UPDATES

ട്രെന്‍ഡിങ്ങ്

എസ്എഫ്‌ഐയെ പിന്തുണച്ച അശോകന്‍ ചെരുവിലിന് സമൂഹ മാധ്യമത്തില്‍ രൂക്ഷവിമര്‍ശനം

രണ്ട് പോസ്റ്റുകളാണ് അശോകന്‍ ചെരുവില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികളെയും സുഹൃത്തിനെയും ആക്രമിച്ച എസ്എഫ്‌ഐയെ സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ ന്യായീകരിച്ച് പ്രമുഖ ചെറുകഥാകൃത്ത് അശോകന്‍ ചെരുവില്‍. അതേസമയം അശോകന്‍ ചെരുവിലിന് നേരെ രൂക്ഷമായ വിമര്‍ശനമാണ് ഫേസ്ബുക്കില്‍ ഉയരുന്നത്.

രണ്ട് പോസ്റ്റുകളാണ് അശോകന്‍ ചെരുവില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ‘വഴിയില്‍കൂടി പോകുന്ന ആര്‍ക്കും കയറിവന്ന് പ്രണയവും സ്ത്രീ, പുരുഷ സൗഹൃദങ്ങളും വാങ്ങാവുന്ന സൂപ്പര്‍മാര്‍ക്കറ്റുകളാകേണ്ടതുണ്ടോ, നമ്മുടെ കാമ്പസുകള്‍?’ എന്ന പോസ്റ്റിനാണ് അദ്ദേഹം ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. എംആര്‍ അനില്‍കുമാറെന്ന അധ്യാപകന്റെ പോസ്റ്റും അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് തെറ്റാണെന്ന് പറഞ്ഞാണ് ഈ പോസ്റ്റില്‍ എസ്എഫ്‌ഐ ആക്രമണത്തെ ന്യായീകരിച്ചിരിക്കുന്നത്.

അതേസമയം “ഈ വിധത്തില്‍ തരംതാഴാനും വിഡ്ഢിത്തരങ്ങള്‍ പറയാനും പിഎം മനോജും ജെയ്ക്കും അങ്ങനെ ആവശ്യത്തിലേറെ ആളുകള്‍ ഉണ്ടല്ലോ. മാഷിനിതില്‍ നിന്നും വിട്ടുനില്‍ക്കാമായിരുന്നു” എന്നാണ് ഒരാള്‍ അശോകന്‍ ചെരുവിലിന് ഇതിന് നല്‍കിയിരിക്കുന്ന മറുപടി.

‘ഇരകളോട് ഐക്യപ്പെടുക എന്ന മനുഷ്യത്വസ സമീപനം പ്രതീക്ഷിച്ചിരുന്നു. പാര്‍ട്ടി അടിമത്വമൊരാളെ അന്ധനാക്കും എന്ന് മനസിലായി’- എന്നാണ് മറ്റൊരാള്‍ അശോകന്‍ ചെരുവിലിനെ വിമര്‍ശിച്ചിരിക്കുന്നത്. അശോകന്‍ ചെരുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിനായാണ് ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആ ആരോപണത്തിന് ഇനി മോഡി തരുന്ന അവാര്‍ഡ് മാത്രമേ തനിക്കിനി ലഭിക്കാനുള്ളൂവെന്ന് അദ്ദേഹം മറുപടി പറഞ്ഞിട്ടുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍