UPDATES

എഡിറ്റര്‍

ആരോഗ്യരംഗത്തെ ക്യൂബന്‍ മാതൃക

Avatar

അഴിമുഖം പ്രതിനിധി

വിമര്‍ശകരെ സംബന്ധിച്ച് ഫിഡല്‍ കാസ്‌ട്രോ, വിമത ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്ന സ്വേച്ഛാധിപതിയാണ്. എന്നാല്‍ കാസ്‌ട്രോയുടെ ക്യൂബ ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും സൃഷ്ടിച്ച മഹത്തായ മാതൃക ആര്‍ക്കും അവഗണിക്കാനാവില്ല. യൂണിസെഫിന്‌റെ കണക്ക് പ്രകാരം ക്യൂബയിലെ യുവാക്കളില്‍ 100 ശതമാനവും സാക്ഷരരാണ്. വിപ്ലവശേഷമുള്ള ആദ്യകാലത്താണ് വിദ്യാഭ്യാസരംഗത്തെ ഭൂരിഭാഗം നേട്ടങ്ങളുമുണ്ടായത് എന്നത് വസ്തുതയാണ്.

വിദ്യാഭ്യാസരംഗത്തേക്കാള്‍ ക്യൂബ ആഗോള ശ്രദ്ധനേടിയത് അത് സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്കും മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കും നല്‍കിയ ചികിത്സാ സേവനങ്ങളിലൂടെയാണ്. പ്രകൃതി ദുന്തങ്ങള്‍, പകര്‍ച്ച വ്യാധികള്‍, എബോള അടക്കമുള്ള മാരക വൈറസുകള്‍ ഉയര്‍ത്തിയ ഭീഷണി ഇങ്ങനെ എല്ലായിടത്തും സഹായഹസ്തവുമായി ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘമെത്തി. 2014 ഒക്ടോബറില്‍ ഡോക്ടര്‍മാരടക്കം 450 പേരടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘമാണ് എബോള ബാധിച്ച പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലെത്തിയത്. എബോള സാരമായി ബാധിച്ച ലൈബീരിയ, ഗിനിയ, സിയറ ലിയോണ്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രത്യേക പരിശീലനം നേടി ഡോക്ടര്‍മാരും നഴ്‌സുമാരും എത്തിയത്. ഒരു രാജ്യം അവിടേയ്ക്ക് അയച്ച ഏറ്റവും വലിയ ആരോഗ്യ പ്രവര്‍ത്തക സംഘമായിരുന്നു അത്. അമേരിക്ക അടക്കമുള്ള വികസിത മുതലാളിത്ത രാജ്യങ്ങള്‍ എബോളയുമായി ബന്ധപ്പെട്ട പ്രതിരോധ, ദുരിതാശ്വാസ രംഗത്തേയ്ക്ക് വരാന്‍ മടിച്ച് നില്‍ക്കുന്ന സമയത്താണിത്.

ക്യൂബയില്‍ ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള അനുപാതം ഉയര്‍ന്നതാണ്. കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ ഉറപ്പാക്കുന്ന ക്യൂബന്‍ നയം എങ്ങനെ പ്രായോഗികമാവുന്നു എന്ന അദ്ഭുതം വികസിത രാജ്യങ്ങള്‍ക്കുണ്ട്. 2000ല്‍ ഇത് സംബന്ധിച്ച് പഠിക്കാനായി പ്രതിനിധി സംഘത്തെ ബ്രിട്ടന്‍ അയച്ചിരുന്നു. പലപ്പോഴും ഭക്ഷ്യധാന്യങ്ങള്‍ക്കും മരുന്നിനുമെല്ലാം ക്ഷാമം അനുഭവിച്ചിട്ട് പോലും ഒരുകോടി ഇരുപത് ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും ഉറപ്പ് വരുത്താന്‍ ക്യൂബയ്ക്ക് കഴിഞ്ഞു എന്നത് മറ്റ് രാജ്യങ്ങള്‍ അദ്ഭുതത്തോടെ കാണുന്നു.

ക്യൂബയില്‍ സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 81 വയസും പുരുഷന്മാരുടേത് 77ഉം ആണ്. വികസിത രാജ്യമായ ബ്രിട്ടനില്‍ ഇത് 83ഉം 79ഉം ആണ്. ബ്രിട്ടന്‍ 3337 ഡോളര്‍ ആരോഗ്യരക്ഷയ്ക്കായി നീക്കി വയ്ക്കുമ്പോള്‍ ക്യൂബ 2475 ഡോളര്‍ നീക്കി വയ്ക്കുന്നു. ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദന നിരക്ക്) വരുമാനത്തിന്‌റെ 11.1 ശതമാനം ക്യൂബ ആരോഗ്യരക്ഷയ്ക്കായി നീക്കി വയ്ക്കുമ്പോള്‍ ബ്രിട്ടന്‍ വകയിരുത്തുന്നത് 9.1 ശതമാനം മാത്രം. ആരോഗ്യരംഗത്തെ ഗവണ്‍മെന്‌റ് ഇടപെടല്‍ സൃഷ്ടിക്കുന്ന ഈ വേറിട്ട ക്യൂബന്‍ മാതൃക അനുകരണീയമാണ്.

വായനയ്ക്ക്: https://goo.gl/8PLO1S              

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍