UPDATES

വിദേശം

രഹസ്യത്തില്‍ പൊതിഞ്ഞ യു എസ് -ക്യൂബ സംഭാഷണങ്ങള്‍

Avatar

ഇന്ദിര എ.ആര്‍. ലക്ഷ്മണന്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)


നൂല്‍പ്പാലത്തില്‍ നീങ്ങിയിരുന്ന ഇസ്രയേല്‍-സിറിയ സംഭാഷണങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച്,15 വര്‍ഷങ്ങള്‍ക്ക് മുമ്പ്, മാധ്യമപ്രവര്‍ത്തകര്‍ കുത്തിക്കുത്തി ചോദിച്ചപ്പോള്‍ അന്നത്തെ യു.എസ് വിദേശകാര്യ  സെക്രട്ടറി മാദലിന്‍ ആള്‍ബ്രൈറ്റ് മറുപടി നല്കി: “സംഭാഷണങ്ങള്‍ ചിലപ്പോഴൊക്കെ കൂണുകളെപ്പോലെയാണ്,രാത്രിയിലാണ് കൂടുതല്‍ നല്ലത്.”

ലളിതമായ ഈ ഉപമായുക്തി കഴിഞ്ഞ ബുധനാഴ്ച വീണ്ടും ശരിയെന്ന് തെളിഞ്ഞു. ഒന്നര വര്‍ഷത്തെ രഹസ്യ സംഭാഷണങ്ങള്‍ക്ക്  ശേഷം ക്യൂബയുമായുള്ള ഉഭയകക്ഷി ബന്ധം സാധാരണ ഗതിയിലാക്കാനുള്ള ചരിത്രപ്രധാനമായ ധാരണ ഉണ്ടാക്കിയിരിക്കുന്നു. ചാരന്മാരെ കൈമാറലും, തടവുകാരുടെ മോചനവും കഴിഞ്ഞ അരനൂറ്റാണ്ടായി നിലവിലുള്ള കച്ചവട നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങലുമൊക്കെ ഇതിലുള്‍പ്പെടുന്നു.

സ്മാര്‍ട്ഫോണുകളുടെയും ട്വീറ്റുകളുടെയും ഈ കാലത്തും, നീണ്ടകാലത്തെ എതിരാളികള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാകണമെങ്കില്‍ അത് വലിയ ബഹളങ്ങള്‍ കൂടാതെ നടത്തിയാലെ സാധ്യമാകൂ എന്ന് കഴിഞ്ഞ നാല് പതിറ്റാണ്ടായി ഏറെ സൂക്ഷിച്ച്കൈകാര്യം ചെയ്യേണ്ട ചില ചര്‍ച്ചകളില്‍ പങ്കെടുത്ത നയതന്ത്ര പ്രമുഖര്‍ പറയുന്നു.

യു എസ്- ചൈന ബന്ധത്തെ സാധാരണ നിലയിലാക്കിയ ഹെന്‍റീ കിസിംജരുടെ ചൈനാ യാത്രയും ഏറെ രഹസ്യമായാണ് നടത്തിയത്. ഇസ്രായേലും ഈജിപ്തും തമ്മില്‍ സമാധാന ധാരണ ഉണ്ടാക്കിയ 12 ദിവസത്തെ  കാംപ് ഡേവിഡ് ചര്‍ച്ചകളും രഹസ്യമായാണ് നടന്നത്. തികഞ്ഞ രഹസ്യം സൂക്ഷിക്കുന്ന ചിലര്‍ക്കുമാത്രം അറിയുന്ന, മധ്യസ്ഥരടങ്ങുന്ന ചര്‍ച്ചകള്‍ മൂന്നാം കക്ഷി രാജ്യങ്ങളില്‍ വെച്ച്  നടത്തിയാണ് പശ്ചിമേഷ്യ സമാധാന ചര്‍ച്ചകളിലെ ഓരോ പ്രധാന മുന്നേറ്റവും-ഓസ്ലോ ഉടമ്പടി,വൈ റിവര്‍ ഉച്ചകോടി- ഉണ്ടായിട്ടുള്ളത്.

ബരാക് ഒബാമ പ്രസിഡണ്ടായതിന് ശേഷമുള്ള ഓരോ ചെറിയ നേട്ടവും ഇതേ രീതിയിലാണ്. ഖത്തറില്‍ കാര്യാലയം തുറക്കാനും, പിന്നീട് ഒരു അമേരിക്കന്‍ സൈനികനെ വിട്ടയക്കാനും താലിബാനുമായി ചര്‍ച്ച നടത്തിയത് ഈ രീതിയിലാണ്. ചൈനയുമായി കാലാവസ്ഥ ഉടമ്പടി ഉണ്ടാക്കിയതും ഈ രീതിയിലാണ്.

രഹസ്യാത്മകത ഉണ്ടെന്നത് വിജയം ഉറപ്പുതരുന്നൊന്നുമില്ല. രണ്ടുകൂട്ടര്‍ക്കും ഒത്തുപോകാവുന്ന താത്പര്യങ്ങളും ഉണ്ടാകണം. വിക്കിലീക്സും, 24 മണിക്കൂര്‍ വാര്‍ത്തയും, ഏതെങ്കിലും ഒരു വിദേശരാജ്യത്തെ വിമാനത്താവളത്തില്‍ ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ കണ്ടാല്‍ ആര്‍ക്കും ഉടനെ ട്വിറ്ററില്‍ ഇടാം എന്നുള്ളതും ഇക്കാലത്ത് രഹസ്യം സൂക്ഷിക്കല്‍ വലിയ ബുദ്ധിമുട്ടുള്ള പണിയാക്കുന്നുണ്ട്.

പ്രത്യേകിച്ചും നീണ്ടകാലത്തെ എതിരാളികളുമായി “തുടര്‍ന്നുനില്‍ക്കുന്ന പ്രത്യക്ഷ ബന്ധം വളരെക്കാലമായി ഇല്ലാത്ത കക്ഷികള്‍ക്ക്, നേരിട്ടുള്ള നയതന്ത്രബന്ധം ശാന്തമായി തുടങ്ങുകയാണ് നല്ലത്. കൊടുക്കല്‍-വാങ്ങല്‍ പ്രക്രിയക്ക് പറ്റുന്ന ഒരു അടിത്തറ ഉണ്ടോയെന്ന് പരിശോധിക്കാന്‍ അതാണ് നല്ലത്,” 33 വര്ഷം വിദേശകാര്യ വകുപ്പില്‍ പ്രവര്‍ത്തിച്ച ഒക്ടോബറില്‍ വിരമിച്ച വില്ല്യം ജെ ബേണ്‍സ് പറയുന്നു. 

കഴിഞ്ഞ വര്‍ഷം ഒമാനില്‍ വെച്ച് ഒരു പ്രാഥമിക ആണവ ധാരണയിലെത്തിയ യു എസ് – ഇറാന്‍ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ബേണ്‍സാണ്. അന്തിമാധാരണയിലെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. വിവര സാങ്കേതികവിദ്യ വിപ്ലവത്തിന്റെയും വാര്‍ത്താ കുത്തൊഴുക്കിന്റെയും ഇക്കാലത്ത് ഇത് ഏറെ ശ്രമകരമാണെങ്കിലും സംഭാഷണപ്രക്രിയ ഈ രീതിയില്‍ തുടങ്ങുന്നത് ഏറെ ഗുണകരമാണെന്ന് ഇറാന്‍ സംഭാഷണങ്ങളുടെ മുതിര്‍ന്ന ഉപദേശകനായി തുടരുന്ന ബേണ്‍സ് പറയുന്നു. “ഇതിപ്പോഴും ചെയ്യാം ചിലപ്പോള്‍ അതല്ലാതെ മറ്റുവഴികള്‍ ഇല്ലതാനും.”

അവിശ്വാസം ആഴത്തില്‍ വേരോടിയതും, അകല്‍ച്ച യുദ്ധങ്ങളും, അട്ടിമറി ശ്രമങ്ങളും, വിപ്ലവങ്ങളും കൊണ്ട് കലുഷിതമായ ചരിത്രം കൊണ്ട് നിറഞ്ഞതുമാണെങ്കില്‍ ഇത് തികച്ചും വാസ്തവമാണ്: യു.എസ്-ക്യൂബ, യു എസ് –ഇറാന്‍, യു.എസ്- വടക്കന്‍ കൊറിയ, ഇസ്രയേല്‍-അറബ് രാജ്യങ്ങള്‍, ഇന്ത്യ-പാകിസ്ഥാന്‍ ഇവയൊക്കെ ഇത്തരം തര്‍ക്കങ്ങളും സംഘര്‍ഷങ്ങളുമാണ്.

“ശരിക്കുള്ള എതിരാളികള്‍ക്കിടയില്‍, മറുഭാഗത്തിന് അനുവദിക്കുന്ന ഏതിളവിനെയും വഞ്ചനയായി കാണുന്ന ആഭ്യന്തര വിഭാഗങ്ങളുണ്ട്,” ഇറാന്‍ വിഷയത്തില്‍ ഒബാമയുടെ ആദ്യ മുതിര്‍ന്ന ഉപദേശകനായിരുന്ന ഡെന്നിസ് റോസ് പറയുന്നു. “അവ ഗുണകരമാണെന്ന് പ്രത്യക്ഷത്തില്‍ തെളിയിക്കാവുന്ന എന്തെങ്കിലുമാണ് ഈ ഇളവുകളെ  ന്യായീകരിക്കാനുള്ള ഏക വഴി. പക്ഷേ ആദ്യം തന്നെ വെളിപ്പെട്ടാല്‍, ധാരണ സൃഷ്ടിക്കും മുമ്പ്, നാട്ടില്‍ നല്‍കേണ്ടിവരുന്ന രാഷ്ട്രീയമായ വില ആ നീക്കത്തെതന്നെ അന്നത്തെ അസാധ്യമാക്കും.”

1993-ല്‍, ഇസ്രയേലിന്റെ സുരക്ഷാ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ഗോലാന്‍ കുന്നുകളില്‍ നിന്നും ഇസ്രയേല്‍ പിന്‍മാറാമെന്നും, ഭൂപ്രദേശം സിറിയക്ക് മടക്കിനല്‍കാമെന്നും അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി യിസാക് റാബിന്‍ റോസിനും വിദേശകാര്യ സെക്രട്ടറി വാറന്‍ ക്രിസ്റ്റഫറിനും രഹസ്യമായി ഉറപ്പുനല്‍കി.

ഇപ്പോഴത്തെ സിറിയന്‍ പ്രസിഡണ്ടിന്റെ അച്ഛന്‍ കൂടിയായ അന്നത്തെ സിറിയന്‍ പ്രസിഡണ്ട് ഹഫേസ് അസദിനോടു ഒരു കാര്യം വ്യക്തമായി പറയാന്‍ റാബിന്‍ രണ്ടു അമേരിക്കക്കാരോടും ആവശ്യപ്പെട്ടു. “ഇത് പുറത്തായാല്‍, ഞാനത് നിഷേധിക്കും, അത് അപ്രത്യക്ഷമാവുകയും ചെയ്യും,” ഇസ്രയേല്‍ നേതാവ് മുന്നറിയിപ്പ് നല്‍കിയ കാര്യം റോസ് ഓര്‍ക്കുന്നു.

കഴിഞ്ഞയാഴ്ചത്തെ ക്യൂബന്‍ ധാരണയുടെ കാര്യത്തിലാണെങ്കില്‍ സര്‍ക്കാരിലെ വിദഗ്ദ്ധരും നയം നടപ്പാക്കുന്ന മിക്ക മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ ചര്‍ച്ചകളെക്കുറിച്ച് അവസാനനിമിഷം വരെയും അറിഞ്ഞിരുന്നില്ല എന്നാണ് പേര് വെളിപ്പെടുത്തരുത് എന്നാവശ്യപ്പെട്ട ചില ഉന്നത യു.എസ് അധികൃതര്‍ പറഞ്ഞത്.

വൈറ്റ്ഹൌസും  ക്യൂബന്‍ നേതാവ് റൌള്‍ കാസ്ട്രോയുടെ കാര്യാലയവും തമ്മില്‍ നേരിട്ടുള്ള ബന്ധം കൂടാതെ ഈ ചര്‍ച്ചകളില്‍ ഫലപ്രാപ്തി ഉണ്ടാവുക അസാധ്യമാകുമായിരുന്നു. യു എസ് എയ്ഡ് കരാറുകാരന്‍ അലന്‍ ഗ്രോസിനെ മോചിപ്പിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നും (ധാരണപ്രകാരം ഇയാള്‍ മോചിതനായി) തങ്ങളുടെ മധ്യസ്ഥര്‍ വൈറ്റ് ഹൌസില്‍ നേരിട്ടു ബന്ധപ്പെടണമെന്നും ക്യൂബന്‍ മധ്യസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

ചര്‍ച്ചകള്‍ രഹസ്യമാക്കി വെക്കുന്നതുകൊണ്ടുമാത്രം അത് വിജയിക്കണമെന്നില്ല. 1990-കളില്‍ ആള്‍ബ്രൈറ്റും റോസും അതീവരഹസ്യമാക്കിവെച്ചിട്ടും ഇസ്രയേല്‍-സിറിയ ചര്‍ച്ചകള്‍ ഒടുവില്‍ പരാജയപ്പെട്ടു. കടുപ്പം നിറഞ്ഞ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഇരുകൂട്ടര്‍ക്കും പരസ്പരാവശ്യങ്ങളും, അടിയന്തിരമായ ആവശ്യങ്ങളും പ്രേരണകളും വേണം.

“നയതന്ത്രകരാറുകള്‍ നല്ല വിവാഹങ്ങള്‍ പോലെയോ, വ്യാപാര നിര്‍ദേശങ്ങള്‍ പോലെയോ, സൌഹൃദങ്ങള്‍ പോലെയോ ആണ്,” ഇസ്രയേല്‍-പലസ്തീന്‍ സംഭാഷണങ്ങള്‍ക്കായി ഇസ്രയേലിലേക്കും, സ്വീഡനിലേക്കും നിരവധി തവണ രഹസ്യ യാത്ര നടത്തിയ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ആരോണ്‍ ഡേവിഡ് മില്ലര്‍ പറഞ്ഞു.

“രണ്ടിലും തങ്ങളുടെ ജനങ്ങളോട്, ഈ അപായ സാധ്യതകളെല്ലാം എടുക്കുന്നത് നല്ലതിനാണെന്ന് ബോധ്യപ്പെടുത്തണം.”

ശാന്തമായ നയതന്ത്രത്തിന്റെ ഉറച്ച വിശ്വാസിയാണ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഇസ്രയേല്‍-പലസ്തീന്‍ സമാധാന സംഭാഷണങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തില്ല എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു.

ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച ചര്‍ച്ചകളിലും കെറിയും മധ്യസ്ഥരും ഇതേ നിലപാടാണെടുത്തത്. “നിര്‍ണായകമായ നയതന്ത്ര, നയ നിലപാടുകളെ പ്രതികൂലമായി ബാധിക്കാത്ത വിധത്തില്‍ പൊതുജനങ്ങളോട് പരമാവധി സുതാര്യത പുലര്‍ത്തുക എന്നതാണു തന്റെ ജോലി,” എന്നാണ് വിദേശകാര്യ വക്താവ് ജെന്‍ സാകി പറഞ്ഞത്.

തുടക്കത്തില്‍ത്തന്നെയോ അല്ലെങ്കില്‍ വിജയിക്കാത്തതോ ആയ രഹസ്യചര്‍ച്ചകള്‍ പുറത്തുവന്നാല്‍ അത് സര്‍ക്കാരുകള്‍ താഴെപ്പോകാന്‍ വരെ ഇടയാക്കും. പ്രത്യേകിച്ചും ശത്രുത ആഴത്തിലുള്ള ഇസ്രയേല്‍-പലസ്തീന്‍, ഇന്ത്യ-പാകിസ്ഥാന്‍ പോലുള്ള സ്ഥലങ്ങളില്‍.

ഒരു ചെറിയ മുറിയിലിരുന്ന് ഉണ്ടാക്കുന്ന ധാരണകള്‍, പൊതുജനങ്ങള്‍ അറിയുമ്പോള്‍ ചിലപ്പോള്‍ സ്വീകാര്യത ലഭിക്കണമെന്നില്ല. ഇറാനും, ക്യൂബയുമായുള്ള  ധാരണകളൊക്കെ ശക്തമായ സ്വാധീനമുള്ള ന്യൂനപക്ഷ എതിര്‍പ്പിന്റെ പ്രശ്നം നേരിടാന്‍ പോന്നവയാണ്.  എന്നാല്‍ നിലവിലെ അഭിപ്രായം ഒരു തടസമായി കണ്ടാല്‍ നിങ്ങളൊരിക്കലും മുന്നോട്ട് നീങ്ങാന്‍ പോകുന്നില്ല എന്നതാണു വാസ്തവം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍