UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഷ പച്ചക്കറി; വെജ് വാഷിനും കാര്‍ഷിക സര്‍വകലാശാലയ്ക്കും എതിരെ കീടനാശിനി ലോബി

Avatar

ഉണ്ണികൃഷ്ണന്‍ വി

കേരള ഭക്ഷ്യസുരക്ഷാ വകുപ്പ് തമിഴ്നാട്ടില്‍ നിന്നുമെത്തുന്ന പച്ചക്കറികളില്‍ പരിശോധന നടത്തിയപ്പോഴാണ് കീടനാശിനി കമ്പനികളുടെ കണ്‍സോര്‍ഷ്യമായ ക്രോപ് കെയര്‍ ഫെഡറേഷന്‍ എന്ന സംഘടനയെക്കുറിച്ച് കേരളമറിയുന്നത്‌. പരിശോധനയ്ക്കു തുടക്കമിട്ട ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണര്‍ അനുപമ ഐഎഎസിനെതിരെ ഇവര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. 

കേരള സര്‍വ്വകലാശാല  വൈസ് ചാന്‍സലര്‍ക്കും കീടനാശിനി പരിശോധനാ പദ്ധതിയുടെ മേധാവിയായ ഡോക്ടര്‍ ബിജു തോമസ്‌ മാത്യുവിനും നേരെയാണ് ക്രോപ് കെയര്‍ ഫെഡറേഷന്‍റെ പുതിയ ആക്രമണം. വി സി ഡോ പി രാജേന്ദ്രനെതിരെ ഇവര്‍ വക്കീല്‍ നോട്ടീസ് അയച്ചു കഴിഞ്ഞു. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ അഖിലേന്ത്യാ കീടനാശിനി പരിശോധനാ പദ്ധതിയുടെ (ഓള്‍ ഇന്ത്യ നെറ്റ് വര്‍ക്ക് പ്രോജക്റ്റ് ഓണ്‍ പെസ്റ്റിസൈഡ് റെസിഡ്യൂസ്) പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ എന്ന സ്ഥാനത്ത് നിന്നും ഡോ. ബിജുവിനെ സ്ഥാനം മാറ്റുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കു ധനസഹായം നല്‍കുന്ന ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ പി കെ ചക്രബര്‍ത്തി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സ്ഥാനമാറ്റം. ഇതിനു കാരണമായത് കീടനാശിനി കമ്പനികളുടെ സമ്മര്‍ദവും. കൂടാതെ സര്‍വ്വകലാശാലയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസ് എടുക്കണം എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിനും ഇവര്‍ കത്തയച്ചിട്ടുണ്ട്.  

ഈ അടുത്തകാലത്ത് മലയാളികളുടെ ഭക്ഷണശീലങ്ങളില്‍ പ്രത്യേകിച്ചും പച്ചക്കറി ഉപഭോഗത്തില്‍, തന്നെ കാതലായ മാറ്റമുണ്ടാക്കാന്‍ കാരണമായത് അന്യസംസ്ഥാനത്തു നിന്നുള്ള പച്ചക്കറികളില്‍ ഇവരുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ അന്വേഷണങ്ങളുമായിരുന്നു. ഈ കാരണത്താല്‍ത്തന്നെയാണ് കാര്‍ഷിക സര്‍വകലാശാലയെയും കീടനാശിനി പരിശോധനാ പദ്ധതിയേയും ലക്ഷ്യമാക്കിയുള്ള നടപടികള്‍ക്ക് ക്രോപ് കെയര്‍ ഫെഡറേഷന്‍ തുടക്കം കുറിച്ചിരിക്കുന്നത്.

നിലനില്‍പ്പില്ലാത്ത ആരോപണങ്ങളുമായി ക്രോപ് കെയര്‍ ഫെഡറേഷന്‍

പ്രധാനമായും രണ്ട് ആരോപണങ്ങളാണ്  ക്രോപ് കെയര്‍ ഫെഡറേഷന്‍ ഇവര്‍ക്കെതിരെ ഉയര്‍ത്തുന്നത്.

ഒന്ന്, കേന്ദ്രപദ്ധതിക്കു കീഴിലുള്ള കീടനാശിനി വിഷാംശ പരിശോധനാ റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കാന്‍ അനുവാദമില്ല എന്നതാണ്. രണ്ട്, പഴങ്ങളിലും പച്ചക്കറികളിലും ഉപയോഗിച്ചിരിക്കുന്ന കീടനാശിനിയുടെ തോത് കണ്ടെത്തി വിഷാംശം നല്ലൊരു തോതുവരെ ഇല്ലാതാക്കാനുള്ള വെജ് വാഷ് എന്ന മിശ്രിതത്തിന്റെ ഉല്‍പ്പാദനവും വിപണനവും സംബന്ധിച്ചാണ്.

കീടനാശിനി കമ്പനികളുടെ അപകടകരമായ ഇടപെടലുകള്‍

ഇതില്‍ ഒന്നാമത്തെ വിഷയത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് അധികാരമില്ല എന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഒരു ഉപദേശക സമിതി ആയി പ്രവര്‍ത്തിക്കുക മാത്രമാണ് അവരുടെ കടമ. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് കീഴിലുള്ള കീടനാശിനി വിഷാംശ പരിശോധനാ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് അനുമതി നല്‍കിയത്. 2015ല്‍ പ്രത്യേക ഫണ്ട് ഇതിനായി അനുവദിക്കുകയും ചെയ്തിരുന്നു.

വര്‍ഷങ്ങളായി കാര്‍ഷിക സര്‍വ്വകലാശാലയും സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും നടത്തി വന്നിരുന്ന അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയതോടെ തങ്ങള്‍ കഴിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന വിഷാംശത്തിന്‍റെ അളവ് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക്‌ കഴിയുകയുണ്ടായി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളും മറ്റും ഉപയോഗിക്കുന്നതില്‍ ഇതോടെ ഗണ്യമായ രീതിയില്‍ കുറവു വരികയും ചെയ്തു. മാത്രമല്ല കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ജൈവപച്ചക്കറികളുടെ ഉപയോഗവും കൃഷി ചെയ്യുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയുണ്ടായി. ഇത്തരമൊരു സാഹചര്യം തുടര്‍ന്നാല്‍ അതു തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും എന്നതു മനസ്സിലാക്കിയാണ് ക്രോപ് കെയര്‍ ഫെഡറേഷന്‍ പോലെയുള്ള കീടനാശിനി കമ്പനികളുടെ അസോസിയേഷനുകള്‍ ഭരണസിരാകേന്ദ്രങ്ങളില്‍ പോലും ഇടപെടലുകള്‍ നടത്താന്‍ തയ്യാറാവുന്നത്. കൂടാതെ കീടനാശിനി പരിശോധന പദ്ധതിയുടെ വിവരങ്ങള്‍ പുറത്തറിയുന്നതിലൂടെ നഷ്ടപ്പെട്ടേക്കാവുന്ന കോടികളുടെ കണക്കുകളാണ് ഇവരെ വിറളി പിടിപ്പിക്കുന്നത് എന്ന്‍ വിദഗ്ധര്‍ പറയുന്നു.

വാണിജ്യാടിസ്ഥാനത്തില്‍ പരിശോധന നടത്തുമ്പോള്‍ വിലയിരുത്തുന്നത് ഭക്ഷ്യവസ്തുക്കളില്‍ പ്രയോഗിക്കുന്ന കീടനാശിനികളുടെ കാലാവധി എത്രയാണെന്നും അതിലൂടെ ഉണ്ടാകാവുന്ന പ്രശ്നങ്ങളുമാണ്. കമ്പനികള്‍ നല്‍കുന്ന സാമ്പത്തിക സഹായം സ്വീകരിച്ചു നടത്തുന്ന ഗവേഷണ പദ്ധതികളുടെ വിവരങ്ങള്‍ അതാത് കമ്പനികളുടെ അനുവാദം കൂടാതെ പുറത്തു വിടാന്‍ സാധിക്കില്ല. എന്നാല്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരം നടത്തുന്ന കീടനാശിനി പരിശോധനകളുടെ ഫലങ്ങള്‍ പുറത്തുവിടുന്നതിന് സര്‍ക്കാരിന്‍റെ അനുമതി മാത്രം മതിയാകും. കേരളത്തില്‍ സംഭവിച്ചത് അതാണ്‌. ഈ ഗവേഷണങ്ങളില്‍ ഇടപെടാനുള്ള ഒരു അവകാശവും ഐസിഎആര്‍, സിസിഎഫ്ഐ എന്നിവര്‍ക്കില്ല.

നേരിട്ട് തീരുമാനങ്ങള്‍ എടുക്കുവാനോ നടപ്പിലാക്കുവാനോ അധികാരമില്ലാത്ത ഒരു സംഘടന എന്തു ധൈര്യത്തിലാണ് കേന്ദ്ര/കേരള സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഇടപെടുന്നത് എന്ന് പരിസ്ഥിതി പ്രവര്‍ത്തകനും തണല്‍ പ്രോഗ്രാം മാനേജ്മെന്റ് ടീം അംഗവുമായ ശ്രീധര്‍ രാധാകൃഷ്ണന്‍ ചോദിക്കുന്നു. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് എന്ന ഒരു ഉപദേശക സമിതിക്ക് സുപ്രധാനമായ സ്ഥാനം വഹിക്കുന്ന വ്യക്തിയില്‍ അതൃപ്തിയുണ്ടെങ്കില്‍ പോലും അയാളെ മാറ്റുന്നതിനായി സര്‍വ്വകലാശാലയോട് അപേക്ഷിക്കാന്‍ മാത്രമേ അധികാരമുള്ളൂ. അല്ലാതെ നേരിട്ട് ഇടപെടല്‍ നടത്താന്‍ നിലവിലെ നിയമം അവര്‍ക്ക് അധികാരം നല്‍കുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതി അവസാനിപ്പിക്കണം എന്നുള്ള ആവശ്യം അവര്‍ മുന്‍പും ഉന്നയിച്ചിരുന്നതായി ഡോ.ബിജു ഓര്‍മ്മിക്കുന്നു.സര്‍ക്കാര്‍ ധനസഹായം നല്‍കി നടപ്പിലാക്കുന്ന പദ്ധതിയില്‍ തീരുമാനം എടുക്കേണ്ടത് താനല്ല എന്നു വ്യക്തമാക്കുകയും ചെയ്തിരുന്നതായും അദ്ദേഹം പറയുന്നു.

സംസ്ഥാനത്ത് വില്‍ക്കുന്ന പച്ചക്കറികളും പഴങ്ങളിലും അടങ്ങിയിട്ടുള്ള വിഷാംശത്തിന്‍റെ അളവു കണ്ടെത്തണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഈ പ്രോജക്റ്റ് ചെയ്യുന്നത്. ഗവേഷണത്തിനാവശ്യമായ ധനസഹായവും സര്‍ക്കാര്‍ തന്നു കഴിഞ്ഞു.

സ്ഥാനചലനം കൊണ്ടൊന്നും ഇക്കാര്യത്തില്‍ പിന്നാക്കം പോകാന്‍ താന്‍ ഒരുക്കമല്ല എന്ന് ഡോക്ടര്‍ ബിജു വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് ആകെ വിലക്കുള്ളത് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പരിശോധനാഫലം അവരുടെ അനുവാദമില്ലാതെ പ്രസിദ്ധപ്പെടുത്തരുത് എന്നുള്ളതു മാത്രമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റ് ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്നുള്ള പരിശോധനാ ഫലങ്ങള്‍ അവരുടെ അനുമതിയോടെ പുറത്തുവിടാം എന്നത് വിലക്കാന്‍ അവര്‍ക്കു കഴിയില്ല എന്ന് അദ്ദേഹം പറയുന്നു.

ഇക്കാര്യത്തില്‍ ഡോ. ബിജുവിന് സര്‍വ്വകലാശാലയുടെ എല്ലാ പിന്തുണയുമുണ്ടെന്ന് കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ പി രാജേന്ദ്രന്‍ ഉറപ്പുനല്‍കുന്നു. തങ്ങള്‍ ചെയ്തത് ശരിയാണെന്നുള്ള തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല തങ്ങള്‍ക്കയച്ച വക്കീല്‍ നോട്ടീസിലും ഇവര്‍ കൃത്രിമം കാണിച്ചതായി അദ്ദേഹം പറയുന്നു. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ചാണ് ആദ്യം കത്തു ലഭിക്കുന്നത്. എന്നാല്‍ പറഞ്ഞ കാലാവധി കഴിയുന്ന ദിവസമാണ് കത്ത് ലഭിക്കുന്നത്. അന്ന് തന്നെ വിശദീകരണം അയച്ചെങ്കിലും പറഞ്ഞ സമയത്ത് അയച്ചില്ല എന്നുള്ള കാരണം കാണിച്ച് മറുപടി സ്വീകരിച്ചില്ല-ഡോ ബിജു പറഞ്ഞു.

ജനങ്ങള്‍ കീടനാശിനികളിലെ വിഷം ഉള്ളില്‍ചെന്നു മരിച്ചാലും രോഗങ്ങള്‍ക്കടിമയായാലും തങ്ങളുടെ ബിസിനസിന് ഇടിവുണ്ടാവരുത് എന്നതുമാത്രമാണ് ക്രോപ്കെയര്‍ ഫെഡറേഷന്‍ പോലെയുള്ള സംഘടനകളുടെ ഇത്തരം ഇടപെടലുകളില്‍ നിന്നും വ്യക്തമാവുന്നത് എന്ന് ഡോ.പി രാജേന്ദ്രന്‍ അഭിപ്രായപ്പെടുന്നു.

വെജ് വാഷ് നിരോധിക്കണമെന്ന ആവശ്യത്തിനു പിന്നില്‍

കീടനാശിനികളുടെ കണ്‍സോര്‍ഷ്യങ്ങള്‍ എതിര്‍ക്കുന്നത് കേവലം റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതിനെ മാത്രമല്ല. മറിച്ച് വിഷലിപ്തമായ പച്ചക്കറികള്‍ കഴുകി ഉപയോഗിക്കുന്നതിനെക്കൂടിയാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ വെജ് വാഷ് എന്ന മിശ്രിതത്തിന്‍റെ നിര്‍മ്മാണവും വിപണനവും തടയാന്‍ ശ്രമിക്കുന്നതിന്‍റെ പിന്നിലുള്ള കാരണം അതു വ്യക്തമാക്കിത്തരുന്നു.

അഞ്ചു വര്‍ഷത്തെ ഗവേഷണഫലമായായാണ് സര്‍വ്വകലാശാലയിലെ പിഎച്ച്ഡി, എംഎസ് സി വിഭാഗങ്ങള്‍ വെജി വാഷ് എന്ന മിശ്രിതത്തിന്‍റെ സൂത്രവാക്യം കണ്ടെത്തുന്നത്. ഡോ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇതിന്‍റെ പിന്നില്‍. വീടുകളില്‍ തന്നെ ലഭ്യമാവുന്ന പ്രകൃതിദത്തമായ സാമഗ്രികള്‍ ഉപയോഗിച്ചാണ് വെജ് വാഷ് നിര്‍മ്മിക്കുന്നത്. പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന വിഷാംശം ഒരു പരിധിവരെ ഇല്ലാതാക്കാന്‍ ഇതിനു കഴിയും. പരീക്ഷിച്ചു വിജയം കണ്ടെത്തിയ വെജ് വാഷ് 40ല്‍ അധികം ചെറുകിട ഏജന്‍സികള്‍ ഇന്ന് വിറ്റഴിക്കുന്നുണ്ട്. വില കുറവായതിനാലും മാര്‍ക്കറ്റില്‍ സുലഭമായതിനാലും ഇതിന് ആവശ്യക്കാരും ഏറെയാണ്.

കീടനാശിനി കുത്തകകള്‍ക്കു പ്രശ്നമായത് ഇതിന്‍റെ സ്വീകാര്യതയാണ്. ഉപയോഗിക്കുന്ന വസ്തുക്കളിലെ വിഷത്തെക്കുറിച്ച് ജനം മനസ്സിലാക്കുന്നതോടൊപ്പം തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും  ഇതിലൂടെ ബാധിക്കപ്പെട്ടേക്കാം എന്ന കാരണവും ഇതിനു പിന്നിലുണ്ട്. പച്ചക്കറികളില്‍ മാരകമായ വിഷവസ്തുക്കള്‍ ഉപയോഗിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നതോടൊപ്പം അവ കഴുകി ഉപയോഗിക്കാന്‍ സാധാരണക്കാരെ അനുവദിക്കില്ല എന്നുള്ള ഇവരുടെ ഗൂഡലക്ഷ്യം കൂടി ഇവിടെ വെളിപ്പെടുകയാണ്.

ഇതിനായി നിയമപരമായും ശാസ്ത്രീയമായും നിലനില്‍പ്പില്ലാത്ത വാദങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. വെജ് വാഷ് ഭക്ഷ്യോല്‍പ്പന്നമാണെന്നും അതു നിര്‍മ്മിച്ച്‌ വിതരണം ചെയ്യാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ അംഗീകാരം വേണം എന്നുള്ളതുമാണ് ഒരു വാദം. വെജ് വാഷില്‍ ഭക്ഷണപദാര്‍ത്ഥമായ ജലം ചേര്‍ന്നിട്ടുണ്ട് എന്നുള്ളതാണ് ഇതിനാധാരമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ആയതിനാല്‍ വെജ് വാഷിന്റെ വിപണനം ഉടനടി നിര്‍ത്തി വയ്പ്പിക്കണം എന്നും സര്‍വ്വകലാശാലയ്ക്കെതിരെ കേസ് എടുക്കണം  എന്നു കാണിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിനും ഇവര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ സര്‍വ്വകലാശാലയ്ക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല എന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണര്‍ അനുപമ ഐഎഎസ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാനിയമം 2006ല്‍ ഫുഡ്‌ എന്നതിന്‍റെ വിശദീകരണം നല്കിയിരിക്കുന്നതില്‍ ജലം ചേര്‍ന്നിരിക്കുന്നത് എന്നുള്ള കാരണമാണ് ക്രോപ് കെയര്‍ ഫെഡറേഷന്‍ ഉയര്‍ത്തുന്നത്. വെജ് വാഷ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നതല്ലാത്തതിനാല്‍ തന്നെ ആ നിയമം ഉപയോഗിച്ച് കേസ് എടുക്കാനുമാവില്ല എന്നും അവര്‍ പറഞ്ഞു.

വിളര്‍ച്ച, ഓര്‍മക്കുറവ്, മെന്റര്‍ഡിപ്രഷന്‍, തളര്‍ച്ച, രക്തമില്ലായ്മ, 30 വയസിനുള്ളില്‍ തന്നെ പ്രമേഹവും ബ്ലഡ് പ്രഷറും പക്ഷപാതവും ബ്രെയിന്‍ ട്യൂമറും ക്യാന്‍സര്‍, ഹൃദ് രോഗം എന്നിവ പിടിപ്പെടുന്നതിന് പ്രധാന കാരണമാവുകയാണ് വിഷാംശമേറിയ പച്ചക്കറികളുടെ ഉപയോഗം. ത്വക്ക് സംബന്ധമായി വിവിധ അസുഖങ്ങള്‍, തുടര്‍ച്ചയായ തുമ്മല്‍, ആസ്മ. ഗര്‍ഭിണികള്‍ക്ക് ഉണ്ടാവുന്ന അമിത രക്തസ്രാവം, ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന് ഹൃദ്രോഗ സംബന്ധമായ അസുഖങ്ങള്‍ ബാധിക്കല്‍, വളര്‍ച്ചയില്ലായ്മ. ബുദ്ധിവികാസമില്ലായ്മ, ഒട്ടിസം തുടങ്ങിയവയെല്ലാം ഭക്ഷണപദാര്‍ഥങ്ങളില്‍ അടങ്ങിയിട്ടുള്ള മാരക കീടനാശിനികള്‍ കാരണമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളും ഇത്തരം രോഗങ്ങളുടെ പിടിയിലാണ്. ഓരോ വര്‍ഷവും അതു കൂടുകയും ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ നേരിട്ട് ഇടപെടാന്‍ കഴിയുന്നത്ര പിടിപാടുള്ള ഈ കമ്പനികള്‍ ഒരു സംസ്ഥാനത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവനു ഹാനികരമാകുന്ന രീതിയിലുള്ള ഇടപെടലുകള്‍ നിര്‍ബാധം തുടരുകയാണ് എന്നതിന്റെ. ഒടുവിലത്തെ തെളിവാണ് കാര്‍ഷിക സര്‍വകലാശാലയ്ക്കും ഡോ. ബിജു മാത്യുവിനും നേരെയുള്ള നീക്കങ്ങള്‍. 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍