വിവാദത്തോട് ഔദ്യോഗികമായി പ്രതികരിക്കാൻ ബിജെപി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
പ്രശസ്ത സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. രാജ്യത്ത് വർധിച്ചു വരുന്ന ആൾക്കൂട്ട ആക്രമണത്തിനും മതവിദ്വേഷത്തിനുമെതിരെ പ്രധാനമന്ത്രിക്ക് സിനിമാ സാംസ്കാരിക പ്രവർത്തകർ അയച്ച കത്തിൽ ഒപ്പുവച്ചതിന് പിന്നാലെയായിരുന്നു കേരളത്തെ ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ച പ്രിയ സംവിധായകനെ ഭീഷണിപ്പെടുത്തി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്. ഇതിനെ തുടര്‍ന്ന് രാഷ്ട്രീയ സിനിമാ രംഗത്തെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
വിഖ്യാത ചലച്ചിത്ര സംവിധായകനും സംസ്‌കാരിക നായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ കേരളത്തിൽ അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പ്രതികരിച്ചു. കേരളത്തിന്റെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിയ ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോള്‍ അതിനെ സാംസ്‌കാരിക സമൂഹം അതിശക്തമായി ചെറുക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ആരെയും രാജ്യവിരോധിയായി മുദ്രകുത്തുകയും വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന ബി ജെ പി യുടെ വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് അടൂർ ഗോപാലകൃഷ്ണനെ പോലും വേട്ടയാടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബിജെപിയുടെ ഈ അതിക്രമം കേരളത്തിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടൂരിന്റെ വീട്ടിൽ നേരിട്ടെത്തിയായിരുന്ന ചെന്നിത്തല പിന്തുണ അറിയിച്ചു കൊണ്ട് ഫേസ്ബുക്കിലായരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലോകോത്തര സംവിധായകനായ അടൂർഗോപാകൃഷ്ണനെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ല. അദ്ദേഹത്തിന് പിന്തുണ നൽകാനാണ് ഞാൻ എത്തിയത്. ആൾക്കൂട്ട ആക്രമണത്തിന്റെ പേരിൽ പ്രധാനമന്ത്രിക്ക് കത്തയച്ചത്തിന്റെ പേരിലാണ് ബിജെപി ഇപ്പോൾ അടൂർ ഗോപാലകൃഷ്ണനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. ജയ് ശ്രീറാം വിളികളോടെ ആൾക്കൂട്ട ആക്രമണം നടത്തുന്നവർ യഥാർത്ഥത്തിൽ ശ്രീരാമനെ അപമാനിക്കുകയാണ് ചെയ്യുന്നത്. സാഹോദര്യവും സമാധാനവും രാജ്യത്ത് പുലരണമെന്ന് ആഗ്രഹിക്കുന്നവർ ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് അടൂർ ഗോപാലകൃഷ്ണനും മറ്റു 48 പ്രമുഖരും കത്തിൽ എഴുതിയത്. ആൾക്കൂട്ട കൊലപാതകം മൂലം ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ തല താഴ്ത്തേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം പറയുന്നു.
അധികാരം അവരെ അന്ധരാക്കിയതുകൊണ്ടാണ് സാംസ്‌കാരിക പ്രവര്‍ത്തകരോട് രാജ്യംവിട്ടുപോകാന്‍ പറയാനുള്ള ചങ്കൂറ്റം ബിജെപി കാട്ടിയതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികകരിച്ചു. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ അടൂരിനെപ്പോലെയുള്ള ഒരാളോട് രാജ്യം വിട്ടുപോകാന്‍ പറഞ്ഞ ബിജെപിയുടെ കാടത്തം വിലപ്പോകില്ല. ബിജെപിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നെന്ന് വ്യക്തമാക്കിയ അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും അതു പ്രകടിപ്പിക്കുവരെ സംരക്ഷിക്കാനും കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ചൂണ്ടിക്കാട്ടി. വിമർശനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനു പകരം തെറ്റ് ചൂണ്ടിക്കാട്ടുന്നവരെയെല്ലാം രാജ്യത്തുനിന്ന് ഓടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെങ്കില്‍ അത് വിലപ്പോകില്ലെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു.
അടൂർ ഗോപാലകൃഷ്ണനെതിരെ പ്രകോപനകരമായ പ്രതികരണം നടത്തിയ ബിജെപി നേതാവിന്റെ വാക്കുകൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. സംഘടന പുറത്തിറക്കിയ പ്രസ്താവനയിലാരുന്നു പ്രതികരണം. എല്ലാ പൗരന്‍മാരെയും പോലെ അടൂരിനും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്, ഇത് സംരക്ഷിക്കാൻ ഡിഐഎഫ്ഐ പ്രതിജ്ഞാബദ്ധമാണെന്നും സംഘടന വാർത്താകുറിപ്പിൽ പറയുന്നു.
അടൂർ ഗോപാലകൃഷ്ണനെതിരെയുള്ള ബിജെപി നേതാവ് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണന്റെ വിമർശനങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായി കമൽ. ചലചിത്ര ആസ്വാദകരെല്ലാം സ്നേഹിക്കുന്ന ഒരു മനുഷ്യനെക്കുറിച്ചാണ് ഒരു രാഷ്ട്രീയ നേതാവ് ഇത്തരം വിലകുറഞ്ഞ പരാമർശങ്ങൾ നടത്തിയത്. കേരളത്തിലെ സാംസ്കാരിക പ്രവർത്തകരെല്ലാം വ്യക്തമായ കാഴ്ചപാടും നിലപാടും ഉള്ളവരാണ്. ഇവരെ തെരഞ്ഞു പിടിച്ച് ആക്രമിക്കുക എന്നതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോൾ കണ്ടതെന്നും കമൽ പറഞ്ഞു. ഫാൽക്കേ അവാർഡും പത്മഭൂഷണുമെല്ലാം നേടിയ ലോകത്തിലെ തന്നെ പ്രമുഖരിൽ ഒരാളാണ് അടൂർ ഗോപാലകൃഷ്ണൻ. എന്തോ കിട്ടാൻ ആഗ്രഹിച്ചിട്ടാണ് അടൂർ ഗോപാലകൃഷ്ണൻ ഇത്തരം പരാമർശങ്ങൾ നടത്തുന്നെന്ന് പറയുന്ന മനുഷ്യനെ എങ്ങനെയാണ് രാഷ്ട്രീയക്കാരനെന്ന് പറയാൻ കഴിയുക, ഇവരൊക്കെ ക്രിമിനലുകളാണെന്നും രാജ്യദ്രോഹികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അധികാരം കയ്യിലുണ്ടെന്നതിന്റെ അഹങ്കാരത്തിൽ കലക്കും സംസ്കാരത്തിനും നേരെ സംഘപരിവാർ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണ പരമ്പരയുടെ തുടർച്ചയാണിതെന്ന് പുരോഗമന കലാ സാഹിത്യ സമ്ഗ്ഘമ് ജനറല്‍ സെക്രട്ടറിയും പ്രശസ്ത കഥാകൃത്തുമായ അശോകന്‍ ചരുവില്‍ പറഞ്ഞു. അടൂരിനു നേരെയുണ്ടായ ഭീഷണിയിൽ പുരോഗമന കലാസാഹിത്യ സംഘം ശക്തിയായി പ്രതിഷേധിക്കുന്നു. മലയാളത്തിന്റെ സർഗ്ഗചൈതന്യമായ അടൂരിനെതിരായ നീക്കത്തെ ഒരെറ്റ മനസ്സായി നിന്നുകൊണ്ട് കേരളം ചെറുത്തു തോൽപ്പിക്കും. രണ്ടാമതും അധികാരത്തിൽ വന്നതിന്റെ അഹങ്കാരത്തിൽ മനുവാദി ഭീകരർ രാജ്യമെങ്ങും ദളിത് പിന്നാക്ക ജനതയേയും ന്യൂനപക്ഷ സാംസ്കാരിക വിഭാഗങ്ങളേയും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ ആക്രമിക്കാൻ ശ്രീരാമനെയാണ് അവർ ഇത്തവണ ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ ആരാധനാമൂർത്തിയാണ് രാമൻ. വാത്മീകിയുടെ അനശ്വര കഥാപാത്രവുമാണ്. പാവപ്പെട്ട മനുഷ്യരെ തെരുവിൽ ഭേദ്യം ചെയ്യുന്നതിന് ഒരു കൊടുവാളുപോലെ ഉപയോഗിക്കാച്ചെടുകയാണ് ഇന്ന് രാമന്റെ നാമം. ഇതുപോലെ ഒരു അവഹേളനം ശ്രീരാമനോടും ഭക്തരോടും വേറെ ചെയ്യാനില്ല. വർഗ്ഗീയ രാഷ്ട്രീയക്കാരന് അധികാരത്തിലേറാനും അതു നിലനിർത്താനും വേണ്ടി ജനങ്ങളുടെ ആരാധനാമൂർത്തികളായ ഇതിഹാസനായകരുടെ നാമം ഉപയോഗിക്കപ്പെടുന്നതിനെ വിശ്വാസി സമൂഹം ചെറുത്തു തോൽപ്പിക്കേണ്ടതുണ്ടെന്നും അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു.
അടൂർ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യത്തോട് പ്രതികരിക്കാതെ മൂന്നാംകിട നേതാക്കളെ ഉപയോഗിച്ച് അടൂരിനെപ്പോലെയുള്ളവരെ ചന്ദ്രനിലേക്ക് പോകൂ എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനാണ് പ്രധാനനമന്ത്രി ശ്രമിക്കുന്നതെന്ന് സാഹിത്യകാരന്‍ ടിഡി രാമകൃഷ്ണൻ ആരോപിച്ചു.
ലോകം ആദരിക്കുന്ന മഹാനായ കലാകാരനാണ് ശ്രീ അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹവും ശ്യാം ബെന ഗൽ, മണിരത്നം മുതലായ വിവിധ മേഖലകളിൽ പ്ര വർത്തിക്കുന്ന പ്രശസ്ത വ്യക്തികളും ചേർന്ന് ആൾ ക്കൂട്ടക്കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക യച്ച കത്തിന് കാര്യമായ പ്രതികരണങ്ങളൊന്നും ഇനിയുമുണ്ടായിട്ടില്ല. അവരിൽ ആരേയെങ്കിലും വിളിച്ച് കാര്യങ്ങൾ ചർച്ചചെയ്യാനുള്ള മാന്യത പ്രധാന മന്ത്രി നരേന്ദ്ര മോഡിജി കാണിച്ചില്ല എന്നത് തികച്ചും നിർഭാഗ്യകരമാണ്.
നരേന്ദ്രമോദി ഒരു ജനാധിപത്യരാജ്യത്തിലെ പ്രധാനമന്ത്രിയാണ്. അടൂരിനെ പ്പോലെ, ശ്യാംബെനഗലിനെപ്പോലെ, മണിരത്നത്തെ പ്പോലെ.. തങ്ങളുടെ സർഗ്ഗാത്മകമായ പ്രവർത്തനങ്ങ ളിലൂടെ ഈ രാജ്യത്തെ ജനങ്ങളുടെ മനസാക്ഷിയായി മാറിയവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള ബാധ്യത താങ്കൾക്കുണ്ടെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറയുന്നു.
എന്നാൽ തനിക്കെതിരെ ബിജെപി നേതാവ് ഉയർത്തിയ ഭീഷണിയെ പരിഹസിച്ച് തള്ളിയ നിലപാടായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ച അടൂർ സ്വീകരിച്ചത്. ഏതെങ്കിലും സര്‍ക്കാരിനെതിരായ പ്രസ്താവനയല്ല താനടക്കമുള്ള ചലച്ചിത്ര – സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത് എന്നും പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണം എന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത് എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ അഴിമുഖത്തോട് പറഞ്ഞു. കത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. അതേസമയം സര്‍ക്കാരിനോട് വിയോജിക്കുന്നവരെല്ലാം രാജ്യത്തിന്റെ ശത്രുക്കളാണ് എന്ന് അവര്‍ കരുതുന്നത് തെറ്റാണ്. അവര്‍ ജനങ്ങള്‍ ഭരിക്കാനേല്‍പ്പിച്ചിരിക്കുന്ന പാര്‍ട്ടി മാത്രമാണ്. രാജ്യം അവരുടേതാണ് എന്ന് അതിനര്‍ത്ഥമില്ല. രാജ്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് – അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഇത് ഇരകളാക്കപ്പെടുന്നവരുടെ മാത്രം പ്രശ്‌നമല്ല. രാജ്യത്ത് ഇത് പടരുന്നതിന്‌റെ ഭയാശങ്കകളാണ് ഞങ്ങള്‍ സര്‍ക്കാരുമായി പങ്കുവച്ചത്. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇതില്‍ ഇടപെട്ട് കൃത്യമായ നടപടികള്‍ എടുക്കണം എന്ന് ആവശ്യപ്പെട്ടത്. ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ഇത് കൂടി വരുന്നു. രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും സ്വതന്ത്രമായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശമുണ്ട്. ഏത് മതക്കാരനായാലും ഏത് സമുദായക്കാരനായാലും ഒരുപോലുള്ള അവകാശമാണുള്ളത്. ഭൂരിപക്ഷ സമുദായത്തിന്റേ പേരില്‍ ന്യൂനപക്ഷ സമുദായങ്ങളോട് ഈ രീതിയില്‍ പെരുമാറുന്നത് വളരെ ആപല്‍ക്കരമായ ഒന്നാണ്. അത് തെറ്റാണ്. ഒരിക്കലും പാടില്ലാത്തതാണ് – അടൂര്‍ പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ കേരളത്തിലെ പ്രശ്‌നങ്ങളിലും സര്‍ക്കാരിനെതിരായ പരാതികളിലും പ്രതിഷേധങ്ങളിലും മൗനം പാലിക്കുന്നു എന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണത്തിനും അടൂര്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ പ്രതികരണ സംഘം ഒന്നുമല്ല. രാജ്യത്ത് ഒരുപാട് പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. സംഭവങ്ങളുണ്ടാകുന്നുണ്ട്. ഇതിലെല്ലാം പ്രതികരിക്കാന്‍ കഴിയില്ല. ഇത് രാജ്യവ്യാപകമായി നടക്കുന്ന ഒരു പ്രശ്‌നമായതുകൊണ്ടാണ് ഇതില്‍ പ്രതികരണവുമായി രംഗത്തെത്തുന്നത്. എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിച്ചാല്‍ പ്രതികരിക്കുന്നില്ല എന്ന് മാത്രമാണ് പറയാനുള്ളതെന്നും അദ്ദേഹം നിലപാട് വ്യക്തമാക്തി.
ജയ് ശ്രീരാം വിളി ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അടൂരിന് ശ്രീഹരിക്കോട്ടയിൽ പേര് രജിസ്റ്റർ ചെയ്ത് ചന്ദ്രനിലേക്ക് പോകാമെന്ന് ബിജെപി നേതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഗോപാലകൃഷ്ണൻ എന്ന പേര് മാറ്റണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. ജയ് ശ്രീരാം വിളികളുടെ അകമ്പടികയോടെ ആൾക്കൂട്ട ആക്രമണങ്ങൾ പെരുകുന്ന സാഹചര്യത്തിലായിരുന്നു അടൂർ അടക്കമുള്ള സാസ്കാരിക നായകരുടെ കത്ത്.
ജയ് ശ്രീരാം വിളികൾ ഇപ്പോൾ യുദ്ധത്തിനുള്ള കാഹളമായി മാറിയിരിക്കുകയാണെന്നും ഇത് വേദനയുണ്ടാക്കുന്നതാണെന്നുമായിരുന്നു അടൂരടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്കാരിക നായകർ ഒപ്പിട്ട കത്തിൽ പറഞ്ഞിരുന്നത്. കത്തിൽ പറഞ്ഞ മറ്റു കാര്യങ്ങളെ ഒഴിവാക്കി ജയ് ശ്രീരാം വിളിയെക്കുറിച്ചു മാത്രമാണ് ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ഉത്തരേന്ത്യയിൽ ഇതിനകം തന്നെ വ്യാപകമായ ജയ് ശ്രീരാം വിളികളുടെ അകമ്പടിയോടെയുള്ള ആക്രമണങ്ങളെക്കൂടി സൂചിപ്പിച്ചായിരുന്നു കത്ത്. അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിനു മുമ്പിലും തങ്ങൾ ജയ് ശ്രീരാം വിളി ഉയർത്തുമെന്ന് ബി ഗോപാലകൃഷ്ണൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ജയ് ശ്രീരാം വിളികൾ കേരളത്തിലും ഉയർത്തിത്തുടങ്ങാനുള്ള തന്ത്രമാണ് ബി ഗോപാലകൃഷ്ണന്റേതെന്ന് ഫേസ്ബുക്ക് കമന്റുകൾ ആരോപിക്കുന്നുണ്ട്. സോഷ്യൽ മീഡിയയില്‍ ഉള്‍പ്പെടെ വൻ പ്രതിഷേധമാണ് ബി ഗോപാലകൃഷ്ണന്റെ നടപടിക്കെതിരെ ഉയർന്നിട്ടുള്ളത്.
എന്നാൽ വിവാദത്തോട് ഔദ്യോഗികമായി പ്രതികരിക്കാൻ ബിജെപി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. അത് വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കുമ്പോഴും ബിജെപി നേതൃത്വം ഗോപാലകൃഷ്ണനെ തള്ളാനൊ കൊള്ളാനോ തയ്യാറായിട്ടില്ല.