UPDATES

വായന/സംസ്കാരം

ജീസ് എന്തിന് ജീവിതമവസാനിപ്പിച്ചു? ആര്‍ക്കുമറിയില്ല; പക്ഷേ, അയാള്‍ കൊച്ചി ബിനാലെയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്

സ്റ്റുഡന്റ്‌സ് ബിനാലെയില്‍ ശ്രദ്ധാഞ്ജലി കൂടിയായി ജീസിന്റെ ചിത്രങ്ങള്‍

വരകളിലൂടെ ജീസ് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. ജീസ് ഇന്ന് ജീവിച്ചിരിപ്പില്ല. ഒരു വര്‍ഷം മുമ്പ് ആരോടും ഒന്നും പറഞ്ഞ് അവസാനിപ്പിക്കാതെ അയാള്‍ മരണത്തിലേക്ക് പിടഞ്ഞ് കയറി. തനിക്ക് പറയാനുള്ളതെല്ലാം വരകളിലൂടെ, ഇമേജുകളിലൂടെ, അവയ്ക്ക് നല്‍കിയ നിറങ്ങളിലൂടെ പറഞ്ഞ് ജീവിതം അവസാനിപ്പിച്ച് മടങ്ങി. 26 വയസ്സുമാത്രമുണ്ടായിരുന്ന ജീസ് രാജന്‍ എന്ന കലാകാരന്‍ എന്തിന് ജീവിതം അവസാനിപ്പിച്ചു എന്നത് ചോദ്യചിഹ്നമായി മാത്രം അവശേഷിക്കുന്നു. എന്നാല്‍ ജീസ് അക്കാലത്തിനിടയില്‍ വരച്ചിട്ടതെല്ലാം അയാളെ ഇവിടെ വീണ്ടും ജീവിപ്പിക്കുകയാണ്. ഇത്തവണ സ്റ്റുഡന്റ്‌സ് ബിനാലെയിലും ‘പങ്കെടുത്ത്’ കൊണ്ട് തന്നെ സാന്നിധ്യം അറിയിക്കുകയാണ് അദ്ദേഹം.

ജീസ് ഒരു യാത്രയില്‍ ആയിരുന്നു. സാധാരണപോലെ ഒരു യാത്രയായേ സുഹൃത്തുക്കളും വീട്ടുകാരും അതിനെ കണ്ടുള്ളൂ. യാത്രക്കിടെ ‘ഞാന്‍ കുറച്ച് തിരക്കാണ്’ എന്ന് അച്ഛനോട് ഒരിക്കല്‍ വിളിച്ച് പറഞ്ഞു. പിന്നെ ജീസിനെക്കുറിച്ച് ആര്‍ക്കും ഒരറിവും ഇല്ലാതായി. 2017 ഒക്ടോബര്‍ അഞ്ചിനാണ് അപ്രതീക്ഷിതമായ ആ വാര്‍ത്ത സുഹൃത്തുക്കളേയും വീട്ടുകാരെയും അന്വേഷിച്ച് എത്തിയത്. ജീസ് മരണപ്പെട്ടു, അല്ല ജീസ് മരണത്തിന് തന്നെ വിട്ടുകൊടുത്തു എന്ന വാര്‍ത്ത. ഡല്‍ഹിയിലെ ഏതോ ഒരു ഹോട്ടല്‍ മുറിയില്‍ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമായാണ് ജീസിനെ കണ്ടെടുക്കുന്നത്. ഒക്ടോബര്‍ മൂന്നിന് അദ്ദേഹം ജീവനൊടുക്കി. തൂങ്ങി മരണം.

യാത്രക്കായി പുറപ്പെടുന്നതിന് മുമ്പുള്ള കാലയളവില്‍ എന്നത്തേതിലും ഊര്‍ജ്ജസ്വലനായി വരകളില്‍ മാത്രം മുഴുകി ജീവിച്ച ജീസിനെയാണ് സുഹൃത്തുക്കള്‍ക്ക് ഓര്‍മ്മ. ആഴത്തിലുള്ള വായനകളും വരകളും ആയിരുന്നു ജീസിനെ മുന്നോട്ട് കൊണ്ട് പോയതെങ്കിലും എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവ് ആയി ഇടപെടുന്ന, സന്തോഷിക്കുകയും സന്തോഷങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്ന ജീസ് രാജന്‍ എന്തിന് സ്വയം അവസാനിപ്പിച്ചു എന്നത് സുഹൃത്തുക്കള്‍ക്കും അറിയില്ല. ജീസ് എന്ന കലാകാരനെക്കുറിച്ചോ, വ്യക്തിയെക്കുറിച്ചോ തങ്ങള്‍ പങ്കുവക്കുന്നതിനേക്കാള്‍, അവനെക്കുറിച്ച് പറയാനും, അവന്‍ പറയുന്നത് കേള്‍ക്കാനും ആ വരകള്‍ ഉണ്ടെന്ന സുഹൃത്തുക്കളുടെ വാക്കുകള്‍ മതി ജീസിനെ മനസ്സിലാക്കാന്‍.

ജീസ് രാജന്റെ സുഹൃത്ത്‌ പറയുന്നു: “അവനെക്കുറിച്ച് പറയുന്നത് അവന്റെ വര്‍ക്കുകള്‍ തന്നെയാണ്. സുഹൃത്തുക്കള്‍ എന്ന നിലയില്‍ ഞങ്ങളേക്കാള്‍ അവനെക്കുറിച്ച് പറയാന്‍ കഴിയുന്നതും ആ വര്‍ക്കുകള്‍ക്കാണ്. ലോകത്തോട് പറയാനുള്ളതെല്ലാം പറഞ്ഞ് വച്ചിട്ടാണ് അവന്‍ പോയത്. അടിച്ചമര്‍ത്തലുകള്‍, ഭയം, ഫ്രസ്‌ട്രേഷന്‍ അങ്ങനെ അവന്റെ ജീവിതത്തിലുണ്ടായിരുന്നതെല്ലാം ആ വര്‍ക്കുകളില്‍ ഉണ്ട്. ഒറ്റയ്ക്കും അല്ലാതെയും നിരന്തരം യാത്രകള്‍ ചെയ്തുകൊണ്ടിരുന്നയാളാണ്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ എംഎ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് അവന്‍ യാത്ര പോയത്. അതിനിടെയാണ് അത് സംഭവിച്ചത്. മരിച്ച ആ കാലയളവിലെല്ലാം വളരെ ആക്ടീവ് ആയി വര്‍ക്ക് ചെയ്തുകൊണ്ടിരുന്നു. എന്താണ് സംഭവിച്ചതെന്നറിയില്ല. യാത്ര പോയതിന് ശേഷം ഞങ്ങള്‍ സംസാരിച്ചിട്ടില്ല. വീട്ടിലേക്ക് ഇടക്കിടെ വിളിക്കുമായിരുന്നു. ആക്ടീവ് ആയി എല്ലാത്തിലും ഇടപെടുകയും സംസാരിക്കുകയും കല ചെയ്യുകയും ചെയ്തിരുന്നയാള്‍ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്ന് അറിയില്ല. വീട്ടുകാര്‍ ഇപ്പോഴും അവന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് പൂര്‍ണമായും പുറത്തുകടന്നിട്ടില്ല. ജീസിനെക്കുറിച്ച് ഞങ്ങള്‍ പറയുന്നത് എവിടെയെങ്കിലും അച്ചടിച്ച് വരികയോ ഒക്കെ ചെയ്യാം. പക്ഷെ അത് അതോടുകൂടി കഴിയും. അതുകൊണ്ടാണ് അവന്റെ വര്‍ക്കുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ആരാണ് ജീസ് എന്ന് സമൂഹത്തോട് സംസാരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്.”



തൃശൂര്‍ വരന്തരപ്പള്ളി സ്വദേശിയാണ് ജീസ്. തൃശൂര്‍ ആര്‍ട്‌സ് കോളേജില്‍ ബിഎഫ്എ പഠനം പൂര്‍ത്തിയാക്കി. പിന്നീട് കലയുടെ വിവിധ സാധ്യതകളന്വേഷിച്ചുള്ള യാത്രകള്‍. നാടകസംഘത്തിനൊപ്പം ചേര്‍ന്ന ജിസ്, തനിക്ക് അറിവുള്ള കലയുമായി ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങളാണ് ആ മേഖലയിലും ചെയ്തത്. കോസ്റ്റ്യൂം ഡിസൈനിങ്, ബസില്‍ വരയ്ക്കുക, ഡിജിറ്റര്‍ ആര്‍ട് അങ്ങനെ കലയുമായി ബന്ധപ്പെട്ട് തനിക്ക് ചെയ്യാവുന്നതെല്ലാം ജീസ് പരീക്ഷിക്കുകയുമുണ്ടായി. ഡല്‍ഹിയിലും ബറോഡയിലും ചിത്രകലയ്ക്ക് അഡ്മിഷന്‍ ലഭിക്കാന്‍ ശ്രമിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. പിന്നീടാണ് തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ എംഎഫ്എ പഠനം ആരംഭിക്കുന്നത്.

മരണത്തിന് ശേഷം ജീസിനായി ഫൈന്‍ ആര്‍ട്‌സ് കോളേജിലും, എറണാകുളം ദര്‍ബാര്‍ ഹാളിലും ചിത്രകലാ പ്രദര്‍ശനം നടത്തപ്പെട്ടു.വളരെ ഗൗരവമായി കല ചെയ്തിരുന്നയാള്‍ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാണ് ഇത്തവണത്തെ സ്റ്റുഡന്റ്‌സ് ബിനാലെ. സുറ്റഡന്റ് ബിനാലെയിലേക്ക് ജീസിന്റെ വര്‍ക്കുകള്‍ക്ക് ഡയറക്ട് എന്‍ട്രിയായിരുന്നു. അദ്ദേഹത്തിന്റെ വര്‍ക്കുകളെക്കുറിച്ചും ബിനൈലെയിലേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ചും സ്റ്റുഡന്റ്‌സ് ബിനാലെ ക്യൂറേറ്റര്‍ ആയ നിഷാദ് സംസാരിക്കുന്നു: “ജീസ് ഡിഗ്രിക്ക് പടിക്കുമ്പോള്‍ മുതല്‍ അയാളുടെ വര്‍ക്കുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുള്ളതാണ്. നല്ല രീതിയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാള്‍ എന്ന നിലയ്ക്ക് പലരും അദ്ദേഹത്തെ ശ്രദ്ധിച്ചിട്ടുമുണ്ട്. പോസ്റ്റ് വാര്‍ പിരീഡില്‍ കലാ ലോകത്തുണ്ടായ മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ വര്‍ക്കുകളില്‍ കാണാം. നിലനില്‍ക്കുന്ന പലതിനോടും പൊരുതുന്നുണ്ട് ആ വര്‍ക്കുകള്‍. ക്രിസ്റ്റ്യാനിറ്റി, സെക്ഷ്വാലിറ്റി, നിലനില്‍പ്പ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വര്‍ക്കുകളില്‍ പ്രധാനമായും വരുന്നത്. അത്തരം വര്‍ക്കുകള്‍ക്ക് പൊതുസമൂഹത്തില്‍ വലിയ അക്‌സപ്റ്റന്‍സി കിട്ടില്ല. പൊതുസമൂഹമോ, കലാസമൂഹമോ ഒരുതരത്തില്‍ അയാളുടെ വര്‍ക്കുകള്‍ അഡ്രസ് ചെയ്തിട്ടില്ല. ബിനാലെയില്‍ സ്‌പെഷ്യല്‍ മെറിറ്റ് നല്‍കി ഡയറക്ട് എന്‍ട്രി നല്‍കുകയായിരുന്നു.”

ഇതിന് പുറമെ ഡിഗ്രിക്ക് പഠിക്കുന്ന കാലം മുതലുള്ള ജീസിന്റെ വര്‍ക്കുകള്‍ അടങ്ങിയ ഒരു പുസ്തകമൊരുക്കാനും ബിനാലെ ഫൗണ്ടേഷനും ജീസിന്റെ സുഹൃത്തുക്കളും തീരുമാനിച്ചിട്ടുണ്ട്.

30 രാജ്യങ്ങള്‍, 90 സൃഷ്ടികള്‍; കൊച്ചി-മുസിരിസ് ബിനാലെ എന്തുകൊണ്ട് ജനകീയമാകുന്നു- ബോസ് കൃഷ്ണമാചാരി സംസാരിക്കുന്നു

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍