UPDATES

വായന/സംസ്കാരം

ഇത് വാട്സാപ് ചായകളുടെ കാലം; വായനശാല, ചായക്കട, ഷാപ്പ് ചര്‍ച്ചകള്‍ ഇല്ലാതാവുന്നു- എംഎ ബേബി, ഇന്ദ്രന്‍സ്, അരിസ്റ്റോ സുരേഷ്

ഡി സി ബുക്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റിവലില്‍ ഇല്ലാതാവുന്ന ഇടങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇവര്‍

യൂറോപ്പില്‍ ഒരുകപ്പ് കാപ്പിക്ക് രണ്ടുതരം വിലയാണ്. നിന്ന് കാപ്പി കുടിക്കുന്നവര്‍ക്ക് ഒരു വിലയാണെങ്കില്‍ ഇരുന്ന് കുടിക്കുന്നവര്‍ക്ക് മറ്റൊരു വില. തിരുവനന്തപുരം സ്‌പെയ്‌സസ് ഫെസ്റ്റിവലില്‍ സംസാരിക്കവേ മുന്‍ മന്ത്രിയും സി പി എം പോളിറ്റ് ബ്യൂറോ മെമ്പറുമായ എം എ ബേബിയായിരുന്നു രസകരമായ ഈ വില വ്യത്യാസത്തെ കുറിച്ച് പറഞ്ഞത്.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റിവലില്‍
വായനശാല, ചായക്കട, ഷാപ്പ് തുടങ്ങിയ ഇല്ലാതാവുന്ന ഇടങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു എംഎ ബേബിയും, നടന്മാരായ ഇന്ദ്രന്‍സും അരിസ്റ്റോ സുരേഷും.

ഒരു കപ്പ് കാപ്പിവാങ്ങി മണിക്കൂറുകളോളം ആളുകള്‍ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന് മനസിലാക്കിയ യൂറോപ്പിലെ കടക്കാര്‍ കാപ്പി ഇരുന്ന് കുടിച്ചാല്‍ കൂടുതല്‍ വില ഈടാക്കാന്‍ ആരംഭിച്ചതായി എംഎ ബേബി പറഞ്ഞപ്പോള്‍ സിനിമയിലെ ചായക്കടകളും, ബാര്‍ബര്‍ ഷോപ്പുകളും, തയ്യല്‍ക്കടകളും, അവക്കൊപ്പമുള്ള ചര്‍ച്ചകളും ഇല്ലാതായി എന്നായിരുന്നു ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടത്. ഇത്തരം ഇടങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കപ്പെടാന്‍ കാരണം മുന്‍ തലമുറയിലെ ആരെങ്കിലും ആ സിനിമയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.

ചായക്കടകളും, തയ്യല്‍ക്കടകളും, ബാര്‍ബര്‍ ഷോപ്പുകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും, ഈ ഇല്ലാതാകലിന്റെ തുടക്കത്തിലാണ് താന്‍ ജനിച്ചതെന്നും എന്നാല്‍ ഇത്തരം ഇടങ്ങളെ അനുഭവത്തിലൂടെ അറിഞ്ഞയാളാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ആല്‍ത്തറ ചര്‍ച്ചകളെ കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു.

ഷാപ്പുകള്‍ എല്ലാവരും ഒത്തൊരുമിച്ചിരുന്ന് അതിര്‍ത്തികളില്ലാതെ സംസാരിക്കുന്ന ഇടമാണെന്നാണ് അരിസ്റ്റോ സുരേഷ് അഭിപ്രായപ്പെട്ടത്. ആദ്യ കാലങ്ങളില്‍ മോശം പ്രതിച്ഛായ ഉണ്ടായിരുന്ന കള്ളുഷാപ്പുകളുടെ മുഖം തങ്ങളുടെ തലമുറയിലെത്തിയപ്പോള്‍ മാറിമറിഞ്ഞുവെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു.

പൊതു ഇടങ്ങള്‍ സൈബര്‍ ഇടങ്ങളായി മാറുന്നു എന്നതായിരുന്നു ഈ ചര്‍ച്ചയില്‍ മുഖ്യമായി ഉയര്‍ന്നുവന്ന വാദം. മാറ്റങ്ങള്‍ അനിവാര്യമാണെങ്കിലും അതില്‍ എന്തെല്ലാം നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവ് ഉണ്ടാവണമെന്നും എംഎ ബേബി പറഞ്ഞു.

ചായക്കടകള്‍ക്കല്ല വാട്‌സ്ആപ്പ് ചായകള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ പ്രചാരമെന്ന ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന അഭിപ്രായം സദസിലുള്ളവരെ ചിരിയിലാഴ്ത്തി.

ഇന്നാരംഭിച്ച സ്‌പെയ്‌സ് ഫെസ്റ്റ് സെപ്റ്റംബര്‍ 1 വരെ തിരുവനന്തപുരം കനകക്കുന്നിലാണ് നടക്കുന്നത്. സാമൂഹികചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, കലാ- സാംസ്‌കാരിക- പരിസ്ഥിതി- രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഡയറക്ടര്‍ കവി സച്ചിദാനന്ദനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍