UPDATES

വീഡിയോ

രൂപിമയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി, പ്രിയേഷ് നിരാഹാര സമരം തുടരുകയാണ്; പി എസ് സിയുടെ എല്ലാ മത്സര പരീക്ഷകളും മലയാളത്തിലും കൂടിയാക്കാനുള്ള പ്രക്ഷോഭം ഒരാഴ്ച പിന്നിടുമ്പോള്‍

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷകളടക്കം ബിരുദം യോഗ്യതയായ മുഴുവന്‍ തൊഴില്‍ പരീക്ഷകള്‍ക്കും ഇംഗ്ലീഷിനു പുറമേ മാതൃഭാഷയില്‍ കൂടി ചോദ്യങ്ങള്‍ വേണം എന്നാവശ്യപ്പെട്ട് മലയാള ഐക്യവേദിയുടെ രണ്ട് പ്രതിനിധികള്‍ അനിശ്ചിതകാല നിരാഹാരത്തിലാണ്

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷകളടക്കം ബിരുദം യോഗ്യതയായ മുഴുവന്‍ തൊഴില്‍ പരീക്ഷകള്‍ക്കും ഇംഗ്ലീഷിനു പുറമേ മാതൃഭാഷയില്‍ കൂടി ചോദ്യങ്ങള്‍ വേണം എന്നാവശ്യപ്പെട്ട് മലയാള ഐക്യവേദിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നടക്കുകയാണ്. തിരുവനന്തപുരത്തെ പട്ടത്തുള്ള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഓഫീസിനു മുന്നിലെ രൂപിമയുടെയും പ്രിയേഷിന്റെയും ഈ സമരം ഒരു ചരിത്ര നിര്‍മ്മിതിക്കുവേണ്ടിക്കൂടിയാണ്. ആഗസ്റ്റ് 29 നു തുടങ്ങിയ സമരം ഒരാഴ്ച പിന്നിടുമ്പോള്‍ കാലടി സര്‍വ്വകലാശാലയിലെ മലയാളവിഭാഗത്തിലെ ഗവേഷകയായ രൂപിമയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരി നിരാഹാര സത്യാഗ്രഹികള്‍ക്ക് ഹാരം കൈമാറിക്കൊണ്ടാണ് സമരം ആരംഭിച്ചത്. പരിപാടിയില്‍ കവി വി.മധുസൂദനന്‍ നായര്‍, എഴുത്തുകാരനായ കെ.പി.രാമനുണ്ണി, ഡോ.ജോര്‍ജ് ഓണക്കൂര്‍, ബി.രാജീവന്‍ തുടങ്ങി സാംസ്‌കാരിക മേഖലയിലെ നിരവധിയാളുകള്‍ പങ്കെടുക്കുകയുണ്ടായി.

സ്വാതന്ത്ര്യം നേടി ഏഴുപതു കൊല്ലം കഴിഞ്ഞിട്ടും നമുക്ക് സ്വന്തം ഭാഷയില്‍ ഭരിക്കാനോ ഭരണപങ്കാളിത്തത്തിനു സഹായിക്കുന്ന തൊഴിലെടുക്കാനോ സാധിക്കുന്നില്ല. ഇതെന്തുകൊണ്ടാണ് എന്നാണ് ഇവരോരുത്തരും ചോദിക്കുന്നത്. ഒരു സമൂഹത്തിന്റെ ഭാഷയില്‍ പഠിച്ച് വളരുന്ന കുട്ടികള്‍ക്ക് അവരുടെ ഭാഷയില്‍ തൊഴില്‍ പരീക്ഷകളെഴുതാന്‍ സാഹചര്യമൊരുക്കുകയെന്നത് ഭരണകൂടത്തിന്റെ അടിസ്ഥാന ധര്‍മമാണ്. ആ ധര്‍മ്മം പാലിക്കപ്പെടുന്നതിനുവേണ്ടിയാണ് ഇവരുടെ സമരവും.

വോട്ടു ചോദിക്കുന്ന, പോസ്റ്ററെഴുതുന്ന, കവലപ്രസംഗം നടത്തുന്ന മാതൃഭാഷയില്‍ തന്നെ തൊഴിലെടുക്കാനും സാധിക്കണം. ഇംഗ്ലീഷ് വേണ്ട എന്ന് ഇവരാരും പറയുന്നില്ല. ആഗോളഭാഷയായ ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെ ആവശ്യകതയെ പരിഗണിക്കാതിരിക്കുന്നുമില്ല. എന്നാല്‍ മലയാളത്തെയും മറ്റ് ന്യൂനപക്ഷ ഭാഷകളെക്കൂടി പരിഗണിക്കണം എന്നാണ് ഇവരുടെ ആവശ്യം.

അടിസ്ഥാനപരമായി ഈ സമരം ഒരു ജനാധിപത്യ സമരമാണ്. ഒരു ജനാധിപത്യ ആവശ്യം മുന്നോട്ടുവെച്ചുകൊണ്ട് നടത്തുന്ന ഒരു സമരമാണ്. ഇതില്‍ കൃത്യമായി നീതിയുടെ അംശങ്ങളുമുണ്ട്. ഞാന്‍ പ്രതിനിധീകരിക്കുന്നത് വിദ്യാര്‍ത്ഥി വേദിയെയാണ്. വിദ്യാര്‍ത്ഥി മലയാളി വേദിയുടെ ഒരു പ്രവര്‍ത്തക എന്ന നിലയില്‍ ഞങ്ങളുടെ ഒരു തലമുറ നേരിടാന്‍ പോകുന്ന വലിയൊരു പ്രതിസന്ധിയെ മുന്നില്‍ക്കണ്ടുകൊണ്ട് നടത്തുന്ന ഒരു സമരമാണ്. ഒരു ജനാധിപത്യ സംവിധാനത്തിനുള്ളില്‍ സ്വന്തം ഭാഷയില്‍, ഭരിക്കപ്പെടുന്ന, വോട്ട് ചോദിക്കുന്ന ഭാഷയില്‍ ഒരു തൊഴില്‍ നേടാനുള്ള അവസ്ഥയില്ല എന്ന പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ആ പ്രതിസന്ധിയെ മറികടക്കുന്നതിനായി ഇത്തരം കടുത്ത സമരം തന്നെ വേണം എന്നുള്ള ബോധ്യം ഞങ്ങളെ പോലുള്ള യുവ തലമുറയ്ക്കുണ്ട്. ആ മഹത്തായ ധാര്‍മ്മികമായ ലക്ഷ്യത്തിനുവേണ്ടിയാണ് ഞാന്‍ ഈ സമരത്തിനു പങ്കാളിയായത്. ഇനി വരുന്ന ഒരു തലമുറയെ സംബന്ധിച്ചിടത്തോളം ഈ നീതിയുടെയും ജനാധിപത്യത്തിന്റെയും പൂര്‍ണ്ണമായ അര്‍ത്ഥത്തിലേക്ക് എത്തണമെങ്കില്‍ സ്വാധികാരമുള്ള സ്വഭരണം സ്വഭാഷയില്‍ ആക്കുക എന്നത് ഒരു പ്രധാന ആവശ്യം തന്നെ. ഈ ആവശ്യം മുന്നോട്ടുവയ്ക്കുക എന്നതാണ് ഈ സമരത്തിന്റെ പ്രധാന ലക്ഷ്യം. വിദ്യാര്‍ത്ഥി വേദിയെ പ്രതിനിധീകരിച്ച് നിരാഹാരത്തില്‍ പങ്കെടുക്കുന്ന രൂപിമ പറയുന്നു. കാലടി സര്‍വ്വകലാശാലയിലെ മലയാളവിഭാഗത്തിലെ ഗവേഷകയാണ് രൂപിമ.

സമരം അഞ്ചാം ദിവസത്തിലെത്തിയപ്പോള്‍ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരും സമരത്തിന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എംടി പറഞ്ഞതിങ്ങനെ;“കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് ഉള്‍പ്പെടെയുള്ള എല്ലാ പി.എസ്.സി.പരീക്ഷകളുടെയും ഉത്തരങ്ങള്‍ മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും എഴുതാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പിഎസ് സി ഓഫീസിനു മുന്നില്‍ 5 ദിവസമായി നിരാഹാര സത്യഗ്രഹം നടന്നു വരികയാണ്. കേരളം ലജ്ജയോടെ തല കുനിക്കേണ്ട അവസ്ഥയാണിത്. വര്‍ഷങ്ങളായി, ഭരണഭാഷയും പഠന ഭാഷയും കോടതി ഭാഷയുമൊക്കെ നമ്മുടെ മാതൃഭാഷയിലാവണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു വരുന്നു. ഞാനും ഒഎന്‍വിയും സുഗതകുമാരിയുമൊക്കെ ഈ ആവശ്യങ്ങള്‍ പല ഘട്ടത്തിലും ഉന്നയിച്ചിരുന്നു. മലയാള നിയമം നിയമസഭ പാസ്സാക്കി. 2017 മെയ് മുതല്‍ ഭരണഭാഷ മലയാളമാക്കി ഉത്തരവു വന്നു. എന്നാല്‍ ക്ലാസ്സിക്കല്‍ പദവി ലഭിച്ച നമ്മുടെ മാതൃഭാഷയില്‍, കേരളീയരെ ഭരിക്കാനുള്ള തൊഴില്‍ പരീക്ഷ എഴുതാന്‍ കഴിയില്ല എന്നത് എല്ലാ മലയാളികള്‍ക്കും അപമാനകരമാണ്. ഇപ്പോള്‍ നടന്നുവരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. കെഎഎസ് പരീക്ഷയുള്‍പ്പെടെയുള്ളവ മലയാളത്തിലും കൂടി നടത്താന്‍ സര്‍ക്കാര്‍ പിഎസ് സി ക്ക് നിര്‍ദേശം കൊടുക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു.”

എല്ലാവരുടെയും ഏറെ കാലത്തെ ആവശ്യമാണ് ഈ സമരത്തിലൂടെ ഞങ്ങള്‍ നേടിയെടുക്കാന്‍ ഉദ്ദേശിക്കുന്നത്. പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്, മലയാളം പഠിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് തൊഴില്‍ പരീക്ഷയും മലയാളത്തില്‍ എഴുതാന്‍ കഴിയണം. അത് അവരുടെ അവകാശം തന്നെ. ഞങ്ങളുടെത് ഭാഷാ മൗലികവാദമാവണമെന്നും മറ്റു ഭാഷകളെ അംഗീകരിക്കാത്ത ഒരു സമീപനമാണെന്നുമെല്ലാം ആരോപണങ്ങളുണ്ട്. അതിനെയെല്ലാം നേരിട്ടുകൊണ്ട് കൃത്യമായ നിലപാടാണ് ഞങ്ങളുടേത്. ഏതെങ്കിലും ഒരു ഭാഷയെ ഇല്ലായ്മ ചെയ്യണം എന്നല്ല ഞങ്ങള്‍ പറയുന്നത്. നിരാഹാരസമരത്തില്‍ പങ്കാളിയായ പ്രിയേഷ് പറയുന്നു.

കേന്ദ്ര സര്‍വീസിലേക്ക് മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ ഭാഷകളില്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കുമ്പോള്‍ കേരളത്തിനതു സാധിക്കാത്തത് നാണക്കേടല്ലേ. ആ നാണക്കേട് തിരിച്ചറിയുകയെങ്കിലും വേണ്ടേ. സമരപ്പന്തലിലെ എല്ലാവരും ഒറ്റ സ്വരത്തില്‍ ചോദിക്കുന്നത് ഇതാണ്.

മലയാളം ഐക്യവേദിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം തുടങ്ങി നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

മലയാളം ഔദ്യോഗിക ഭാഷയായിട്ടുള്ള കേരളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷകളില്‍ മലയാള ഭാഷാപരിജ്ഞാനം പരിശോധിക്കപ്പെടണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ആവശ്യപ്പെട്ടു. ചോദ്യക്കടലാസുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും നല്‍കണം. കേരള അഡ്മിനിസ്ട്രേഷന്‍ സര്‍വ്വീസിലേക്കു നടക്കാനിരിക്കുന്ന പരീക്ഷയില്‍നിന്ന് മലയാളത്തെ പുറത്തു നിര്‍ത്തുമോ എന്ന ആശങ്ക സമൂഹത്തില്‍ പരക്കെ ഉണ്ട്. കേരളത്തിന്റെ സര്‍ക്കാര്‍ സര്‍വ്വീസില്‍ മലയാളം അറിയാത്തവര്‍ ആവശ്യമില്ല. ഇക്കാര്യത്തില്‍ ആശങ്ക പരിഹരിക്കുംവിധം പി.എസ്.സി. തീരുമാനം വ്യക്തമാക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഔദ്യോഗിക ഭാഷ മലയാളമാക്കിയിട്ട് വര്‍ഷങ്ങളായി. പക്ഷേ അത് നടപ്പാക്കുന്ന കാര്യത്തില്‍ മുന്‍ സര്‍ക്കാരുകള്‍ അലംഭാവം കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉറച്ച നിലപാടും ശരിയായ താല്‍പ്പര്യവുമുണ്ട്. ഔദ്യോഗികമായ എല്ലാ മേഖലയിലും മലയാളത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരുന്നു. ഈ സന്ദര്‍ഭത്തില്‍ സര്‍ക്കാരിന്റെ നയത്തില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കാന്‍ പി.എസ്.സി. ശ്രമിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. മലയാള ഐക്യവേദിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പുരേഗമന കലാസാഹിത്യം സംഘം പറയുന്നതിങ്ങനെ.

കേരളമല്ല മലയാളത്തെ സൃഷ്ടിച്ചത്. മലയാളമാണ് കേരളത്തെ സൃഷ്ടിച്ചത്. കേരളത്തെ സംബന്ധിച്ചിടത്തോളം മലയാളം മാതൃഭാഷ മാത്രമല്ല. ജാതിക്കും മതത്തിനും വര്‍ണ്ണത്തിനും വര്‍ഗത്തിനുമെല്ലാം അതീതമായി കേരളീയരെയാകെ ഒന്നിച്ചു നിര്‍ത്തുന്നത്, നമ്മെ ഐക്യപ്പെടുത്തുന്ന ഒരേയൊരു ഘടകം മലയാളം മാത്രമാണ്. ആ കേരളത്തിലാണ് തൊഴില്‍ പരീക്ഷകള്‍ മലയാളത്തില്‍ നടത്തുന്നില്ല എന്ന ലജ്ജാകരമായ അവസ്ഥയുള്ളത്. സമരസമതി കണ്‍വീനര്‍ ആര്‍ നന്ദകുമാര്‍ പറയുന്നു.

1956 ലെ സംസ്ഥാന പുനഃസംഘടനയില്‍ വളരെ കൃത്യമായി തന്നെ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ തൊഴില്‍ പരീക്ഷകള്‍ നടത്തേണ്ടത് മാതൃഭാഷയിലാണ് എന്നു പറയുന്നുണ്ട്. 15 ശതമാനത്തിനു മേലെ ഭാഷാ ന്യൂനപക്ഷത്തിന്റെ സാന്നിധ്യം ഓരോ സംസ്ഥാനത്തും ഉണ്ട്. അവരുടെ ഭാഷയില്‍ക്കൂടി പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനുകള്‍ നടത്തുന്ന പരീക്ഷകള്‍ നടത്തണമെന്ന് കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ഈ പുനഃസംഘടനാ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ബൈബിള്‍ പോലെ, ഖുറാന്‍ പോലെ, വേദ പുസ്തകം പോലെ ഭരണഘടനയും കേന്ദഗവണ്‍മെന്റുമൊക്കെ തന്നെ പിന്തുടര്‍ന്നു പോരുന്നത്. അതിനെ വിസ്മരിച്ചുകൊണ്ട്, അതിനെ മാറ്റി മറിച്ചുകൊണ്ട്, അതിനെ തിരസ്‌ക്കരിച്ചുകൊണ്ടാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. നന്ദകുമാര്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ 97 ശതമാനത്തോളം പേരുടെ മാതൃഭാഷ മലയാളമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലുള്ള ഭാഷ ന്യൂനപക്ഷങ്ങളുടെ എണ്ണം വളരെ കുറവാണ്. അതില്‍ തന്നെ 2011 ലെ സെന്‍സസ് പ്രകാരം 98 ശതമാനത്തില്‍ക്കൂടുതല്‍ പേര്‍ക്ക് മലയാളം നന്നായി അറിയുകയും ചെയ്യാം. അപ്പോള്‍ മലയാളം തീരെ അറിയാത്തതായി രണ്ട് ശതമാനത്തില്‍ കുറവ് ആളുകളെയുള്ളൂ. ഇതേ സെന്‍സസ് പ്രകാരം ഇംഗ്ലീഷ് പരിജ്ഞാനമുളളവര്‍ 30 ശതമാനത്തില്‍ താഴെയാണ്. അപ്പോള്‍ ഈ 30 ശതമാനത്തിനു വേണ്ടിയാണോ കേരളത്തില്‍ പിഎസ് സി പരീക്ഷകള്‍ നടത്തുന്നത് നന്ദകുമാര്‍ ചോദിക്കുന്നു.

പത്താം ക്ലാസ് വരെ കുട്ടികള്‍ മാതൃഭാഷ നിര്‍ബന്ധമായും പഠിക്കണം എന്ന നിയമവും, കേരളത്തിന്റെ ഭരണഭാഷ മലയാളമായിരിക്കണം എന്നുള്ള നിയമവും നിലവില്‍ വന്നിരുന്നു. എംടിയുടെ ഭരണഭാഷ പ്രതിജ്ഞ സര്‍ക്കാറിന്റെ കൂടി പ്രതിജ്ഞയാക്കി മാറ്റി. ഇവയെല്ലാം അഭിമാനകരമായ നേട്ടങ്ങളാണ്. ഇങ്ങനെയെല്ലാം മലയാളത്തിന്റെ അഭിമാനമുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവുമ്പോള്‍ സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കേണ്ട, അവ ജനങ്ങളിലേക്കെത്തിക്കേണ്ട ഉദ്യോഗസ്ഥരെ നിയമിക്കുന്ന പരീക്ഷ എന്തായാലും മലയാളത്തിലാക്കേണ്ടതുണ്ട്. ഞങ്ങള്‍ കേവലം ദിവസങ്ങള്‍ക്കു മുന്‍പ് തീരുമാനിച്ച ഒരു സമരമല്ലിത്. വര്‍ഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുന്നവരാണ്. അതിന്റെ അവസാനഘട്ടമാണ് ഈ സമരം. നന്ദകുമാര്‍ പറഞ്ഞു.

നിരാഹാരമിരിക്കുന്ന രൂപിമയുടെയും പ്രിയേഷിന്റെയും ആരോഗ്യനില അപകടത്തിലായിക്കൊണ്ടിരിക്കയാണ്. കേരളത്തിലുള്ളവര്‍ മലയാളം മാത്രം പഠിച്ചാല്‍ മതി എന്നോ അല്ലെങ്കില്‍ മലയാളത്തില്‍ മാത്രം പരീക്ഷ നടത്തിയാല്‍ മതിയെന്നോ ഉള്ള തീവ്ര ഭാഷാവാദമല്ല മലയാള ഐക്യവേദി മുന്നോട്ടു വയ്ക്കുന്നത്. ഇംഗ്ലീഷിനെപോലെ മലയാളത്തെക്കൂടി പരിഗണിക്കണം എന്നാണ്. ഇംഗ്ലീഷിനോടൊപ്പം മലയാളത്തിലും മറ്റ് ന്യൂനപക്ഷ ഭാഷകളിലും കൂടി കേരളത്തില്‍ തൊഴില്‍ പരീക്ഷകള്‍ നടത്തണം എന്നാണ്. ഇത് തികച്ചും ന്യായമായതും ജനാധിപത്യപരവുമായ ഒരു ആവശ്യം തന്നെ.

Read More :സമരം ജയിച്ചു, സ്ത്രീത്തൊഴിലാളികള്‍ക്ക് ഇപ്പോഴും പഴയ അവസ്ഥ തന്നെ, മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുന്ന എസ് എം സ്ട്രീറ്റിലെ തൊഴിലാളി ജീവിതം

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍