡ്ഡി എന്ന സൌഹാര്‍ദത്തിലായിരുന്ന ഒരു ഗവര്‍ണറുണ്ടായിരുന്നു. 

എന്നാല്‍ ചട്ടമനുസരിച്ച് നീങ്ങാന്‍ ഇടയുള്ള ബി ജെ പിയുടെ മുതിര്‍ന്ന നേതാവായിരുന്ന രാം നായിക്കില്‍ അത്തരമൊരു സുഹൃത്തിനെ അഖിലേഷിന് പ്രതീക്ഷിക്കാനാവില്ല. ഗവര്‍ണര്‍മാര്‍ തങ്ങളുടെ  രാഷ്ട്രീയകക്ഷികളുമായി  കൂടിയാലോചിക്കാറില്ലെന്നാണ് ധാരണയെങ്കിലും ബി ജെ പിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്ന് എല്ലാവര്‍ക്കും അറിയാം.

നിയമസഭാ കക്ഷി സമ്മേളനം അതിന്റെ നേതാവ്-മുഖ്യമന്ത്രി-വിളിച്ചുകൂട്ടുന്നതാണ് അടുത്ത വഴി.

പക്ഷേ മുലായം തിങ്കളാഴ്ച്ച സാമാജികരുടെ യോഗം വിളിച്ചിട്ടുണ്ട്. അയാള്‍ ആഗ്രഹിച്ചാല്‍ അവര്‍ പുതിയ നേതാവിനെ തെരഞ്ഞെടുക്കുകയും ചെയ്യും. മുലായത്തിനെ നേതാവാക്കാന്‍ അവര്‍ തീരുമാനിച്ചാല്‍ അയാള്‍ക്ക് മുഖ്യമന്ത്രിയാകാം, ആരും ഒരു ചെറുവിരല്‍പോലും അനക്കില്ല.

പക്ഷേ ശിവപാലിനെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ അഖിലേഷ് തര്‍ക്കമുന്നയിക്കും, പ്രശ്നം രാജ്ഭവനില്‍ എത്തിക്കുകയും ചെയ്യും. അഖിലേഷിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഒരു ദിവസം നിശ്ചയിക്കാന്‍ സാധ്യത തെളിയും.

മുലായത്തിന് ശേഷമുള്ള എസ് പിയില്‍ ഒരു പിളര്‍പ്പുണ്ടാകുന്നതിനെക്കുറിച്ച് ആളുകള്‍ സംസാരിക്കാറുണ്ട്. പക്ഷേ ഇപ്പോള്‍ അത് അദ്ദേഹമുള്ളപ്പോള്‍ തന്നെ ഉണ്ടാകുന്നു. സ്വന്തം ജീവിതകാലത്ത് അത് പരിഹരിക്കാന്‍ മുലായത്തിന് കഴിയാവുന്നതിനേക്കാള്‍ രൂക്ഷവുമാണത്. കുറച്ചുകാലം മുമ്പ് മുലായം സൂചിപ്പിച്ചു, “എന്താണ് സംഭവിക്കുക എന്ന്‍ എനിക്കെങ്ങനെയാണ് അറിയാന്‍ കഴിയുക?”

സമാജ് വാദി പാര്‍ട്ടിയില്‍ ഔദ്യോഗികമായി രണ്ടാമനായ ശിവപാല്‍ യാദവ്, മുലായം സിങ്ങിന്റെ ഇളയ സഹോദരനാണ്. 1955 ഏപ്രില്‍-6-നാണ് ജനനം. ചെറുപ്രായത്തിലെ രാഷ്ട്രീയത്തിലെത്തിയ ശിവപാല്‍ ലോഹ്യയുടെ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായ തന്റെ സഹോദരനും വഴികാട്ടിയുമായ മുലായത്തിനെ സൂക്ഷ്മമായി പിന്തുടര്‍ന്നു.

താഴെത്തട്ടിലുള്ള രാഷ്ട്രീയത്തില്‍ കുറച്ചുകാലം ചെലവഴിച്ചതിനുശേഷം 1996-ല്‍ ഇറ്റാവ ജില്ലയിലെ ജസ്വന്ത് നഗര്‍ മണ്ഡലത്തില്‍ നിന്നും ശിവപാല്‍ നിയമസഭയിലെത്തി. ഒപ്പം സമാജ് വാദി പാര്‍ട്ടിയുടെ സംസ്ഥാനത്തെ ജനറല്‍ സെക്രട്ടറിയുമായി.

മുലായത്തിന്റെ മണ്ഡലത്തിന്റെ കാര്യങ്ങള്‍ നോക്കിനടത്തിയ അയാള്‍ മുലായത്തിന്റെ അവസാനവട്ട ഭരണകാലത്ത് നിഴല്‍ മുഖ്യമന്ത്രിയായി മാറി. 2009-ല്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനായ ശിവപാല്‍ പ്രതിപക്ഷനേതാവുമായി.

2012-ല്‍ പാര്‍ട്ടി കേവലഭൂരിപക്ഷത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചപ്പോള്‍ ജലസേചനം, പൊതുമരാമത്ത് വകുപ്പുകളുമായി ശിവപാല്‍ മന്ത്രിയായി. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഈ വകുപ്പുകള്‍ എടുത്തുകളയുന്ന തരത്തില്‍ സഹോദരപുത്രനായ അഖിലേഷുമായുള്ള അയാളുടെ ബന്ധം വഷളായി. പാര്‍ട്ടി വിടുമെന്ന് ശിവപാല്‍ ഭീഷണി മുഴക്കി.

പക്ഷേ മുലായം ഇടപെട്ട്. അഖിലേഷില്‍ നിന്നും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി എടുത്തുമാറ്റി, 2016 സെപ്റ്റംബര്‍ 13-നു  ശിവപാലിനെ ആ സ്ഥാനത്തിരുത്തി.

ശിവപാലിന് പാര്‍ട്ടി അണികള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. കൈവിട്ടുപോകുന്ന ഒരു അധികാര വടംവലിയില്‍ മുലായത്തിന്റെ പിന്തുണ കിട്ടിയ ശിവപാല്‍ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളില്‍ പൂര്‍ണമായും മുഴുകി.

ഈയിടെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയ അമര്‍ സിങ്ങിന് ധൈര്യം നല്‍കിയത് ശിവപാലാണ്. പക്ഷേ ഈ നീക്കം അഖിലേഷിനെ ചെറിയച്ഛനുമായി കൂടുതല്‍ അകറ്റി.

ശിവപാലിന്റെ ഭാര്യ സര്‍ള ഇറ്റാവയിലെ ഒരു സഹകരണ ബാങ്കിന്റെ തലപ്പത്തുണ്ട്. മകന്‍ ആദിത്യ യുപി സഹകരണ ഫെഡറേഷന്‍ അദ്ധ്യക്ഷനാണ്. 2017-ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും.

പക്ഷേ, ഈ പിന്തുടര്‍ച്ചാ തര്‍ക്കത്തില്‍ കുരുക്കുകളും നാടകങ്ങളും ഒടുക്കങ്ങളും തുടക്കങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. ഇന്ന്‍ നടക്കുന്ന എംപി, മുന്‍ എംപിമാര്‍, എംഎല്‍എ, ജില്ലാ നേതാക്കള്‍ എന്നിവരുടെ യോഗത്തില്‍ മുലായം എന്തു പറയും എന്നതായിരിക്കും ഒരുപക്ഷേ, ഏറെ നിര്‍ണായകമാവുക. എന്നാല്‍ ഇരു കൂട്ടരും ബലാബലം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും വര്‍ത്തകളുണ്ട്. ബീഹാര്‍ മാതൃകയില്‍ യുപിയില്‍ ഗ്രാന്‍ഡ് അലയന്‍സ് ഉണ്ടാക്കാന്‍ മുലായം ശ്രമിക്കുന്നു എന്നും അതിന്റെ ഭാഗമായി ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത്ത് സിംഗുമായി മുലായതിന്റെ ആള്‍ക്കാര്‍ ബന്ധപ്പെട്ടു എന്നുമാണ് ഒടുവിലുള്ള വാര്‍ത്തകള്‍. ജെഡിയു നേതാക്കളുമായി ശിവപാലും ബന്ധപ്പെട്ടതായി അറിയുന്നു. എന്നാല്‍ അഖിലേഷ്-രാം ഗോപാല്‍ യാദവ് ക്യാമ്പ് ആകട്ടെ കോണ്‍ഗ്രസിന്റെ നിലപാടും ഉറ്റുനോക്കുന്നുണ്ട്. 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍