UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രോസ് ഡ്രസിംഗ്: ഇഫ്ളു രാഷ്ട്രീയം വ്യക്തമാക്കുന്നു

Avatar

നയന തങ്കച്ചന്‍

നവംബർ രണ്ടിന് കൊച്ചി മറൈൻ ഡ്രൈവിൽ സദാചാരപോലീസിങ്ങിനെതിരായി നടന്ന ഒന്നാം ചുംബനസമരം, സഹ്യനുമപ്പുറം സഞ്ചരിച്ച്  ഹൈദരാബാദിലേക്കും കൽക്കത്തയിലേക്കും മുംബൈയിലേക്കും പടർന്നു പിടിച്ചപ്പോൾ, ലക്ഷക്കണക്കിന്‌ വരുന്ന പുതുതലമുറ മനോഹരമായ ഈ സമരമുറയോട് തങ്ങളുടെ ഐക്യദാർഡ്യം പ്രഖ്യാപിച്ച് വഴിയോരങ്ങളിൽ ചുംബിച്ചു നിന്നു. പുതുതലമുറയുടെ രാഷ്ട്രീയ ബോധമില്ലായ്മയെ പരിഹസിച്ചവർക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത വിധത്തിൽ അതിശക്തമായ രീതിയിൽ അവർ തങ്ങളുടെ അവകാശത്തിനു വേണ്ടി ചുംബിച്ച് അണിനിരന്നപ്പോൾ, ആ സമരം സംഘപരിവാറിന്റെ തീവ്ര വലതുപക്ഷ രാഷ്ട്രീയ ഫാസിഷത്തിനെതിരെയുള്ള ആദ്യ സമരമായി. ചുംബന സമരത്തെക്കുറിച്ചുള്ള തീപിടിച്ച ചർച്ചകൾ ഇന്ത്യയിൽ ഉടനീളം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ലിംഗസമത്വത്തിനായി മറ്റൊരു പുതിയ സമരരീതി ഹൈദരാബാദ് ഇഫ്ലു കാമ്പസ് സ്വീകരിച്ചത്.

നവംബർ എഴാം തിയതി രാവിലെ ഇഫ്ലുവിലെത്തിയ അധ്യാപകരും നോണ്‍-ടീച്ചിംഗ് സ്റ്റാഫ്സും ചെറുതായെങ്കിലും ഒന്ന് ഞെട്ടിയിരിക്കാതിരിക്കാൻ വഴിയില്ല. പെണ്‍കുട്ടികളുടെ വസ്ത്രമണിഞ്ഞ് ആണ്‍കുട്ടികളും, ആണ്‍കുട്ടികളുടെ വസ്ത്രമണിഞ്ഞ് പെണ്‍കുട്ടികളും ക്ലാസ്സുകളിലെത്തി. അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലാതതു പോലെ അവർ പഠിക്കുകയും എഴുതുകയും കൈ കോർത്ത്‌ പിടിച്ച് കാമ്പസിലൂടെ നടക്കുകയും സംസാരിക്കുകയും സംവദിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നു. ആരും ആരെയും തുറിച്ചു നോക്കുന്നില്ല. ആരും ആരെയും പരിഹസിക്കുന്നില്ല.

ഇരുകൂട്ടരും തങ്ങളുടെ പുതിയ രൂപത്തിൽ വളരെയേറെ സംതൃപ്തരായി കാണപ്പെട്ടു. അവർ അവരുടെ ആയിരക്കണക്കിന് ഫോട്ടോകൾ എടുത്ത് സൂക്ഷിച്ചു വെച്ചു. ചുംബനസമരം പോലെ തന്നെ എല്ലാവരും ഇഷ്ടത്തോടെ ഏറ്റെടുത്ത മറ്റൊരു സമരമായി അത് മാറി.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിൽ വളരെ ആരോഗ്യകരമായ സുഹൃദ്ബന്ധങ്ങൾ നിലനില്ക്കുന്ന കാമ്പസ് ആണ് ഇഫ്ലു. ആണ്‍കുട്ടികൾ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും പെണ്‍കുട്ടികൾ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലും ഏതു സമയത്തും കയറി ചെല്ലുകയും ഒരുമിച്ചു സംസാരിച്ചിരിക്കുകയും പഠിക്കുകയും ക്രിയാത്മകമായ പല ചർച്ചകളിലും പ്രവർത്തികളിലും ഏർപ്പെടുകയും ചെയ്തിരുന്നു. ആരും അവരുടെ സ്വകാര്യതകളിലേക്ക് കണ്ണുംനട്ട് ഇരുന്നില്ല. സെക്യൂരിറ്റിക്യാമറകൾ അവർക്കു നേരെ സംശയത്തിന്റെ നോട്ടങ്ങൾ എറിഞ്ഞില്ല. ചിലപ്പോഴെങ്കിലും ചില മുറികളിലെങ്കിലും അവർ ഉമ്മവെച്ചിട്ടുണ്ടാകാം. കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയിട്ടുണ്ടാകാം.

സുനൈന സിംഗ് ഇഫ്ലുവിന്റെ വി സിയായി എത്തിയതോടെയാണ് വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണ്‍ മുറുകിയത്. 2013-ലെ ഇലക്ഷന്റെ ഫലമായി രൂപീകരിച്ച യൂണിവഴ്സിറ്റി യൂണിയനുമായോ ഏതെങ്കിലും തരത്തിൽ ഏതെങ്കിലും വിദ്യാർഥി പ്രതിനിധികളുമായോ ആലോചിക്കാതെ പല നിയമങ്ങളും സര്‍വകലാശാല അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥികൾക്കു മേൽ അടിച്ചേൽപ്പിച്ചു. പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിൽ ആണ്‍കുട്ടികൾക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു അതിൽ ആദ്യത്തേത്. പതിനൊന്നു മണിക്ക് ശേഷം പെണ്‍കുട്ടികൾ ഹോസ്റ്റലിനു പുറത്തിറങ്ങരുത് എന്ന നിയമം കൂടി വന്നപ്പോഴാണ് അഡ്മിനിസ്ട്രേഷന്റെ ‘ആർഷ ഭാരത സംസ്കാര’ സദാചാര പോലീസിന്റെ വികൃതമായ മുഖം പുറത്തു വന്നത്. അതോടെ വിദ്യാർഥികൾസമരത്തിനിറങ്ങി. പതിനൊന്നു മണിക്ക് ശേഷം അവർ കൂട്ടത്തോടെ പുറത്തിറങ്ങി നിന്നു. ആവശ്യമുള്ളപ്പോഴെല്ലാം അവർ പുറത്തു പോകുകയും കാവൽ  നിർത്തിയിരിക്കുന്ന സെക്യൂരിറ്റി ഗാർഡുകളോട് തർക്കിച്ച് അകത്തു കടക്കുകയും ചെയ്തു. പെണ്‍കുട്ടികളെ അകത്തു തളച്ചിടാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ അഡ്മിനിസ്ട്രേഷൻ ആണ്‍കുട്ടികളുടെ ഹോസ്റലിൽ പെണ്‍കുട്ടികൾ കയറുന്നത് വിലക്കി. അതിനെതിരെയും വിദ്യാർഥികൾ പ്രധിഷേധിച്ചു.

 

ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിക്കുന്നുവെന്ന്‍ ക്യാമ്പസിന്റെ 67 കോണുകളിലിരുന്ന് സെക്യുരിറ്റി ക്യാമറകൾ വി സിയെ അറിയിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്വതന്ത്രമായി ഇടപെടാൻ സാധ്യതയുള്ള അക്കാദമിക് ബ്ലോക്ക്‌ (ക്ലാസ് അവറുകൾ കഴിഞ്ഞ്), റീഡിംഗ് റൂം എന്നിവ അടച്ചിടാൻ നീക്കങ്ങളുണ്ടായി. എന്നാൽ എല്ലാ നിയന്ത്രണങ്ങളെയും വിദ്യാർഥികൾ കൂട്ടായി പ്രതിരോധിച്ചു. ഇതിനിടയിൽ ഒരു പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമമുണ്ടായ സംഭവം മുന്‍നിര്‍ത്തി വി സി നിയന്ത്രണങ്ങൾ കർശനമാക്കി. പലപ്പോഴായി സമീപിച്ചിട്ടും ക്യാമ്പസിൽ ഒരു ജി എസ് ക്യാഷ് (Gender Sensitisation Committee Against Sexual Harassment- GSCASH) പോലും രൂപീകരിക്കാൻ തുനിയാത്ത അഡ്മിനിസ്ട്രേഷൻ, പെണ്‍കുട്ടികളും ആണ്‍കുട്ടികളും സ്വതന്ത്രമായി ഇടപെടുന്നതാണ് ഇത്തരം ലൈംഗികാതിക്രമങ്ങൾക്ക് കാരണമെന്ന് വിധിയെഴുതുകയായിരുന്നു.

കാലാകാലങ്ങളായി  നാം അനുഷ്ഠിച്ചു വരുന്ന പല ആചാര-അനാചാര, ശീല-ദുശീലങ്ങളെയും ‘സംസ്കാരം’ എന്ന വാക്കുകൊണ്ട് വിശദീകരിക്കാൻ ശ്രമിക്കുന്നതാണ് ഇത്തരമൊരു നിലപാടിന് കാരണം. ഒരു കാലത്ത് കീഴാള സ്ത്രീകൾ മാറ് മറയ്ക്കരുത് എന്നു പറഞ്ഞതും ഇതേ സംസ്കാരത്തിന്റെ വക്താക്കൾ തന്നെയാണ്. മാറ്റം, അത് അനിവാര്യമാണെന്നും എന്നെങ്കിലുമൊരിക്കൽ അത് സംഭവിച്ചിരിക്കുമെന്നുമുള്ള യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ കഴിയാത്തതാണ് നമ്മുടെ പ്രശ്നം. സമൂഹത്തിന്റെ സ്വാഭാവിക പ്രയാണത്തിനു തടസ്സമായി നില്ക്കുന്ന എന്തിനെയും എതിർക്കുക എന്നതാണ് പലപ്പോഴും നമ്മൾ ചെയ്യുന്നത്. ഈ പ്രവണതയെ സംസ്കാരമെന്ന് വാഴ്ത്തുന്നതാണ് ചുംബനസമരം പോലുള്ള സമരമുറകളോടുള്ള നമ്മുടെ അസഹിഷ്ണുതയ്ക്ക് കാരണമാകുന്നതും.  സമൂഹത്തിന്റെ സ്വാഭാവിക പ്രയാണത്തിലുണ്ടാകുന്ന ചെറിയൊരു അനക്കത്തെ പോലും ചോദ്യംചെയ്യുന്ന പ്രവണതയ്ക്കുള്ള മറുപടി ആയിരുന്നു ഇഫ്ലുവിലെ ക്രോസ് ഡ്രസിംഗ് എന്ന സമരമാർഗ്ഗം.

വസ്ത്രം എന്നത് ഒരു വ്യക്തിയുടെ ദേശ, ലിംഗ, സാമ്പത്തിക വ്യവസ്ഥിതിയുടെ അടയാളം കൂടിയാണ്. അതുകൊണ്ടുതന്നെ ക്രോസ് ഡ്രസിംഗ് എന്നത് കേവലമൊരു സമരമുറയ്ക്കപ്പുറം ഒരു പ്രതീകം കൂടിയാണ്.  

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചിരിക്കുന്നു എന്നു പറയുകയും വിദ്യാർത്ഥി സംഘടനകളുടെ പോസ്റ്ററുകൾ പോലും വലിച്ചു കീറുകയും ചെയ്യുന്ന ഇഫ്ലു അഡ്മിനിസ്ട്രേഷൻ എ ബി വി പി എന്ന സംഘടനയ്ക്ക് മാത്രം നല്കിപ്പോരുന്ന പ്രത്യേക പരിഗണനയും പല പ്രമുഖ സ്ത്രീ സംഘടനകളും മാധ്യമങ്ങളും പോലും കാണാൻ ശ്രമിച്ചിട്ടും അനുവാദം കൊടുക്കാതെ ബി ജെ പി എം പിയ്ക്ക് മാത്രം തന്നെ കാണാനുള്ള അനുവാദം കൊടുത്ത വി സിയുടെ നയവും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഒരു മുറിയിൽ സമയം ചിലവഴിച്ചാൽ അത് സംസ്കാരത്തിനു നിരക്കാത്ത പ്രവൃത്തിയാണെന്നും അത് അപകടത്തെ ക്ഷണിച്ചുവരുത്തുമെന്നുമുള്ള അഡ്മിനിസ്ട്രേഷന്റെകാഴ്ചപ്പാടും ചേർത്ത് വായിക്കുമ്പോൾ ക്രോസ് ഡ്രസിംഗ് സമരം ചുംബനസമരം പോലെ തന്നെ തീവ്ര വലതുപക്ഷ നയങ്ങൾക്കെതിരെയുള്ള  സമരം കൂടിയാണ്.

 

ചിത്രങ്ങള്‍: അന്‍ഷു അഗര്‍വാള്‍

 

(ഇഫ്ളുവില്‍ എം.എ ജേര്‍ണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് നയന)

 

*Views are personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍