UPDATES

ഓഫ് ബീറ്റ്

കടം തിരിച്ച് തരാന്‍ കാശില്ല; പകരം റം തരാമെന്ന്‌ ക്യൂബ

276 ബില്യണ്‍ ഡോളറിന്റെ റം നല്‍കാമെന്ന ക്യൂബയുടെ വാഗ്ദാനം സ്വീകരിക്കുകയാണെങ്കില്‍ ചെക്ക് റിപബ്ലിക്ക് വരുന്ന ദശാബ്ദത്തില്‍ മദ്യത്തില്‍ ആറാടുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ക്യൂബയുടെ വിലപ്പെട്ട ഒരു ഉല്‍പന്നത്തിലൂടെ ശീതയുദ്ധകാലത്തെ കടം വീട്ടാന്‍ തയ്യാറാണെന്ന് ക്യൂബന്‍ സര്‍ക്കാര്‍ പറഞ്ഞതായി ചെക്ക് റിപബ്ലിക്കിന്റെ ചില ഉദ്യോഗസ്ഥര്‍ പറയുന്നു. ഏതാണ് ആ ക്യൂബന്‍ ഉല്‍പന്നമെന്നല്ലേ? റം. 276 മില്യണ്‍ ഡോളര്‍, റമ്മിന്റെ രൂപത്തില്‍ മടക്കി നല്‍കാമെന്ന് ക്യൂബന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ചെക്ക് ധന മന്ത്രാല വക്താവ് മിഷാല്‍ സുറോവെകിനെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ക്യൂബയും അന്നത്തെ ചെക്കസ്ലോവാക്യയും സോവിയറ്റ് യൂണിയന്റെ ഭൗമരാഷ്ട്രീയ ഭ്രമണപഥത്തിലായിരുന്ന കാലത്തോളം പഴക്കമുള്ളതാണ് ഈ കടം.

തങ്ങളുടെ സര്‍ക്കാര്‍ ക്യൂബന്‍ നിര്‍ദ്ദേശം പരിഗണിക്കുകയാണെന്നും കുറച്ച് ശതമാനമെങ്കിലും പണമായി മടക്കി നല്‍കണമെന്നതിനാണ് മുന്‍ഗണനയെന്നും സുറോവെക് പറഞ്ഞു. ദശാബ്ദങ്ങള്‍ നീണ്ട യുഎസിന്റെ നിരോധനം മൂലം വലിയ കടക്കെണിയില്‍ പെട്ട കമ്മ്യൂണിസ്റ്റ് ക്യൂബയുടെ അന്താരാഷ്ട്ര ബാധ്യത 2014ലെ കണക്കുകള്‍ പ്രകാരം 24.7 ബില്യണ്‍ ഡോളര്‍ അഥവാ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 31 ശതമാനമാണ്. 1970 കളിലും 80 കളിലും സ്വകാര്യ, യുഎസ് ഇതര ബാങ്കുകളില്‍ നിന്നും ക്യൂബ വികസനവായ്പകള്‍ സ്വീകരിച്ചിരുന്നെങ്കിലും 1986ന് ശേഷം തവണകള്‍ മുടക്കിക്കൊണ്ടിരിക്കുകയായിരുന്നു.

സമീപകാലത്ത് പ്രധാനപ്പെട്ട പല രാജ്യങ്ങളും ക്യൂബയുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറായി. സോവിയറ്റ് കാലഘട്ടത്തിലെ കടങ്ങള്‍ എഴുതി തള്ളാന്‍ ജപ്പാന്‍, മെക്‌സിക്കോ, റഷ്യ എന്നീ രാജ്യങ്ങള്‍ 2014ല്‍ തയ്യാറായി. കൂടുതലും യൂറോപ്പിലെ സമ്പന്നരാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പതിനാല് രാജ്യങ്ങള്‍ ക്യൂബയ്ക്ക് 8.5 ബില്യണ്‍ ഡോളറിന്റെ ‘അസാധാരണ കടം ഒഴിവാക്കല്‍’ ആനുകൂല്യം നല്‍കാന്‍ തയ്യാറായി. ബാക്കിയുള്ള 2.6 ബില്യണ്‍ ഡോളര്‍ 18 വര്‍ഷം കൊണ്ട് മടക്കി നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയില്‍ തിരിച്ചടവ് പുനര്‍നിശ്ചയിച്ച് കൊടുക്കുകയും ചെയ്തു.

ഈ കരീബിയന്‍ രാജ്യത്ത് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കുന്ന രീതിയില്‍ ക്യൂബയുമായുള്ള ബന്ധങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ഈ ആഴ്ച സാധാരണഗതിയിലാക്കുകയും ചെയ്തു.
യുഎസ് കോടതികളില്‍ തീര്‍പ്പാവാനുള്ള സ്വകാര്യ അന്യായങ്ങള്‍ പ്രകാരം, 1959ല്‍ ഫിഡല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം, അമേരിക്കക്കാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വ്യവസായങ്ങള്‍ ദേശസാല്‍ക്കരിക്കുകയും യുഎസ് വ്യക്തികളുടെ അധീനതയിലുണ്ടായിരുന്ന സ്വത്തുകള്‍ കണ്ടുകെട്ടുകയും ചെയ്തതോടെ, പലിശ കൂടാതെ 1.9 ബില്യണ്‍ ഡോളര്‍ ക്യൂബ യുഎസിന് നല്‍കാനുണ്ടെന്നാണ് യുഎസ് നീതി വകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തുകയും ക്യൂബന്‍ സാമ്പത്തികരംഗത്തെ താറുമാറാക്കുകയും ചെയ്തതിലൂടെ ഹവാനയ്ക്ക്് ‘മില്യണ്‍ കണക്കിന് ഡോളര്‍’ യുഎസ് നല്‍കാനുണ്ടെന്നാണ് ക്യൂബ വാദിക്കുന്നത്.

276 ബില്യണ്‍ ഡോളറിന്റെ റം നല്‍കാമെന്ന ക്യൂബയുടെ വാഗ്ദാനം സ്വീകരിക്കുകയാണെങ്കില്‍ ചെക്ക് റിപബ്ലിക്ക് വരുന്ന ദശാബ്ദത്തില്‍ മദ്യത്തില്‍ ആറാടുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ വര്‍ഷം രണ്ട് മില്യണ്‍ ഡോളറിന്റെ ക്യൂബന്‍ റം ചെക്ക് റിപബ്ലിക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് എപി റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍