UPDATES

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2014ലെ ലോക ഫുട്‌ബോളര്‍

പോര്‍ച്ച്യുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് തുടര്‍ച്ചയായ രണ്ടാം തവണയും ഫിഫയുടെ ലോക ഫുട്‌ബോളര്‍ കിരീടം. കഴിഞ്ഞ ലോകകപ്പിലെ പ്രകടനത്തിനേക്കാള്‍, സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന് വേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് ഫിഫ ലോകപുരസ്‌കാരം റൊണാള്‍ഡോയുടെ പക്കല്‍ എത്തിച്ചത്. അര്‍ജന്റീനയുടെയും സ്പാനിഷ് ക്ലബ് ബാര്‍സലോണയുടെയും താരം ലയണല്‍ മെസ്സി, ജര്‍മന്‍ ഗോള്‍കീപ്പറും ബയണ്‍ മ്യൂണിക് താരവുമായ മാനുവല്‍ ന്യൂയര്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റിയാനോ പുരസ്‌കാരം സ്വന്തമാക്കിയത്.

സ്പാനിഷ് ലീഗില്‍ റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോയുടെ മൂന്നാം ലോക ഫുട്‌ബോളര്‍ പുരസ്‌കാരമാണിത്. തുടര്‍ച്ചായ രണ്ടാമത്തേതും. 2008, 2013 വര്‍ഷങ്ങളിലാണ് ക്രിസ്റ്റിയാനോ ഇതിനു മുന്‍പ് പുരസ്‌കാരം നേടിയത്. ക്രിസ്റ്റിയാനോയ്ക്ക് 37.66 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ മെസ്സിയും (15.76) ന്യൂയറും (15.72) വളരെ പിന്നിലായി.

ലാലിഗയില്‍ റയലിനായി കാഴ്ച്ച വച്ച മിന്നുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ക്ലബിനായി കഴിഞ്ഞ വര്‍ഷം 51 മല്‍സരങ്ങളില്‍ 56 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ റയലിനെ പത്താം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കു നയിച്ചു. ഫൈനലില്‍ അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ നേടിയതടക്കം 17 ഗോളുകളാണ് റയലിനു വേണ്ടി ക്രിസ്റ്റ്യാനോ നേടിയത്. സ്പാനിഷ് കപ്പ്, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് കിരീടനേട്ടങ്ങളിലും നിര്‍ണായക പങ്കു വഹിച്ചു. രാജ്യാന്തര മല്‍സരങ്ങളില്‍ പോര്‍ചുഗലിനായി 2014ല്‍ ഒന്‍പതു മല്‍സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകളും നേടി.

2014ലെ മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം കൊളംബിയന്‍ താരം അമസ് റോഡ്രിഗസ് കരസ്ഥമാക്കി. ലോകകപ്പില്‍ യുറഗ്വായ്‌ക്കെതിരെ നേടിയ ഗോളാണ് റോഡ്രിഗസിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ജര്‍മനിയുടെ നദീന്‍ കെസ്‌ലര്‍ നേടി. മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്‌കാരം ലോകകപ്പില്‍ ജര്‍മനിയെ വിജയത്തിലേക്കു നയിച്ച ജൊക്വിം ലോയ്ക്കാണ്. മികച്ച വനിതാ ടീം പരിശീലക ജര്‍മന്‍ ടീമായ വോള്‍ഫ്‌സ്ബര്‍ഗിന്റെ പരിശീലക റാല്‍ഫ് കെല്ലര്‍മാന്‍. ലോകകപ്പ് വേദികളിലുള്‍പ്പെടെ സ്തുത്യര്‍ഹമായ സേവനം നല്‍കിയ ഫിഫ വോളന്റിയര്‍മാര്‍ക്കാണ് ഫെയര്‍ പ്ലേ പുരസ്‌കാരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍