UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാസര്‍കോട് സര്‍വകലാശാല: ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നില്‍ മൂന്ന് സംഘടനകളുടെ പ്രവര്‍ത്തനം

Avatar

ഉണ്ണികൃഷ്ണന്‍ കാസ്റ്റ്ലെസ്സ്

കാസര്‍ഗോഡ്‌ ജില്ലയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ തീവ്രഇടതു സംഘടനകള്‍ പിടിമുറുക്കുന്നു എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കളക്ടര്‍ ഇ ദേവദാസന്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം ആരാഞ്ഞു. പത്തനംതിട്ടയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രോഗ്രസീവ് സ്റ്റുഡന്റ്സ് അസോസിയേഷൻ (പിഎസ്എ), അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഎസ്എ), പാഠാന്തരം എന്നീ സംഘടനകളുടെ പ്രവര്‍ത്തനമാണ് തീവ്ര ഇടതുസംഘടനകള്‍ എന്ന പരാമര്‍ശത്തോടെ ഇന്റലിജന്‍സ്, കലക്റ്ററുടെ ശ്രദ്ധയില്‍ പെടുത്തിയിരിക്കുന്നത്.

ഹൈദരാബാദ്, ജെ എന്‍ യു, പോണ്ടിച്ചേരി തുടങ്ങി രാജ്യത്തെ സുപ്രധാനമായ കേന്ദ്ര സര്‍വകലാശാലകളിലെല്ലാം സാന്നിധ്യമുള്ള സംഘടയാണ് അംബേദ്‌കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍. എഎസ്എ യുടെ നേതൃത്വത്തിലാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം രാജ്യം ശ്രദ്ധിച്ച സമരങ്ങള്‍ അരങ്ങേറിയത്. പിന്നീട് സമരം ജെ എന്‍ യുവിലേക്കും നീണ്ടു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന സമരങ്ങളിലും അംബേദ്‌കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

പ്രസിദ്ധീകരണം തുടങ്ങി രണ്ട് വര്‍ഷം മാത്രമായ പ്രസിദ്ധീകരണമാണ് പാഠാന്തരം. ഇതേ പേരില്‍ ക്യാംപസ്സുകളില്‍ സംഘടന പ്രവര്‍ത്തനങ്ങളും സജീവമാണ്. ഫ്യൂഡല്‍ മൂല്യങ്ങളോടും കച്ചവട താല്‍പര്യങ്ങളോടും സന്ധി ചെയ്യുന്ന മുഖ്യധാരാ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് ഒരു ബദല്‍ എന്ന നിലപാടാണ് തങ്ങളുടേത് എന്നാണ് പാഠാന്തരം പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മഹാരാജാസ് കോളേജിലും പാഠാന്തരം പ്രവര്‍ത്തകരുടെ ഇടപെടല്‍ എസ് എഫ് ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളുമായി സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

നിലവില്‍ എ ബി വി പി ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ ജോയിന്‍റ് കൌണ്‍സില്‍ രൂപികരിച്ചാണ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നത്. ഹോസ്റ്റല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, സ്റ്റൈപ്പന്റ്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കഴിഞ്ഞ വര്‍ഷം  വിദ്യാര്‍ഥികള്‍ സമരം ചെയ്തിരുന്നു. സമരം നടക്കുന്ന കാലയളവില്‍ സര്‍വകലാശാല പരിസരത്തും സര്‍വകലാശാലയ്ക്ക് അകത്തും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ക്യാംപസ്സില്‍ ദളിത്‌ രാഷ്ട്രീയവും ചര്‍ച്ചയായിരുന്നു. നിലവില്‍ ദളിത്‌ സംഘടനകള്‍ ക്യാംപസ്സില്‍ സജീവവുമാണ്.

ദളിത്‌ സംഘടനകള്‍ ക്യാംപസ്സില്‍ സജീവമാണെന്നും സംഘടന പ്രവര്‍ത്തനത്തിന് അധ്യാപകരില്‍ ചിലരുടെ സജീവമായ സഹായവും ആശയപിന്തുണയും ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കളക്റ്റര്‍ വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം ക്യാംപസ്സില്‍ ഇല്ല എന്നാണ് മറ്റ് സംഘടനകളുടെ നേതൃത്വവും സര്‍വകലാശാല അധികൃതരും പറയുന്നത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കളക്ടറുടെ കത്ത് സര്‍വകലാശാലയില്‍ ലഭിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ വിശദമായി അന്വേഷിച്ച് മറുപടി നല്‍കുമെന്നും അതിനായി മൂന്നംഗ കമ്മീഷനെ നിയോഗിച്ചതായും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. നിലവില്‍ ഇത്തരം പ്രശ്നങ്ങള്‍ ക്യാംപസ്സില്‍ നിലനില്‍ക്കുന്നതായി തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അധികൃതര്‍ കൂടിച്ചേര്‍ത്തു. ഇത്തരമൊരു റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലും കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുക്കുന്ന സാഹചര്യത്തിലും വിഷയം പഠിക്കുമെന്നും ഈ മാസം ഇരുപതാം തീയ്യതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അഴിമുഖത്തോട് വ്യക്തമാക്കി.

മാസങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയൊരു സാധ്യത ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ക്യാംപസ്സില്‍ അതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് എസ് എഫ് ഐ ജില്ലാ സെക്രട്ടറി വൈശാഖ് പ്രതികരിച്ചു.

പുതിയ വിവാദങ്ങളോട് പാഠാന്തരം പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടുണ്ട്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പാഠാന്തരം പ്രവര്‍ത്തകര്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കേരളത്തിലെ പല ക്യാംപസ്സുകളിലും പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി കൂട്ടായ്മയാണ് തങ്ങളുടേതെന്നും തങ്ങളൊരു രഹസ്യസംഘടന അല്ലെന്നുമാണ് പാഠാന്തരം പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. പാഠാന്തരം മാസികയുടെ പത്രാധിപരായ ദിലീപ് നെല്ലുളിക്കാരന്‍ കഴിഞ്ഞ ഒരു മാസമായി അറസ്റ്റിലായിരുന്നു. പാര്‍ലമെന്ററി രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ അടിച്ചമര്‍ത്താനാണ് ഭരണകൂടത്തിന്‍റെ ശ്രമമെന്നും പാഠാന്തരം ആരോപിച്ചു.

 

(അഴിമുഖം ട്രെയിനി ജേര്‍ണലിസ്റ്റാണ് ഉണ്ണികൃഷ്ണന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍