UPDATES

വായന/സംസ്കാരം

ബഹിഷ്ക്കരിക്കുന്നത് ബഷീറിനെ അപമാനിക്കുന്നതിന് തുല്യമെന്ന് സിപിഎം എം എല്‍ എ; ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന ബഷീര്‍ പുരസ്കാര ചടങ്ങ് ബോയ്ക്കോട്ട് തുടരുന്നു

ദീപാ നിശാന്തിന് പിന്നാലെ ഗുരുവായൂരപ്പന്‍ കോളേജ് വിദ്യാര്‍ത്ഥികളും ചടങ്ങ് ബഹിഷ്ക്കരിച്ചു

മലയാളത്തതിന് ഒരു ബഷീറേ ഉള്ളൂ. അത് നമ്മുടെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറാണ്. വായനക്കാരുടെ സ്വന്തം ബേപ്പൂർ സുൽത്താൻ. ഇന്നും കോഴിക്കോടിനെ അക്ഷരപ്രേമികളുടെ നാടായി നിലനിർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. കോഴിക്കോട് വളർന്നത് ബഷീറിന്റെ രചനകൾ വായിച്ചാണ്. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ ജനിച്ച ബഷീർ കോഴിക്കോട്ടുകാരിയായ ഫാത്തിമാ ബീവി എന്ന ഫാബിയെ വിവാഹം കഴിച്ചതോടെ കോഴിക്കോടിന്റെ സ്വന്തമായി. ജീവിതാനുഭവങ്ങളുടെ കരുത്തിൽ നിന്നും പാകപ്പെടുത്തിയെടുത്ത അദ്ദേഹത്തിന്റെ രചനകൾ വായനക്കാർ ഇന്നും നെഞ്ചോട് ചേർക്കുന്നു. എഴുത്തിലൂടെ ഒരേ സമയം ചിരിപ്പിക്കാനും കരയാനും ചിന്തിപ്പിക്കാനും സാധിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതാണ് സുൽത്താൻ ചെയ്തതും. കണ്ണീരിനെ പൊട്ടിച്ചിരിയാക്കിയ സ്ത്രീ കഥാപാത്രങ്ങളിലൂടെ തന്റെ രചനകളിൽ അദ്ദേഹം പറഞ്ഞു വെച്ചത് അനീതിയോടും ദുരിതങ്ങളോടും പൊരുതിയ പെൺ സമൂഹത്തെ ആയിരുന്നു. ബഷീർ നമ്മെ വിട്ടു
പോയിട്ട് ഈ വരുന്ന ജൂലൈ 5 ന് 24 വർഷം തികയുകയാണ്.

വൈക്കം മുഹമ്മദ് അനുസ്മരണ വേദിയും അഖിലേന്ത്യാ കലാ സാഹിത്യ സാംസ്കാരിക രംഗവും (അക്ഷര) സംയുക്തമായി സംഘടിപ്പിക്കുന്ന ബഷീർ പുരസ്‌കാര ദാന ചടങ്ങ് എല്ലാ വര്‍ഷങ്ങളിലും കോഴിക്കോട് നടക്കുന്ന പ്രധാന സാംസ്കാരിക പരിപാടികളില്‍ ഒന്നാണ്. കോഴിക്കോടിനെ സ്നേഹിച്ച ബഷീറിനുള്ള അര്‍ഹിച്ച ആദരമായാണ് ഈ പുരസ്കാര ദാന ചടങ്ങിനെ കോഴിക്കോട്ടെ സാംസ്കാരിക ലോകം കാണുന്നത്.

എന്നാല്‍ ഈ വര്‍ഷത്തെ ബഷീർ പുരസ്‌കാര ദാന ചടങ്ങ് വിവാദത്തില്‍ ആയിരിക്കുകയാണ്. നടിയെ ബലാത്സംഗം ചെയ്യുന്നതിന് ക്വട്ടേഷന്‍ നല്‍കി എന്ന കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ എ എം എം എയിലേക്ക് തിരിച്ചെടുക്കാനുള്ള നടപടിയാണ് അതുമായി യാതൊരു ബന്ധവും ഇല്ലാത്ത ബഷീര്‍ പുരസ്കാരത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചിരിക്കുന്നത്. ദിലീപിന് വേണ്ടി സംസാരിച്ച ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കില്ല എന്നു എഴുത്തുകാരിയും കേരളവർമ്മ കോളേജ് അദ്ധ്യാപികയുമായ ദീപാ നിശാന്ത് ഫേസ്ബുക്കിലൂടെ അറിയിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ആക്രമിക്കപ്പെട്ട നടിയോടുള്ള ഐക്യദാർഢ്യവും നടി ഊർമിള ഉണ്ണിയുടെ നിലപാടിലുള്ള വിയോജിപ്പും കാരണമാണ് താൻ പരിപാടിയിൽ നിന്നും വിട്ടു നിൽക്കുന്നതെന്ന് ദീപാ നിശാന്ത് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് നാലു ദിവസം മുമ്പ് തന്നെ സംഘാടകരെ അറിയിച്ചിട്ടുണ്ടന്നും ചടങ്ങിൽ നിന്നും വിട്ടു നിന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിന ബഷീറിന്റെ നിലപാട് സ്വാഗതാർഹമാണ് എന്നും ദീപ നിശാന്ത് പറഞ്ഞു. എന്നാൽ ചടങ്ങിൽ നിന്നും താൻ വിട്ടു നിൽക്കുന്നത് വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ടാണെന്നാണ് ഷാഹിന ബഷീർ വ്യക്തമാക്കിയത്. അതേ സമയം ഷാഹിന പരിപാടിയില്‍ പങ്കെടുക്കാത്തത് ഊര്‍മ്മിള ഉണ്ണി വിഷയത്തിലാണ് എന്ന രീതിയില്‍ വാര്‍ത്ത പുറത്തുവന്നിരുന്നു.

ഇതിനിടെ സോഷ്യൽ മീഡിയയിലടക്കം ദീപാ നിശാന്തിന്റെ നിലപാടിനു അഭിനന്ദനമറിയിച്ചു ഒട്ടേറെ പേർ രംഗത്തെത്തി .”ബഷീർ എന്ന വലിയ മനുഷ്യനോട് ഒരുപാട് ബഹുമാനമുണ്ട്. എന്നാൽ ആ ചടങ്ങിൽ പങ്കെടുക്കുന്ന ഊർമിള ഉണ്ണി എന്ന വ്യക്തിയുടെ നിലപാടിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ഞാൻ മാറി നിൽക്കുന്നത്” ദീപാ നിശാന്ത് പറഞ്ഞു.

എന്നാൽ “ഇരയുടെ കൂടെയാണ് ഞാനും എന്റെ പാർട്ടിയും” എന്നാണ് മുഖ്യാതിഥി ആയി പങ്കെടുക്കുന്ന സി പി എം എം എല്‍ എ പുരുഷന്‍ കടലുണ്ടി പറഞ്ഞത്. “ഇത് ബഷീറിന്റെ പരിപാടിയാണ്. ഞാൻ അതിൽ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നത് ബഷീറിനെ ബഹിഷ്‌കരിക്കുന്നതിനു തുല്യമാണ്” പുരുഷൻ കടലുണ്ടി പറഞ്ഞു. “മോഹൻലാലും മമ്മൂട്ടിയും എന്റെ സുഹൃത്തുക്കളാണ്. എന്നു കരുതി നിലപാടുകളെ ആ സൗഹൃദം ബാധിക്കാറില്ല” വിവാദങ്ങളിലേക്ക് തൽക്കാലം താനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍റര്‍സോണ്‍ നാടക മത്സരത്തില്‍ സമ്മാനം നേടിയ ഗുരുവയുരപ്പന്‍ കോളേജ്‌ വിദ്യാര്‍ത്ഥികളെയും ഈ ചടങ്ങില്‍ ആദരിക്കുന്നുണ്ട്. സ്ത്രീപക്ഷരാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ട് ഇവരവതരിപ്പിച്ച ‘തൊട്ടപ്പൻ’ എന്ന നാടകമാണ് ഇവരെ പുരസ്കാരത്തിനർഹരാക്കിയത്. എന്നാല്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധവും, തികച്ചും യാഥാസ്ഥിതികവുമായ തീരുമാനമെടുത്ത മലയാള സിനിമാ സംഘടനയെ പിന്തുണച്ച ശ്രീമതി ഊര്‍മിള ഉണ്ണിയോടുള്ള പ്രതിഷേധസൂചകമായി പുരസ്കാര ചടങ്ങ് ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

തങ്ങളെ പോലെ വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ബഷീര്‍ പുരസ്‌കാര വേദിയില്‍ സമ്മാനം സ്വീകരിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. പക്ഷെ നിലപാടുകളും, ’പൊളിറ്റിക്കല്‍’ ആയിരിക്കുക എന്നതുമാണ് പ്രാധാന്യമെന്ന്‌ തിരിച്ചറിയുന്നെന്നും നടക്കുന്ന ബഷീര്‍ പുരസ്‌ക്കാര ചടങ്ങില്‍ തങ്ങള്‍ പങ്കെടുക്കുന്നില്‍ളെന്ന് വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിക്കുകയായിരുന്നു.

അവാര്‍ഡ്ദാനച്ചടങ്ങ് ബഹിഷ്‌ക്കരിച്ച വിദ്യാർത്ഥികളെ അഭിനന്ദിച്ചു കൊണ്ട് ദീപ നിഷാന്ത് രംഗത്തെത്തി.

“ഞങ്ങൾ നിരസിക്കുന്നത് പുരസ്കാരത്തെയല്ല സ്ത്രീവിരുദ്ധ നിലപാടുകളോടുള്ള, അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നവരോടുള്ള എല്ലാ വ്യക്തികളോടുമുള്ള ഞങ്ങളുടെ വിയോജിപ്പ് ഞങ്ങൾക്ക് സാധിക്കും വിധം ഞങ്ങൾ അറിയിക്കുന്നു എന്നേയുള്ളൂ. അത് ഊർമ്മിള ഉണ്ണി എന്ന ഒറ്റ വ്യക്തിയോടുള്ള പ്രതിഷേധമല്ല.ജനപ്രതിനിധികൾ അടക്കം കൈക്കൊണ്ട മൗനങ്ങളോടുള്ള, വിണ്ണിലെ താരങ്ങളുടെ സ്ത്രീവിരുദ്ധ കൈയടികളോടുള്ള പ്രതിഷേധമാണിത്. നിസ്സഹായത കൊണ്ടും മറ്റ് ഗതികേടുകൾ കൊണ്ടുമാണ് പലരും മൗനം പാലിച്ചതെന്നറിഞ്ഞു. അത് മനസ്സിലാക്കുന്നു. അടിമ സമ്പ്രദായം നിരോധിച്ച കാലത്ത് കുറേ അടിമകൾക്കും ഇതേ നിസ്സഹായത ഉണ്ടായതായി കേട്ടിട്ടുണ്ട്. ” ഞങ്ങളിനി എന്തു ചെയ്യും? ഞങ്ങൾക്കിനി ആരു ഭക്ഷണം തരും? ” എന്ന ആവലാതികൾ പങ്കുവെക്കുന്നവരോട് എന്താണ് പറയുക? സ്വാതന്ത്ര്യമെന്തെന്ന് പ്രഖ്യാപിക്കുന്നതിനേക്കാൾ പ്രധാനമാണ് അതെന്താണെന്ന തിരിച്ചറിവ്.. ആ തിരിച്ചറിവ് നമുക്കുണ്ടായാലേ ആ “പെണ്ണുങ്ങളുടെ ” സമരം ആളിപ്പടരൂ.ആ സമരത്തെ വിജയിപ്പിക്കേണ്ടത് ഒരു സാമൂഹികബാധ്യത തന്നെയാണ്. സ്ത്രീപീഡനം തീർത്തും സ്വാഭാവികമായ ഒരു മർദ്ദകോപാധിയും അധികാരപ്രയോഗത്തിനുള്ള ഉപകരണവുമായി മാറാതിരിക്കാൻ നമ്മൾ ജാഗ്രത പാലിച്ചേ മതിയാകൂ.” ദീപ തന്റെ ഫെയ്സ്ബുക് കുറിപ്പിൽ പറയുന്നു.

ജി.എസ് പ്രദീപ്, ചലച്ചിത്ര താരം ശ്രീമതി ഊർമിള ഉണ്ണി, എഴുത്തുകാരി ദീപാ നിശാന്ത്, നാടകകൃത്ത് കണ്ണനല്ലൂർ ബാബു എന്നിവരാണ് ഈ വർഷത്തെ ബഷീർ പുരസ്‌കാരത്തിന് അർഹരായവർ. എന്നാൽ വ്യക്തികളെ ആദരിക്കുന്ന ചടങ്ങല്ല ഇതെന്നും അവരുടെ രചനകൾക്കാണ് പുരസ്‌കാരം നൽകുന്നതെന്നും പരിപാടിയുടെ സംഘാടക സമിതി കൺവീനർ റഹീം പൂവാട്ടുപറമ്പ് പ്രതികരിച്ചു. മറ്റുകാര്യങ്ങളെല്ലാം പരിപാടി കഴിഞ്ഞു വ്യക്തമാക്കാം എന്നും ദീപാ നിശാന്ത് ഒഴികെ മറ്റുള്ളവരെല്ലാം പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു ഇന്ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ എം. പി. അബ്ദുസമദ് സമദാനി, പുരുഷൻ കടലുണ്ടി എം.എൽ. എ, പി.വി.ഗംഗാധരൻ എന്നിവരും പങ്കെടുക്കും.

ഊര്‍മ്മിള ഉണ്ണിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് ദീപാ നിശാന്ത്

ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സ്വീകരിക്കാനില്ല: ബഹിഷ്‌കരണവുമായി വിദ്യാര്‍ത്ഥികളും

എന്തൊരു ദ്രാവിഡാണ് ഈ പാര്‍ട്ടി!

പികെ റോസിയുടെ കൂര കത്തിച്ചതില്‍ നിന്നും മോഹന്‍ലാലിന്റെ കോലം കത്തിക്കലിലേക്ക് മലയാള സിനിമ നടന്നു തീര്‍ത്തത് 90 ആണ്ടുകള്‍

അഞ്ജലി അമൃത്

അഞ്ജലി അമൃത്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍