UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാവാട കണ്ടാല്‍ നിയന്ത്രണം പോകുന്ന പുരുഷനോടൊന്നും പറയാനില്ലേ മന്ത്രിക്ക്?

സ്മിത മോഹന്‍

വിനോദസഞ്ചാരത്തിനായി ഇന്ത്യയിലെത്തുന്ന സ്ത്രീകള്‍ കുട്ടിപ്പാവാട ധരിക്കരുതെന്ന് പറഞ്ഞ കേന്ദ്ര സാംസ്‌കാരിക മന്ത്രി പിന്നീട് പറഞ്ഞതു വിഴുങ്ങുകയും ചെയ്തിരുന്നല്ലോ. പുതിയ പ്രസ്താവന ഇങ്ങനെയായിരുന്നു, “ആരാധനാലയങ്ങളില്‍ പോകുമ്പോള്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണം, വിദേശവനിതകള്‍ അവനവന്റെ സുരക്ഷക്കായി ഇറക്കം കുറഞ്ഞ ഉടുപ്പുകളും പാവാടകളും ധരിക്കരുത്. ഇന്ത്യന്‍ സംസ്‌കാരം പാശ്ചാത്യസംസ്‌കാരത്തില്‍നിന്ന് ഭിന്നമാണ്.”

ഒരാള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്ന് മറ്റൊരാള്‍ക്ക്‌ തീരുമാനിക്കാന്‍ സാധിക്കുന്നതെങ്ങനെ? വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും സാങ്കേതിക വിദ്യയിലും സമത്വത്തിലും പണ്ടത്തേക്കാള്‍ മുന്നിലാണ് എന്ന് മേനി നടിക്കുമ്പോഴാണ് സ്ത്രീകളുടെ കാര്യത്തില്‍ മാത്രം ഈ നിയമങ്ങളും നിഷ്കര്‍ഷകളും. ഞങ്ങളുടെ വസ്ത്രങ്ങളെപ്പറ്റി പറയാതെ ഞങ്ങളെ ബലാത്സംഗം ചെയ്യരുതെന്ന്‌ പറയാത്തതെന്താണ്? അല്ലെങ്കില്‍ ഈ പീഡന വിദ്വാന്‍മാരോട് പുറത്തിറങ്ങരുതെന്നു പറയാത്തതെന്തേ? എം എന്‍ കാരശ്ശേരിയുടെ ഒരു ലേഖനം വായിച്ചത് ഓര്‍ക്കുന്നു, ‘നായ മനുഷ്യരെ കടിക്കും എന്നുണ്ടെങ്കില്‍ നമ്മള്‍ കെട്ടിയിടാറ് നായയെ ആണ്, മനുഷ്യരെയല്ല. കണ്ടുപോയാല്‍ ആക്രമിക്കും എന്നുണ്ടെങ്കില്‍ മൂടിവെക്കേണ്ടത് പുരുഷന്റെ കണ്ണുകളാണ്, സ്ത്രീയുടെ മുഖമല്ല. മനോവൈകൃതമുള്ള പുരുഷന്മാരെ നിലയ്ക്കുനിര്‍ത്താന്‍ വഴിനോക്കുന്നതിന് ബദലായി സ്ത്രീയെ പര്‍ദകൊണ്ട് മൂടിയിടുന്നത് യുക്തിയല്ല, നീതിയല്ല’.

ഒരു മിനിസ്കേര്‍ട്ട് അല്ലെങ്കില്‍ ലെഗ്ഗിങ്ങ്സ് ഇട്ട പെണ്ണിനെ കണ്ടാല്‍ ഉടനെ അവളെ ബലാത്സംഗം ചെയ്യാന്‍ തോന്നാന്‍ മാത്രം അധഃപതിച്ചവരാണോ നമ്മുടെ യുവതലമുറ? അത്ര ഭീകരവും ദയനീയവും ആണോ ഇവരുടെ മാനസിക നില? ഒരു സ്ത്രീയുടെ കാലു കണ്ടാല്‍ ഉടനെ ബലാത്സംഗം ചെയ്യാന്‍ തോന്നുമെങ്കില്‍, ഇവരൊക്കെ, മെട്രോ നഗരമായ ചെന്നൈ പോലുള്ള ഇടങ്ങളില്‍ വന്നാല്‍ റേപ് ചെയ്യാന്‍ തോന്നി കഷ്ടപ്പെടുമല്ലോ. പാവാടയും, മൈക്രോ മിനിയും ലെഗ്ഗിങ്ങ്സും അങ്ങനെ ഇഷ്ടത്തിനനുസരിച്ച് ആര്‍ക്കും എന്തും ധരിക്കാവുന്ന ഈ നഗരമാണ് സ്ത്രീകള്‍ക്ക് താമസിക്കാന്‍  ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്ന് ഒരുപാടു സര്‍വേകളില്‍ തിരഞ്ഞെടുത്തത് എന്ന് ഇവര്‍ക്ക് അറിയുമോ എന്തോ? കുറച്ചുകാലം വിദേശത്ത് താമസിക്കേണ്ടി വന്നപ്പോള്‍ അവിടെ ആരും ആരെയും കുഞ്ഞു വസ്ത്രങ്ങള്‍ ധരിച്ചു എന്ന് പറഞ്ഞു ഉപദ്രവിച്ചതായി കേട്ടിട്ടില്ല. ഒട്ടുമുക്കാലും നഗ്നരായി നടന്നാല്‍ പോലും ആരും ആരെയും തിരിഞ്ഞു നോക്കുന്നതുപോലും കണ്ടിട്ടില്ല. പീഡനങ്ങള്‍ക്ക് കാരണം വസ്ത്രധാരണം ആണെങ്കില്‍ പിഞ്ചു കുഞ്ഞുങ്ങളെ  മുതല്‍ മുഖം മാത്രം കാണുന്ന വസ്ത്രങ്ങള്‍ ധരിക്കുന്ന കന്യാസ്ത്രീകളെയും അല്ലെങ്കില്‍ വൃദ്ധകളെയും ഒക്കെ പീഡിപ്പിക്കുന്ന കാമഭ്രാന്തന്മാരെ ഏതു കാറ്റഗറിയിലാണ് പെടുത്തുക? വസ്ത്രധാരണത്തിനെ കൂട്ട് പിടിച്ചു ബലാല്‍സംഗത്തിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. കുറ്റക്കാരി സ്ത്രീയാണ് എന്നു പറഞ്ഞ്  ബലാത്സംഗം ചെയ്തവനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ്  ഈ നിലപാട്. സ്ത്രീ വെറുമൊരു ശരീരമല്ല; അവള്‍ ഒരു വ്യക്തിയാണ്. പുരുഷന്‍മാര്‍ ഉണ്ടാക്കിയ നിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിധേയയായ സാഹചര്യത്തെപ്പറ്റിതന്റെ കാവ്യത്തിലെ നായികയായ സീതയെക്കൊണ്ട് കുമാരനാശാന്‍ അങ്ങനെ ചോദിപ്പിച്ചത് ഇപ്പോഴും അര്‍ത്ഥവത്താകുന്നു. പടുരാക്ഷസ ചക്രവര്‍ത്തിയെന്‍ / ഉടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ?’

പുതിയ തലമുറയുടെ വസ്ത്രധാരണരീതിയെ കുറ്റം പറയുന്നവര്‍ എന്തുകൊണ്ട്‌ പഴയ സ്ഥിതിയെക്കുറിച്ച്‌ ചിന്തിക്കുന്നില്ല. 60-കളിലെ ഫാഷന്‍ എന്നത്, രണ്ടു ദിവസം മുമ്പ്  നമ്മുടെ മന്ത്രി ഇന്ത്യയില്‍ ധരിക്കരുതെന്ന് വിദേശ വനിതകളോട് പറഞ്ഞ, മുട്ടിനു മുകളില്‍ നില്‍ക്കുന്ന അതേ കുട്ടിപ്പാവാട ആയിരുന്നു. അന്ന് ആണുങ്ങള്‍ക്ക് കാണുന്ന ആരെയും പിടിച്ചു ബലാത്സംഗം ചെയ്തേക്കാം എന്ന് തോന്നിയില്ല. ആ വേഷം അശ്ലീലമായി ആരും കണ്ടിരുന്നുമില്ല. അന്നത്തെ സാധാരണ സ്ത്രീകളുടെ വേഷം ഒരു കൈലി അല്ലെങ്കില്‍ വെളുത്ത മുണ്ടും ബ്ലൌസും ആയിരുന്നു. ശരീരം ഏറ്റവുമധികം പ്രദര്‍ശിപ്പിക്കുന്ന രീതിയിലായിരുന്നു അന്ന് സാരി ഉടുത്തിരുന്നത്. നാട്ടിന്‍പുറങ്ങളില്‍ കുളിമുറികള്‍ അപൂര്‍വ്വം. ആറ്റിന്‍കടവുകളിലും കുളത്തിലും ഒക്കെയാണ് കുളി. ആതും അപ്പുറത്തും ഇപ്പുറത്തുമായി ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേറെ വേറെ കടവ് കാണും. അവിടെ നിന്നും കാലം ഒരുപാട് മാറി. സര്‍വ മേഖലയിലും മനുഷ്യര്‍ പുരോഗമനത്തിന്റെ പാതയിലാണ് എന്നു പറയുന്നു. അപ്പോള്‍അതില്‍ മാനസിക വികാസം എന്നൊന്നില്ലേ?


90-കളില്‍ മിക്ക സ്കൂളുകളിലും മുട്ടറ്റം വരെയുള്ള പാവാടയും ഷര്‍ട്ടും അല്ലെങ്കില്‍ ബ്ലൌസും ആണ് യുണിഫോമം. അന്ന് ഞങ്ങള്‍ക്ക്, ഇന്നത്തെ കുട്ടികള്‍ക്കുള്ള അരക്ഷിതത്വം ഒന്നും ഇല്ലായിരുന്നു. എങ്ങാനും നേരം വൈകിപ്പോയാല്‍, മോള്‍ ഒറ്റയ്ക്ക് പോകേണ്ട ഞാന്‍ കൊണ്ട് വിടാം എന്ന് പറഞ്ഞു കൂട്ട് വരാന്‍ ആരെങ്കിലും ഉള്ള ഒരു നാട്ടിന്‍പുറത്തെ നന്മയ്ക്ക് നടുവിലാണ് ഞാന്‍ വളര്‍ന്നത്‌. മുസ്ലിം കൂട്ടുകാര്‍ അന്ന് പള്ളിയുടെ അടുത്ത് എത്തുമ്പോള്‍ മാത്രം തലയില്‍ തട്ടം ഇട്ടാല്‍ ആയി, അതും അവരെ ആരും നിര്‍ബന്ധിച്ചില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങള്‍ ആയി നാട്ടില്‍ പോകുമ്പോള്‍ ബുര്‍ഖ ഒക്കെ ഇട്ട ഒരുപാടു കൊച്ചു കുട്ടികളെ വരെ കണ്ടു. സ്കൂളുകളില്‍ മിഡില്‍ സ്കൂള്‍ മുതല്‍ ചുരിദാര്‍ നിര്‍ബന്ധമാക്കി. കോളേജുകളില്‍ പുതിയ ഡ്രെസ്സ് കോഡുകള്‍. ലെഗ്ഗിങ്ങ്സ് പാടില്ല, ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ മിണ്ടാന്‍ പാടില്ല, എന്തിന് ഫെയ്സ്ബുക്കും വാട്ട്‌സ് ആപും പാടില്ല എന്ന് വരെ നിയമങ്ങള്‍ ഉള്ള കോളേജുകള്‍ വരെ ഉണ്ട്.

ഈ അമിത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ്. കാരണമോ അത് കണ്ടാല്‍ പുരുഷന്മാര്‍ വഴി തെറ്റുമത്രെ. ഇവിടെ ആരാണ് തെറ്റുകാര്‍? ഇഷ്ട വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളോ അതോ സ്ത്രീകളുടെ വസ്ത്രധാരണം കണ്ടാല്‍ ഉടനെ കണ്‍ട്രോള്‍ പോകും എന്ന് പറയുന്ന ഒരു കൂട്ടം പുരുഷന്മാരോ? അപ്പൊ പിന്നെ അടിവസ്ത്രങ്ങളുടെ ബ്രാന്‍ഡ്‌ പ്രദര്‍ശിപ്പിച്ചു കൊണ്ട് ലോ വെയിസ്റ്റ് ജീന്‍സും ധരിച്ചു നടക്കുന്നവരെ കാണുമ്പോള്‍ ഞങ്ങളും ഇത് തന്നെ തിരിച്ചു പറയണ്ടേ? 

പുരുഷനെപ്പോലെ തന്നെ സ്വാതന്ത്ര്യവും അവകാശവും തന്നിഷ്ടവുമുള്ള ഒരു മനുഷ്യജീവിയായി സ്ത്രീയെ കണക്കാക്കാന്‍ പറ്റുന്നില്ല എങ്കില്‍ അത് ഞരമ്പ്‌ രോഗത്തിനും അപ്പുറമായ ഏതോ രോഗത്തിന് അടിപെട്ടതുകൊണ്ടാണ്; അങ്ങനെയുള്ളവര്‍ വേഗം ഒരു ഡോക്ടറെ കാണണം അല്ലെങ്കില്‍ മുക്കാലിയില്‍ കെട്ടി നല്ല അടി കൊണ്ടാലും മതി. അല്ലാത്ത പക്ഷം രോഗം മൂര്‍ച്ഛിക്കാനിടയുണ്ട്. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

ഫ്രം ദ ഗ്രാനൈറ്റ് ടോപ്

ഫ്രം ദ ഗ്രാനൈറ്റ് ടോപ്

സോഷ്യല്‍ മീഡിയ സ്ത്രീ കൂട്ടായ്മയാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. തൊഴില്‍ കൊണ്ട് വിവിധ മേഖലകളില്‍ നിലകൊള്ളുന്നവരാണ് ഈ കൂട്ടായ്മയിലെ ഓരോരുത്തരും. സ്ത്രീയെന്നാല്‍ അരങ്ങിലെത്തേണ്ടവളാണെന്ന ഉത്തമ ബോധ്യത്തോടെ തൂലിക ചലിപ്പിക്കുകയാണ് ഇവര്‍. അവരെഴുതുന്ന കോളമാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. മലയാളം ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് തന്നെ ഇത്തരമൊരു കോളം ആദ്യത്തേതാണ്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍