UPDATES

വിദേശം

അര്‍ജന്‍റീനന്‍ പ്രസിഡന്‍റ് കിര്‍ച്ച്നര്‍ ജൂത ബാലനെ ദത്തെടുത്തതെന്തിന്? ഇഷാന്‍ തരൂര്‍ എഴുതുന്നു

Avatar

വെയര്‍വുള്‍ഫ് (വിചിത്ര സാങ്കല്‍പിക മൃഗം) ആകുന്നത് തടയാനായി ഒരു കുട്ടിയെ ദത്തെടുക്കാന്‍ അര്‍ജന്റീന പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ച്നര്‍ തീരുമാനിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്ന് ഗാര്‍ഡിയനില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ ഇതൊരു വ്യാജവാര്‍ത്തയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

അര്‍ജന്റീനയിലെ ഒരു ജൂതകുടുംബത്തിലെ ഏഴാമത്തെ സന്തതിയായ എയിര്‍ ടവിലിന്റെ കുടുംബത്തോടൊപ്പം പ്രസിഡന്റ് ഒരു വിശുദ്ധ ചടങ്ങില്‍ പങ്കെടുക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ കിര്‍ച്ച്നര്‍ ട്വിറ്ററില്‍ ഇട്ടു. തന്റെ മാനസപുത്രനായി കുട്ടിയെ ദത്തെടുക്കാനാണ് കിര്‍ച്ച്നറുടെ തീരുമാനം. അര്‍ജന്റീനയില്‍ രാഷ്ട്രീയ നേതാക്കള്‍ വര്‍ഷങ്ങളായി പിന്തുടരുന്ന ഒരു പ്രതീകാത്മക പ്രവൃത്തിയാണിത്.

കുടുംബത്തിലെ ഏഴാമത്തെ പുത്രന് പതിമൂന്ന് വയസ് പൂര്‍ത്തിയാവുന്നതോടെ വെയര്‍വുള്‍ഫ് ആയി മാറുന്ന ദുര്‍വിധി നേരിടുമെന്നും, രാത്രി കാലങ്ങളില്‍ തന്റെ ഭീകരരൂപം സ്വീകരിച്ച് ഊരുചുറ്റുമെന്നുമുള്ള പരമ്പരാഗത വിശ്വാസംഅര്‍ജന്റീനയില്‍ നിലനില്‍ക്കുന്നുണ്ട്. ‘എല്‍ ലോബിസണ്‍’ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. തദ്ദേശീയ നാടന്‍കഥകളില്‍ നിന്നും ഉരുവം കൊണ്ട ഈ ഐതീഹ്യം, 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ കുടിയേറ്റക്കാരുടെ അന്ധവിശ്വാസങ്ങളുമായി ഇഴുകിച്ചേരാന്‍ തുടങ്ങി. ഏഴാമത്തെ പുത്രനെ കുറിച്ചുള്ള ഭീതി വളരെ ശക്തമായതോടെ, അത്തരത്തിലുള്ള നിരവധി ശിശുക്കള്‍ വധിക്കപ്പെട്ടു. അങ്ങനെയാണ് ഏഴാമത്തെ പുത്രന്മാരെ പ്രതീകാത്മകമായി തങ്ങളുടെ സംരക്ഷണയിലാക്കുക എന്ന ലക്ഷ്യത്തോടെ അര്‍ജന്റീനയിലെ രാഷ്ട്രീയ നേതാക്കള്‍ അവരെ ദത്തെടുക്കാന്‍ തുടങ്ങിയത്. 1907 മുതല്‍ അവര്‍ ഈ രീതി പിന്തുടരുന്നുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ഈ ദത്തെടുക്കല്‍ ചടങ്ങ് പെണ്‍കുട്ടികള്‍ക്കിടയിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും ആദ്യമായാണ് ജൂതര്‍ക്കിടയില്‍ ഇത്തരത്തിലുള്ള ഒരു ചടങ്ങ് നടത്തുന്നത്. കത്തോലിക്കേതര കുടുംബങ്ങളിലേക്കും ചടങ്ങ് വ്യാപിപ്പിക്കണമെന്ന് 1990 കളില്‍ മുതല്‍ ടവില്‍ കുടുംബം അര്‍ജന്റീന സര്‍ക്കാരിനോട് അപേക്ഷിച്ചു വരികയായിരുന്നു. പ്രസിഡന്റിന്റെ മാനസപുത്രന്‍ എന്ന പുതിയ പദവിയിലൂടെ കുട്ടിക്ക് ഒരു സ്വര്‍ണ മെഡലും മുഴുവന്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ലഭിക്കുമെന്ന് ഇന്റിപെന്‍ഡന്റ് പത്രം ചൂണ്ടിക്കാട്ടുന്നു.

രൂപം മാറുന്ന പ്രേതങ്ങള്‍, കന്നുകാലികളെ കൊന്നൊടുക്കുന്ന വന്യശീലരായ ഭീകരരൂപികളെ കുറിച്ചുമുള്ള നിരവധി കഥകള്‍ ലാറ്റിന്‍ അമേരിക്കയിലെമ്പാടും കണ്ടെത്താനാവും. ഐതീഹ്യത്തിലെ തിന്മയുടെ ആത്മാവായ താവുവിന്റെ ഏഴ് സന്താനങ്ങളെയും അയാള്‍ വശീകരിക്കുകയും തട്ടിക്കൊണ്ട് പോവുകയും ചെയ്ത കെറാന എന്ന സുന്ദരിയായ യുവതിയെയും കുറിച്ച് പരാഗ്വേയിലെ അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കിടയില്‍ നിലനിന്നിരുന്ന കഥയാണ് അര്‍ജന്റീനയില്‍ ഇപ്പോള്‍ ആവര്‍ത്തിക്കപ്പെടുന്ന അന്ധവിശ്വാസത്തിന്റെ മൂലം. ഏഴാമത്തെ പുത്രനായ ‘ലൂയിസണ്‍’ ചിലപ്പോള്‍ ഒരു ചെറിയ പട്ടിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ശവം ഭക്ഷിക്കുകയും ചെയ്യും.

എന്നാല്‍ ഈ നാടന്‍ പ്രേതകഥയെ കുറിച്ചുള്ള വിശ്വാസങ്ങളും പ്രസിഡന്റ് ഇപ്പോള്‍ ഏഴാമത്തെ പുത്രനെ ദത്തെടുക്കുന്നതും തമ്മിലുള്ള ബന്ധത്തെ ഒരു അര്‍ജന്റീന ചരിത്രകാരനെ ഉദ്ധരിച്ചുകൊണ്ട് ഗാര്‍ഡിയന്‍ ചോദ്യം ചെയ്യുന്നു. ഈ ദത്തെടുക്കല്‍ പ്രക്രിയ കിഴക്കന്‍ യൂറോപ്യന്‍ കുടിയേറ്റക്കാരുടെ ആവിര്‍ഭാവത്തോടെ ആരംഭിച്ചതാണെന്നാണ് ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്‍ഡിപെന്റന്റും ബുസ്ഫീഡും തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അപ്‌ഡേറ്റുകളില്‍, ഏഴാമത്തെ പുത്രന്‍ ഭീകരരൂപിയായി തീരുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ ഐതിഹ്യങ്ങളില്‍ നിലനില്‍ക്കുന്ന ഭീതിയെ കുറിച്ചും ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍ നിലനില്‍ക്കുന്ന ഈ പാരമ്പര്യത്തെയും, ഏത് രൂപത്തിലായാലും അതിനെ അര്‍ജന്റീനയുടെ ഭരണാധിപ അംഗീകരിച്ചതിനെയും അത്ര വേഗം തള്ളിക്കളയാന്‍ അമേരിക്കക്കാര്‍ തയ്യാറാവില്ല. ഒന്നുമല്ലെങ്കിലും, പൂടയുള്ള, സംഭ്രമം ജനിപ്പിക്കുന്നതെന്ന് അനുമാനിക്കാവുന്ന ഒരു മൃഗത്തിന് മാപ്പുനല്‍കുന്ന അനുഷ്ഠാന ചടങ്ങില്‍ യുഎസ് പ്രസിഡന്റ് എല്ലാ വര്‍ഷവും പങ്കെടുക്കാറുണ്ടല്ലോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍