UPDATES

വിദേശം

ക്യൂബയില്‍ പരിഷ്‌കരണ നടപടികള്‍ വെറുതെ

Avatar

അഴിമുഖം പ്രതിനിധി

ക്യൂബയിലെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉദ്ദേശിച്ച ഫലം ഉണ്ടാക്കുന്നില്ലെന്ന്  വിലയിരുത്തല്‍. അമേരിക്കന്‍ പ്രസിഡന്‌റ് ബറാക് ഒബാമയുടെ ചരിത്രപരമായ സന്ദര്‍ശനവും ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതും ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തിയെങ്കിലും ക്യൂബ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ ഊര്‍ജ്ജോല്‍പ്പാദനം വലിയ വ്യാവസായിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. വില നിയന്ത്രണ നടപടികള്‍ ഗവണ്‍മെന്‌റ് ശക്തമാക്കുകയാണ്. ചെറുകിട സ്വകാര്യ വ്യവസായങ്ങള്‍ വളര്‍ന്നു വരുന്നുണ്ടായിരുന്നെങ്കിലും ഇതിന് വീണ്ടും വിലക്കുകള്‍ ഏര്‍പ്പെടുത്തുകയാണ്. വെനിസ്വേലയില്‍ നിന്നുള്ള എണ്ണയുടെ വരവ് കുറഞ്ഞത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. വെനിസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിയും നിക്കോളാസ് മഡൂറോയുടെ ഗവണ്‍മെന്‌റ് നേരിടുന്ന പ്രശ്‌നങ്ങളുമെല്ലാം ക്യൂബയേയും ബാധിച്ചിട്ടുണ്ട

ഡോളറുമായി ബന്ധപ്പെട്ട ക്യൂബന്‍ പെസോയും മൂല്യം കുറഞ്ഞ ക്യൂബന്‍ പെസോയും – ഇങ്ങനെ രണ്ട് കറന്‍സികളുടെ സാന്നിദ്ധ്യം മറ്റൊരു പ്രശ്‌നമാണ്. ശമ്പളങ്ങളെല്ലാം ക്യൂബന്‍ പെസോയിലാണ്. പ്രതിമാസം ശരാശരി 687 പെസോ. ഇത് 40 ക്യൂബന്‍ കണ്‍വെര്‍ട്ടിബിള്‍ പെസോ അല്ലെങ്കില്‍ 40 ഡോളറിനേക്കാള്‍ കുറവാണ്. ക്യൂബക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങേണ്ടി വരുന്നത് ഡോളര്‍ പെസോയിലാണ്. ഈ വൈരുദ്ധ്യം ക്യൂബക്കാരെ വലയ്ക്കുന്നു. കറന്‍സി ഏകീകരണം ഏറെകാലമായി റൗള്‍ കാസ്‌ട്രോയുടെ അജണ്ടയിലുണ്ടെങ്കിലും പ്രശ്‌നം കീറാമുട്ടിയായി തുടരുകയാണ്. അമേരിക്കയുമായി അടുപ്പം വരുന്നത് സോഷ്യലിസ്റ്റ് പരിപാടിയെ പൂര്‍ണമായും തകര്‍ക്കുമോ എന്ന ഭയവും രാജ്യത്ത് ശക്തമാണ്. സ്വകാര്യമേഖല കാര്യമായി വളര്‍ച്ച കൈവരിക്കുന്നത്് ടൂറിസം – ഹോട്ടല്‍ മേഖലയുമായി ബന്ധ്‌പെട്ട്് മാത്രമാണെന്ന പ്രശ്‌നമുണ്ട്.

10 വര്‍ഷമായി അധികാരത്തിലുള്ള റൗള്‍ കാസ്‌ട്രോയുടെ നയപരിഷ്‌കാരങ്ങള്‍ ഉദ്ദേശിച്ച ഫലം ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീയ മാറ്റങ്ങള്‍ക്കായി ആലോചിച്ച പദ്ധതികളും എവിടെയും എത്തിയിട്ടില്ല. ഭരണഘടനാ പരിഷ്‌കാരം, തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ മാറ്റം വരുത്തല്‍, ദേശീയ അസംബ്ലിയിലെ അംഗങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ഫിദല്‍ കാസ്‌ട്രോ ഔദ്യോഗികമായി പ്രസിഡന്‌റ് പദവി ഒഴിഞ്ഞതും വ്യക്തമായ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ റൗള്‍ കാസ്‌ട്രോ തുടങ്ങിയതും എട്ട് വര്‍ഷം മുമ്പാണ്. 2018ല്‍ അധികാരമൊഴിയുമെന്നാണ് റൗള്‍ പറയുന്നത്. സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ പേരിലും അമേരിക്കയുമായി ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞതിന്‌റെ പേരിലുമായിരിക്കും റൗളിന്‌ന്‌റെ കാലം ഓര്‍മ്മിക്കപ്പെടുക എന്ന കാര്യത്തില്‍ സംശയമില്ല. ബഹുകക്ഷി ജനാധിപത്യം ഇതുവരെ അംഗീകരിച്ചിട്ടില്ലെങ്കിലും ക്യൂബന്‍ സോഷ്യലിസം കൂടുതല്‍ പങ്കാളിത്തമുള്ളതാക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് കൂടുതല്‍ ജനാധിപത്യവത്കരണം നടപ്പാക്കാനും മാദ്ധ്യമ സ്വാതന്ത്ര്യം അനുവദിക്കാനുമുള്ള ഉദ്ദേശങ്ങളെല്ലാം റൗളിനുണ്ട്.

കൂടുതല്‍ നേതൃകേന്ദ്രീകൃതമായിരുന്ന വ്യവസ്ഥയെ ബ്യൂറോക്രാറ്റിക് സോഷ്യലിസം എന്ന അവസ്ഥയിലേയ്ക്കാണ് റൗള്‍ കാസ്‌ട്രോ മാറ്റിയെടുത്തിരിക്കുന്നത് എന്ന വിലയിരുത്തലുണ്ട്. അമേരിക്കയിലേയ്ക്കുള്‍പ്പടെയുള്ള യാത്രാനിയന്ത്രണങ്ങള്‍ കുറച്ചതും കുടിയേറ്റ നിയമങ്ങള്‍ ഉദാരീകരിച്ചതും പ്രധാനപ്പെട്ടതാണ്. മാദ്ധ്യമ സ്വാതന്ത്ര്യമാണ് മറ്റൊന്ന്. ഗവണ്‍മെന്‌റ് മാദ്ധ്യമമായ ഗ്രാന്‍ഡ്മയുടെ ജനപ്രീതി കുറഞ്ഞിരിക്കുന്നു. മാദ്ധ്യമരംഗം കുത്തകയാക്കി വയ്ക്കുന്ന നയം തന്നെയാണ് ഗവണ്‍മെന്‌റ് പിന്തുടരുന്നത്. സ്വകാര്യ മാദ്ധ്യമങ്ങള്‍ക്ക് ഇതുവരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല. എന്നാല്‍ മൊബൈല്‍ ഫോണുകളിലൂടെയും മറ്റുമുള്ള നവമാദ്ധ്യമങ്ങളുടെ ഉപയോഗം ക്യൂബന്‍ യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.     

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍