UPDATES

വിദേശം

അരാജകത്വത്തിന്റെ നാളുകള്‍ വരുന്നു; കേരളവും അകലെയല്ല

Avatar

ടീം അഴിമുഖം

ലോകമെമ്പാടും ആഞ്ഞടിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ തിരമാലകള്‍, മനുഷ്യ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്തവിധത്തിലുള്ള അരാജകത്വത്തിലേക്കാണ് സമകാലീക ലോകത്തെ നയിക്കുന്നത്. ഇറാഖിലും സിറിയയിലും ഭ്രാന്തെടുത്ത സുന്നികളാണ് ഏറ്റവും കിരാതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതെങ്കില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഇസ്രായേലിലെ ജൂത ഭരണകൂടമാണ് പാലസ്തീനില്‍ മരണവും ഭീതിയും വിതയ്ക്കുന്നത്. യൂറോപ്പിലും അമേരിക്കയിലുമാവട്ടെ കുടിയേറ്റക്കാരോടുള്ള വെറുപ്പിന് മുകളില്‍ സഞ്ചരിക്കുന്ന യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ വളര്‍ച്ച പകല്‍ പോലെ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ആഫ്രിക്കയില്‍ ഇസ്ലാമിക വാദികള്‍ മരണവും ഭ്രാന്തും സംഭാവന ചെയ്യുന്നു. നമ്മള്‍ അതിനെ ജനാധിപത്യമെന്നും മറ്റും വിളിക്കുമെങ്കിലും തെക്കന്‍ ഏഷ്യയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.

സംസ്‌കാരങ്ങള്‍ തമ്മിലുള്ള പോരാട്ടം
ശീതയുദ്ധാനന്തര യാഥാര്‍ത്ഥ്യം എന്ന് പല നിരീക്ഷകരും ചൂണ്ടിക്കാട്ടിയ അവസ്ഥ യഥാര്‍ത്ഥത്തില്‍ ശക്തി പ്രാപിച്ചത് അടുത്ത സമയത്ത് മാത്രമാണ്. ക്രിസ്ത്യന്‍ പടിഞ്ഞാറും മുസ്ലിം ലോകവും തമ്മില്‍ ആഴത്തിലുള്ള സംസ്‌കാരിക പോരാട്ടത്തിലേക്ക് മുങ്ങിത്താഴുകയാണെന്നാണ്-നമ്മുടെ എം ജെ അക്ബറായിരുന്നു ആദ്യമായി ഈ നിരീക്ഷണം നടത്തിയവരില്‍ ഒരാള്‍- ഈ നിരീക്ഷകരെല്ലാം പറഞ്ഞത്.

‘ഈ പുതിയ ലോകത്തില്‍ സംഘര്‍ഷങ്ങള്‍ക്കുള്ള അടിസ്ഥാന കാരണം പ്രാഥമികമായി പ്രത്യയശാസ്ത്രപരമോ സാമ്പത്തികമോ അല്ല. മനുഷ്യവംശങ്ങള്‍ തമ്മിലുള്ള വലിയ വിഭജനങ്ങള്‍ക്കും സംഘര്‍ഷങ്ങളെ നിര്‍ണയിക്കുന്ന കാരണങ്ങള്‍ക്കും അടിസ്ഥാനം സാംസ്‌കാരികമാണ്,’ 2008 ല്‍ അന്തരിച്ച ഹാര്‍വാഡ് സര്‍വകലാശാല പ്രൊഫസര്‍ സാമുവല്‍ ഹണ്ടിംഗ്ടണ്‍ തന്റെ പ്രസിദ്ധമായ 1992-ലെ പ്രസംഗത്തിലും പിന്നീട് 1993ല്‍ എഴുതിയ ലേഖനത്തിലും പ്രവചിച്ചു. 1993-ലെ ലേഖനത്തില്‍ എം ജെ അക്ബറിനെയും മറ്റ് ചിലരെയും പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ‘സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ലോക രാഷ്ട്രീയത്തില്‍ മേല്‍കൈ നേടും. സംസ്‌കാരങ്ങള്‍ തമ്മിലുള്ള അഭിപ്രായ അന്തരങ്ങള്‍ ഭാവിയിലെ യുദ്ധരേഖകള്‍ക്ക് കാരണമാകും.’

ഈ പ്രവചനങ്ങള്‍ എത്രമാത്രം യാഥാര്‍ത്ഥ്യമായി ഭവിച്ചിരിക്കുന്നു! മതത്തിന്റെ പേരില്‍ മനുഷ്യര്‍ ഇങ്ങനെ പരസ്പരം കഴുത്തറക്കുന്ന ഇത്രയും അരാജകമായ ഒരു കാലം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ? ശാസ്ത്രീയം പോലുമല്ലാത്ത ചില വിശ്വാസങ്ങളുടെ പുറത്ത് പരസ്പരം ബോംബ് വര്‍ഷിക്കുന്ന കാലം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? എന്നാണ് നമ്മള്‍ അവസാനമായി ഒരു സമൂഹത്തെ കുന്നിന്‍ ചെരുവുകളിലേക്ക് അടിച്ചോടിക്കുകയും അവര്‍ക്ക് പട്ടിണി മരണം വിധിക്കുകയും ചെയ്തത്? അവിടെയുള്ള വിരലിലെണ്ണാവുന്ന തീവ്രവാദികള്‍ നമ്മെ ആക്രമിച്ചു എന്നതിന്റെ പേരില്‍ എന്നാണ് അവസാനമായി നമ്മള്‍ ഒരു ജനവാസ നഗരത്തില്‍ ബോംബ് വര്‍ഷിച്ചത്?

വിവേകശൂന്യരുടെ യുദ്ധം, ജ്ഞാനികളുടെ മൗനം
വിവേകശൂന്യരും മന്ദബുദ്ധികളും നിരക്ഷരകുക്ഷികളും ചര്‍ച്ചകള്‍ നയിക്കുന്ന വിചിത്രമായ ഒരു ലോകത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഇവരെ സാമൂഹിക-രാഷ്ട്രീയ നേതാക്കളായി അംഗീകരിക്കാന്‍ നിര്‍ബന്ധിതമാവുന്നത് ഈ കാലഘട്ടത്തിന്റെ ശാപമാണ്. അല്ലെങ്കില്‍, അയാളുടെ രാജ്യം ചെയ്ത പാപത്തിന്റെ പേരില്‍ ആര്‍ക്കാണ് ഒരു പത്രലേഖകന്റെ തലയറുക്കാന്‍ സാധിക്കുക? ഇസ്രായേല്‍ രാജ്യം ഭീഷണി നേരിടുന്നു എന്നതിന്റെ പേരില്‍ നൂറുകണക്കിന് നിര്‍ദ്ദോഷികളുടെ മരണത്തെ ന്യായീകരിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? യസീദികളുടെ വിധിയെ, അവരുടെ പലായനത്തെ ആര്‍ക്കാണ് ന്യായീകരിക്കാനാവുക?

എന്നാല്‍ ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്ന പുരുഷന്മാരും സ്ത്രീകളും ഇപ്പോഴം ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം ന്യായീകരണങ്ങളെ അംഗീകരിക്കുന്ന അതിലും കൂടുതല്‍ മനുഷ്യരുണ്ടെന്നതാണ് അതിലും വിചിത്രം.

സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും മന്ദബുദ്ധികള്‍ തമ്മിലുള്ള ചര്‍ച്ചകളും ഏതോ വിദൂര പ്രദേശത്ത് നടക്കുന്ന ഒന്നല്ല എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും ദുഃഖകരമായ യാഥാര്‍ത്ഥ്യം. മറിച്ച് അത് നമ്മുടെ ചുറ്റുപാടും നടക്കുന്ന യാഥാര്‍ത്ഥ്യമാണ്.

അല്ലെങ്കില്‍ എങ്ങനെയാണ് ഭരണകക്ഷിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ ‘ലൗ ജിഹാദ്’ സ്ഥാനം പിടിക്കുന്നത്? കേരളത്തിലെ മതനേതാക്കള്‍ക്കിടയില്‍ മദ്യം എങ്ങനെയാണ് പ്രധാന ചര്‍ച്ചാ വിഷയം ആകുന്നത്?

ബെസ്റ്റ് ഓഫ് അഴിമുഖം 

സുന്നി-ഷിയാ വിടവ് സായുധ സംഘര്‍ഷമായതെങ്ങനെ?
കൊല്ലപ്പെടാന്‍ ഊഴം കാത്തിരിക്കുന്നവര്‍
യാഥാസ്ഥിതിക മതപഠനം ചോദ്യം ചെയ്യപ്പെടുമ്പോള്‍
ഞങ്ങള്‍ അരക്ഷിതരും ആകുലരുമാണ്
അടുത്ത കൂട്ടക്കൊലക്ക് കാത്തിരിക്കണോ?

കമ്മ്യൂണിസ്റ്റ് ചേരിയുടെ പതനത്തിന് ശേഷം ലോകം അരാജകത്വത്തിലേക്ക് മുങ്ങിത്താഴുകയാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ റോബര്‍ട്ട് ഡി കപ്ലാന്‍ എഴുതിയിരുന്നു. ക്ഷാമം, കുറ്റകൃത്യങ്ങള്‍, ജനസംഖ്യാ വര്‍ദ്ധന, വംശീയത, രോഗങ്ങള്‍ തുടങ്ങിയവ നമ്മുടെ ഗ്രഹത്തിലെ മനുഷ്യസാന്നിധ്യത്തെ അതിവേഗം നശിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിര്‍ഭാഗ്യവശാല്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം ചെറുതീയില്‍ വേവിക്കുന്ന പാത്രങ്ങളിലെ ചേരുവകളാണ് അതെല്ലാം. ഇതില്‍ നിന്നും തങ്ങളുടെ അനുയായികള്‍ വെറുപ്പും കലാപവും വിളമ്പിക്കൊടുക്കാന്‍ നമ്മുടെ നേതാക്കന്മാര്‍ക്ക് സാധിക്കുകയും ചെയ്യുന്നു.

കേരളം ഇതില്‍ നിന്നും അകലം പാലിക്കുന്ന ഒരു സ്ഥലമല്ല. മറിച്ച്, നമ്മുടെ കാലത്തിന്റെ ഈ അസംബന്ധം നടമാടുന്ന വേദികളില്‍ ഒന്നാണ് അത്. കലാപങ്ങള്‍ മുഖ്യധാരയില്‍ പ്രത്യേക്ഷപ്പെട്ടിട്ടില്ല എന്നത് മാത്രമാണ് ഇറാഖില്‍ നിന്നും പാലസ്തീനില്‍ നിന്നും അതിനെ വ്യത്യസ്ഥമാക്കുന്നത്. എന്നാല്‍, സമൂഹങ്ങള്‍ തമ്മില്‍ ഇപ്പോഴുള്ള തരത്തിലുള്ള പരസ്പരബന്ധം തുടരുകയും ഇതേ നേതാക്കളുമായി മുന്നോട്ട് പോവുകയും ചെയ്യുകയാണെങ്കില്‍, ഇവിടെയും കലാപങ്ങള്‍ മുഖ്യധാരയിലേക്ക് വരുന്ന കാലം വിദൂരമല്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍