UPDATES

വായന/സംസ്കാരം

സൈബറിടങ്ങളിലെ വര്‍ഗ്ഗീയത; ഇടതുപക്ഷം ഇനിയും മടിച്ചുനിന്നാല്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തം: എന്‍ പ്രഭാകരന്‍/അഭിമുഖം

ഇന്ത്യയിൽ അവർക്ക് ഇന്നേവരെ വേര് പായിക്കാൻ കഴിയാത്ത ഒരു സ്ഥലം കേരളമാണ്. അതുകൊണ്ട് എല്ലാ വഴികളിലൂടെയും കേരള രാഷ്ട്രീയത്തിൽ പ്രവേശനം നേടാനുള്ള എല്ലാ ശ്രമങ്ങളും ബി ജെ പി നടത്തും-ഭാഗം 2

കേരളത്തിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ ഓരോ ഘട്ടത്തിലും ഉരുത്തിരിയുന്ന സംവാദങ്ങളിലും വിവാദങ്ങളിലും ശക്തവും സ്വതന്ത്രവുമായ നിലപാടുകൾ തുറന്നു പറയുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് കഥാകൃത്തും നോവലിസ്റ്റുമായ എൻ. പ്രഭാകരൻ. ഈയടുത്ത കാലത്ത് ‘കളിയെഴുത്ത്’ എന്ന അദ്ദേഹത്തിന്റെ കഥയ്ക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു വന്നു. അതിനെല്ലാം കൃത്യമായ മറുപടി അദ്ദേഹത്തിനുണ്ട്. എസ്. ഹരീഷിന്റെ നോവലിനെതിരെ എതിർപ്പുകൾ ഉയർന്നപ്പോൾ ശക്തമായി പ്രതികരിച്ചവരിൽ ഒരാൾ എൻ. പ്രഭാകരനാണ്. പക്ഷെ ഹരീഷിന്റെ നിലപാടുകളെയും അദ്ദേഹം വിമർശിക്കുന്നുണ്ട്. എഴുത്തുകാർക്കെതിരെ ഭീഷണികൾ ഉയരുമ്പോഴും നിശബ്ദരായി നോക്കിയിരിക്കുന്നവർക്കെതിരെയും തുറന്നു പറയാൻ അദ്ദേഹത്തിന് മടിയില്ല. സാഹിത്യം, വർഗീയത, രാഷ്ട്രീയം, അധ്യാപനം… കാലികമായ നിലപാടുകൾ തുറന്നു പറയുകയാണ് ഈ ദീർഘസംഭാഷണത്തിൽ എൻ. പ്രഭാകരൻ. അഭിമുഖത്തിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം: മേലില്‍ എഴുതരുതെന്ന് പറഞ്ഞു; അപകടകരമായ നിശബ്ദതയാണ് നമുക്കുചുറ്റും

ഹരീഷിന്റെ മീശയ്ക്കെതിരെ ഉയര്‍ന്ന ഭീഷണിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലടക്കം ആദ്യം മുതൽ തന്നെ നിലപടുകൾ വ്യക്തമാക്കുകയും പ്രതികരിക്കുകയും ചെയ്തവരുടെ ചുരുങ്ങിയ കൂട്ടത്തിൽ മാഷ് ആണ് കാര്യങ്ങൾ വ്യക്തമായി പറഞ്ഞത് എന്ന് തോന്നുന്നു. പക്ഷെ ഒരു ഘട്ടത്തിൽ സംഘടിതമായ കുറ്റപ്പെടുത്തലുകൾ മാഷിനെതിരെയും ഉയർന്നു. സങ്കുചിതമായ മറുവാദങ്ങളായിരുന്നു അവയെന്ന് മാഷ് പറയുകയും ചെയ്തിട്ടുണ്ട്. നിലപാടുകൾ തുറന്നു പറയാൻ എഴുത്തുകാർ ഭയപ്പെടുന്ന സാഹചര്യം കേരളത്തിലും രൂപപ്പെട്ടു കഴിഞ്ഞു എന്നാണോ കരുതേണ്ടത്?

എന്റെ ഫേസ്ബുക് കുറിപ്പിനെതിരെ വന്ന വിമർശനങ്ങൾ പ്രധാനമായും ഹിന്ദു വർഗീയ വാദികളിൽ നിന്നാണ്. ഏതാണ്ട് സംഘടിതമായി വിമർശിക്കുന്നത് പോലെയാണ് അതുണ്ടായത്. അവരുന്നയിക്കുന്ന പ്രധാന വാദം കേരളത്തിൽ നേരത്തെ മുസ്ലിം വർഗീയ വാദികളുടെ ഭാഗത്തു നിന്ന് ജോസഫ് മാസ്റ്ററുടെ കൈ വെട്ടിയ സംഭവം ഉണ്ടായപ്പോൾ എല്ലാ സാംസ്കാരിക നായകന്മാരും മൗനം പാലിച്ചു, അതിനെതിരെ കാര്യമായ പ്രതികരണം ഉണ്ടായില്ല എന്നാണ്. പവിത്രൻ തീക്കുനിക്ക് പർദ്ദ എന്ന കവിത പിൻവലിക്കേണ്ടി വന്നപ്പോഴും ഈ പ്രതികരണം ഉണ്ടായില്ല എന്നാണ്. ഹിന്ദു വർഗീയ വാദികൾക്കുള്ള ആദ്യത്തെ എന്റെ മറുപടി, അവരിങ്ങനെ ഹിംസ ചെയ്തു എന്നുള്ളത് നിങ്ങൾ ഹിംസ ചെയ്യുന്നതിനുള്ള ന്യായീകരണം ആവില്ല എന്നതാണ്. ഹിംസയുടെ തോത് കണക്കിലെടുത്തിട്ട് ആരാണ് വലിയ ആക്രമണകാരികൾ എന്ന് നിശ്ചയിക്കുന്നത് ശരിയല്ല. പക്ഷെ നമ്മുടെ മുന്നിലുള്ള ചില വസ്തുതകൾ അവഗണിക്കാൻ പറ്റില്ല. ഇന്ത്യയുടെ പല ഭാഗങ്ങളിലും ബീഫ് കഴിച്ചു അല്ലെങ്കിൽ കന്നുകാലികളെ കടത്തി എന്നതിന്റെ പേരിൽ ആൾക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. ആൾക്കൂട്ടം നടത്തുന്ന കൊലപാതകം തന്നെ വലിയ വിഷയമാണ് ഇന്ത്യയിൽ. ഇത് വലിയ തോതിൽ നടക്കുന്നുണ്ട്. ഹിന്ദു വർഗീയ വാദികളിൽ നിന്നാണ് പ്രധാനമായും ഇതുണ്ടാവുന്നത്. കശ്മീരില്‍ ഹിന്ദുക്കളായ കുറച്ചുപേര്‍ ചേര്‍ന്ന് ഒരു മുസ്ലിം ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നപ്പോൾ ആ കൊലപാതകിയുടെ പക്ഷം ചേരാനാണ് ഹിന്ദു വർഗീയ വാദികൾ ശ്രമിച്ചത്. പലരും അതിനെ ന്യായീകരിച്ചു. മലയാളത്തിൽ നടന്ന ടി വി ചർച്ചകളിൽ തന്നെ ബി ജെ പി പ്രതിനിധികൾ ഈ ബലാത്സംഗത്തെയും ഹിംസയെയും രൂക്ഷമായ ഭാഷയിൽ അപലപിക്കുന്നതിനു പകരം നിയമ വ്യവഹാരവുമായി ബന്ധപ്പെട്ട ചില സാങ്കേതിക കാര്യങ്ങൾ പറയുക മാത്രമാണ് ചെയ്തത്. ഈ വസ്തുതകൾ നമ്മുടെ മുന്നിലിരിക്കെ ഹിന്ദു വർഗീയ വാദികൾ മുസ്ലിം വർഗീയ വാദികളേക്കാൾ മെച്ചപ്പെട്ടവർ ആണെന്ന് സ്ഥാപിക്കാൻ ഒരാൾക്കും സാധ്യമല്ല. ഹിന്ദു വർഗീയ വാദികൾക്ക് ഉന്നയിക്കാൻ അവകാശമില്ലെങ്കിലും ജോസഫ് മാഷിന്റെ സംഭവത്തിലും പർദയുടെ കാര്യത്തിലും നിഷ്പക്ഷ മതികളായ ആളുകളിൽ നിന്ന് തന്നെ നിശബ്ദത ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നവരുണ്ട്. ടി വി ചർച്ചകളിൽ പോലും. ഈ ചോദ്യങ്ങളെ പാടെ കേട്ടില്ലെന്നു നടിക്കുന്നതിൽ അർത്ഥമില്ല. വർഗീയവാദം ഏത് മതത്തിൻെറ ഭാഗത്ത് നിന്നായാലും സാഹിത്യ വായനയെ മോശമായി തന്നെ ബാധിക്കും. നേരത്തെ എൻ. എസ് മാധവന്റെ ഹിഗ്വിറ്റക്കെതിരെ എം.ടി അൻസാരി എന്നയാൾ ഒരു വിമർശനം ഉന്നയിച്ചിരുന്നു. അതിലെ ജബ്ബാർ എന്ന കഥാപാത്രത്തിലൂടെ മുസ്ലിങ്ങളെ അധിക്ഷേപിക്കുന്നു എന്ന തരത്തിലുള്ള വിമർശനം. സന്തോഷ് ഏച്ചിക്കാനം ബിരിയാണി എന്ന കഥ എഴുതിയപ്പോഴും മുസ്ലിം വിരുദ്ധമാണ് എന്ന വിമർശനമുണ്ടായി. ഇത്തരത്തിലുള്ള തെറ്റായ വായനകൾ സാഹിത്യ വായനയുടെ അന്തരീക്ഷത്തെ മൊത്തത്തിൽ കലുഷിതമാക്കും. വായനയെ വർഗീയതയിൽ നിന്ന് പൂർണമായും മോചിപ്പിച്ചു നിർത്തുക തന്നെ വേണം. എല്ലാ വായനകളും തെറ്റായ വായനയാണ് അല്ലെങ്കിൽ ഏത് തെറ്റായ വായനയും സാധുവായ വായനയാണ് എന്നൊക്കെയുള്ള ആധുനികോത്തര വാദങ്ങൾ സാഹിത്യ വായനയെ യഥാർത്ഥത്തിൽ സഹായിക്കുകയില്ല. ഒരു കൃതിയുടെയും അർത്ഥവും ഫലവും എന്നന്നേക്കുമായി നിശ്ചയിച്ചു വെക്കാൻ ആവില്ല. പക്ഷെ ഓരോ കൃതിക്കും അതെഴുതപ്പെടുന്ന കാലത്ത് കൃത്യമായ ഒരു അർഥം ഉണ്ടാകും. ഏതൊക്കെ സാധ്യതകളിലേക്ക് ഈ അർത്ഥത്തിൽ വ്യാപിക്കാനാവും എന്നതിനെപ്പറ്റി കൃതി നമുക്ക് കൃത്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനപ്പുറം കടന്നു എന്തും എങ്ങനെയും വായിക്കാം, വായന വർഗീയമായാൽ പോലും അതിനെ നാം ന്യായീകരിച്ചു കൊള്ളണം എന്ന് പറയുന്നത് സാഹിത്യ വിരുദ്ധമായൊരു നിലപാട് ആണ്. ആ നിലപാട് ഹിന്ദുക്കൾ സ്വീകരിച്ചാലും മുസ്ലിങ്ങൾ സ്വീകരിച്ചാലും മറ്റാര് തന്നെ ആയാലും അത് തികച്ചും അനാരോഗ്യകരമാണ്. എഴുത്തുകാർക്ക് ഏതെങ്കിലും മതവിഭാഗത്തെ പേടിച്ചു വേണം എഴുത്ത് നിർവഹിക്കാൻ എന്ന് വരുന്നത് ഒട്ടും ആശാസ്യമല്ല. വായനക്കാരുടെ കണ്ണ് കൃതിയിൽ വർഗീയത തപ്പിക്കൊണ്ട് നടക്കുന്നതും അങ്ങനെ തന്നെ.

സാമൂഹ്യ മാധ്യമങ്ങളിലാണ് ഒരുപക്ഷെ വർഗീയമായ ചേരിതിരിവുകൾ സൃഷ്ടിക്കുന്ന തരത്തിലുള്ള വാദഗതികൾ കൂടുതലായി വരുന്നത്. ഇത് ആരുടെ ഭാഗത്ത് നിന്നായാലും അതിനെ തള്ളിക്കളയുക എന്ന ചിന്തയിലേക്ക് സമൂഹം എത്തുന്നുമില്ല. മനസികമായിട്ടെങ്കിലും പലരും അതിൽ ഏതെങ്കിലും പക്ഷം ചേരുകയാണ്. മാഷ് ഇതിനെ എങ്ങനെ വിലയിരുത്തുന്നു?

സൈബർ സ്പേസിൽ ഹിന്ദു വർഗീയ വാദികൾ വലിയ തോതിലും മുസ്ലിം വർഗീയ വാദികൾ കുറഞ്ഞ തോതിലും അവരവരുടെ പ്രചാരണങ്ങളിൽ സജീവമാണ്. ഫേസ്ബുക് നോക്കിയാൽ ഇത് മനസ്സിലാകും. എന്നാൽ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ദീര്‍ഘമായൊരു ചരിത്രമുള്ള കേരളത്തിൽ ഈ സ്പേസിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം വളരെ ദുർബലമാണ്. ഉള്ള ഇടതുപക്ഷക്കാരിൽ മഹാഭൂരിപക്ഷവും അവരുടെ പ്രവർത്തനങ്ങൾ സർക്കാരിന്റെ ചെയ്തികളെ ന്യായീകരിക്കുന്നതിൽ ഒതുക്കി നിർത്തും. ഇത് ദയനീയമായൊരു അവസ്ഥയാണ്. എല്ലാ ഇടങ്ങളിലും അതായത് അച്ചടി മാധ്യമങ്ങളിലും സൈബറിടങ്ങളിലും സാംസ്കാരിക ചർച്ചകളിലും ഒക്കെ സ്വന്തം സാന്നിധ്യം ഏറ്റവും സദുദ്ദേശപരമായി അതേസമയം അങ്ങേയറ്റം ജാഗ്രതയോടെ തെളിയിച്ചു കാണിക്കാൻ ഇടതുപക്ഷം ഇനിയും മടിച്ചു നില്‍ക്കുകയാണെങ്കിൽ അതൊരു വലിയ സാംസ്കാരിക ദുരന്തമായിരിക്കും.

Also Read: സംഘികള്‍ക്ക് എന്തിനാണ് സംഗീതയോട് കലിപ്പ്? വംശീയവും ലിംഗപരവുമായ വെറിതീര്‍ക്കലല്ല വിമര്‍ശനം

“കവിയാണ് ഞാൻ/സ്വാതന്ത്ര്യമാണെന്റെ രാജ്യം/അഭിപ്രായമില്ലായ്കയാണെന്റെ അഭിപ്രായം”-മാഷ് ഇങ്ങനെ ഒരിടത്ത് എഴുതിയത് കണ്ടു. ഈ വരികളിലൂടെ ഉന്നം വെക്കുന്നത് ആരെയാണ്?

ഫേസ്ബുക്കിൽ പലപ്പോഴും കാണുന്നത് ഒരേ ആൾ തന്നെ, വിരുദ്ധ ആശയങ്ങൾ പ്രകടിപ്പിക്കുന്ന പോസ്റ്റുകളിൽ ലൈക്ക് ചെയ്യും. ഉദാഹരണത്തിന് ഹരീഷിന്റെ നോവൽ ഹിന്ദു വിരുദ്ധമാണ് എന്ന് ഒരാൾ പോസ്റ്റ് ഇട്ടാൽ അതിനെ ലൈക്ക് ചെയ്യുന്ന അതെ ആൾ തന്നെ മീശയുടെ വർഗീയ വായനക്കെതിരെ പോസ്റ്റ് ഇട്ടാൽ അതിനെയും ലൈക്ക് ചെയ്യും. ഈ നിലപാടിനെതിരായ വിമർശനവും പരിഹാസവുമാണ് ആ വരികളിൽ. എന്നാൽ ഇതിനൊരു പ്രതികരണം വന്നു. എഫ് ബി യിലെ ലൈകിനു ‘കണ്ടു’ എന്ന് മാത്രമേ അർത്ഥമുള്ളൂ എന്നയാൾ എഴുതുകയുണ്ടായി. ലൈക്ക് അല്ലാതെ ഡിസ്ലൈക്ക് എഫ് ബി യിൽ ഇല്ല എന്നും അയാൾ പറയുന്നു. അവിടെ വരുന്ന മുഴുവൻ അഭിപ്രായങ്ങളും കണ്ടു എന്ന് രേഖപ്പെടുത്താനുള്ള ബാധ്യത ആർക്കുമില്ല. ലൈക്ക് അടിക്കുന്നതോടെ പോസ്റ്റിൽ പറഞ്ഞ അഭിപ്രായത്തോട് യോജിപ്പ് തന്നെയാണ് പ്രകടിപ്പിക്കുന്നത്. അത് ഭാഗികമായാൽ തന്നെയും യോജിപ്പ് തന്നെയാണ്. കടുത്ത വർഗീയ വാദികളുടെയും മത തീവ്രവാദികളുടെയും അഭിപ്രായങ്ങളോട് സ്വതന്ത്ര ചിന്തയുള്ള ഒരാൾ ഭാഗികമായി പോലും യോജിക്കുകയില്ല. അതിന്റെ ആവശ്യവുമില്ല.

എഴുത്തുകാർക്കെതിരെയും അവരുടെ കൃതികൾക്കെതിരെയും ഇത്തരത്തിൽ എതിർപ്പുകൾ ഉന്നയിച്ചു കൊണ്ട് പ്രത്യക്ഷമായി രംഗത്തു വരുന്നതിലൂടെ സംഘപരിവാർ ഒരു കേരള മോഡൽ തന്നെ നടപ്പാക്കുകയാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അത്രത്തോളമൊക്കെ ആശങ്കപ്പെടേണ്ട ഒരവസ്ഥയിലേക്ക് കേരളവും മാറിയോ?

ഇന്ത്യയിൽ അവർക്ക് ഇന്നേവരെ വേര് പായിക്കാൻ കഴിയാത്ത ഒരു സ്ഥലം കേരളമാണ്. അതുകൊണ്ട് എല്ലാ വഴികളിലൂടെയും കേരള രാഷ്ട്രീയത്തിൽ പ്രവേശനം നേടാനുള്ള എല്ലാ ശ്രമങ്ങളും ബി ജെ പി നടത്തും. മലയാളിയെ സംബന്ധിച്ചു സാഹിത്യം പരമ പ്രധാനമായ ഒരു വ്യവഹാരമാണ്. നമ്മുടെ നാട്ടിലെ തത്വചിന്ത തന്നെയും പ്രധാനമായും കവിതയിലൂടെ ആവിഷ്കൃതമായതാണ്. ശ്രീനാരായണഗുരു ഒരു വലിയ ദാർശനികൻ എന്ന പോലെ വലിയ ദാര്‍ശനിക കവി കൂടിയാണ്. മറ്റ് ഉദാഹരങ്ങളും ചൂണ്ടിക്കാണിക്കാനാവും. അതിനാൽ സാഹിത്യത്തിൽ ഇടപെടുക സാഹിത്യത്തിനെ തങ്ങളുടെ ആശയ പ്രചാരണവേദിയാക്കി മാറ്റുക എന്നത് ഹിന്ദു വർഗീയ വാദികൾ ഒരു അടവായി തന്നെ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ ഇക്കാര്യത്തിൽ അവർക്ക് മുന്നേറ്റങ്ങൾ സാധ്യമാവും എന്ന് ഞാൻ വിചാരിക്കുന്നേയില്ല. കേരളത്തിന് വളരെ സെക്കുലറായ ഒരു പാരമ്പര്യം, വിശേഷിച്ചും ഫോക്ക് പാരമ്പര്യം ഉണ്ട്. ഇതര മതസ്ഥരുടെ ആചാരഅനുഷ്ടാങ്ങളെയും ഉത്സവങ്ങളെയുമൊക്കെ വളരെ താല്പര്യപൂർവം നിരീക്ഷിച്ചു പോന്ന ഒരു ജനതയാണ് നമ്മൾ. ഹിന്ദുക്കളുടെ ചില കാവുകൾ മുസ്ലിങ്ങളുടെ സഹായത്തോടെയും ചില മുസ്ലിം പള്ളികൾ ഹിന്ദുക്കളുടെ സഹായത്തോടെയും നിർമ്മിക്കപ്പെട്ടതിന്റെ കഥകൾ നമ്മുടെ ഫോക്ക് സംസ്കാരത്തിന്റെ ഭാഗമാണ്. പല ഉത്സവങ്ങളും വ്യത്യസ്ത മത വിഭാഗങ്ങളിൽ പെട്ടവരുടെ പൂർണ മനസ്സോടെയുള്ള സഹകരണത്തോടെ ഇപ്പോഴും നടന്നു വരുന്നുണ്ട്. അങ്ങനെയുള്ള ഒരു ജനതയുടെ മേൽ വർഗീയ ശക്തികൾക്ക് വളരെ താത്കാലികമായ വിജയം മാത്രമേ സാധ്യമാവൂ. ഈ വിജയം പോലും സാധ്യമാവുന്നത് നമ്മുടെ രാഷ്ട്രീയ കക്ഷികളുടെ ജാഗ്രതയില്ലായ്മ കൊണ്ടാണ്. വോട്ട്ബാങ്ക് രാഷ്ട്രീയം രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തനങ്ങളെ പല സന്ദർഭങ്ങളിലും നിർവീര്യമാക്കുന്നത് കാണാം. വർഗീയ ശക്തികളുടെ ഭാഗത്തു നിന്ന് ഒരു ഹിംസാത്മക പ്രവർത്തനം ഉണ്ടായിക്കഴിഞ്ഞാൽ അതിനു ഇരയായി തീർന്നവർ ഏത് രാഷ്ട്രീയ കക്ഷിയിൽ പെടുന്ന ആളാണ് എന്ന് നോക്കാതെ പ്രതികരിക്കാനുള്ള ധാർമിക വീര്യവും സംശുദ്ധിയും നമ്മുടെ രാഷ്ട്രീയ കക്ഷികൾ ഉടനടി ആർജ്ജിക്കേണ്ടതാണ്. ഇക്കാര്യത്തിൽ അവർക്ക് സംഭവിക്കുന്ന പരാജയം വർഗീയ ശക്തികളുടെ വിജയത്തിലാണ് കലാശിക്കുക.

പുതിയ തലമുറയിലെ എഴുത്തുകാർ വളരെ വ്യത്യസ്തമായി എഴുതുകയും ഭാവുകത്വ പരിണാമങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യുന്നവരാണ്. എഴുത്തിൽ അവർ പുലർത്തുന്ന ജീവിത വീക്ഷണവും സത്യസന്ധവും നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതുമാണ്. ഇവർക്ക് മേലെ കൂടിയാണ് ഭീഷണികളോ ഭയപ്പെടുത്താലോ പല രൂപങ്ങളിൽ കടന്നു വരുന്നതും. ഇതിനെ എങ്ങനെ പ്രതിരോധിക്കാനാവും?

പുതുതലമുറയിലെ എഴുത്തുകാർ പ്രത്യേകിച്ചും ഹരീഷ്, വിനോയ് തോമസ്, യമ, ഫ്രാൻസിസ് നൊറോണ തുടങ്ങിയവർ വളരെ വലിയ വ്യത്യസ്തത സാഹിത്യത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടോ മൂന്നോ വർഷം കൊണ്ടാണ് ഈ മാറ്റം. പ്രത്യേകിച്ച് നോവലിനെ പറ്റി പറയാമെങ്കിൽ മീശ തന്നെ നോക്കൂ. എഴുത്തിൽ എഴുത്തുകാരൻ കൊണ്ട് വരേണ്ട സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഉൽബോധനം ആ നോവൽ തരുന്നുണ്ട്. എഴുത്ത് ഇനിയും സ്വാതന്ത്രമാകാനുണ്ട്. ജീവിത ചിത്രങ്ങളെപ്പറ്റി വളരെ യാഥാസ്ഥിതികമായ ബോധം-സദാചാരത്തിന്റെ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള വളരെ യാന്ത്രികമായ ധാരണകൾ-സവർണ സൗന്ദര്യ സങ്കല്പങ്ങളുടെ ഒക്കെ ഉള്ളിൽ നിൽക്കേണ്ട ഒന്നാണ് സാഹിത്യം എന്ന ധാരണ മലയാളത്തിലെ വലിയൊരു വിഭാഗം എഴുത്തുകാരെ ഭരിക്കുന്നുണ്ട്. ഈ വിലക്കുകളെല്ലാം പൊട്ടിച്ചെറിയേണ്ടതാണ്. ഈ ധാരണകളെല്ലാം സമ്പൂർണമായി ഉപേക്ഷിക്കേണ്ടതാണ്. അങ്ങനെ ആയാൽ മാത്രമേ എഴുത്ത് സത്യസന്ധവും സജീവവുമാവുകയുള്ളൂ. ഈ കാര്യം ശക്തമായി ബോധ്യപ്പെടുത്തുന്ന നോവലാണ് മീശ. വിവാദത്തിനു കാരണമായ പരാമര്‍ശങ്ങൾക്കപ്പുറത്ത് ഒരുപാട് പോസിറ്റീവ് അംശങ്ങൾ ഉള്ള കൃതിയാണത്. ആളുകളുടെ വായനാനുഭവം വ്യത്യസ്തമാവാം. മീശയെ പറ്റി പല അഭിപ്രായങ്ങളും ഉണ്ടാവാം. അതെല്ലാം സ്വാഭാവികമാണ്. എല്ലാ വായനക്കാർക്കും ഒരേ അഭിപ്രായം ഉണ്ടായിരിക്കണം എന്ന് ശഠിക്കാൻ ആർക്കും അധികാരമില്ല. പക്ഷെ മീശയിലെ സ്വാതന്ത്ര്യ പ്രഖ്യാപനം ശ്രദ്ധിച്ചേ മതിയാകൂ. അക്കാര്യത്തിൽ ഒരു സംശയവും ഇല്ല.

അഭിമുഖം/എന്‍ പ്രഭാകരന്‍: മേലില്‍ എഴുതരുതെന്ന് പറഞ്ഞു; അപകടകരമായ നിശബ്ദതയാണ് നമുക്കുചുറ്റും

സംഘികള്‍ക്ക് എന്തിനാണ് സംഗീതയോട് കലിപ്പ്? വംശീയവും ലിംഗപരവുമായ വെറിതീര്‍ക്കലല്ല വിമര്‍ശനം

ഷിജിത്ത് വായന്നൂര്‍

ഷിജിത്ത് വായന്നൂര്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍