ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കകം ഗ്രാമപ്രകാശിനി വായനശാല സ്വയം ഒരു ദുരിതാശ്വാസ ക്യാമ്പായി മാറുകയായിരുന്നു
മലബാര്‍ മേഖലയില്‍ കനത്ത ആഘാതം സൃഷ്ടിച്ച രണ്ടാം പ്രളയക്കെടുതി അല്പമെങ്കിലും ഒടുങ്ങിയിരിക്കുകയാണ്. വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും സംഭവിച്ചിരിക്കുന്ന നഷ്ടങ്ങള്‍ കണക്കുകൂട്ടുകയും അവശ്യവസ്തുക്കള്‍ എത്തിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ, വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ട് പാടേ നശിച്ചുപോയ ഗ്രന്ഥശാലകളുടെ വിവരങ്ങളും സന്നദ്ധപ്രവര്‍ത്തകര്‍ എടുത്തുകാണിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയായി പ്രവര്‍ത്തിക്കുന്ന വായനശാലകള്‍ എണ്ണത്തില്‍ കൂടുതലുള്ള കണ്ണൂര്‍ ജില്ലയില്‍, സ്വാഭാവികമായും ആ വിഭാഗത്തില്‍ സംഭവിച്ചിരിക്കുന്ന നഷ്ടങ്ങളും വലുതാണ്. വായനശാലാ സംസ്‌കാരം ഇനിയും നശിച്ചുപോയിട്ടില്ലാത്ത ഗ്രാമങ്ങളില്‍ ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും മുന്നിട്ടിറങ്ങി നഷ്ടപ്പെട്ട പുസ്തക സമ്പത്ത് തിരികെപ്പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ ലൈബ്രറികളിലും ചെറുകിട വായനശാലകളിലും നഷ്ടപ്പെട്ടുപോയ പുസ്തകങ്ങള്‍ക്കു പകരം പുതിയ പുസ്തകങ്ങള്‍ വാങ്ങിച്ചും ശേഖരിച്ചും എത്തിക്കാനുള്ള കൂട്ടായ പരിശ്രമങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചും നടക്കുന്നുണ്ട്. മഴക്കെടുതിയില്‍ തകര്‍ച്ച നേരിട്ട ഗ്രാമങ്ങളുടെ പുനര്‍നിര്‍മാണത്തില്‍ അത്തരം വായനശാലകള്‍ക്കുള്ള പങ്ക് വ്യക്തമായി തിരിച്ചറിയുന്നതു കൊണ്ടുകൂടിയാണത്.
രണ്ടാം പ്രളയകാലത്ത് കേരളത്തിന്റെ വേദനയായി മാറിയ കവളപ്പാറ മുത്തപ്പന്‍ കുന്ന് നില്‍ക്കുന്ന ഭൂദാനം കോളനിയിലുമുണ്ട് ഒരു വായനശാല. ഒരുപക്ഷേ മറ്റു ഗ്രാമീണ വായനശാലകള്‍ക്കൊന്നും പറയാനില്ലാത്തത്ര കഥകളും ചരിത്രവും അവകാശപ്പെടാനാകുന്ന ഒരു വായനശാലയാണ് ഭൂദാനം കോളനിയിലേത്. പ്രളയത്തില്‍ വെള്ളം കയറുകയോ നശിക്കുകയോ ചെയ്യാതെ പല കാലഘട്ടങ്ങളുടെ ശേഷിപ്പുകളുമായി ഗ്രാമപ്രകാശിനി വായനശാല ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഭൂദാനത്തെ ഗ്രാമപ്രകാശിനി വായനശാല ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പാണ്. ഭൂദാനം കോളനിയുടെ പല ഭാഗങ്ങളിലായി വീടും സ്ഥലവും നഷ്ടപ്പെടുകയും അപകടത്തിലാവുകയും ചെയ്ത ഒട്ടനവധിപ്പേര്‍ വായനശാലയുടെ പുതിയ കെട്ടിടത്തില്‍ ദുഃഖങ്ങള്‍ പങ്കുവച്ചും ഒന്നിച്ചുണ്ടും ഉറങ്ങിയും കഴിയുന്നു. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍, ഇത്തരമൊരു ധര്‍മമാണ് കെട്ടിടത്തിന് നിര്‍വഹിക്കേണ്ടിവരിക എന്നറിഞ്ഞിരുന്നില്ലെന്ന് വായനശാലാ പ്രവര്‍ത്തകരും നാട്ടുകാരും പറയുന്നുണ്ട്. അമ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള ഗ്രാമപ്രകാശിനി വായനശാല ഒരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ ഭൂദാനം കോളനിയുടെ തന്നെ ചരിത്രം സൂക്ഷിക്കപ്പെടുന്നയിടമാണ്. ഇപ്പോള്‍ മണ്ണിടിച്ചിലില്‍ ഗ്രാമത്തിന്റെ ഒരു ഭാഗം തന്നെ ഇല്ലാതായപ്പോഴും, ആ ചരിത്രം പറയാന്‍ വായനശാല വീണ്ടും ബാക്കിയാവുകയാണ്.
ഗ്രാമപ്രകാശിനിയിലെ ലൈബ്രേറിയനായ മുരളി ഭൂദാനം കോളനിക്കാര്‍ക്ക് കൊച്ചേട്ടനാണ്. മുപ്പത്തിമൂന്നു വര്‍ഷക്കാലമായി വായനശാലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കൊച്ചേട്ടന്, വായനശാല കെട്ടിടത്തോട് തൊട്ടു ചേര്‍ന്ന് ഒരു ചായക്കടയുമുണ്ട്. ചെറിയ കച്ചവടവുമായി അങ്ങാടിയില്‍ തുടരുമ്പോഴും വായനശാലയുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന കൊച്ചേട്ടന്റെ ഓര്‍മയില്‍ ഓഗസ്റ്റ് എട്ടാം തീയതി വ്യാഴാഴ്ച നടന്ന സംഭവങ്ങള്‍ ഇപ്പോഴും വ്യക്തമായിത്തന്നെയുണ്ട്. വിശ്വസിക്കാന്‍ ഇപ്പോഴും പ്രയാസമാണെങ്കിലും, ഭൂദാനം കോളനിയുടെ കഥ തന്നെ മാറ്റിയെഴുതിയ ഈ ദിവസത്തെ ഈ ചരിത്രസൂക്ഷിപ്പുകാരന്‍ ഓര്‍ക്കുന്നതിങ്ങനെയാണ്. ‘അന്ന് ഞാന്‍ കച്ചവടം നോക്കി കടയില്‍ത്തന്നെയുണ്ടായിരുന്നു. പകലൊക്കെ മഴ നല്ല ശക്തിയില്‍ പെയ്തിരുന്നു. ഇതിലേ പോകുന്ന തോട്ടിലൊക്കെ വെള്ളം പൊങ്ങി. തോട്ടില്‍ നിന്നും വെള്ളം കടകളിലേക്കും മെല്ലെ കയറുന്നുണ്ടായിരുന്നു. ഇവിടെ അടുത്തുള്ളയിടങ്ങളിലൊക്കെ വെള്ളം കയറിത്തുടങ്ങി എന്നു കേട്ടപ്പോള്‍ ഞങ്ങളൊക്കെ കടകളടച്ച് ആളുകളെ ഒഴിപ്പിക്കാനും രക്ഷാപ്രവര്‍ത്തനത്തിനുമൊക്കെയായി പോയി. അവിടന്നും ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ചാലിയാറില്‍ വെള്ളം പൊങ്ങുന്നുണ്ട് എന്നറിഞ്ഞത്. മേപ്പാടിയില്‍ ഉരുള്‍പൊട്ടിയതുകൊണ്ടാണ് ചാലിയാര്‍ കവിഞ്ഞൊഴുകിയത്. ഇവിടെ പലയിടത്തും വെള്ളം കയറി. അവിടെയൊക്കെ ഞങ്ങള്‍ ചെന്ന് ആളുകളെ ഒഴിപ്പിച്ചു. എല്ലാവരേയും സുരക്ഷിതമായി ഒരു സ്ഥാനത്തേക്ക് മാറ്റിയശേഷമാണ് ഞങ്ങള്‍ വീണ്ടും അങ്ങാടിയിലെത്തുന്നത്. സന്ധ്യയോടെ മഴയ്ക്ക് കുറച്ചു ശമനമുണ്ടായിരുന്നു. പക്ഷേ നേരം ഇരുട്ടിയപ്പോള്‍ പിന്നേയും കൂടി. മഴയല്ലേ, അതുകൊണ്ട് ഇരുട്ടിയപ്പോള്‍ത്തന്നെ എല്ലാവരും വീടുകളിലേക്ക് തിരിച്ചു പോകുകയും ചെയ്തു.’
‘ഒരു ഏഴേമുക്കാല്‍ ഒക്കെയായപ്പോഴാണ് ഇവിടെ ഉരുള്‍പൊട്ടിയത്. എന്റെ വീട് ഇവിടെ തൊട്ടടുത്താണ്. അടുത്തൊക്കെയുള്ളവര്‍ വന്നു പറഞ്ഞു, മേലെ ഉരുള്‍പൊട്ടിയിട്ടുണ്ടെന്ന്. എവിടെയാണ്, എന്താണ് സംഭവിച്ചത് എന്നൊന്നും വ്യക്തമായി അറിയുന്നുണ്ടായിരുന്നില്ല. നേരം രാത്രിയുമല്ലേ. നോക്കിയിട്ട് ഒന്നും കാണുന്നില്ലെന്ന് നാട്ടുകാരൊക്കെ പറയുന്നുണ്ടായിരുന്നു. ആളുകള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ട്, എന്താണ് സംഭവിച്ചതെന്നറിയില്ല എന്നൊക്കെയാണ് അപ്പോള്‍ കേട്ടത്. വിവരങ്ങളെല്ലാം വ്യക്തമായി അറിഞ്ഞത് നേരം വെളുത്ത ശേഷമാണ്. നമ്മുടെ പരിചയക്കാരും സുഹൃത്തുക്കളുമെല്ലാം പോയി. എന്നും കാണുന്ന പലയാളുകളും ഇപ്പോഴും മണ്ണിനടിയിലാണ്. എന്റെ കടയുടെ തൊട്ടടുത്ത് കച്ചവടം നടത്തിയിരുന്നതാണ് അനീഷ് എന്ന പയ്യന്‍. മുത്തപ്പന്‍ കുന്നിനു താഴെ താമസിക്കുന്നവരോട് അവിടെ നിന്നും മാറണമെന്ന് മുന്നറിയിപ്പു നല്‍കാനാണ് അന്നുരാത്രി അവന്‍ അങ്ങോട്ടു പോയത്. ജയന്‍ എന്നൊരു സുഹൃത്തിന്റെ കൂടെ പോയി, ആളുകളോട് ഒഴിയണം എന്നു പറയുകയായിരുന്നു. ജയന്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ. അനീഷിനെ ഇതുവരെ കിട്ടിയിട്ടില്ല. ജയന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെയെല്ലാം ഇപ്പോള്‍ ആകെയാരു മൂകതയാണ്. നിത്യം കാണുന്ന സുഹൃത്തുക്കളും ഒക്കെയല്ലേ പോയത്. നമുക്കൊന്നും സംഭവിച്ചില്ലെങ്കില്‍ക്കൂടി, അവരൊക്കെ പോയി എന്നോര്‍ക്കുമ്പോള്‍ത്തന്നെ നടുക്കമാണ്.’
മുത്തപ്പന്‍ കുന്നില്‍ ഉരുള്‍പൊട്ടി ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും ഗ്രാമപ്രകാശിനി വായനശാലയുടെ സജീവപ്രവര്‍ത്തകരും മെമ്പര്‍മാരുമായിരുന്നു. കൊച്ചേട്ടന്റെ ഭാഷയില്‍പ്പറഞ്ഞാല്‍, പോയവരില്‍ എണ്‍പതു ശതമാനത്തിലേറെപ്പേര്‍ വായനശാലയുടെ ഒപ്പം സ്ഥിരമുള്ളവരാണ്. കൂലിപ്പണി കഴിഞ്ഞുവന്ന് വൈകുന്നേരങ്ങളില്‍ വായനശാലയില്‍ ഒത്തുകൂടി കഥകള്‍ പറഞ്ഞും പത്രം വായിച്ചും മാസികകളിലെ ലേഖനങ്ങള്‍ ചര്‍ച്ച ചെയ്തും വളരെ സജീവമായൊരു സുഹൃദ്‌സംഘം രൂപപ്പെടുത്തിയിരുന്നവരാണ് ഭൂദാനം കോളനിയിലെ പല ഭാഗങ്ങളിലുള്ളവര്‍. ഭൂദാനം കോളനിയ്ക്ക് ഒരു വലിയ ചരിത്രമുണ്ടെങ്കില്‍, അതിന്റെ തന്നെ ഭാഗമായി കണക്കാക്കപ്പെടേണ്ടതാണ് ഗ്രാമപ്രകാശിനി വായനശാലയും. ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശത്തെ ജനാധിപത്യപരമായി നോക്കിക്കാണുന്നതിന്റെ ആദ്യരൂപമായി കണക്കാക്കപ്പെടുന്ന ഭൂദാന പ്രസ്ഥാനത്തിന്റെ ചരിത്രം തന്നെയാണ് പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കോളനിയുടെയും ചരിത്രം. ആചാര്യ വിനോഭ ഭാവെ ആവിഷ്‌കരിച്ച ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി മലബാര്‍ മേഖലയില്‍ നടന്ന വിപ്ലവകരമായ ഭൂമി കൈമാറ്റങ്ങളിലൊന്നാണ് 1955ല്‍ നിലമ്പൂരില്‍ നടന്നത്. നിലമ്പൂര്‍ കോവിലകത്തിന്റെ അവകാശമുള്ള ആയിരം ഏക്കറില്‍പ്പരം ഭൂമിയാണ് ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്വന്തമായി വീടില്ലാത്ത മറ്റുള്ളവര്‍ക്കും നാലേക്കര്‍, രണ്ടേക്കര്‍ എന്നീ കണക്കുകളില്‍ വിതരണം ചെയ്യപ്പെട്ടത്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നേരിട്ടെത്തി വിതരണം ചെയ്ത ഭൂമികളില്‍ താമസമാരംഭിച്ചവര്‍ ചേര്‍ന്നുണ്ടാക്കിയ കോളനി, ഭൂദാനം കോളനിയായി. അന്നന്നത്തെ അന്നത്തിനായി കൂലിപ്പണിയെടുക്കുന്നവരും കാടുകയറുന്ന പണിയ ഗോത്രവിഭാഗക്കാരും ഭൂദാനം കോളനിയുടെ പല ഭാഗങ്ങളിലായി വീടുകള്‍ വച്ച് താമസമായി. പിന്നീട് പലരും അവരവരുടെ ഭൂമി വിറ്റു, കൈമാറി. പുതിയ ഉടമസ്ഥര്‍ പലരുമെത്തി. അഞ്ചും പത്തും സെന്റ് ഭൂമിയില്‍ അരിഷ്ടിച്ചു ജീവിക്കുന്നവരും ഏക്കറു കണക്കിന് സ്ഥലം വാങ്ങിക്കൂട്ടി റബ്ബര്‍ തൈകള്‍ വച്ചവരും ഭൂദാനം കോളനിയിലുണ്ടായി.
മുത്തപ്പന്‍ കുന്നിന്റെയും കവളപ്പാറയുടെയും ഓരങ്ങളില്‍ ജീവിച്ചിരുന്ന, ചാലിയാറിന്റെ ഒഴുക്കു കൊണ്ട് വേര്‍തിരിക്കപ്പെട്ട ഭൂദാനം കോളനിക്കാര്‍ക്ക് വിനോദത്തിനോ സാംസ്‌കാരിക ഉന്നമനത്തിനോ ഉപാധികളൊന്നും ലഭ്യമായിരുന്നില്ല. ഒരുവശത്ത് മലയും ഒരുവശത്ത് പുഴയുമുള്ള, ഒറ്റപ്പെട്ട ഗ്രാമീണ ജീവിതത്തിനിടയിലേക്കാണ് സാമൂഹിക ജീവിതത്തിന്റെ പലവിധ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ലക്ഷ്യവുമായി ഗ്രാമപ്രകാശിനി വായനശാല ആരംഭിക്കുന്നത്. ഭൂദാനം കോളനി രൂപം കൊണ്ട് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആയിരം പുസ്തകങ്ങളുമായി അന്ന് ഈ കൊച്ചു വായനശാല പ്രവര്‍ത്തനമാരംഭിക്കുന്നത്. 1963ല്‍ അന്നത്തെ വണ്ടൂര്‍ ബ്ലോക്ക് നിര്‍മിച്ച കെട്ടിടത്തില്‍ 1974ല്‍ ഗ്രാമപ്രകാശിനി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍, അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറെയായിരുന്നു. പലയിടങ്ങളില്‍ നിന്നായി ഭൂദാനം കോളനിയിലെത്തിയവരെ ഒന്നിച്ചു കൊണ്ടുവരിക, ജോലിയും ജീവിതവുമല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത ഭൂദാനം കോളനിക്കാര്‍ക്ക് വായിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഇടമൊരുക്കുക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നിങ്ങനെ പല ഉത്തരവാദിത്തങ്ങള്‍. പുതിയ ജീവിതവും പരിസരവുമായി ചേര്‍ന്നുവരാന്‍ ബദ്ധപ്പെടുന്ന ഭൂദാനം കോളനിക്കാരെ അതിജീവനത്തിന്റെ വഴിയില്‍ ഒന്നിച്ചു നിര്‍ത്തിയതില്‍ ഗ്രാമപ്രകാശിനിയുടെ പങ്ക് വളരെ വലുതായിരുന്നു. കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് മണ്ണെണ്ണ വെട്ടത്തിലും മറ്റും കിട്ടുന്ന പുസ്തകങ്ങള്‍ വായിച്ചിരുന്ന ഭൂദാനം കോളനിക്കാരുടെ ചരിത്രത്തില്‍ ഗ്രാമപ്രകാശിനി വലിയ വഴിത്തിരിവായിരുന്നുവെന്ന് കൊച്ചേട്ടന്‍ എന്ന മുരളിയും പറയുന്നു.
‘എല്ലാവരും ജോലി കഴിഞ്ഞാന്‍ വൈകീട്ട് ഇവിടെ വരും. എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കും. ഇപ്പോള്‍ പോയിരിക്കുന്നതില്‍ ഏറിയ പങ്കും ഇങ്ങനെ വായനശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നയാളുകള്‍ തന്നെയാണ്. എല്ലാവരും അത്രയും സൗഹൃദത്തില്‍ മുന്നോട്ടു പോയിരുന്നവര്‍ തന്നെയാണ്. മുത്തപ്പന്‍ കുന്നില്‍ ഒരു പണിയ കോളനിയുമുണ്ട്. അവിടെയുള്ളവരും ഇവിടെ വന്ന് പുസ്തകങ്ങളും പത്രങ്ങളുമൊക്കെ വായിക്കും. ഇപ്പോള്‍ വല്ലാത്ത വേദനയിലാണ് എല്ലാവരും. നഷ്ടം മുഴുവന്‍ സംഭവിച്ചിരിക്കുന്നത് സാധാരണക്കാര്‍ക്കാണ്. ഇവിടെ റബ്ബര്‍ വയ്ക്കുന്നതും മണ്ണില്‍ കുഴിയുണ്ടാക്കുന്നതുമെല്ലാം പുഴയുടെ അക്കരെയുള്ളവരാണ്. അവര്‍ വയ്ക്കുന്ന റബ്ബര്‍ തോട്ടങ്ങള്‍ കാരണം നഷ്ടമുണ്ടാകുന്നത് പാവപ്പെട്ട സാധാരണക്കാര്‍ക്കാണെന്നു മാത്രം. പാലങ്ങളും റോഡുകളുമൊന്നുമില്ലാതെ ബുദ്ധിമുട്ടി ജീവിച്ചവരാണ് ഞങ്ങളെല്ലാവരും. ഭൂദാനം കോളനി വന്ന കാലം മുതല്‍ക്കേ അങ്ങനെയാണ് ജീവിച്ചത്. ഭൂദാനത്തിന്റെ സമയത്ത് വായനശാലയ്ക്കായി വാങ്ങിച്ചു മാറ്റിവച്ച് സ്ഥലമാണിത്. അന്നാണെങ്കില്‍ ഇവിടെ മറ്റു തരത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെയില്ല. വെറും ആയിരം പുസ്തകങ്ങളുമായി തുടങ്ങിയതാണ് ഞങ്ങള്‍. എല്ലാവര്‍ക്കും ഒന്ന് ഒത്തുകൂടി സമയം ചെലവഴിക്കാനായി തുടങ്ങിയതാണ്. ഇപ്പോള്‍ ആയിരത്തിലേറെ മെമ്പര്‍മാരും എണ്ണായിരത്തോളം പുസ്തങ്ങളുമുണ്ട്. വനിതാവേദി, ബാലവേദി, യുവജനക്ലബ്ബ്, ഇ-വിജ്ഞാനകേന്ദ്രം എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 1967 മുതല്‍ക്കുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ ഒരു കേടുപാടുമില്ലാതെ സൂക്ഷിച്ചിട്ടുണ്ട് ഇവിടെ. ഭൂദാനം എന്ന ഗ്രാമത്തിലെ പല തലമുറകളെ വിദ്യാഭ്യാസം നേടാനും സമൂഹജീവികളായി പ്രവര്‍ത്തിപ്പിക്കാനും പഠിപ്പിച്ച പാരമ്പര്യവുമുണ്ട്.’
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി വായനശാലയുടെ മുഖമായി പ്രവര്‍ത്തിക്കുന്ന കൊച്ചേട്ടന്, വായനശാലയുടെ പുതിയ കെട്ടിടം ഭൂദാനം കോളനിയിലെ ദുരിതാശ്വാസ ക്യാമ്പായി പരിവര്‍ത്തനപ്പെടുത്താന്‍ അധികം ചിന്തിക്കുകയോ പ്രയത്‌നിക്കുകയോ വേണ്ടിവന്നില്ല. ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കകം ഗ്രാമപ്രകാശിനി വായനശാല സ്വയം ഒരു ദുരിതാശ്വാസ ക്യാമ്പായി മാറുകയായിരുന്നു എന്നു വേണം പറയാന്‍. ‘കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടമാണിത്. ഇതിപ്പോള്‍ ക്യാമ്പാണ്. പഴയ കെട്ടിടം തൊട്ടപ്പുറത്തു കാണാം. ഇവിടെയുള്ളവരെല്ലാവരും തീര്‍ത്തും സാധാരണക്കാരും വീടുകളില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉള്ളവരുമാണ്. കൂലിപ്പണിയെടുത്താണ് ഭൂദാനം കോളനിയില്‍ അധികപേരും ജീവിക്കുന്നത്. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ളവര്‍ വളരെ കുറച്ചേയുള്ളൂ. ആ സാഹചര്യം അറിയുന്നതുകൊണ്ട് എല്ലാവരോടും സുരക്ഷിതരായി ഇങ്ങോട്ടു പോരാന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഇവിടെ അങ്ങ് കൂടാം, ഒന്നിച്ച് ഭക്ഷണം കഴിക്കാം എന്നു പറയുകയായിരുന്നു. ആവശ്യത്തിനുള്ള സാധനങ്ങളെല്ലാം ഇവിടെ കിട്ടുന്നുണ്ട്. മുത്തപ്പന്‍ കുന്നില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കുമുള്ള ഭക്ഷണം നമ്മള്‍ ഇവിടെ നിന്നാണ് ഉണ്ടാക്കി കൊടുത്തുവിടുന്നത്. ഇപ്പോള്‍ എല്ലാവരും ഏകദേശം പൂര്‍വസ്ഥിതിയിലേക്ക് വരുന്നുണ്ട്. എത്രയൊക്കെയായാലും, ഭൂദാനം കോളനി ഇനി പഴയപോലെയാകുമോ എന്നറിയില്ല. എല്ലാവര്‍ക്കും വിഷമവും വേദനയുമാണ്.’
ഭൂദാനം ഗ്രാമം ഇനി പഴയപോലെയായിരിക്കില്ല എന്ന ഇതേ സന്ദേഹമാണ് ഇവിടെ കണ്ടുമുട്ടുന്ന ഓരോ തദ്ദേശവാസിയ്ക്കും പങ്കുവയ്ക്കാനുള്ളത്. ഒരു കുടുംബമെന്നപോലെ കഴിഞ്ഞുവന്നവരില്‍ ചിലര്‍ ഇപ്പോഴും മണ്ണിനടിയില്‍ അകപ്പെട്ടു കിടക്കുകയാണെന്ന വസ്തുതയുമായി ഇവരിപ്പോള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്നാല്‍, മുത്തപ്പന്‍ കുന്നിന്റെ ചെരിവുകളിലേക്ക് ഇനി തിരികെപ്പോകാനോ, അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ താമസിക്കാനോ ഇവരില്‍ പലര്‍ക്കും ഇപ്പോള്‍ അല്പം പോലും താല്‍പര്യമില്ല. ഇവിടെയല്ലാതെ മറ്റെങ്ങോട്ട് എന്നും ഇവര്‍ക്കറിയില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഭൂദാനം ഗ്രാമത്തിന്റെ തന്നെ അവസാന ദിവസങ്ങളാണോ ഇത് എന്നു സംശയിക്കുന്നവരും ഇവിടെയുണ്ട്. എന്തുതന്നെയായാലും, കൊച്ചേട്ടനും സംഘവും തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, ഭൂദാനം കോളനിയുടെ ചരിത്രം തന്നെ സൂക്ഷിക്കപ്പെട്ടിട്ടുള്ളയിടമാണ് ഗ്രാമപ്രകാശിനി വായനശാല. വിദ്യാഭ്യാസ കാര്യത്തില്‍ സഹായമാകുക മാത്രമല്ല, ഭൂദാനത്തുകാരുടെ ഭൂതകാലം സംരക്ഷിക്കുക എന്നതുകൂടിയായിരുന്നു ഈ ചെറുവായനശാലയുടെ കര്‍ത്തവ്യം. കാലങ്ങള്‍ക്കു ശേഷം ഇപ്പോള്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കേണ്ടിവരുമ്പോഴും, ഗ്രാമീണര്‍ക്ക് അഭയസ്ഥാനമൊരുക്കി ആ കര്‍ത്തവ്യം നിര്‍വഹിക്കുകയാണ് ഗ്രാമപ്രകാശിനി.