UPDATES

വിദേശം

ക്യൂബ പോപ്പിനെയും സഭയേയും ഇഷ്ടപ്പെടുന്നു; മതത്തെ അല്ല

Avatar

സ്കോട്ട് ക്ലെമന്റ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ക്യൂബയിൽ മതത്തിന്റെ കാര്യം ഇത്തിരി സങ്കീർണ്ണമാണ്. ഇവിടെ നടന്ന പുതിയ ഒരു സർവ്വേ നീണ്ട കത്തോലിക്ക ചരിത്രമുള്ള ഈ കമ്യൂണിസ്റ്റ് രാഷ്ട്രത്തിലെ  മതപരമായ സ്വത്വത്തിന്റെ അപൂർവ്വമായ ചിത്രം മുന്നോട്ടുവെക്കുന്നു.

1,200 ക്യൂബൻ നിവാസികളിൽ യൂണിവിഷൻ നോട്ടീഷ്യാസും ഫ്യൂഷൻ നെറ്റ്‌വർക്കും വാഷിങ്ടൺ പോസ്റ്റുമായി ചേർന്ന് നടത്തിയ സർവ്വേയിൽ, 10 ക്യൂബക്കാരിൽ എട്ടുപേർ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അനുകൂലമായി പ്രതികരിക്കുകയുണ്ടായി. 92 ശതമാനം കത്തോലിക്കരും ഇതിൽപ്പെടും. ലോകമാകമാനം അദ്ദേഹത്തിനുള്ള ശക്തമായ പിന്തുണ കണക്കാക്കുമ്പോൾ ഇവിടെ കിട്ടുന്ന ശക്തമായ പിന്തുണ വളരെയൊന്നും അദ്ഭുതപ്പെടുത്തുന്നതല്ല. അതുപോലെതന്നെ യുഎസ്സുമായി ഒരു സുസ്ഥിരബന്ധത്തിന് അദ്ദേഹം ഊന്നൽ നൽകുന്നു എന്നതും പ്രസ്താവ്യമാണ്. ഈ മാറ്റത്തെയും ക്യൂബക്കാർ വളരെയധികം പിന്തുണയ്ക്കുന്നു.  ക്യൂബൻ കത്തോലിക്ക സഭയെയും 10-ൽ 7 പേർ അനുഭാവപൂർവ്വം സ്വീകരിക്കുന്നു. ഈ അനുകൂലികളിൽ കത്തോലിക്ക ഇതരരായ നിരവധിപേർ ഉൾപ്പെടുന്നുണ്ട്.

‘നിങ്ങളുടെ മതം എന്താണ്’ എന്ന ചോദ്യത്തിന് 44 ശതമാനം പ്രതികരിച്ചത് അവർക്ക് മതമില്ല എന്നായിരുന്നു. 27 ശതമാനം കത്തോലിക്കരാണെന്നും 13 ശതമാനം സന്തേരിയ മതക്കാരാണെന്നും പ്രതികരിച്ചു. 5 ശതമാനം പേർ ഇവാഞ്ചലിക്കൽ എന്നും. പ്രൊട്ടസ്റ്റന്റ് കാരും മറ്റു മതക്കാരും 2 ശതമാനം വീതം. 9 ശതമാനം പേർ ഉത്തരമൊന്നും നൽകിയില്ല.

സർവ്വേ പ്രകാരം ക്യൂബയിലെ മൊത്തം ക്രൈസ്തവർ  34 ശതമാനമാണ്. ഇത് ലോക ക്രിസ്ത്യൻ ഡാറ്റാബേസിന്റെ (WCD) കണക്കിനെക്കാൾ (59 ശതമാനം) വളരെയധികം കുറവാണ്. ക്രിസ്ത്യൻ ഡാറ്റാബേസിലെ എണ്ണത്തിന്റെ പകുതിയോളം മാത്രമാണ് ഈ സർവ്വേയിൽ കാത്തലിക്കരുടെ എണ്ണം (27 ശതമാനം). തങ്ങൾ മതവിശ്വാസികളല്ല എന്ന് കരുതുന്നവരുടെ ശതമാനം (44) അതേ സമയം, ക്രിസ്ത്യൻ ഡാറ്റാബേസിൽ നാസ്തികർക്കും അജ്ഞേയവാദികൾക്കും നൽകിയ 23 ശതമാനത്തെക്കാൾ എത്രയോ കൂടുതലാണ്.

അങ്ങനെയെങ്കിൽ ഈ സർവ്വേ കത്തോലിക്ക സഭയിൽനിന്നുള്ള ഒരു വ്യതിചലനമാണോ സൂചിപ്പിക്കുന്നത്? ലാറ്റിനമേരിക്കയിൽ പല സ്ഥലത്തും ഇത്തരമൊരു പ്രവണതയുടെ സൂചനകളുണ്ട്. പക്ഷേ, ക്യൂബയിലെ വ്യത്യാസങ്ങൾ മതാനുയായികളെ കണക്കാക്കുന്നതിലുള്ള രീതിഭേദം നിമിത്തം മാത്രമാകണം. ലോക ക്രിസ്ത്യൻ ഡാറ്റാബേസിന്റെ യഥാർത്ഥ ഉറവിടം വ്യക്തമല്ല. പക്ഷേ, അവർ ആചാരപൂർവ്വമായ അംഗത്വത്തെയാകണം വിലയ്ക്കെടുക്കുന്നത്, താൻ ഏതു മതസ്ഥനെന്നതിന്റെ സ്വയം വിശദീകരണങ്ങളെയല്ല. 2006-ൽ ‘കാത്തലിൿ റിപ്പോർട്ട’റിന്റെ അഭിമുഖത്തിൽ ഒരു പുരോഹിതൻ പറഞ്ഞതനുസരിച്ച് ജ്ഞാനസ്നാതരായവരിൽ പതിവായി കുർബ്ബാനകൊള്ളാൻ വരുന്നവർ വളരെ കുറവാണ്. ‘മതവിശ്വാസിയല്ല’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ കൂടുതൽ പേരും പ്രേരിപ്പിക്കപ്പെടുക സ്വാഭാവികമാണ്, ഇതുപോലൊരു സർവ്വേ അതിനുള്ള പൂർണ്ണസ്വാതന്ത്ര്യം നൽകുമ്പോൾ.

2006-ൽ ഗാലപ്പ് ക്യൂബയിലെ വൻനഗരങ്ങളായ ഹവാനയിലും സാന്റിയാഗോയിലും നടത്തിയ സമാനമായ മറ്റൊരു സർവ്വേയിൽ 54 ശതമാനം പേർ അജ്ഞേയവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്നു. ഈ കണക്കിൽ വെറും 25 ശതമാനം പേർ മാത്രമാണ് ക്രൈസ്തവർ.

ഈ കണക്കെടുപ്പിൽ വിവരദാതാക്കളോട് അവർ പള്ളിയിൽ മാമോദിസ ജ്ഞാനസ്നാനം ചെയ്യപ്പെട്ടവരാണോ എന്ന് ചൊദിച്ചിട്ടില്ലാത്തതിനാൽത്തന്നെ തങ്ങൾ മതമില്ലാത്തവരാണെന്ന് അവകാശപ്പെടുന്നവരിൽ പേരിനു കത്തോലിക്കരായ നിരവധിപേർ കാണും എന്ന സൂചനയുണ്ട്. മതേതരരായ 82 ശതമാനം പേർക്കും ഫ്രാൻസിസ് മാർപ്പാപ്പയോട് അനുകൂലമായ നിലപാടുള്ളവരാണ്.  68 ശതമാനം പേർ ക്യൂബൻ കത്തോലിക്ക സഭയെ അനുകൂലിക്കുന്നു, മറ്റുള്ളവരെപ്പോലെതന്നെ.

ക്യൂബയിലെ മതപരമായ സ്വത്വത്തിന്റെ അസ്ഥിരസ്വഭാവത്തിനു കാരണം പതിറ്റാണ്ടുകളായി മതത്തെ മാറ്റിനിർത്തുന്ന ഭരണകൂടത്തിന്റെ ഫലമായിരിക്കണം; നാസ്തികത ഭരണത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയിലെ അംഗത്വത്തിന് ഒരു മുന്നുപാധിയായിരിക്കുന്നതിന്റെയും. 1992-ൽ ക്യൂബ ഒരു മതേതരരാഷ്ട്രമായി സ്വയം പ്രഖ്യാപിക്കുകയുണ്ടായി, മതവിഭാഗങ്ങൾക്ക് വിശ്വാസസ്വാതന്ത്ര്യം നൽകിക്കൊണ്ടുതന്നെ. 2009-ലെ ജേർണൽ ഓഫ് ലോ ആൻഡ് പൊലിറ്റിക്സിലെ ലേഖനങ്ങളിലൊന്നിൽ ജിൽ ഗോൾഡെൻസിയൽ ഈ ചരിത്രം വിശദമായി അവതരിപ്പിക്കുന്നുണ്ട്.

ഈ ചരിത്രത്തോടൊപ്പം ചേർത്തുവെക്കുമ്പോൾ, മത സ്വത്വമെന്നത്  മുമ്പേതൊരു കാലത്തെയും പോലെ സങ്കീർണ്ണമാണ് ക്യൂബയിൽ എന്നാണ്  ഇപ്പോൾ നടന്ന സർവ്വേയിൽനിന്നും വ്യക്തമാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍