UPDATES

വായന/സംസ്കാരം

മൂലദ്രാവിഡ ഭാഷയ്ക്ക്‌ 4500 വയസ്സ്: പഠനം

ഇന്ത്യയുടെ തെക്ക് ഭാഗത്തും അയല്‍രാജ്യങ്ങളിലുമായുള്ള 22 കോടി ജനങ്ങള്‍ ഉപയോഗിക്കുന്ന എണ്‍പതിലേറെ ദ്രാവിഡ ഭാഷകള്‍ ഉണ്ട്

ദ്രാവിഡ ഭാഷകള്‍ക്ക് എത്ര വയസ്സ് കാണും? എങ്ങനെ കണക്കാക്കും? ഈ കുഴപ്പം പിടിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് മനുഷ്യചരിത്ര ശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട്.

മൂല ദ്രാവിഡ ഭാഷയ്ക്ക്‌ 4000 മുതല്‍ 4500 വര്‍ഷം വരെ പഴക്കം ഉണ്ടാകാമെന്നാണ് പുതിയ സ്റ്റാറ്റിസ്റ്റിക്കല്‍ രീതികള്‍ അവലംബിച്ച് കണ്ടെത്തിയത്. മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഒത്തുചേര്‍ന്നു നടത്തിയ പഠനം റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സിലാണ് പ്രസിദ്ധീകരിച്ചത് .
മുന്‍പ് നടത്തിയിട്ടുള്ള ഭാഷാപഠനങ്ങളില്‍ നിന്നും പുരാവസ്തു പഠനങ്ങളില്‍ നിന്നും എടുത്ത വിവരങ്ങള്‍ പുതിയ രീതിയില്‍ അപഗ്രഥിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

ഇന്ത്യയുടെ തെക്ക് ഭാഗത്തും അയല്‍രാജ്യങ്ങളിലുമായുള്ള 22 കോടി ജനങ്ങള്‍ ഉപയോഗിക്കുന്ന എണ്‍പതിലേറെ ദ്രാവിഡ ഭാഷകള്‍ ഉണ്ട്. മുന്‍പ് രേഖപ്പെടുത്തിയത് അനുസരിച്ചുള്ള എല്ലാ ഉപ ഭാഷാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരോടും ഗവേഷകര്‍ സംസാരിച്ചിരുന്നു. .

നാലു മുഖ്യ ദ്രാവിഡ ഭാഷകളായ കന്നഡ, മലയാളം,തമിഴ്,തെലുങ്ക് എന്നിവയില്‍ പ്രായമേറിയ ഭാഷ തമിഴാണ്. അതിന്‍റെ മൂലഭാഷയുടെ തുടര്‍ച്ച തന്നെയാണ് ഇന്നത്തെ തമിഴെന്നും പഠനം രേഖപ്പെടുത്തുന്നു. യൂറേഷ്യയുടെ പൂര്‍വ ചരിത്രം അറിയാന്‍ ദ്രാവിഡ ഭാഷകള്‍ മറ്റു ഭാഷകളിന്മേല്‍ ചെലുത്തിയിട്ടുള്ള സ്വാധീനം കണ്ടെത്താനുള്ള പഠനം നിര്‍ണായകമാണെന്നു മാക്സ് പ്ലാങ്ക് ഗവേഷക ആന്‍മേരി വെര്‍കിര്‍ക്ക് പറയുന്നു.

ഏകദേശം 3500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്‍ഡോ-ആര്യന്മാര്‍ എത്തുന്നതിനു മുമ്പ് തന്നെ ദ്രാവിഡര്‍ ഇന്ത്യന്‍ ഉപഭൂഖ ത്തില്‍ അധിവസിച്ചിരുന്നു എന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക്‌ ഏകാഭിപ്രായം ആണ്. ഇതിനായി പല ദ്രാവിഡ ഭാഷ ഉപവിഭാഗങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ചതു വൈല്‍ഡ്‌ ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിഷ്ണു പ്രിയ കോളിപാകം ആണ് .

ദ്രാവിഡ ഭാഷകള്‍ മുന്‍കാലങ്ങളില്‍ ഭൂഖണ്ഡത്തിന്‍റെ പശ്ചിമ ഭാഗങ്ങളിലും വ്യാപകമായി ഉപയോഗിച്ചിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. ഈ ഭാഷകള്‍ തമ്മിലുള്ള ചരിത്രപരമായ ബന്ധം പഠനവിധേയമാക്കിയാണ് ഇവ എപ്പോള്‍ എവിടെ ഉരുത്തിരിഞ്ഞുവെന്നു കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഈ ഉപഭാഷകളും അവ തമ്മിലുള്ള ഭൂമിശാസ്ത്രപരമായ ബന്ധവും മനസിലാക്കാന്‍ കൂടുതല്‍ ഗവഷണം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. ദ്രാവിഡര്‍ക്ക് ഇന്‍ഡോ യൂറോപ്യന്‍, ആസ്ട്രോ ഏഷ്യാറ്റിക് തുടങ്ങിയ സാംസ്ക്കാരിക വിഭാഗങ്ങളുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള സുവര്‍ണ അവസരമാണ് ഇത്തരം പഠനങ്ങളെന്നു മറ്റൊരു ഗവേഷകനായ സൈമണ്‍ ഗ്രീന്‍ഹില്‍ അഭിപ്രായപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍