UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഘപരിവാരത്തെ തടയാന്‍ സി,പി.എമ്മിനുള്ള ജാഗ്രത എന്തുകൊണ്ട് കോണ്‍ഗ്രസിനുണ്ടായില്ല?

Avatar

കെ എ ആന്റണി

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് വിട. അതൊക്കെ രാഷ്ട്രീയക്കാര്‍ക്കും ചാനലുകാര്‍ക്കും വിടാം. നാളെ ഏതാണ്ട് പതിനൊന്ന് മണിയോടു കൂടി ഏവര്‍ക്കും അറിയേണ്ടത് കേരളം ആര് ഭരിക്കുമെന്നത് മാത്രമല്ല, ഒരു താമരയെങ്കിലും വിരിയുമോയെന്നുമാണ്. തുടക്കത്തില്‍ കണ്ട ആവേശമൊന്നും ഇപ്പോള്‍ എന്‍ഡിഎ ക്യാമ്പില്‍ കാണുന്നില്ല. എന്നു കരുതി അവരെ തീര്‍ത്തും തള്ളിക്കളയുന്നുമില്ല. ഇവിടെ വിശകലനം ചെയ്യാനാഗ്രഹിക്കുന്നത് മറ്റൊരു കാര്യമാണ്. അതും ആര്‍ എസ് എസിന് കേരളത്തില്‍ ഇക്കുറി താമര വിരിയിക്കാനാകുമോയെന്നതാണെങ്കിലും മറ്റൊരു രൂപത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ നടത്തുന്നത്. ശേഷം കാര്യം സ്‌ക്രീനില്‍ എന്ന് പറഞ്ഞതുപോലെ നാളെ ചിത്രം പൂര്‍ണമായും വെളിച്ചത്തുവരാനിരിക്കേ ഇത്തരം ഒരു വിശകലനത്തിന്റെ സാധ്യതയെ കുറിച്ച് തല്‍ക്കാലം ചിന്തിക്കാതിരിക്കുക.

സിപിഐഎമ്മിന്റെ ആര്‍ എസ് എസ് പേടിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാല്‍ അറുപതുകളുടെ അന്ത്യവര്‍ഷങ്ങളില്‍ തുടങ്ങിയ ഒരു പേടി. പഴംകഥകളില്‍ പുലിയും ചെന്നായയുമൊക്കെ മാറി മാറി വില്ലനാകുന്നത് തികച്ചും സ്വാഭാവികം. പക്ഷേ ഇക്കഥകളിലൊക്കെ ആദ്യത്തെ പ്രതിനായകന്‍ ആട്ടിടയനായ ഒരു പയ്യനായിരുന്നു. ഈ പയ്യന് കമ്മ്യൂണിസ്റ്റ് മുഖം കൈവരുന്നത് തികച്ചും സ്വാഭാവികം എന്നു പറഞ്ഞാല്‍ ഒട്ടും ശരിയാകില്ല. പഴംകഥ മറന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ കേരളത്തിലെ ആട്ടിടയന്‍ പയ്യന് ഒരു അപരന്‍ കൂടിയുണ്ട്. ഈ അപരന്റെ മുഖം കോണ്‍ഗ്രസിന്റേതാണ്. നിലനില്‍പ്പിനുവേണ്ടിയുള്ള നാളിതുവരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസും ആര്‍ എസ് എസിനേയും അതിന്റെ വ്യത്യസ്ത രാഷ്ട്രീയ മുഖങ്ങളേയുമൊക്കെ പുലിയായോ ചെന്നായയോ അവതരിപ്പിച്ചു പോന്നു. എങ്കിലും ശത്രുവിന്റെ വരവ് കര്‍ണാടകം വഴിയെന്ന ചിന്തയില്‍ ജാഗ്രവത്തായ സിപിഐഎം തന്നെയായിരുന്നു ഒരു ഇരമ്പിക്കയറ്റത്തിന് തടയിട്ട് കാത്തിരുന്നത്. ഇതത്രയും ചെന്ന് അവസാനിച്ചത് കൊല്ലിലും കൊലയിലുമായിരുന്നുവെന്നത് മറ്റൊരു കാര്യം. ജാഗരൂകരായ സിപിഐഎമ്മിനെ ഉത്തരവാദിത്വം മറന്ന കോണ്‍ഗ്രസ് പലകാലത്തും ഉപയോഗപ്പെടുത്തിയതിന്റെ വ്യക്തമായ സൂചനയായിരുന്നു മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയ രഹസ്യം.

ടിവി ചന്ദ്രന്റെ കഥാവശേഷന്‍ എന്ന സിനിമയിലെ എന്‍ ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന കണ്ണു നട്ട് കാത്തിരുന്നിട്ടും… എന്ന പാട്ടാണ് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത്. സിപിഐഎം കെട്ടിയ വേലിക്കെട്ടുകളും അവരുടെ ജാഗ്രതയും എത്രമാത്രം ഈ തെരഞ്ഞെടുപ്പിലും ഗുണം ചെയ്തുവെന്ന് അറിയാന്‍ ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ചുരുക്കിപ്പറഞ്ഞാല്‍ ഒന്ന് ഇരുണ്ടു വെളുത്താല്‍ കാര്യങ്ങള്‍ വ്യക്തമാകും.

തെരഞ്ഞെടുപ്പിന് ശേഷം കേള്‍ക്കുന്ന കഥകള്‍ തന്നെയായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പും കേട്ടത്. മഞ്ചേശ്വരത്ത് പതിവുപോലെ 2006-ലെ പതിവ് തെറ്റിച്ച് സിപിഐഎം ലീഗിനെ തുണയ്ക്കും എന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസും ലീഗും നിന്നിരുന്നത്. 2006 വീണ്ടും ആവര്‍ത്തിക്കുമെന്ന് സിപിഐഎം ഉറപ്പിച്ച് പറയുമ്പോള്‍ വേലി കെട്ടിയത് സത്യത്തില്‍ ആരെന്ന് നാളെ കേരളം തിരിച്ചറിയും. ഉദുമയില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുവേണ്ടി ബിജെപി വോട്ടു മറിച്ചുവെന്ന വാദത്തെ അവിടെ തന്നെ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ഖണ്ഡിക്കുന്നു. അഴീക്കോട് ജാമ്യം എടുക്കാനാണോയെന്നറിയില്ല സിപിഐഎം നികേഷ് കുമാറിന്റെ പരാജയം ഏതാണ്ട് അംഗീകരിച്ച മട്ടിലാണ്. എന്നാല്‍ നികേഷ് കുമാര്‍ ഇപ്പോഴും പ്രതീക്ഷയിലാണ്. ബിജെപിയുടെ നാലാള്‍ക്കറിയാത്തൊരു സ്ഥാനാര്‍ത്ഥി ആ മണ്ഡലത്തില്‍ മത്സരിച്ചുവെന്ന ആരോപണമാണ് തുടക്കത്തില്‍ തന്നെ സിപിഐഎം ഉയര്‍ത്തിയിരുന്നത്.

തൃപ്പൂണിത്തുറയില്‍ ബിഡിജെഎസ് വോട്ടു മറിച്ചു എന്നൊരു കഥയും പ്രചാരത്തിലുണ്ട്. വെള്ളാപ്പള്ളിയും സംഘവും ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും പിറവത്തെ എന്‍ഡിഎയുടെ വോട്ട് കൂടി നോക്കി വേണം ഒരു അവസാന നിഗമനത്തിലെത്താന്‍. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലും സമാനമായൊരു സ്ഥിതിയുണ്ട്. ജി സുധാകരന്‍ വെള്ളാപ്പള്ളിയുമായി ചില നീക്കുപോക്കുണ്ടാക്കിയെന്ന കഥ നേരത്തെ പ്രചാരത്തിലുണ്ട്. കോടീശ്വരനായ തോമസ് ചാണ്ടി പണം ഏറെ ഒഴുക്കിയെന്ന് പറയപ്പെടുമ്പോഴും വിദേശത്തിരുന്ന് ഉള്‍നാടന്‍ ജലഗതാഗതം നിയന്ത്രിക്കും എന്ന് പറഞ്ഞയൊരാളെ ആളുകള്‍ ഇരുകൈ നീട്ടി സ്വീകരിക്കാനിടയില്ല. എല്‍ഡിഎഫിനെ നയിക്കുന്ന സിപിഐഎമ്മിന് തോമസ് ചാണ്ടിയുടെ കാര്യത്തില്‍ എത്രമാത്രം ജാഗ്രവത്താകാന്‍ കഴിഞ്ഞുവെന്ന ചോദ്യത്തിലേക്കാണ് ആലപ്പുഴ ജില്ലയില്‍ ഒരു പക്ഷേ നടന്നിരിക്കാന്‍ സാധ്യതയുള്ള ജി സുധാകരന്‍-വെള്ളാപ്പള്ളി നീക്കുപോക്കുകളുടെ രഹസ്യം കിടക്കുന്നത്.

ബിജെപി അവരുടെ കേമപ്പെട്ട നേതാക്കളെയൊക്കെയും തിരുവനന്തപുരത്തേക്ക് വിക്ഷേപിച്ചത് കേരള തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഏടുകളെ നമ്പിക്കൊണ്ടാണ്. അതിനും അപ്പുറം ഒ രാജഗോപാലെന്ന ഒരു പഴയ പാലക്കാട്ടുകാരന് തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ നല്‍കിയ സ്വീകാര്യതയും ഒരു നിമിത്തമായി. നേമത്ത് രാജഗോപാലും വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും കഴക്കൂട്ടത്ത് വി മുരളീധരനും മത്സരിക്കുമ്പോള്‍ തിരുവനന്തപുരം സെന്‍ട്രലില്‍ ശ്രീശാന്ത് എന്നൊരു കൊച്ചു പയ്യനേയും ശാസ്തമംഗലത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപിയെന്ന നടനേയും വച്ച് ചുരുങ്ങിയത് രണ്ട് താമരയെങ്കിലും വിരിയിക്കാനുള്ള ശ്രമമാണ് നടന്നത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള വിശകലനത്തില്‍ ബിജെപി നേതാക്കള്‍ തന്നെ അന്തം വിട്ടു നില്‍ക്കുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത്. 91-ല്‍ മഞ്ചേശ്വരത്ത് സിപിഐഎം ജാഗ്രവത്തായപ്പോള്‍ വടകരയിലും ബേപ്പൂരിലും പാര തന്ന കോണ്‍ഗ്രസ് ഇത്തവണയും അതാവര്‍ത്തിച്ചോയെന്നാണ് അവരും ചുഴിഞ്ഞാലോചിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ ചോദ്യങ്ങളും നാളെ ഉച്ചയോടെ തീര്‍പ്പുണ്ടാകും.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍