UPDATES

സിനിമാക്കാരുടേത് കാപട്യമാണ്, സദാചാരപാലകരായ നമ്മളുടേതോ?

സിനിമയിലെ സ്ത്രീവിരുദ്ധതയും പുരുഷമേധാവിത്വവും ആഘോഷിക്കുന്നവരാണ് ഇപ്പോള്‍ സിനിമാപ്രവര്‍ത്തകരെ വിമര്‍ശിക്കുന്നത്‌

പ്രമുഖ നടിയെ വാഹനം തടഞ്ഞ് ആക്രമിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. ചലച്ചിത്ര പ്രവര്‍ത്തകരും സിനിമാ മേഖലയ്ക്ക് പുറത്തുള്ളവരുമെല്ലാം നടിക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കൊച്ചിയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ നടിക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കുണ്ടായ ദുരനുഭവത്തില്‍ നടുക്കവും ആശങ്കയും വേദനയും അമര്‍ഷവും പ്രതിഷേധവുമെല്ലാമായി അഭിനേതാക്കളും സംവിധായകരും അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ നിറയുന്നു. ചര്‍ച്ചകളും പ്രതിഷേധങ്ങളും പുരോഗമിക്കുന്നു.

പ്രതിഷേധം വൈകിപ്പോയതിന് സൂപ്പര്‍ താരങ്ങളെ ഫേസ്ബുക് ആക്ടിവിസ്റ്റുകള്‍ ചീത്ത വിളിക്കുന്നു. ആക്രമണത്തിന് ഇരയായ നടിക്ക് എല്ലാ വിധ പിന്തുണയുമായി രംഗത്തുണ്ടായിരുന്നെന്ന് പറയുന്ന താരങ്ങള്‍ പോലും ഫേസ്ബുക്കില്‍ പോസ്റ്റിടാത്തതിന്റെ പേരില്‍ ചീത്തവിളി കേള്‍ക്കുന്നു. ഇതിന് പിന്നാലെ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അഭിനേതാക്കളും സംവിധായകരുമെല്ലാം വെറും കാപട്യക്കാരും കള്ളനാണയങ്ങളും മെയില്‍ ഷോവനിസ്റ്റുകളുമാണെന്ന് ചൂണ്ടിക്കാട്ടിയും അവര്‍ക്ക് ഇത്തരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ യാതൊരു യോഗ്യതയുമില്ലെന്നും കാണിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രഞ്ജി പണിക്കരേയും രഞ്ജിത്തിനേയും പോലെയുള്ള സംവിധായകരും എഴുത്തുകാരും മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെയുള്ള നടന്മാരുമെല്ലാം മെയില്‍ ഷോവനിസവും സ്ത്രീവിരുദ്ധതയും തങ്ങളുടെ സിനിമകളില്‍ ആഘോഷിച്ചിട്ടുള്ളവരല്ലേ, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയും അരക്ഷിതാവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് വേണ്ടിയും അവര്‍ കണ്ണീരൊഴുക്കുന്നതും പ്രതിഷേധിക്കുന്നതും കാപട്യമല്ലേ എന്നൊക്കെയാണ് അവര്‍ ചോദിക്കുന്നത്. എല്ലാ മേഖലയിലുമെന്ന പോലെ കാപട്യവും കള്ളത്തരങ്ങളും ധാരാളമുള്ള ഒന്ന് തന്നെയാണ് സിനിമയും. ഒരു സംശയവും വേണ്ട, ഇതില്‍ തീര്‍ച്ചയായും കാപട്യത്തിന്റെ പ്രശ്‌നമുണ്ട്. സിനിമാക്കാരുടെ സ്ത്രീവിരുദ്ധ, പുരുഷ മേധാവിത്ത, മെയില്‍ ഷോവനിസ്റ്റ് മനോഭാവത്തെ കുറിച്ചുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും ഏറെക്കുറെ വസ്തുതാപരവുമാണ്. എന്നാല്‍ അത് മാത്രമാണ് ഇവിടെ പ്രശ്‌നം എന്ന് തോന്നുന്നില്ല. സിനിമാക്കാരുടെ കാപട്യം മാത്രമല്ല അവരെ വിമര്‍ശിക്കുന്ന സദാചാര സംരക്ഷരുടെ കാപട്യവും പരിശോധിക്കപ്പെടണം. കാരണം സിനിമകളിലെ സ്ത്രീ വിരുദ്ധതയും പുരുഷ മേധാവിത്തവും ആഘോഷിക്കുന്നവര്‍ തന്നെയാണ് പലപ്പോഴും അവര്‍ക്കെതിരെ ആക്രമണവുമായി രംഗത്ത് വരുന്നത്.

സിനിമക്കാരെ മാത്രം ടാര്‍ഗറ്റ് ചെയ്ത് വിമര്‍ശിക്കാന്‍ എന്ത് ധാര്‍മ്മിക യോഗ്യതയാണ് ഇത്തരക്കാര്‍ക്കുള്ളത്. നടിമാര്‍ പൊതുസ്വത്താണെന്നും അവരെ ആക്രമിച്ചാലും അതില്‍ വലിയ തെറ്റൊന്നും ഇല്ലെന്നും തോന്നിയപോലെ നടക്കുന്ന, വഴിതെറ്റിയവരാണെന്നും ഒക്കെ ധാരണയുള്ള ആളുകളുണ്ട്. അവള്‍ ‘വെടി’യാണ് എന്നും അതുകൊണ്ട് ആര്‍ക്കും എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാമെന്നും സണ്ണി ലിയോണിനെ പറ്റി ധരിച്ച് വച്ചിരിക്കുന്ന സുഹൃത്തുക്കള്‍ നമുക്ക് ചുറ്റുമുണ്ട്. ആരെങ്കിലും തന്നെ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞ് സണ്ണി ലിയോണ്‍ പരാതിയുമായി വന്നാല്‍ എങ്ങനെയിരിക്കും എന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ച ഒരു സുഹൃത്തിന്റെ കാര്യമെടുക്കാം. അവന്‍ നിഷ്‌കളങ്ക ഭാവവും വിവരക്കേടും അല്‍പ്പത്തരവും ബോധമില്ലായ്മയും അറിയാതെ എത്തിച്ചേരുന്ന മനുഷ്യത്വവിരുദ്ധതയും ഒരേ സമയം പ്രകടിപ്പിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നും. സണ്ണി ലിയോണ്‍ സാധാരണ മനുഷ്യജീവികളെ പോലെ ഒരാളാണെന്നും പോണ്‍ വീഡിയോയില്‍ അഭിനയിച്ചിട്ടുള്ളത് കൊണ്ട് അവര്‍ക്ക് മനുഷ്യാവകാശങ്ങളോ വ്യക്തിത്വമോ ഇല്ലാതാവുന്നില്ലെന്നും അവരുടെ ശരീരം അവരുടെ അധികാര പരിധിയിലുള്ളതാണെന്നും അത് മറ്റുള്ളവര്‍ക്ക് തോന്നിയ പോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒന്നല്ലെന്നും ആ സുഹൃത്തിനെ പറഞ്ഞ് മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ അത് വെറുതെയായേക്കും. നിങ്ങള്‍ ഒരു വിഢ്ഢിയോ മാനസിക പ്രശ്‌നങ്ങളുള്ളവനോ ആണെന്ന നിലയിലുള്ള പുച്ഛമോ സഹതാപമോ ആയിരിക്കും അവന്‍ നമ്മളോട് കാണിക്കുക.

സ്ത്രീകള്‍ക്കെതിരായ ലൈംഗികവും അല്ലാത്തതുമായ ശാരീരിക അതിക്രമങ്ങളില്‍ സൗദി മോഡല്‍ ശിക്ഷ ആവശ്യപ്പെട്ട് രംഗത്തെത്തുന്ന ധാര്‍മ്മികരോഷക്കാരെ ഇത്തവണ അധികം കാണാനില്ല. സിനിമാ നടിമാര്‍ ആക്രമിക്കപ്പെട്ടാല്‍ അത് അവരുടെ കയ്യിലിരിപ്പ് കൊണ്ടായിരിക്കും എന്ന വികലമായ ബോധം കാരണമായിരിക്കാം. അവര്‍ക്ക് സ്വകാര്യത, സ്വകാര്യജീവിതം ഇതൊന്നുമില്ലെന്നും അല്ലെങ്കില്‍ അതിന് അവകാശമില്ലെന്നും ധരിച്ച് വച്ചിരിക്കുന്നവരുണ്ട്. അതുകൊണ്ടാണ് പല ഇന്ത്യന്‍ നടിമാരും പൊതുപരിപാടികള്‍ക്കിടെ ആള്‍ത്തിരക്കിനിടയില്‍ അക്രമികളുടെ ലൈംഗിക ചൂഷണത്തിനും അതിക്രമങ്ങള്‍ക്കും ഇരയാവുന്നത്. അത്തരം വീഡിയോകള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകളിലും കൈമാറ്റം ചെയ്യപ്പെടുന്നതും.

ഇത്തരം മാനസികാവസ്ഥയാണ് ‘വെടികളും കുലീന’കളും എന്ന ഫില്‍ട്ടറിംഗ് നടത്തുന്നത്. വിശുദ്ധ കുടുംബങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് വിടുന്ന ഇത്തരം മനോഭാവങ്ങളാണ് ഇങ്ങനെയുള്ള ക്ലാസിഫിക്കേഷന്‍ നടത്തുകയും കുലീനകളും അല്ലാത്തവരുമായ സ്ത്രീകളുടെ മേല്‍ തങ്ങള്‍ക്കുള്ള അധികാരബോധം ഊട്ടിയുറപ്പിക്കുന്നതും. കുലീനര്‍ക്ക് മേലുള്ളത് സ്‌നേഹത്തിന്റേയും സംരക്ഷണത്തിന്‌റേയും പേരിലുള്ള അധികാരവും അവകാശങ്ങളുമാണ്. മറ്റുള്ളവരുടെ മേല്‍ ലൈംഗിക ചൂഷണത്തിന്റേതായ, സ്വാഭാവികമെന്ന് അവര്‍ കരുതുന്ന അവകാശം. ഈ അധികാരബോധത്തെയും ആക്രമണോത്സുകതയേയും ഊട്ടി ഉറപ്പിക്കുകയും അതിനെ വിശുദ്ധവത്കരിച്ച് ആഘോഷിക്കുകയും ചെയ്യുന്നു എന്നതാണ് സിനിമകള്‍ ചെയ്യുന്ന ഗുരുതരമായ തെറ്റ്. സ്വാഭാവികമായും തങ്ങളുടെ മാനസികാവസ്ഥയും നടക്കാത്ത ആഗ്രങ്ങളും സ്വപ്‌നങ്ങളും ചേര്‍ത്ത് പ്രതിഫലിപ്പിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പ്രേക്ഷകരും ആഘോഷിക്കുന്നു.

ഇനി മേലാല്‍ ഒരു ആണിന് നേരെയും ഉയരില്ല നിന്‍റെ ഈ കയ്യ്…നീ ഒരു പെണ്ണാണ്, വെറും പെണ്ണ് എന്ന് ദ കിംഗില്‍ ജോസഫ് അലക്‌സിനെ കൊണ്ട് അനുരാ മുഖര്‍ജിയോട് പറയിപ്പിക്കുന്ന രഞ്ജി പണിക്കര്‍ തന്നെയാണ്, സമയം കിട്ടുമ്പോള്‍ ആണെന്ന വാക്കിന്റെ അര്‍ത്ഥം ഭാര്യ അച്ചാമ്മ വര്‍ഗീസിന് മനസിലാക്കി കൊടുക്കാന്‍ കമ്മീഷണര്‍ ഭരത് ചന്ദ്രന്‍ വഴി മന്ത്രിക്ക് ഉപദേശം നല്‍കുന്നത്. “ആണുങ്ങളെ അടുത്തറിയുമ്പൊ ശരിയായിക്കോളും” എന്ന് നായികയുടെ കൈ പിടിച്ചമര്‍ത്തി പത്രപ്രവര്‍ത്തകനായ നന്ദഗോപാലിനെ കൊണ്ട് പറയിച്ചതും രഞ്ജി പണിക്കരാണ്. സവര്‍ണ ഹിന്ദുത്വവും ഫ്യൂഡല്‍ മാടമ്പിത്തരങ്ങളും ആഘോഷിച്ച രഞ്ജിത്തും സ്ത്രീ വിരുദ്ധതയേയും പുരുഷ മേധാവിത്തത്തേയും ആവോളം കൊണ്ടാടിയ വ്യക്തിയാണ്. നരസിഹം അടക്കം രഞ്ജിത്ത് രചന നിര്‍വഹിച്ച ചിത്രങ്ങളില്‍ ഇത്തരം സംഭാഷണങ്ങള്‍ കാണാം. കൊച്ചിയിലെ ഐക്യദാര്‍ഢ്യ പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചതും ഇതേ രഞ്ജിത്ത് തന്നെ. സത്രീപക്ഷ സിനിമകള്‍ എന്ന പേരില്‍ ചിത്രങ്ങളെടുത്തിട്ടുള്ള ഒരു സംവിധായകന്‍ തന്നെയാണ് ഞാനൊരു റേപ്പ് വച്ച് തന്നാലുണ്ടല്ലോ… നീ ഇങ്ങനെ വയറും തള്ളി പത്ത് മാസം നടക്കും എന്ന് ഉറങ്ങിക്കിടക്കുന്ന നായികയോട് നായകനെ കൊണ്ട് പറയിപ്പിച്ചത്. ഞാനൊന്ന് പൂണ്ട് വിളയാടിയാല്‍ പിന്നെ നീ നേരാംവണ്ണം നടക്കണമെങ്കില്‍ 10 മാസം വേണ്ടി വരും എന്ന് മറ്റൊരു സിനിമയിലെ ഡയലോഗ്. ഇതെല്ലാം കേട്ട് തീയറ്ററില്‍ പൊട്ടിച്ചിരിച്ചവരും കയ്യടിച്ചവരും ഇപ്പോള്‍ ആ മാനസികാവസ്ഥയില്‍ മാറ്റമൊന്നും വരുത്താതെ സിനിമാക്കാരുടെ കാപട്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട് എന്നതാണ് പരിഹാസ്യമായ കാര്യം.

കരുത്തയായ നായികയെ നായകന്‍ ബലം പ്രയോഗിച്ച് കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതിലൂടെ, കരുത്തെല്ലാം ഉരുകിയൊലിച്ച് അവള്‍ വികാര പുളകിതയാകുന്നു. ലോഹിതദാസിന്റെ പല ചിത്രങ്ങളിലും ഈ രംഗമുണ്ടായിരുന്നു. കന്മദം അടക്കമുള്ള ചിത്രങ്ങളില്‍ ഇത്തരം രംഗങ്ങളുണ്ട്. ഒറ്റയ്ക്ക് കുടുംബം നടത്തുന്ന ആരെയും കൂസാത്ത തന്‌റേടിയായ ഭാനു, വിശ്വത്തിന്റെ കരവലയത്തിലും അയാളുടെ ചുംബനത്തിലും ‘വെറും പെണ്ണാ’യി മാറുകയാണ്. ഇത്തരം രംഗങ്ങളോട് ലോഹിതദാസിന് പ്രത്യേക ഇഷ്ടം തന്നെയുണ്ടായിരുന്നു. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ അഹങ്കാരിയായ ഭാര്യയെ അടിച്ചൊതുക്കി നിലയ്ക്ക് നിര്‍ത്താനും അങ്ങനെ കുടുംബം നടത്താനുമാണ് പെണ്‍കോന്തനായി അറിയപ്പെടുന്ന അളിയന് നായകന്‍ നല്‍കുന്ന ഉപദേശം. അത് അളിയന്‍ അവസാനം പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം രംഗങ്ങള്‍ മലയാളത്തിലെ ഒട്ടുമിക്ക കുടുംബമഹിമാ ചിത്രങ്ങളിലും കാണാം. ഇതിന് ഏറ്റവും നല്ല ഉദാഹരണം ലോഹിതദാസിന്റെ തിരക്കഥയില്‍ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം എന്ന ചിത്രമാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം, കടുത്ത സ്ത്രീ വിരുദ്ധതയുടെ ആഘോഷവും പുരുഷമേധാവിത്തത്തിന്റേയും സവര്‍ണ മദ്ധ്യവര്‍ഗ കുടുംബ മൂല്യങ്ങളുടേയും വിശുദ്ധവത്കരണവുമാണ് നടത്തുന്നത്.

ഫെമിനിസ്റ്റുകള്‍ എന്നാല്‍ പുരുഷ വിരോധികളായ കോമാളികളും അഹങ്കാരികളും വിവരമില്ലാത്തവരും മനുഷ്യപ്പറ്റില്ലാത്തവരുമാണെന്നാണ് മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ പക്ഷം. 80കളിലും 90കളിലും പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ ഫെമിനിസ്റ്റുകളും തന്‌റേടികളായ സ്ത്രീകളും വളരെയധികം ആക്രമിക്കപ്പെട്ടിട്ടുണ്ട്. തന്‌റേടികളായ, അല്ലെങ്കില്‍ പുരുഷന് കീഴ്‌പ്പെടാന്‍ വിസമ്മതിക്കുന്ന സ്ത്രീകളുടെ അഹങ്കാരം ശമിപ്പിക്കാനും മര്യാദ പഠിപ്പിക്കാനുമുള്ള ഉത്തരവാദിത്തവും അധികാരവും, കരുത്തരും സമര്‍ത്ഥരുമായ നായകന്മാര്‍ക്ക് എക്കാലവും മലയാള സിനിമ നല്‍കിയിട്ടുണ്ട്. മാതൃകാ സമൂഹത്തെക്കുറിച്ചും കുടുംബത്തെ കുറിച്ചും ഇത്തരം ചില അബദ്ധ ധാരണകള്‍ സാധാരണക്കാരില്‍ ഉണ്ടാക്കുന്നതില്‍ സിനിമകള്‍ വഹിച്ച പങ്ക് ഒരിക്കലും തള്ളിക്കളയാനാവില്ല. കടുത്ത സ്ത്രീവിരുദ്ധതയുടേയും, ജാതീയവും തൊലിനിറത്തിന്‌റെ പേരിലുള്ളതുമായ അധിക്ഷേപങ്ങളുടേയും നിര്‍ലജ്ജമായ ആഘോഷമാണ് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ കണ്ടത്. അത് മാതൃകയാക്കിയ പൊലീസുകാര്‍ ഈ നാട്ടിലുണ്ടായി എന്നത് ദുരന്തമാണ്. യഥാര്‍ത്ഥത്തില്‍ ആക്ഷന്‍ ഹീറോ ബിജു ആര്‍ക്കെങ്കിലും മാതൃക കാണിക്കുകയല്ല ചെയ്തത്. മറിച്ച് ആവേശവും പ്രേരണയും പ്രോത്സാഹനവും നല്‍കുകയാണ് ചെയ്തത്. സിനിമയിലെ പൊലീസുകാരന്‍ ബിജു മാതൃക സ്വീകരിക്കുന്നത് ചുറ്റുമുള്ളവരില്‍ നിന്ന് തന്നെയാണ്.

നായകന്റെ കയ്യില്‍ നിന്നും ചെകിട്ടത്ത് കിട്ടുന്ന അടി ചെറിയ വേദനയ്ക്ക് ശേഷം നായിക ആസ്വദിക്കുകയും അതിലൂടെ തന്‌റെ മോശം സ്വഭാവം മാറ്റുകയും ചെയ്യുക എന്നത് ഇന്ത്യന്‍ കച്ചവട സിനിമയില്‍ ഒരു പതിവ് കാഴ്ചയായിരുന്നു. ഇങ്ങനെ കുടുംബം നേരെയാക്കിയ എത്രയോ മാതൃകാ നായകന്മാര്‍ നമുക്കുണ്ട്. ഇത് സിനിമയില്‍ മാത്രമുള്ള സംഗതിയല്ല. മര്‍ദ്ദനത്തിലൂടെയോ അല്ലാതെയോ പുരുഷന്‍ സ്ത്രീക്ക് മേല്‍ അധികാരം സ്ഥാപിക്കുക എന്നത് സമുദായ ഭേദമന്യേ ഇന്ത്യയിലെ എല്ലാ പുരുഷ മേധാവിത്ത കുടുംബങ്ങളിലേയും യാഥാര്‍ത്ഥ്യമാണ്. ഇത്തരം രീതികള്‍ സിനിമ കണ്ടല്ല ആരും പഠിച്ചത്. അതേസമയം പ്രേക്ഷകര്‍ക്ക് മുന്നില്‍, അല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ പുരോഗമനപരവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ വച്ച് കൊടുത്താല്‍ അവര്‍ അത് സ്വീകരിക്കും എന്ന് പൊതുവില്‍ മാദ്ധ്യമങ്ങളെ പറ്റി പറയുന്ന കാര്യം ഇത്തരത്തില്‍ സിനിമയ്ക്കും ബാധകമാണ്. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ പ്രേക്ഷകന്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്ന മാധ്യമം എന്ന നിലയില്‍ സിനിമ പ്രതിസ്ഥാനത്ത് വരും. പക്ഷെ ആരാണ് ഇവിടെ മറിച്ചുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് എന്നാണ് ചോദ്യം. മലയാള സിനിമയിലെ നവതരംഗത്തിന്റെ വക്താക്കള്‍ ഒരു പരിധി വരെ ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ടിവി ചന്ദ്രന്‍ അടക്കമുള്ള സമാന്തര സിനിമയുടെ ഭാഗമായി അറിയപ്പെടുന്ന സംവിധായകര്‍ തങ്ങളുടെ സിനിമകളിലും പുറത്തും ലിംഗപരമായ അനീതിക്കെതിരെ എക്കാലത്തും നിലകൊണ്ടിട്ടുണ്ടെങ്കിലും അത് മുഖ്യധാരാ കച്ചവട സിനിമയില്‍ പ്രതിഫലിച്ചത് വളരെ അപൂര്‍വമായാണ്.

ആക്രമിക്കപ്പെട്ട നടിക്ക് എല്ലാ സഹായവുമായി സംഭവം അറിഞ്ഞ മുതല്‍ തന്നെ രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് വിവരം. അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടില്ല എന്ന പേരില്‍ വിമര്‍ശിക്കപ്പെടേണ്ട ആളല്ല. സഹപ്രവര്‍ത്തകയ്ക്ക് മമ്മൂട്ടി നല്‍കിയ ആത്മാര്‍ത്ഥമായ പിന്തുണ സത്യമാണെങ്കില്‍ അത് അംഗീകരിക്കണം. അതേസമയം ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സംഘടിപ്പിച്ച പരിപാടിയില്‍ ആദ്യം പ്രസംഗിച്ച മമ്മൂട്ടി തന്റെ പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും സ്ത്രീയെ സംരക്ഷിക്കുന്നവനാണ് പുരുഷന്‍ എന്ന് പറഞ്ഞാണ്. ഒരു പുരുഷമേധാവിത്ത സമൂഹത്തില്‍ അഭിരമിക്കുന്ന അദ്ദേഹത്തെ പോലൊരു വ്യക്തിയില്‍ അന്തര്‍ലീനമായ ആ ബോധത്തില്‍ അദ്ഭുതപ്പെടേണ്ട കാര്യമില്ല. ആ ബോധം മമ്മൂട്ടിക്ക് മാത്രമല്ല ഉള്ളത്. ഈ സമൂഹത്തില്‍ ബഹുഭൂരിപക്ഷം പുരുഷന്മാരുടേയും തെറ്റിദ്ധാരണയും ബോധവും അത് തന്നെയാണ്. കൊച്ചിയിലെ ഐക്യദാര്‍ഢ്യ പരിപാടിയില്‍ മഞ്ജു വാര്യര്‍ മാത്രമാണ് അല്‍പ്പം യാഥാര്‍ത്ഥ്യ ബോധത്തോടെ സംസാരിക്കുന്നത് കേട്ടത്. ക്രിമിനല്‍
ഗൂഢാലോചനയെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്‌. മറ്റുള്ളവര്‍ വെറുതെ തൊലിപ്പുറത്തെ വികാര പ്രകടനം നടത്തിയപ്പോള്‍ ഇതിന് പിന്നില്‍ സിനിമാ മേഖലയില്‍ നിന്ന് തന്നെയുള്ള ഗൂഢാലോചനയിലേക്കാണ് മഞ്ജുവിന്‍റെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. സിനിമാക്കാരുടെ കാപട്യം തന്നെയാണ് ഇവിടെ വെളിവാകുന്നത്. മെഴുകുതിരി പ്രകടനത്തിന്റെ കാലം കഴിഞ്ഞെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ അക്രമികള്‍ ധൈര്യപ്പെടാത്ത വിധം കര്‍ശനമായ ശിക്ഷ ഉറപ്പാക്കുന്ന നിയമങ്ങള്‍ വേണമെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. മെഴുകുതിരി പ്രകടനം വെറും പ്രഹസനം മാത്രമാവും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഈ രാജ്യത്ത് ശക്തമായ നിയമങ്ങള്‍ ഇല്ലാത്തതല്ല പ്രശ്‌നമെന്നും സമൂഹത്തിന്റെ മനസ്ഥിതിയിലെ പ്രശ്നങ്ങള്‍ ഇത്തരത്തില്‍ ഏതെങ്കിലും നിയമങ്ങള്‍ കൊണ്ടോ ആരെയെങ്കിലും വെടിവച്ചോ തൂക്കിക്കൊന്നോ ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും കംപ്ലീറ്റ് ആക്ടര്‍ക്ക് ഇനി ആരാണ് പറഞ്ഞ് കൊടുക്കുക. അദ്ദേഹത്തിന് വേണ്ടി ബ്ലോഗ് തയ്യാറാക്കുന്നവര്‍ അത് പറഞ്ഞുകൊടുക്കും എന്ന പ്രതീക്ഷ വേണ്ട.

മോഹന്‍ലാല്‍ പറഞ്ഞത് പോലെ അക്രമികളെ ഭയപ്പെടുത്തിയും കഠിനമായ ശിക്ഷകള്‍ ഉറപ്പാക്കിയും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് സുരേഷ് ഗോപിയും സംസാരിച്ചത്. നായകന്‍ നടപ്പാക്കുന്ന വധശിക്ഷകളുടെ ആഘോഷം ഏതായാലും സിനിമയുടെ സംഭാവനയല്ല. അത് പൊതുസമൂഹത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ്. വീരനായകന്റെ ഏകപക്ഷീയമായ അടിച്ചൊതുക്കലുകളും നടപ്പാക്കുന്ന വധശിക്ഷകളും ആള്‍ക്കൂട്ടത്തിന്റെ ഫാസിസ്റ്റ് മന:ശാസ്ത്രവുമെല്ലാം ചേര്‍ന്ന് പോകും. പൊതുസമൂഹത്തിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനം മാത്രമാണ് സിനിമകളിലും കാണുന്നത്. സിനിമാക്കാര്‍ ആകാശത്ത് നിന്ന് പൊട്ടിമുളയ്ക്കുന്നവരല്ലല്ലോ. സംവിധായകന്‍ മേജര്‍ രവിയുടെ അപക്വവും അപഹാസ്യവും അശ്ലീലവുമായ ഒരു അഭിപ്രായപ്രകടനം ഫേസ് ബുക്കില്‍ കണ്ടു. പ്രതികളായ പള്‍സര്‍ സുനിയേയും മാര്‍ട്ടിനേയും മറ്റും അഭിസംബോധന ചെയ്ത് കൊണ്ടാണ് മേജര്‍ രവിയുടെ കമന്റ്. നീയൊക്കെ ആണ്‍ പിള്ളേരോട് കളിക്കെടാ… ആണ്‍പിള്ളേരുടെ കയ്യില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോടാ… ചങ്കൂറ്റമുള്ളൊരു പട്ടാളക്കാരനാടാ പറയുന്നേ… ഞങ്ങടെ അമ്മ പെങ്ങന്മാര്‍ക്കെതിരെ നിന്റെയൊന്നും കൈ ഇനി പൊങ്ങില്ല… ഇങ്ങനെ പോകുന്നു ഫേസ്ബുക്കില്‍ മേജറുടെ വെടിവയ്പ്. ഈ മാനസികാവസ്ഥ സിനിമാക്കാരുടെ മാത്രം പ്രശ്‌നമല്ല. ഈ നാട്ടിലെ വലിയൊരു വിഭാഗത്തിന്റെ തെറ്റിദ്ധാരണകളാണ്. അതില്‍ നിന്നാണ് ഈ അടക്കി, ഒതുക്കി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും അധികാരബോധവും ആക്രമണോത്സുകതയും പീഡനത്വരയുമെല്ലാം വരുന്നത്. എന്റെ നിയന്ത്രണത്തിന് കീഴിലല്ലാതെയുള്ള അവരുടെ വ്യക്തിത്വവും എനിക്കുള്ളത് പോലെ തന്നെ സ്വതന്ത്രരായി ജീവിക്കാനുള്ള അവരുടെ അവകാശവും കാണാന്‍ കഴിയാത്തതും കാഴ്ചയുടെ ഈ പ്രശ്‌നം കൊണ്ടാണ്. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഇതിന് പ്രതികരണമായി ഇട്ട പോസ്റ്റില്‍ ഈ ആണത്ത പ്രകടനത്തിന്റെ പൊള്ളത്തരവും അപഹാസ്യതയും അത് തന്നെയാണ് ഇവിടെ അക്രമികളുടേയും മാനസികാവസ്ഥയെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എവിടെ നിന്നാണ് വിഷവൃക്ഷത്തിന്‌റെ വേരുകള്‍ വരുന്നതെന്ന് സനല്‍ ചൂണ്ടിക്കാട്ടി.

ഈ പൊതുബോധ നിര്‍മ്മിതി സിനിമയുടെ മാത്രം സംഭാവനയാണെന്ന് പറയാനാവില്ല. എന്നാല്‍ എക്കാലത്തും ബഹുഭൂരിപക്ഷം കച്ചവട സിനിമകളും ഇത്തരം മാനസികാവസ്ഥയെ ആദര്‍ശവത്കരിക്കുകയും ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് വഴി മാറി പോകാനുള്ള ഉത്തരവാദിത്തം കലാകാരന്മാരെന്ന നിലയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുണ്ട്. ഇതിന്‌റെ പേരില്‍ അവരെ വിമര്‍ശിക്കാവുന്നതാണ്. അല്ലാതെ നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഇവര്‍ക്ക് എന്ത് യോഗ്യത എന്ന് പറഞ്ഞ് വല്ലാതെ നമ്മള്‍ ആശങ്കപ്പെടേണ്ടതില്ല. നമുക്ക് ചുറ്റുമുള്ളവരില്‍ വലിയൊരു ശതമാനം പേര്‍ ആ ധാര്‍മ്മികതയും യോഗ്യതയും ഇനിയും ഉണ്ടാക്കേണ്ടിയിരിക്കുന്നു.

(അഴിമുഖം സ്റ്റാഫ് ജേർണലിസ്റ്റാണ് സുജയ്)

 

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍