UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫിഡലിന്റെ ജീവിതം; നാള്‍വഴികള്‍

Avatar

അഴിമുഖം പ്രതിനിധി 

ഇന്ന് അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്ട്രോയുടെ ജീവിതത്തിലൂടെ;

1926 ഓഗസ്റ്റ് 13- ഒരു സ്പാനിഷ് ഭൂഉടമയുടെ മകനായി കിഴക്കന്‍ ക്യൂബയിലെ ബിരാനില്‍ ജനനം.

1953 ജൂലൈ 26- സൈനിക ഏകാധിപതി ഫുല്‍ജന്‍സ്യോ ബാറ്റിസ്റ്റിക്കയ്ക്ക് എതിരായ സായുധ വിപ്ലവത്തിന് നേതൃത്വം കൊടുക്കുന്നു. സാന്റിയാഗോ ഡി ക്യൂബയിലെ മോണ്‍കാഡ സൈനിക താവളം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ അറസ്റ്റിലാവുന്നു.

1955 മേയ്- വിചാരണ വേളയില്‍ ‘ചരിത്രം എന്നെ കുറ്റവിമുക്തനാക്കും,’ എന്ന പ്രസിദ്ധ പ്രഖ്യാപനം. തുടര്‍ന്ന് മെക്‌സിക്കന്‍ തടവറയിലേക്ക്.

1956 ഡിസംബര്‍ 2- മറ്റ് 81 വിപ്ലവകാരികള്‍ക്കൊപ്പം, ‘ഗ്രാന്‍മ’ എന്ന പായ് വഞ്ചിയില്‍ ക്യൂബയിലെത്തുന്നു. മെക്‌സിക്കോയില്‍ നിന്നുള്ള കടല്‍യാത്രയില്‍ ഭൂരിപക്ഷവും മരിച്ചെങ്കിലും കാസ്‌ട്രോയും സഹോദരന്‍ റൗളും അര്‍ജന്റീനക്കാരന്‍ ഏര്‍ണസ്‌റ്റോ എന്ന ‘ചെ’ ഗുവേരയും ഉള്‍പ്പെടെ 12 പേര്‍ ബാക്കിയാവുന്നു. സിയറ മേസ്ട്ര മലനിരകളില്‍ തമ്പടിച്ച സംഘം ഭരണകൂടത്തിനെതിരായ ഒളിപ്പോരിന് തുടക്കം കുറിക്കുന്നു.

1959 ജനുവരി 1- ബാറ്റിസ്റ്റ പ്രാണഭീതിയോടെ ഡൊമനിക്കന്‍ റിപ്പബ്ലിക്കിലേക്ക് രക്ഷപ്പെടുന്നു.

1959 ജനുവരി 8- രാജ്യമെമ്പാടും യാത്ര ചെയ്ത് ജനകീയ അഭിവാദ്യങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഹവാനയില്‍ പ്രവേശിക്കുന്നു. സൈനീക ശക്തികളുടെ ‘കമാന്റന്റ്’ ആയി സ്ഥാനമേറ്റ കാസ്‌ട്രോ ക്യൂബയിലെ സാമ്പത്തിക, സാമൂഹിക പരിവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നു. കാര്‍ഷീക പരിഷ്‌കരണങ്ങള്‍ക്കും വിദേശ, സ്വദേശ വ്യാപരങ്ങള്‍ ദേശസാല്‍ക്കരിക്കുന്നതിനും മുന്‍തൂക്കം നല്‍കുന്നു.

1959 ഫെബ്രുവരി 13- പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നു

1961 ജനുവരി 3- ഹവാനയുമായുള്ള നയതന്ത്രബന്ധങ്ങള്‍ യുഎസ് വിച്ഛേദിക്കുന്നു

1961 ഏപ്രില്‍ 16- തന്റേത് സോഷ്യലിസ്റ്റ് വിപ്ലവമായിരുന്നു എന്ന് കാസ്‌ട്രോ പ്രഖ്യാപിക്കുന്നു.

1961 ഓഗസ്റ്റ് 16- ബേ ഓഫ് പിഗ്‌സില്‍ യുഎസിന്റെ പിന്തുണയോടെ ക്യൂബന്‍ വിമതര്‍ നടത്തിയ അധിനിവേശത്തെ തടയാന്‍ സേനയ്ക്ക് നേതൃത്വം നല്‍കുന്നു.

1962 ഫെബ്രുവരി 7- അമേരിക്ക ക്യൂബയ്‌ക്കെതിരെ സമ്പൂര്‍ണ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുന്നു.

1962 ഒക്ടോബര്‍- മിസൈല്‍ പ്രതിസന്ധി. സോവിയറ്റ് യൂണിയന്റെ ആയുധങ്ങളുടെ ക്യബയിലെ സാന്നിധ്യത്തിന്റെ പേരില്‍ മോസ്‌കോയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം വഷളാവുന്നു. ലോകം ആണവയുദ്ധത്തിന്റെ മുള്‍മുനയില്‍. എന്നാല്‍ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി നാവിക ഉപരോധം നടപ്പിലാക്കിയതോടെ മിസൈലുകള്‍ പിന്‍വലിക്കാന്‍ സോവിയറ്റ് യൂണിയന്‍ തീരുമാനിക്കുന്നു.

1965 ഒക്ടോബര്‍- ക്യാബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ച കാസ്‌ട്രോ ആദ്യ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നു.

1967 ഒക്ടോബര്‍ ഒമ്പത്- ബൊളീവിയയില്‍ ചെ ഗുവേരയെ സിഐഎ കൊല്ലുന്നു.

1971-80- ചിലി, പനാമ, നിക്കരാഗ്വ എന്നിവിടങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ആ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു.

1975- ദക്ഷിണാഫ്രിക്കന്‍ പിന്തുണയുള്ള വിമതര്‍ക്കെതിരെ പോരാടുന്ന അങ്കോളയിലെ ഇടതുപക്ഷ സര്‍ക്കാരിനെ സഹായിക്കാന്‍ സേനകളെ അയയ്ക്കുന്നു.

1976- ക്യൂബന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി തീരുമാനം ശരിവെക്കുന്നു.

1980, വേനല്‍- ക്യൂബയില്‍ നിന്നും പലായനം ചെയ്ത 125,000 ക്യൂബക്കാരെ അമേരിക്കയില്‍ എത്താന്‍ അനുവദിക്കുന്നു. ഭൂരിപക്ഷവും മരിയേല്‍ തുറമുഖത്തിലൂടെ പോയതിനാല്‍ മരിയേല്‍ ബോട്ട് ലിഫ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഭവം.

1991- സോവിയറ്റ് യൂണിയന്റെ തകര്‍ച്ച് ക്യൂബയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.

1993 ഓഗസ്റ്റ് 14- യുഎസ് ഡോളര്‍ ഉപയോഗിക്കുന്നതിലുള്ള നിരോധനം കാസ്‌ട്രോ സര്‍ക്കാര്‍ പിന്‍വലിക്കുന്നു. വിപ്ലവത്തെ രക്ഷിക്കാനെന്ന് സര്‍ക്കാര്‍ വ്യാഖ്യാനിച്ച നിരവധി നടപടികളില്‍ ഒന്ന്.

1994 ഓഗസ്റ്റ് അഞ്ച്- വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ കാസ്‌ട്രോ വിരുദ്ധ പ്രകടനത്തില്‍ നൂറുകണക്കിന് ഹവാന നിവാസികള്‍ കലാപകാരികളായി മാറുന്നു.

1994 ഓഗസ്റ്റ്-സെപ്തംബര്‍- ദൂര്‍ബലമായ കട്ടമരങ്ങളിലും ബോട്ടുകളിലും കേറി 35,000 ലേറെ ക്യൂബന്‍ പൗരന്മാര്‍ അമേരിക്കയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. തുടര്‍ന്ന് പ്രതിവര്‍ഷം 20,000 ക്യൂബക്കാര്‍ നിയമപരമായ വിസകള്‍ നല്‍കാമെന്ന കുടിയേറ്റ കരാര്‍ അമേരിക്കയുമായി ഒപ്പുവയ്ക്കുന്നു.

1996 ഫെബ്രുവരി 24- ക്യൂബയില്‍ നിന്നും പലായനം ചെയ്തവരുടെ സംഘമായ ബ്രദേഴ്‌സ് ഓഫ് റസ്‌ക്യൂവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ചെറിയ യുഎസ് വിമാനങ്ങള്‍ ഫ്‌ളാറിഡ കടലിടുക്കില്‍ വെച്ച് ക്യൂബ വെടിവെച്ചിടുന്നു. സംഭവത്തില്‍ നാല് വിമാനജീവനക്കാര്‍ കൊല്ലപ്പെടുന്നു.

1998 ജനുവരി 21-25- ക്യൂബയിലേക്ക് ആദ്യസന്ദര്‍ശനം നടത്തുന്ന മാര്‍പ്പാപ്പയായ പോപ് ജോണ്‍ പോളിനെ കാസ്‌ട്രോ സ്വീകരിക്കുന്നു.

1999 നവംബര്‍ 25-2000 ജൂണ്‍ 28- ഏലിയന്‍ ഗോണ്‍സലെസിന്റെ കസ്റ്റഡി പുരാണം. സ്വന്തം അമ്മ മരിച്ച കപ്പല്‍ഛേദത്തില്‍ നിന്നും രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ ഹവാനയില്‍ നിന്നുള്ള  ആറുവയസുകാരന്‍ ഏലിയന്‍ ഗോണ്‍സാലസിന്റെ മോചനത്തിനായി വ്യാപക യുഎസ് വിരുദ്ധ പ്രചാരണം നടത്തുന്നു. എലിയാന്‍ കുറച്ച് നാളുകള്‍ക്ക് ശേഷം ക്യൂബയില്‍ തിരികെ എത്തുന്നു.

2001 ജൂണ്‍ 23- പൊതുയോഗത്തില്‍ രണ്ടു മണിക്കൂറിലേറെ നീണ്ട പ്രസംഗം നടത്തുന്നതിനിടെ സൂര്യതാപവും തളര്‍ച്ചയും മൂലം കുഴഞ്ഞുവീഴുന്നു.

2002 ജൂണ്‍ 12- അമേരിക്കന്‍ സമ്മര്‍ദവും വിമതസ്വരങ്ങളും വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ സോഷ്യലിസ്റ്റ് സംവിധാനത്തിന്റെ സംരക്ഷണത്തിന് വേണ്ടി ഹവാന യുദ്ധമുഖത്ത് ഒരു മില്യണിലധികം ക്യൂബക്കാരുടെ പ്രകടനം സംഘടിപ്പിക്കുന്നു.

2002 ജൂണ്‍ 26- സോഷ്യലിസം ‘പിന്‍വലിക്കാനാവാത്ത’ ആശയമാണെന്ന് ഭരണഘടന ഭേദഗതിയിലൂടെ ക്യൂബ പ്രഖ്യാപിക്കുന്നു. തീരുമാനത്തിന് ദേശീയ അസംബ്ലിയുടെ പിന്തുണ.

2003 മാര്‍ച്ച് 18- വിമതര്‍ക്കെതിരെ കാസ്‌ട്രോ പരസ്യ നടപടികള്‍ സ്വീകരിക്കുന്നു: 75 ജനാധിപത്യവാദ പ്രവര്‍ത്തകരെയും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര വിമര്‍ശനത്തിന് കാരണമാകുന്നു.

2004 ഒക്ടോബര്‍ 20- സാന്ത ക്ലാരയിലെ ചെഗുവേര മ്യൂസോളിയത്തില്‍ നടത്തിയ പ്രഭാഷണത്തിന് ശേഷം തിരിച്ചിറങ്ങവേ പടികളില്‍ കാലിടറിയ കാസ്‌ട്രോയുടെ ഇടത് മുട്ടില്‍ പൊട്ടല്‍.

2006 ജൂലൈ 31- ആന്തരിക രക്തസ്രാവം തടയാന്‍ അടിയന്തിര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ അധികാരം സഹോദരന്‍ റൗളിന് കൈമാറാന്‍ നിര്‍ബന്ധിതനാകുന്നു.

2007 മാര്‍ച്ച് 29- ആഗോള പ്രശ്‌നങ്ങളെ കുറിച്ചും അമേരിക്കയെ കര്‍ശനമായി വിമര്‍ശിക്കുകയും ചെയ്യുന്ന നിരവധി ലേഖനങ്ങള്‍ എഴുതുന്നു.

2007 ഡിസംബര്‍ 17- അധികാരത്തില്‍ കടിച്ച് തൂങ്ങുകയോ പുതുതലമുറയുടെ വഴികളില്‍ തടസമായി നില്‍ക്കുകയോ ഇല്ല എന്ന് പ്രഖ്യാപിക്കുന്നു.

2008 ഫെബ്രുവരി 19- രാജ്യത്തിന്റെയോ സര്‍ക്കാരിന്റെയോ തലപ്പത്ത് ഇനി ഉണ്ടാവില്ലെന്ന് 19 മാസം പൊതുജനമധ്യത്തില്‍ നിന്നും വിട്ടുനിന്നശേഷമുള്ള കാസ്‌ട്രോയുടെ പ്രഖ്യാപനം.

2010 ജൂലൈ- രോഗബാധിതനായ ശേഷം പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യയോഗത്തില്‍ തന്നെ ഇറാനും വടക്കന്‍ കൊറിയയുമായുള്ള അമേരിക്കന്‍ ബന്ധത്തെ ചോദ്യം ചെയ്യുന്നു.

2010 ഓഗസ്റ്റ് 7- നാലു വര്‍ഷത്തിന് ശേഷം ആദ്യമായി ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നു. ഇറാനും വടക്കന്‍ കൊറിയയ്ക്കും എതിരായി സൈനീക നീക്കം നടത്തുന്നതിനെതിരെ അമേരിക്കയ്ക്കുള്ള മുന്നറിയിപ്പായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം.

2011 ഏപ്രില്‍ 19- ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയില്‍ നിന്നും ഫിദല്‍ രാജിവെക്കുന്നു. 

പിന്നീട് അന്താരാഷ്ട്ര ബന്ധങ്ങളില്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. 1964ല്‍ ആരംഭിച്ച കൊളമ്പിയന്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് നടന്ന ചര്‍ച്ചകളില്‍ ഹ്യൂഗോ ഷവേസിനൊപ്പം നിര്‍ണായക പങ്ക് വഹിച്ചത് കാസ്‌ട്രോ ആണെന്ന് പിന്നീട് വെളിപ്പെട്ടു. പ്രദേശത്ത് സമാധാനം നിലനിറുത്തുന്നതിന് യുഎസുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ തെറ്റില്ല എന്ന് 2015 ജനുവരിയില്‍ കാസ്‌ട്രോ അഭിപ്രായപ്പെട്ടു. പക്ഷെ തന്റെ ആജീവനാന്ത നിലപാടുകളില്‍ മാറ്റം വരുത്താന്‍ തൊണ്ണൂറാം വയസ്സിലും ആ മനുഷ്യന്‍ തയ്യാറായില്ല. 2016 സെപ്തംബറില്‍ യുഎസ് പ്രസിഡന്റ് ബാരക് ഒബാമ ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ തന്നെ കാണാനുള്ള ആഗ്രഹം ഫിദല്‍ നിരസിച്ചു. ‘ക്യൂബയ്ക്ക് ചക്രവര്‍ത്തിയുടെ സമ്മാനങ്ങള്‍ ആവശ്യമില്ല’ എന്നായിരുന്നു അദ്ദേഹം ഒബാമയ്ക്ക് കൊടുത്ത മറുപടി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍