UPDATES

യാത്ര

ആഡംബരക്കപ്പല്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക;നിങ്ങളുടെ സുരക്ഷയെങ്കിലും

Avatar

ക്രിസ്റ്റഫര്‍ എലിയറ്റ് 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പാറ്റ് ബുസോവികിയുടെ ഈസ്‌റ്റേണ്‍ കരീബിയന്‍ ക്രൂയിസ് യാത്ര അവസാനിച്ചത് ഒരു പേടിസ്വപ്നം പോലെയാണ്.

ഒരു വൈകുന്നേരം അതിലെ വാട്ടര്‍ സ്ലൈഡില്‍ ഊര്‍ന്നിറങ്ങിയ പാറ്റ് അപകടകരമായ ഒരിടത്ത് കുടുങ്ങിപ്പോയി. ‘എനിക്ക് പുറത്തിറങ്ങാന്‍ പറ്റിയില്ല’, ഒഹായോയിലെ റിട്ടയര്‍ ചെയ്ത ഈ ലൈബ്രേറിയന്‍ പറയുന്നു.  ജീവനക്കാര്‍ തന്നെ സഹായിച്ചില്ലെന്നും അവരുടെ സഹോദരി നിലവിളിച്ചപ്പോള്‍ മറ്റൊരു സഹയാത്രികനാണ് വെള്ളത്തിലേയ്ക്ക് എടുത്തുചാടി തന്നെ രക്ഷിച്ചതെന്നും അവര്‍ ഓര്‍മ്മിക്കുന്നു.

ബുസോവികിയും കൂടെയുണ്ടായിരുന്ന മറ്റു സഹയാത്രികരും കരുതുന്നത് യാത്രികരുടെ സുരക്ഷയ്ക്ക് വേണ്ടി ആവശ്യമുള്ള കാര്യങ്ങളൊന്നും ആഡംബരക്കപ്പല്‍ ലൈനുകള്‍ ചെയ്യുന്നില്ല എന്നാണ്. ആഡംബരക്കപ്പല്‍ വ്യവസായം തന്നെ ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഉപഭോക്തൃ സംഘടനകള്‍ കൂടുതല്‍ സുരക്ഷാനടപടികളും നിയമങ്ങളും ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. കപ്പലിലെ ഡോക്ടറെ കണ്ട ബുസോവിക്കി മനസിലാക്കിയത് അവര്‍ അപകടകരമായ രീതിയില്‍ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നുവെന്നാണ്. അവധിക്കാലത്തിന്റെ ബാക്കിഭാഗത്തിന്റെ രസം കെടുത്താന്‍ ഇത് കാരണമായി. ആഡംബരക്കപ്പല്‍ സംഘം ഇതിനു നഷ്ടപരിഹാരം നല്‍കാത്തതില്‍ അവര്‍ക്ക് നിരാശയുമുണ്ട്.

ഒരു ഇമെയില്‍ സന്ദേശത്തില്‍ കാര്‍ണിവല്‍ എന്ന ആഡംബരക്കപ്പല്‍ അവര്‍ക്ക് ‘അതിയായ ഖേദമുണ്ടെന്ന്’ അറിയിച്ചു. എന്നാല്‍ കരയിലുള്ള വാട്ടര്‍സ്ലൈഡുകളില്‍ ഉപയോഗിക്കുന്ന അതെ സുരക്ഷാനടപടികള്‍ അവര്‍ സ്വീകരിച്ചിരുന്നു എന്ന് അതോടൊപ്പം അടിവരയിടുകയും ചെയ്യുന്നു. ‘ഞങ്ങളുടെ സന്ദര്‍ശകരുടെ സുരക്ഷയ്ക്ക് ഞങ്ങളുടെ ഏറ്റവും വലിയ ശ്രദ്ധ. എല്ലാവര്‍ക്കും ഓര്‍ത്തുവയ്ക്കാന്‍ പറ്റുന്ന മികച്ച അവധിക്കാലം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം.’, കമ്പനി പറയുന്നു. ഇതിനോടൊപ്പം ‘ഒരു സന്തോഷത്തിന്’ കാര്‍ണിവല്‍ കമ്പനി അവര്‍ക്ക് നൂറു ഡോളറും നല്‍കി.

ഒരു കാര്‍ണിവല്‍ പ്രതിനിധി എന്നോട് പറഞ്ഞത് ബുസോവിക്കിയുടെ കേസില്‍ അവര്‍ എല്ലാ നിയമങ്ങളും പാലിച്ചുവെന്നാണ്. ഷിപ്പിലെ സ്ലൈഡുകള്‍ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നുവെന്ന് മാത്രമല്ല, അവര്‍ പറയുന്ന തരം ഒരു അപകടസ്ഥലം ഉണ്ടാവുക സാധ്യവുമല്ലത്രേ. മാത്രമല്ല ഈ പറയുന്ന സ്ലൈഡ് തീരുന്നയിടത്ത് സദാസമയവും നാലുടീം അംഗങ്ങളെങ്കിലും ഉണ്ടാവുകയും ചെയ്യും. ‘ഞങ്ങളുടെ മെഡിക്കല്‍ ടീമും ഞങ്ങളുടെ ഗെസ്റ്റ് സര്‍വീസ് സ്റ്റാഫും അങ്ങേയറ്റം കരുതലോടെയാണ് അവരെ പരിചരിച്ചത്. അവര്‍ പരാതിപ്പെട്ട അപകടത്തെപ്പറ്റി അന്വേഷിക്കുകയും ചെയ്തു.’, കാര്‍ണിവല്‍ വക്താവ് ജെന്നിഫര്‍ ദെലാ ക്രൂസ് പറയുന്നു. ‘ആഡംബരക്കപ്പല്‍ യാത്ര അവസാനിച്ചശേഷവും ഗസ്റ്റ് സര്‍വീസ് ടീം അവരോടു സംസാരിക്കുകയും ചെയ്തിരുന്നു.’

സ്ഥിരമായി യാത്രക്കാരുടെ പരാതികള്‍ ഉയരാറുണ്ടെങ്കിലും ആഡംബരക്കപ്പല്‍ വ്യവസായം പറയുന്നത് യാത്രകള്‍ സുരക്ഷിതമാണെന്നാണ്. സ്ഥിരം പരാതികള്‍ ഉള്‍പ്പെടുത്തി ഒരു ‘പാസഞ്ചര്‍ ബില്‍ ഓഫ് റൈറ്റ്‌സ്’ കമ്പനികള്‍ കൊണ്ടു വന്നത് ഗവണ്‍മെന്റ് നടപടികള്‍ ഉണ്ടായേക്കുമെന്ന് കരുതിയാണ്. ലഭ്യമായ ഭക്ഷണമോ വെള്ളമോ മരുന്നുകളോ തൃപ്തികരമല്ല എന്ന് തോന്നിയാല്‍ യാത്രക്കാര്‍ക്ക് കപ്പലില്‍ നിന്ന് പുറത്തുപോകാനുള്ള അവകാശമാണ് ഇത് നല്‍കുന്നത്. മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍ കൊണ്ട് മുടങ്ങിപ്പോയ യാത്രയ്ക്ക് മുഴുവന്‍ പണവും തിരികെ ലഭിക്കും, മുഴുവന്‍ സമയ വൈദ്യസഹായവും ലഭ്യമാക്കും.

എന്നാല്‍ ഒരുവര്‍ഷത്തിലേറെയായി നിലവിലുള്ള ഈ സ്വയം നിര്‍മ്മിത ബില്‍ ഓഫ് റൈറ്റ്‌സ് സത്യത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടോ? ചില വ്യവസായ നിരീക്ഷകര്‍ക്ക് സംശയമുണ്ട്. ‘ബില്‍ ഓഫ് റൈറ്റ്‌സ് യാത്രക്കാര്‍ക്ക് പ്രത്യേക അവകാശങ്ങളൊന്നും നല്‍കുന്നില്ല. അതൊരു പിആര്‍ നീക്കം മാത്രമാണ്.’, ഇന്റര്‍നാഷണല്‍ ആഡംബരക്കപ്പല്‍ വിക്റ്റിം അസോസിയേഷന്റെ ചെയര്‍മാന്‍ കേന്ദാല്‍ കാര്‍വര്‍ പറയുന്നു.

ആഡംബരക്കപ്പല്‍ പാസഞ്ചര്‍ സംരക്ഷണ ആക്റ്റ് എന്നൊരു നിയമം ഉണ്ടാകുന്നതിനെ ആഡംബരക്കപ്പല്‍ കമ്പനികള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്താണ്? ഈ ബില്‍ വന്നാല്‍ യാത്രികര്‍ക്ക് കൃത്യമായ കോണ്‍ട്രാക്റ്റുകളും നിയമ പരിരക്ഷകളും വിവരിക്കേണ്ടിവരും. കപ്പല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതില്‍ ഗവണ്മെന്റിനു കൂടുതല്‍ ഉത്തരവാദിത്തം വരും. കപ്പലുകളില്‍ നടക്കുന്ന കുറ്റാരോപണങ്ങള്‍ പൊതുസമൂഹത്തില്‍ വെളിച്ചത്ത് വരും. ഇപ്പോള്‍ അന്വേഷണത്തിന്റെ പരിധിയിലില്ലാത്ത കേസുകളെപ്പറ്റിയുള്ള വിവരങ്ങള്‍ മാത്രമാണ് എഫ്ബിഐ പുറത്തുവിടുന്നത്. യാത്രക്കാരുടെ ധാരണ ക്രൂയിസുകളില്‍ കുറ്റകൃത്യങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നാണ്.

പരിഗണനയിലുള്ള നിയമത്തെ ഇല്ലാതാക്കാന്‍ ഇന്‍ഡസ്ട്രിയുടെ ഈ സ്വയം നിയന്ത്രണ ശ്രമങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ബില്ലിന്റെ സ്‌പോണ്‍സറായ സെനറ്റര്‍ ജേ റോക്കഫെല്ലര്‍ ഈ ബില്ലിനെ ഉടന്‍ സംഭവിക്കാന്‍ പോകുന്ന കോസ്റ്റ് ഗാര്‍ഡ് റീ ഓതറൈസേഷന്‍ ബില്ലിന്റെ ഭാഗമാക്കാനുള്ള ഒരുക്കത്തിലാണ്.

യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആഡംബരക്കപ്പല്‍ പാസഞ്ചര്‍ സംരക്ഷണ ബില്‍ അത്യാവശ്യമാണെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പോളിസിയില്‍ പ്രത്യക ശ്രദ്ധ നല്‍കുന്ന ബോസ്റ്റണ്‍ അറ്റോര്‍ണിയായ എഡ്വാര്‍ട് ബാസറ്റ് ജൂനിയര്‍ പറയുന്നു. ചില സുരക്ഷാ നിയമങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നും യാത്രികരുടെ സുരക്ഷയ്ക്ക് വേണ്ടിയല്ല, കൂടുതല്‍ കപ്പലുകളുടെ നിര്‍മ്മാണം സാധ്യമാക്കാന്‍ വേണ്ടിയായിരുന്നു ആ നിയമമെന്നും അദ്ദേഹം പറയുന്നു. ‘മുന്‍കാലങ്ങളില്‍ കോടതികള്‍ കപ്പല്‍ ഉടമയെ അനുകൂലിക്കുന്ന നടപടികളാണ് എടുത്തിരുന്നത്. ഈ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് സംരക്ഷണവും നിയമപരമായ അവകാശങ്ങളും നല്‍കുന്ന രീതിയില്‍ പുതിയ നിയമ ഭേദഗതികള്‍ വരേണ്ടതാണ്.’

എന്നാല്‍ ആഡംബരക്കപ്പല്‍ വ്യവസായം ഇതിനോട് വിസമ്മതിക്കുന്നു. ‘ആഡംബരക്കപ്പല്‍ യാത്രിക സംരക്ഷണ ആക്റ്റ് ഈ വ്യവസായത്തെ തകര്‍ക്കാന്‍ വേണ്ടി ഒരു പരിഹാരത്തിന്റെ പ്രശ്‌നം കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. നികുതിദാതാക്കളുടെ പണം ഉപയോഗിച്ച് പുതിയ ഫെഡറല്‍ ഭരണ സമ്പ്രദായങ്ങള്‍ ഉണ്ടാക്കുകയാണ് ഉദ്ദേശം. ഇതിനോടൊപ്പം ആഡംബരക്കപ്പല്‍ യാത്രയുടെ വിലയും കൂട്ടിയേക്കും.’, ക്രൂയിസ്ലൈന്‍സ് ഇന്റര്‍നാഷണല്‍ അസോസിയേഷന്റെ വക്താവായ മൈക്കല്‍ മക്ഗാരി പറയുന്നു.

ഇതിലെ സത്യം മനസിലാക്കാന്‍ ബുദ്ധിമുട്ട് തോന്നിയാലും കപ്പല്‍ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ചില കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും. മെഡിക്കല്‍ പരിരക്ഷകളുള്ള ഒരു ഇന്‍ഷുറന്‍സ് പോളിസിയെടുക്കുക, അസുഖം വന്നാല്‍ നിങ്ങള്‍ക്ക് അതിവേഗം നാട്ടിലെത്താന്‍ കഴിയും. കപ്പലുകളിലെ വൈദ്യ പരിരക്ഷ എത്രയായാലും അമേരിക്കന്‍ സ്റ്റാന്‍േഡര്‍ഡിനനുസൃതമാകില്ല. കയ്യില്‍ കാമറ കരുതുക. എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ തെളിവിനായി ചിത്രങ്ങള്‍ എടുക്കുക. കപ്പലുകളില്‍ പ്രധാനയിടങ്ങളില്‍ വീഡിയോടേപ്പ് ഉണ്ടാകും. എന്നാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് പരിശോധിക്കാന്‍ കഴിയണമെന്ന് നിര്‍ബന്ധമില്ല!- മാരിടൈം അഭിഭാഷകനായ ജാക്ക് ഹിക്കി പറയുന്നു. ‘എല്ലാ സാക്ഷികളുടെയും മുഴുവന്‍ പേരും വിലാസവും ഇമെയില്‍ അഡ്രസും സെല്‍ നമ്പരുകളും ശേഖരിക്കുക.’

ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്താനും ബില്ലിംഗ് പ്രശ്‌നങ്ങളോ യാത്രാപദ്ധതികളോ ഒക്കെ തീരുമാനിക്കുന്നതില്‍ ഇടപെടാനും ഗവണ്‍മെന്റ് റെഗുലേട്ടര്‍മാര്‍ക്ക് ഇപ്പോള്‍ അധികാരമുണ്ടാകില്ല. എന്നാല്‍ അവര്‍ അതിനു ശ്രമിക്കുന്നുണ്ട്. ഫെഡറല്‍ മാരിടൈം കമ്മീഷന് അധികമാര്‍ക്കും അറിയാത്ത ഒരു ക്രൂയിസ് പാസഞ്ചര്‍ അസിസ്റ്റന്‍സ് പ്രോഗ്രാമുണ്ട്. യാത്രികര്‍ക്ക് വേണ്ടി ക്രൂയിസ് ലൈനിനോട് സംസാരിക്കുകയും പ്രശ്‌നപരിഹാര ശ്രമങ്ങള്‍ നടത്തുകയും ചെയ്യാന്‍ ഇവര്‍ ശ്രമിക്കും. [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ഇവരെ സമീപിക്കാവുന്നതാണ്. മികച്ച ഒരു ട്രാവല്‍ എജന്റിനും കാര്യമായ ഇടപെടലുകള്‍ നടത്താനാകും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍