UPDATES

വിദേശം

ഇതായിരിക്കാം ഏറ്റവും അഴിമതി നിറഞ്ഞ അമേരിക്കന്‍ പട്ടണം

Avatar

മാറ്റ് സാപോടോസ്‌കി
(വാഷിങ്ടണ്‍ പോസ്റ്റ്)

സാന്‍ അന്റോണിയോയ്ക്ക് 120 മൈല്‍ അകലെയുള്ള ഈ ചെറുപട്ടണത്തിലെ തെരുവുകളില്‍ നായ്ക്കളുടെ സംഘങ്ങള്‍ അലയുന്നു. ആളൊഴിഞ്ഞ വീടുകളും കച്ചവടസ്ഥാപനങ്ങളും ജനാലകള്‍ പോലും കമ്പികള്‍ കൊണ്ടോ ബോര്‍ഡുകള്‍ കൊണ്ടോ മറച്ചിരിക്കുന്നു. പട്ടണത്തെ നയിക്കേണ്ട പ്രാദേശിക ഭരണകൂടത്തില്‍ ക്രിമിനല്‍ കേസുകളില്ലാത്ത ഒരേയൊരു അംഗമേയുള്ളൂ. സിറ്റി മാനേജര്‍ കേസില്‍ കുടുങ്ങി സസ്‌പെന്‍ഷിലാണ്. ഇടക്കാലത്ത് ചില താമസക്കാര്‍ക്ക് ലഭിച്ച വെള്ളത്തിന് കറുപ്പുനിറമായിരുന്നു.

‘പാവം പട്ടണം എന്നേ പറയാനാകൂ,’ സിറ്റി ഹാളിനു മുന്നില്‍ വെള്ളം നിറച്ച പ്ലാസ്റ്റിക് ജഗ്ഗുകള്‍ ശേഖരിക്കാന്‍ കാത്തുനില്‍ക്കുന്ന തോമസ് സാലസ്,55, പറയുന്നു. ‘ ഇവിടെ നന്മയുമുണ്ട്. പക്ഷേ അതു കണ്ടെത്തണമെങ്കില്‍ കഠിനമായി അന്വേഷിക്കണം.’

ദാരിദ്ര്യത്തിന്റെയും രാഷ്ട്രീയ അഴിമതിയുടെയും സംയോജനം ക്രിസ്റ്റല്‍ സിറ്റിയെ നശിച്ചുപോയ ചെറുപട്ടണങ്ങളുടെ ദേശീയ ചിഹ്നമാക്കുന്നു. സ്വജനപക്ഷപാതത്താല്‍ പൊറുതിമുട്ടിയ ഈ പ്രദേശത്തെ കുറച്ചെങ്കിലും രക്ഷിച്ചെടുക്കാന്‍ എഫ്ബിഐയ്ക്ക് ഇവിടെ നൂറോളം ഏജന്റുമാരെ നിയമിക്കേണ്ടിവന്നു.

‘മറ്റ് പട്ടണങ്ങളുടെയും നഗരങ്ങളുടെയും മുനിസിപ്പല്‍ കോര്‍പറേഷനുകളുടെയും കണ്ണ് തുറപ്പിക്കാനുള്ള ഒരു അവസരമാണിതെങ്കില്‍ ദൈവത്തിനു നന്ദി,’ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്ത ഏക കൗണ്‍സിലര്‍ ജോയല്‍ ബാരാജാസ് പറയുന്നു.

രാജ്യത്തെമ്പാടുമുള്ള ചെറുപട്ടണങ്ങളില്‍ എഫ്ബിഐ അഴിമതിക്കെതിരെ പോരാടാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ടെക്‌സസിന്റെ തെക്കും പടിഞ്ഞാറും പ്രദേശങ്ങളില്‍ പ്രശ്‌നം കൂടുതല്‍ വഷളാകുകയാണുണ്ടായത്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ അഴിമതി ആരോപണങ്ങളില്‍ കുരുങ്ങിയ പ്രാദേശിക ഭരണകര്‍ത്താക്കള്‍, പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ മറിച്ചുവിറ്റ നിയമപാലകര്‍, അനുകൂലമായ വിധി പ്രസ്താവിക്കാന്‍ കൈക്കൂലി വാങ്ങിയ ജഡ്ജി എന്നിങ്ങനെ എഫ്ബിഐ പിടികൂടിയവര്‍ നിരവധിയാണ്. എഫ്ബിഐയുടെ സാന്‍ അന്റോണിയോ ഡിവിഷന്‍ 2012ല്‍ 23 അഴിമതിക്കേസുകളാണ് അന്വേഷിച്ചത്. 2013ല്‍ ഇത് 51 ആയി. 2014ല്‍ 64 ആയിരുന്നു കേസുകള്‍.


മുന്‍ മേയര്‍ റിക്കാര്‍ഡോ ലോപസ്

പ്രോസിക്യൂട്ടര്‍മാരുടെ അഭിപ്രായമനുസരിച്ച് ഫെബ്രുവരിയില്‍ ക്രിസ്റ്റല്‍ സിറ്റിയില്‍ കൗണ്‍സില്‍ അംഗങ്ങളുടെ പ്രധാനപരിപാടി പരസ്പരം കൈക്കൂലി വാങ്ങാന്‍ സഹായം ചെയ്യലായിരുന്നു. സര്‍ക്കാരുമായി എന്തെങ്കിലും ഇടപാട് നടത്താന്‍ വരുന്നവരൊക്കെ കൈക്കൂലി നല്‍കേണ്ട അവസ്ഥ. ഒരാള്‍ക്ക് നിയമവിരുദ്ധമായ ഒരു സൈഡ് ബിസിനസുമുണ്ടായിരുന്നു: അനധികൃത കുടിയേറ്റക്കാരെ കടത്തിവിടുക.

ദക്ഷിണ ടെക്‌സസിലെ അധികാരികള്‍ സര്‍ക്കാര്‍ ദുര്‍വൃത്തരാകുന്നതിനുള്ള ഘടകങ്ങള്‍ക്കെതിരെ പോരാടുകയാണെന്ന് എഫിബിഐയുടെ സാന്‍ അന്റോണിയോ ഡിവിഷനിലെ അസിസ്റ്റന്റായ റോബ് സാലി പറയുന്നു. ചെറുപട്ടണങ്ങള്‍ അതിര്‍ത്തികളോട് അടുത്താണ്. ഇവിടെ മെക്‌സിക്കന്‍ മയക്കുമരുന്നു വ്യാപാരികള്‍ അവരുടെ വ്യാപാരം സുഗമമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നു. താമസക്കാരാകട്ടെ വളരെ പാവപ്പെട്ടവരും. കള്ളക്കടത്തുകാര്‍ വഴിയോ, സ്‌റ്റേറ്റ് ഗ്രാന്റുകള്‍ വഴിയോ മറ്റേതെങ്കിലും സ്രോതസില്‍നിന്നോ പണം വരുമ്പോള്‍ ശമ്പളം കിട്ടാത്ത തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ അതില്‍നിന്നു ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നു.

‘അഞ്ഞൂറോ ആയിരമോ ഡോളര്‍ വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ അവരെ സംബന്ധിച്ച് അതൊരു വലിയ തുകയാണ്,’ സാലി പറയുന്നു.

പല കൗണ്‍സില്‍ അംഗങ്ങളെയും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ക്രിസ്റ്റല്‍ സിറ്റിയിലെ താമസക്കാര്‍ പരാതി നല്‍കിയപ്പോഴാണ് എഫ്ബിഐ എത്തിയത്. എന്നാല്‍ കൗണ്‍സില്‍ അംഗങ്ങളെ നീക്കുക എളുപ്പമായിരുന്നില്ല. ഒരു തിരിച്ചുവിളിക്കല്‍ തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ ക്വോറം തികയാന്‍ കുറഞ്ഞത് മൂന്ന് അംഗങ്ങള്‍ ഹാജരുണ്ടാകണം. ഇതുവരെ അത് സാധ്യമായിട്ടില്ല. മൂന്നുപേര്‍ ഹാജരാകണമെന്നും തിരഞ്ഞെടുപ്പ് മേയില്‍ നടത്തണമെന്നും ഒരു ജഡ്ജി ഉത്തരവിട്ടതായി കേസിലെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.

പട്ടണത്തിലെ ദൈനംദിനകാര്യങ്ങള്‍ നടത്താന്‍ ചുമതലപ്പെട്ടവര്‍ – പൊലീസ് തലവന്‍, സിറ്റി ഫിനാന്‍സ് ഡയറക്ടര്‍, സിറ്റി ക്ലര്‍ക്ക്, വേസ്റ്റ് വാട്ടര്‍ സൂപ്രണ്ട് – പറയുന്നത് അവര്‍ നിയമം നടപ്പാക്കാനും സിറ്റി സര്‍വീസുകള്‍ നടത്തിക്കൊണ്ടുപോകാനും ശ്രമിക്കുന്നു എന്നാണ്. സിറ്റി ഹാളിലെ കാര്യങ്ങളെപ്പറ്റി ദീര്‍ഘകാലമായി പരാതിയുണ്ടെന്നും എഫ്ബിഐ ഉദ്യോഗസ്ഥര്‍ കൗണ്‍സില്‍ അംഗങ്ങളുടെ വീടുകളിലും മറ്റും തിരച്ചില്‍ നടത്തുന്നത് സ്വാഗതാര്‍ഹമാണെന്നുമാണ് പട്ടണത്തിലെ താമസക്കാരുടെ നിലപാട്. സിറ്റി ഹാളില്‍ ഏജന്റുമാര്‍ തിരച്ചില്‍ നടത്തുമ്പോള്‍ ചില താമസക്കാര്‍ അവര്‍ക്കു പിന്തുണയുമായി മുദ്രാവാക്യം മുഴക്കിയെന്നു സാലി പറയുന്നു.

‘ആദ്യദിനം മുതല്‍ അവരെല്ലാം മോശം കാര്യങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്നു ഞാന്‍ കേള്‍ക്കുന്നു,’ കൗണ്‍സില്‍ യോഗങ്ങളില്‍ പതിവായി പങ്കെടുക്കുന്ന എലോയ് വെര ജൂനിയര്‍ പറയുന്നു. കൗണ്‍സിലിലേക്ക് മല്‍സരിക്കണമെന്നാണ് എലോയുടെ ആഗ്രഹം. ‘ ജനങ്ങള്‍ ഖിന്നരാണ്. അവരെ പുറത്താക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.’

‘ ലോകത്തിന്റെ ചീരയുടെ തലസ്ഥാനം’ എന്നറിയപ്പെടുന്ന ക്രിസ്റ്റല്‍ സിറ്റി സിറ്റി ഹാളിനു മുന്നില്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ പോപെയെയുടെ പ്രതിമയുണ്ട്. വര്‍ഷം തോറും ചീരയെ ആദരിക്കാന്‍ ആഘോഷവും നടക്കുന്നു. സ്പാനിഷ് സംസാരിക്കുന്ന നിവാസികളില്‍ ഭൂരിപക്ഷവും എണ്ണപ്പാടങ്ങളിലും ഡെല്‍ മോണ്ടെ പ്ലാന്റിലും സ്‌കൂളുകളിലും ജോലി ചെയ്യുന്നു.

രാജ്യത്ത് വന്‍ നഗരങ്ങളിലും അഴിമതി നടക്കുന്നുണ്ട്. ടെക്‌സസിന്റെ പടിഞ്ഞാറന്‍ ജില്ലയ്ക്കുവേണ്ടിയുള്ള യുഎസ് അറ്റോര്‍ണി റിച്ചാര്‍ഡ് ഡര്‍ബിന്റെ അഭിപ്രായപ്രകാരം ടെക്‌സസ് കേസുകളില്‍ ഉള്‍പ്പെടുന്ന പണത്തിന്റെ അളവ് മറ്റുള്ള പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിസാരമാണ്. എന്നാല്‍ കൊച്ചുപട്ടണങ്ങളിലെ ഉദ്യോഗസ്ഥരെപ്പോലും പ്രോസിക്യൂട്ട് ചെയ്യുന്നുണ്ടെന്ന് ഡര്‍ബിന്‍ പറയുന്നു. ‘ കാരണം വെറുതെ വിട്ടാല്‍ അവരുടെ അഴിമതി വര്‍ധിക്കുകയും അവരെ തിരഞ്ഞെടുത്തവരുടെമേല്‍ അതിന് പ്രത്യാഘാതങ്ങളുണ്ടാകുകയും ചെയ്യും.’

‘നാം നല്ല ഭരണമെന്നു കരുതുന്ന വ്യവസ്ഥിതിയെ അത് ഇല്ലാതാക്കും. അതാണ് അഴിമതിയെ വളരെ നിരാശാജനകമാക്കുന്നത്.’

സാധാരണനിലയില്‍ മേയറും മേയര്‍ പ്രോടെമും (വൈസ് മേയര്‍) ഉള്‍പ്പെട്ട അഞ്ചംഗ കൗണ്‍സിലിനാണ് ക്രിസ്റ്റല്‍ സിറ്റിയുടെ ഭരണാധികാരം. ഇവരില്‍ ഒരാളായ മാര്‍ക്കോ റോഡ്രിഗ്യൂസിനെ ജനുവരിയില്‍ അനധികൃത കുടിയേറ്റക്കാരെ കടത്തുന്നതുമായ ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തു. സാന്‍ അന്റോണിയയിലേക്കുള്ള യാത്രകള്‍ക്ക് 500 ഡോളര്‍ മുതല്‍ 1400 ഡോളര്‍ വരെയാണ് റോഡ്രിഗ്യൂസ് വാങ്ങിയിരുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഫെബ്രുവരിയില്‍ മൂന്നുപേര്‍കൂടി എഫ്ബിഐയുടെ വലയില്‍ കുരുങ്ങി. ഇവര്‍ക്കുപുറമെ കൗണ്‍സില്‍ മുന്‍ അംഗവും സിറ്റി മാനേജരും കുറ്റാരോപിതനാണ്. രണ്ടുപേര്‍ – മേയര്‍ റിക്കാര്‍ഡോ ലോപസും കൗണ്‍സില്‍ അംഗം റോയല്‍ മാറ്റയും – രാജിവച്ചു. മറ്റുള്ളവര്‍ തിരിച്ചുവിളിക്കല്‍ ഭീഷണി നേരിടുകയാണ്.

2015ല്‍ മല്‍സരിക്കുമ്പോള്‍ത്തന്നെ കൗണ്‍സിലില്‍ അഴിമതിയുണ്ടാകുമെന്ന സംശയമുണ്ടായിരുന്നുവെന്ന് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്ത ഏക കൗണ്‍സിലര്‍ ബാരജാസ് പറയുന്നു. എന്നാല്‍ അതിന്റെ സാധ്യതകള്‍ എത്രയധികമാണെന്ന് ഊഹമുണ്ടായിരുന്നില്ല. ബരാജാസ് പരാജയപ്പെട്ടിരുന്നെങ്കില്‍ കൗണ്‍സിലിലെ മുഴുവന്‍ അംഗങ്ങളും കേസുകളില്‍പ്പെട്ടവരാകുമായിരുന്നു. ബാരജാസിന്റെ എതിരാളി ഗില്‍ബര്‍ട്ട് ഉറാബാസോയും കുറ്റാരോപിതരില്‍പ്പെടുന്നു.

‘എങ്ങനെയാണ് ഇങ്ങനെയായതെന്ന് എനിക്കറിയില്ല. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയായി. അധികാരം മോശം കാര്യങ്ങള്‍ക്ക് ഉപയോഗിച്ച ആളുകളുണ്ടായിരുന്നു എന്നതാണ് പ്രധാനകാരണം. ഞാന്‍ മറ്റുള്ള അംഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.’

ക്രിസ്റ്റല്‍ സിറ്റി മാനേജര്‍ വില്യം ജയിംസ് ജോനാസ് മൂന്നാമനും ലോപസും ചേര്‍ന്ന് ഗോക് ട്രി ഗ്വെന്‍ എന്നയാളെ ഒരു നിയമവിരുദ്ധ ചൂതാട്ടകേന്ദ്രം സ്ഥാപിക്കാന്‍ സഹായിച്ചു എന്ന് കുറ്റപത്രം പറയുന്നു. ഇയാള്‍ക്ക് നികുതി ഇളവുകള്‍ നല്‍കുകയും പരിശോധനകള്‍ പാസാകാന്‍ സഹായിക്കുകയും മറ്റൊരു ചൂതാട്ടകേന്ദ്രം അടച്ചുപൂട്ടുകയും ചെയ്തു. പ്രത്യുപകാരമായി 6000 ഡോളറാണ് ലോപസ് ഗോക്കില്‍നിന്നു വാങ്ങിയത്.

പണത്തിനുപകരം സമ്മാനങ്ങള്‍ നല്‍കിയിരുന്ന തന്റെ നിയമാനുസൃത ചൂതാട്ടകേന്ദ്രം കൗണ്‍സില്‍ അടച്ചുപൂട്ടിയതായി മുന്‍ കൗണ്‍സില്‍അംഗവും മേയറുമായ മരിയ റിവേര പറയുന്നു. ഇതിന് കാരണമൊന്നും പറഞ്ഞതുമില്ല.

‘ഗോക്കിനായി എല്ലാവരെയും ഒഴിവാക്കാനായിരുന്നു അവരുടെ ശ്രമം.’

ഒരു കോണ്‍ട്രാക്ടറില്‍നിന്ന് ജോനാസ് 7791 ഡോളര്‍ വാങ്ങിയെന്നും എഫ്ബിഐ ആരോപിക്കുന്നു. ഇപ്പോഴത്തെയും മുന്‍പത്തെയും കൗണ്‍സില്‍ അംഗങ്ങളായ റോജെലിയോ മാറ്റ, റോയല്‍ മാറ്റ, ഉറാബസോ എന്നിവര്‍ ഇയാളില്‍നിന്ന് 4500 ഡോളര്‍ വാങ്ങി.

മറ്റൊരു സംഭവത്തില്‍ സിറ്റിയുമായി വാദിക്കാന്‍ ഒരു അറ്റോര്‍ണിയെ നിയോഗിക്കാന്‍ ജൊനാസ് ഒരു കോണ്‍ട്രാക്ടറോട് ആവശ്യപ്പെട്ടു. പിന്നീട് ഇതേ അഭിഭാഷകനോട് കോണ്‍ട്രാക്ടര്‍ നല്‍കുന്ന ഫീസിന്റെ ഒരുഭാഗം തനിക്കു നല്‍കണമെന്നും ആവശ്യപ്പെട്ടു.

കോണ്‍ട്രാക്ടര്‍ ആരാണെന്നു വെളിപ്പെടുത്താന്‍ സിറ്റി ക്ലര്‍ക്കും എഫ്ബിഐയും വിസമ്മതിച്ചു. ജോനാസിന് 200,000ഡോളര്‍ ശമ്പളമായി നല്‍കാനും കൗണ്‍സില്‍ അനുമതി നല്‍കി.

എഫ്ബിഐ അന്വേഷത്തിനു കാരണമായത് എന്താണെന്ന് വ്യക്തമല്ല. പക്ഷേ കേസ് അറിയാവുന്ന ഉദ്യോഗസ്ഥര്‍ പറയുന്നത് ഏജന്‍സി മൂന്നുവര്‍ഷമായി ഇത് അന്വേഷിക്കുകയാണെന്നാണ്. കുറ്റപത്രങ്ങള്‍ ക്രിസ്റ്റല്‍ സിറ്റിയുടെ പ്രശ്‌നങ്ങളുടെ തുടക്കം മാത്രമായിരുന്നു.

അടുത്ത ദിവസം പട്ടണത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളത്തിന് കറുപ്പുനിറമായിരുന്നു. വര്‍ഷങ്ങളായി വൃത്തിയാക്കാതിരുന്ന ഒരു ടാങ്കില്‍നിന്നുള്ള അഴുക്കാണ് വെള്ളത്തില്‍ കണ്ടതെന്നും ഇത് നീക്കം ചെയ്തുകഴിഞ്ഞെന്നും വെള്ളം ഇപ്പോള്‍ സുരക്ഷിതമാണെന്നും വേസ്റ്റ് വാട്ടര്‍ സൂപ്രണ്ട് കാര്‍ലോസ് റമിറെസ് പറയുന്നു.

രാജിവച്ച മേയര്‍ ലോപസിന്റെ അഭിപ്രായത്തില്‍ പട്ടണം വര്‍ഷങ്ങളായി അഴിമതിയിലായിരുന്നു. തന്റെ മുന്‍ സഹപ്രവര്‍ത്തകര്‍ ‘കോണ്‍ഫ്‌ളിക്റ്റ് ഓഫ് ഇന്ററസ്റ്റ്’ എന്താണെന്നു മനസിലാക്കിയില്ലെന്നും ലോപസ് പറയുന്നു. മേയില്‍ വീണ്ടും മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കാനാണ് ലോപസിന്റെ പരിപാടി. തുടര്‍ന്ന് ഗവര്‍ണര്‍ സ്ഥാനത്തേക്കും മല്‍സരിക്കും.

‘ ഈ ചെറുപട്ടണങ്ങള്‍ക്ക് സഹായം ആവശ്യമുണ്ട്.’ ലോപസ് പറയുന്ന കാരണമിതാണ്

മൂന്നു മില്യണ്‍ ഡോളറിന്റെ പൊതുഫണ്ടുള്ള ക്രിസ്റ്റല്‍ സിറ്റിയില്‍ ഇനി എന്തു സംഭവിക്കുമെന്നത് അവ്യക്തമാണ്. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള ശ്രമത്തില്‍ സ്ഥലവാസികളെ പ്രതിനിധീകരിക്കുന്ന ജാവിയെര്‍ വില്ലാലോബോസ് പറഞ്ഞത് ഇങ്ങനെയാണ്: തിരിച്ചുവിളിക്കാനുള്ള വോട്ടെടുപ്പിനുള്ള ജഡ്ജിയുടെ നിര്‍ദേശം കൗണ്‍സില്‍ അംഗങ്ങള്‍ അവഗണിച്ചാല്‍ ബുധനാഴ്ച രാവിലെ ഞാന്‍ കോടതി അലക്ഷ്യത്തിന് അവരെ ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കും.’

ടെക്‌സസിലെ ഒരു നിയമവും ക്രിസ്റ്റല്‍ സിറ്റി ഭരണകൂടത്തെ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അനുവാദം നല്‍കുന്നില്ലെന്ന് ടെക്‌സസ് മുനിസിപ്പല്‍ ലീഗ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബെന്നറ്റ് സാന്‍ഡ്‌ലിന്‍ പറയുന്നു.

‘ അക്ഷരാര്‍ത്ഥത്തില്‍ ഇതിനു പരിഹാരമൊന്നുമില്ല,’ മറ്റ് സിറ്റികളിലും ക്വോറം തികയാത്ത പ്രശ്‌നങ്ങള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി സാന്‍ഡ്‌ലിന്‍ പറഞ്ഞു. ‘ അടുത്ത തിരഞ്ഞെടുപ്പ് ഒഴിവുകള്‍ നികത്തുന്നതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ.’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍