UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ക്യൂബന്‍ മിസൈല്‍ സംഘര്‍ഷവും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും

Avatar

1962 ഒക്ടോബര്‍ 14 
ക്യൂബന്‍ മിസൈല്‍ സംഘര്‍ഷം ആരംഭിക്കുന്നു

ശീതയുദ്ധകാലത്ത് നടന്ന വിഖ്യാതമായ ക്യൂബന്‍ മിസൈല്‍ സംഘര്‍ഷത്തിന് ആരംഭം കുറിക്കുന്നത് 1966 ഒക്ടോബര്‍ 14 നായിരുന്നു. ഈ സംഘര്‍ഷം അമേരിക്കയും സോവിയറ്റ് യൂണിനും തമ്മിലുള്ള അണുവായുധ യുദ്ധത്തിനടുത്തുവരെയെത്തി. ഒക്ടോബര്‍ 14 നു അമേരിക്കന്‍ തീരരേഖയ്ക്ക് 90 മൈല്‍ മാത്രം അകലെയായി റഷ്യ തയ്യാറാക്കി വച്ചിരിക്കുന്ന മധ്യദൂര അണ്വായുധ മിസൈലിന്റെ സാന്നിധ്യം യു എസ് ചാരവിമാനമായ യു-2 കണ്ടെത്തിയതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്.

ഈ സംഭവം വെളിച്ചത്തുവരുന്നതിന് മുമ്പ് മറ്റൊരു അട്ടിമറി നീക്കം പരാജയമടയുന്നത് ലോകം കണ്ടിരുന്നു. അമേരിക്ക പരിശീലിപ്പിച്ചെടുത്ത ക്യൂബന്‍ അഭയാര്‍ത്ഥികള്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയെ അധികാരഭ്രഷ്ടനാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുകയായിരുന്നു. ബേയ് ഓഫ് പിഗ് ആക്രമണം എന്നായിരുന്നു ഈ അട്ടിമറിനീക്കം അറിയപ്പെട്ടത്.

സോവിയറ്റ് മിസൈലിന്റെ ചിത്രങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിക്ക് ലഭിച്ചതോടെ അമേരിക്കയ്ക്കും മോസ്‌കോയ്ക്കും ഇടയില്‍ വാഗ്വാദങ്ങള്‍ ആരംഭിച്ചു. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ തര്‍ക്കം പിരിമുറുക്കങ്ങള്‍ നിറഞ്ഞ ചര്‍ച്ചകള്‍ക്കൊടുവില്‍ കെന്നഡിയും ക്രൂഷ്‌ചേവും തമ്മില്‍  ഒപ്പു വെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ആറിത്തണുത്തത്. 

1994 ഒക്ടോബര്‍ 14
പലസ്തീന്‍-ഇസ്രയേല്‍ നേതാക്കള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം

പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്ത്, ഇസ്രയേല്‍ പ്രധാനമന്ത്രി യിത്സ്ഹാക് റാബിന്‍, ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഷിമോണ്‍ പെരസ് എന്നിവര്‍  സംയുക്തമായി  സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത് 1994 ഒക്ടോബര്‍ 14 നാണ്. സങ്കീര്‍ണ്ണമായ പലസ്തീന്‍-ഇസ്രയേല്‍ സംഘട്ടനത്തിന് ഇരുഭാഗങ്ങളിലും നിന്നുമായി പരിഹാരം കണ്ടെത്താനായി ഈ നേതാക്കള്‍ അശ്രാന്തം പരിശ്രമിക്കുകയുണ്ടായി. ഇവരുടെ ഫലമായാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം കൊണ്ടുവരാനായി ഓസ്‌ലോ ഉടമ്പടി തയ്യാറാക്കുന്നത്. ഈ ഉടമ്പടിയാണ് മൂന്നുപേര്‍ക്കും നൊബേല്‍ പുരസ്‌കാരം നേടിക്കൊടുക്കാന്‍ കാരണമാകുന്നതും.


അറഫാത്തും പെരസും യിത്സ്ഹാകും ചേര്‍ന്ന് വെറുപ്പിന്റെയും യുദ്ധത്തിന്റെയും സ്ഥാനത്ത് സമാധാനവും സഹകരണവും കൊണ്ടുവരികയായിരുന്നു ഒസ്‌ലോ ഉടമ്പടി ഒപ്പുവയ്ക്കുന്നിതിലൂടെ എന്നാണ് പുരസ്‌കാര പ്രഖ്യാപനം നടത്തികൊണ്ട് നൊബേല്‍ കമ്മിറ്റി പ്രസ്താവിച്ചത്. ഈ പുരസ്‌കാര പ്രഖ്യാപനം തര്‍ക്കരഹിതമായ ഒന്നായിരുന്നില്ല. അറഫാത്തിന് നൊബേല്‍ പുരസ്‌കാരം നല്‍കുന്നതിനോട് വിയോജിച്ച് നൊബേല്‍ കമ്മിറ്റിയിലെ ഒരംഗം രാജിവച്ചിരുന്നു.

1993 ല്‍ ഒപ്പുവച്ച ഓസ്‌ലോ ഉടമ്പടി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം ഇല്ലാതാക്കാനുള്ള ഒരു ശ്രമമായിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍