UPDATES

അജയകുമാര്‍

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

അജയകുമാര്‍

വായന/സംസ്കാരം

ഒരു ‘പോണോഗ്രാഫി’ ശില്‍പ്പത്തിന്റെ 50 വര്‍ഷം ആഘോഷിക്കാന്‍ സര്‍ക്കാര്‍ 50 ലക്ഷം പൊടിക്കണോ?

ഒരു സ്ത്രീയുടെ നഗ്നശരീരം ഇത്രമാത്രം പർവതീകരിച്ച് ഒരു പൊതുസ്ഥലത്ത് നിർമ്മിച്ച് പ്രദർശിപ്പിക്കപ്പെടുന്നതും അത് ആഘോഷിക്കപ്പെടുന്നതും കേരളത്തിൽ മാത്രമാണെന്നു പറയാം

മലമ്പുഴ ഉദ്യാനത്തിൽ സ്ഥാപിച്ചിരിക്കുന്ന യക്ഷിയെന്ന പ്രതിമയ്ക്ക് അൻപതു വയസ്സും പ്രതിമാകാരനായ കാനായി കുഞ്ഞിരാമന് എൺപത്തി ഒന്ന് വയസ്സും തികയുന്നതിനാൽ കേരള ലളിതകലാ അക്കാദമി ഫെബ്രുവരി 26-ാം തീയതി മുതൽ മാർച്ച് 9-ാം തീയതി വരെ നീണ്ടുനിൽക്കുന്ന ‘യക്ഷിയാനം’ എന്ന പരിപാടി സംഘടിപ്പിക്കുന്നു. വിളംബര ഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയില്‍ ദേശീയ ചിത്ര-ശില്പ (ആദിവാസി-പരമ്പരാഗത-ഗോത്ര-നാടൻ-ആനുകാലിക-ചുവർചിത്ര) ക്യാമ്പ്, സെമിനാറുകൾ, പൊതുയോഗങ്ങൾ, നൃത്തസംഗീത കലാപരിപാടികൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നു. പന്ത്രണ്ട് ദിവസത്തെ മേളയാണ് യക്ഷിയാനം. ഇതിനായി അൻപതുലക്ഷം രൂപ കേരള ലളിതകലാ അക്കാദമി ചെലവഴിക്കും.

തിരുവനന്തപുരത്ത് കഴിഞ്ഞവർഷം ഇതേ പ്രതിമയ്ക്ക് അൻപത് വയസ്സാകാൻ പോകുന്നതിന്റെയും കാനായി കുഞ്ഞിരാമന് എൺപതുവയസ്സു തികഞ്ഞതിന്റെയും അനുമോദനാർത്ഥം ഒരാഴ്ച നീണ്ടുനിന്ന ഒരു മേള സാംസ്‌കാരിക വകുപ്പിലെ ഒരു സ്ഥാപനമായ ഭാരത് ഭവനും കേരള ലളിതകലാ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ചിരുന്നു.

ഇരുപത്തിയഞ്ചും അൻപതും നൂറുമൊക്കെ വർഷങ്ങൾ പൂർത്തിയാക്കിയ സാഹിത്യ-കലാസൃഷ്ടികളെ ആദരിക്കുന്ന ചടങ്ങുകളും സെമിനാറുകളും തീർച്ചയായും സ്വാഗതാർഹമായ ഒന്നാണ്. ഒരു പ്രദേശത്തിന്റെയും സമൂഹത്തിന്റെയും ജീവിതവുമായി ആഴത്തിൽ ഇഴുകിച്ചേരുകയും നവീനമായ ആവിഷ്‌കാരഭാഷ സൃഷ്ടിക്കുകയും ചെയ്ത കലാസൃഷ്ടികൾ എന്ന നിലയിലാണ് ഇവയൊക്കെ ആദരിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും. നാലുകെട്ട്, വീണപൂവ്, ഖസാക്കിന്റെ ഇതിഹാസം, സ്വയംവരം, ആൾക്കൂട്ടം തുടങ്ങിയവയൊക്കെ ഇരുപത്തിയഞ്ചോ അൻപതോ വർഷങ്ങൾക്കുശേഷം ആദരിക്കപ്പെടുമ്പോൾ അവ പ്രതിനിധീകരിച്ച മൂല്യങ്ങളും മൂല്യനിരാസങ്ങളും പുനർചിന്തനം ചെയ്യപ്പെടുന്നു എന്നത് ഒരു വസ്തുത തന്നെയാണ്.

കേരളത്തിലെ ഒരു പൊതുസ്ഥലത്ത് – ഉദ്യാനത്തിൽ – നിർമ്മിച്ചുവെച്ചിരിക്കുന്ന ഒരു നഗ്നസ്ത്രീരൂപമാണ് യക്ഷിയെന്ന പ്രതിമ. ഇന്ന് കേരളത്തിൽ നിരവധി നഗ്നസ്ത്രീപ്രതിമകൾ പലരും നിർമ്മിച്ചിട്ടുണ്ട്. അവയെല്ലാം മാറ്റിനിർത്തി ആലോചിച്ചാലും ഇക്കഴിഞ്ഞ അൻപതുവർഷം ഈ പ്രതിമ ഏതു സാംസ്‌കാരികമൂല്യമാണ്, സംവേദനഭാഷയാണ്, പ്രമേയമാണ് ഉത്പാദിപ്പിച്ചിട്ടുള്ളത് എന്ന ചോദ്യം ഉയർന്നുവരുന്നുണ്ട്; പ്രത്യേകിച്ചും ഇത്ര വിപുലമായ ആഘോഷങ്ങൾ ഔദ്യോഗികമായി നടക്കുന്ന വേളയിൽ.

നഗ്നരൂപങ്ങളും സമൂഹവും

സ്ത്രീ-പുരുഷ നഗ്നരൂപങ്ങൾ ചിത്ര-ശില്പകലകളിൽ സർവസാധാരണമായി കാണപ്പെടുന്ന ഒന്നാണ്. ശ്ലീലം, അശ്ലീലം എന്നീ വിവക്ഷകളൊന്നുമില്ലാതെ തന്നെ അവ മ്യൂസിയങ്ങളിലും സ്വകാര്യ ശേഖരങ്ങളിലും പ്രദർശിപ്പിക്കപ്പെടുന്നുമുണ്ട്. എന്നാൽ ഒരു സ്ത്രീയുടെ നഗ്നശരീരം ഇത്രമാത്രം പർവതീകരിച്ച് ഒരു പൊതുസ്ഥലത്ത് നിർമ്മിച്ച് പ്രദർശിപ്പിക്കപ്പെടുന്നതും അത് ആഘോഷിക്കപ്പെടുന്നതും കേരളത്തിൽ മാത്രമാണെന്നു പറയാം.

എന്നാൽ ഇതൊരു സ്ത്രീയുടെ സാധാരണ നഗ്നശരീരശില്പം മാത്രമല്ല. കാലുകൾ രണ്ടും അകറ്റി, യോനീഭാഗം പ്രദർശിപ്പിച്ച് കൈകൾ രണ്ടും മുന്നോട്ടുനീട്ടി കാഴ്ചക്കാരനെ തന്നിലേക്കു ക്ഷണിക്കുന്ന അംഗവിക്ഷേപങ്ങളോടെ ഇരിക്കുന്ന ഒരു നഗ്നപ്രതിമയാണിത്. കൊഴുത്ത മുലകളും തടിച്ച നിതംബവും സ്ത്രീസൗന്ദര്യത്തിന്റെ ഉത്തമമാതൃകയായി കരുതിയിരുന്ന കേരളീയ പുരുഷസമൂഹത്തിന്റെ അടക്കിവെച്ചിരുന്ന സ്വകാര്യ കാമാർത്തിക്കു പൊതുസ്ഥലത്തുതന്നെ സാക്ഷാത്കാരം കണ്ടെത്താൻ ഈ സ്ത്രീനഗ്നശരീരം നല്ല സംഭാവന ചെയ്തുവെന്നതിൽ തർക്കമില്ല. അക്കാലം വരെ മഞ്ഞപ്പുസ്തകങ്ങളിൽ മാത്രം (കൊച്ചുപുസ്തകം എന്നും അറിയപ്പെട്ടിരുന്നു) മങ്ങിയ അച്ചടിയിൽ കണ്ടിരുന്ന കാലുകൾ രണ്ടും അകറ്റിയും കൈകൾ ഉയർത്തിയും പുരുഷനെ ക്ഷണിക്കുന്ന സ്ത്രീകളുടെ നഗ്നഫോട്ടോഗ്രാഫുകൾക്കു പകരം അതുപോലെ പതിന്മടങ്ങു വലിപ്പമുള്ള ത്രിമാനരൂപം കണ്ടു തൃപ്തിയടയാൻ ഈ പ്രതിമ വലിയ സഹായകമായി. (ഇത് പാലക്കാടിന്റെ ‘ഐക്കൺ’ (Icon) ആണ് എന്ന് സ്ഥലം കളക്ടറും അക്കാദമി ചെയർമാനും ക്ഷണപത്രത്തിൽ എഴുതിയതിലെ നിഷ്‌ക്കളങ്കത ഇവിടെ നർമ്മബോധത്തോടെ ഒഴിവാക്കുന്നു.)

യക്ഷിക്കുശേഷം നമ്മുടെ പൊതുസ്ഥലത്തുവന്ന സ്ത്രീശരീരങ്ങളൊന്നും ഇത്രമാത്രം ‘ഹിറ്റാവാതെ പോയത് അവയ്‌ക്കൊന്നും തുറന്നുവച്ച തുടകളും ഉയർത്തിപ്പിടിച്ച കൈകളും മുലകളും ഇല്ലാത്തതിനാലാണെന്ന് നിസ്സംശയം പറയാം. അവ കുറേക്കൂടി ‘പോർണോഗ്രാഫി’ക് അംഗവിക്ഷേപങ്ങളിൽ നിന്നകന്നു നിൽക്കുന്നു. മലമ്പുഴയിലെ പ്രതിമയെക്കാളും വിസ്തൃതവും വലുതുമായ മറ്റൊരു നഗ്നശരീരം പിന്നീട് നിർമ്മിക്കപ്പെട്ടത് ശംഖുമുഖം കടപ്പുറത്താണ്. മലമ്പുഴയിലേത് ഇരിക്കുന്ന നഗ്നരൂപമാണെങ്കിൽ ശംഖുമുഖത്തേത് മലർന്നു ചരിഞ്ഞുകിടിക്കുന്ന ശരീരമാകുന്നു. മലർന്നുകിടക്കുന്ന സ്ത്രീയുടെ മുലകൾ ഉയർന്നുതന്നെയിരിക്കുന്നത് അത് മത്സ്യകന്യകയായതുകൊണ്ടാണ് എന്ന വിശദീകരണം കിട്ടുമ്പോൾ പിന്നീടൊന്നും ചോദിക്കേണ്ടതില്ല.

ഇവിടെ പരാമർശിക്കപ്പെട്ട പ്രതിമകളെല്ലാം തന്നെ നിർമ്മിച്ചത് പൊതുഖജനാവിൽനിന്നുള്ള നിർലോഭമായ ധനവും പൊതുസ്ഥലവും ഉപയോഗിച്ചാണെന്നത് ഒരു വസ്തുതയായിരിക്കെ, ‘പൊതുബോധവും കാനായിശില്പങ്ങളും’ എന്ന ഒരു വിഷയത്തിൽ സെമിനാറു നടത്തുന്നതിന് പ്രസക്തിയുണ്ട്. പൊതുഖജനാവ് എന്നുകൂടി ചേർത്താൽ കൂടുതൽ അർത്ഥവത്തായി.

എന്നാൽ, അൻപതുവർഷം മുൻപ് കേരളത്തിന്റെ പൊതു ധൈഷണികമണ്ഡലം നിർമ്മിക്കപ്പെട്ടിരിക്കുന്നത് ‘ആൾക്കൂട്ടം’, ‘ഖസാക്കിന്റെ ഇതിഹാസം’, ‘ഉഷ്ണമേഖല’, ‘കാലം’, ‘ദൽഹി’ തുടങ്ങിയ നിരവധി ആഖ്യായികകളിലും അയ്യപ്പപ്പണിക്കർ, കടമ്മനിട്ട, പി, ഇടശ്ശേരി തുടങ്ങിയവരുടെ കവിതകളിലൂടെയും ചെമ്മീൻ, സ്വയംവരം തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെയും കെ.സി.എസ്.പണിക്കർ, എ. രാമചന്ദ്രൻ, പത്മിനി, നമ്പൂതിരി, മാധവമേനോൻ തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെയുമാണ്. ഒരു പോർണോഗ്രാഫിക് ശില്പത്തിലൂടെയല്ല എന്ന് അസന്ദിഗ്ദ്ധമായി ഇവിടെ പറയട്ടേ; ഏതു സർക്കാർ സംരക്ഷിത പരിപാടിയായാലും.

ഇത്തരം ആഘോഷങ്ങൾ സർക്കാർതലത്തിൽ സംഘടിപ്പിക്കപ്പെടുമ്പോൾ സ്വാഭാവികമായും ചില ചോദ്യങ്ങൾ ഉന്നയിക്കപ്പെടേണ്ടതുണ്ട്.

1. ഒരു മാസം മുൻപ് പ്രതിമയുടെ അറ്റകുറ്റപ്പണികൾക്കായി എത്തിച്ചേർന്ന കാനായി, ഈ പ്രതിമയുടെ ലോഹത്തിലുള്ള ഒരു പതിപ്പ് നിർമ്മിക്കണമെന്നും അതിന് 50 ലക്ഷം രൂപ ചെലവുവരുമെന്നും അറിയിക്കുന്നു. അതൊരു പദ്ധതി പ്രൊപ്പോസലായി തന്നാൽ പരിഗണിക്കാമെന്ന് മന്ത്രി എ.കെ ബാലൻ പ്രതികരിക്കുകയും ചെയ്യുന്നു. (വാർത്ത)

അൻപലതുലക്ഷം രൂപ ചെലവുചെയ്ത് ഈ പ്രതിമ ലോഹത്തിൽ നിർമ്മിക്കുമ്പോൾ അത് എവിടെയാവും പ്രതിഷ്ഠിക്കുന്നത്? അതിനായി പ്രത്യേകസ്ഥലവും ഫണ്ടും വീണ്ടും കണ്ടെത്തണമെന്നു മാത്രമല്ല, സംസ്ഥാനത്ത് ഒരു നഗ്നശരീരപ്രതിമ കൂടി ഉണ്ടാകുവാൻ പോകുന്നുവെന്നും, അത് മറ്റുള്ളവർക്ക് കൂടുതൽ നഗ്നപ്രതിമകൾ ചെയ്യുവാൻ പ്രോത്സാഹനം കൊടുക്കുമെന്നും പ്രതീക്ഷിക്കാതെ വയ്യ.

ചുരുക്കത്തിൽ ഒരു പ്രതിമയ്ക്ക് അൻപതു വയസ്സറിയിക്കുന്നതോടുകൂടി സംസ്ഥാന ഖജനാവിൽനിന്ന് 50 ലക്ഷം ലളിതകലാ അക്കാദമി ആഘോഷം + 50 ലക്ഷം ലോഹനിർമ്മാണം + 10 ലക്ഷം ഭാരത് ഭവൻ, ലളിതകലാ അക്കാദമി (2018) എന്നിവയോടൊപ്പം ഒരു മാസം മുൻപു തുടങ്ങിയ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ ഒന്നേകാൽ കോടി രൂപ ചെലവാകുന്നു (ആയിരം കിലോയ്ക്കും ഏറിയാൽ രണ്ടായിരം കിലോയ്ക്കും ഇടയ്ക്ക് ലോഹം വേണ്ടിവന്നാൽത്തന്നെ പ്രതിമ ലോഹത്തിൽ വാർത്തെടുക്കാൻ 15 ലക്ഷത്തിനും കൂടിയാൽ 30 ലക്ഷത്തിനും ഇടയിലുള്ള ചെലവേ ഉണ്ടാവുകയുള്ളൂ).

2. ഒരു പ്രളയത്തിന്റെ ആഘാതവും കെടുതികളും ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ പാലക്കാടൻ നഗരപ്രാന്തത്തിൽ അൻപതുലക്ഷം ചെലവാക്കി ശരാശരിക്കു താഴെ നിൽക്കുന്ന ഒരു പ്രതിമയുടെ അൻപതാം പിറന്നാളും ശില്പിയുടെ എൺപത്തിയൊന്നാം പിറന്നാളും ആഘോഷിക്കപ്പെടേണ്ടതുണ്ടോ? മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും മറ്റ് അധികാര കേന്ദ്രങ്ങളുമായി അടുത്തുനിൽക്കുന്നവരും അടങ്ങുന്ന ഒരു വൻ സന്നാഹം ഇവിടെ ഒരു ‘കലാസൃഷ്ടി’യുടെ പൊതുബോധത്തെ നിർമ്മിക്കുവാൻ ദിനംപ്രതി പങ്കെടുക്കേണ്ടതുണ്ടോ?

3. 1829 മുതൽ 1859 വരെയുള്ള നീണ്ട കാലഘട്ടത്തിൽ വസ്ത്രം ധരിക്കുവാനുള്ള അവകാശത്തിനുവേണ്ടി സമരം നടത്തി വിവിധ ഘട്ടങ്ങളിലൂടെ കടന്ന് 1915 വരെ മാറുമറയ്ക്കാൻ കാത്തിരുന്ന ഒരു സ്ത്രീസമൂഹമായിരുന്നു കേരളത്തിലേത്. മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കും മുൻപുതന്നെ വസ്ത്രം ധരിച്ച സ്ത്രീകളെ വരച്ച രവിവർമ്മയെന്ന ചിത്രകാരൻ ജനിച്ച നാടാണ് കേരളം. മഹാലക്ഷ്മിക്കും, സരസ്വതിക്കും സാരിയുടുപ്പിച്ചു വസ്ത്രം കൊണ്ടുമൂടിയ രവിവർമ്മയെ അന്നത്തെ യാഥാസ്ഥിതികരുടെ പൊതുബോധം എതിർത്തിരുന്നുവെന്നും കലാചരിത്രം നമ്മെ പഠിപ്പിക്കുന്നു. കാട്ടുജാതിക്കാരെ വരയ്ക്കുമ്പോൾപോലും അരയിൽ വസ്ത്രം ചുറ്റി മറച്ച രവിവർമ്മയെന്ന കലാകാരന്റെ വസ്ത്രം ധരിച്ച സ്ത്രീചിത്രങ്ങൾ ആഘോഷിക്കപ്പെടാതെ വസ്ത്രമേയില്ലാത്ത ഒരു പോര്‍ണോ പ്രതിമ ആഘോഷിക്കപ്പെടുന്നെങ്കിൽ ആ സമൂഹത്തിന് സാരമായ എന്തോ കുഴപ്പമുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു.

4. പാർക്കിൽ പന്തലുകെട്ടി അത്തപ്പൂക്കള മത്സരമോ കുട്ടി ചിത്രകലാമത്സരമോ സംഘടിപ്പിക്കുന്നതുപോലെ ആദിവാസി-നാടൻ-ചുവർചിത്ര-ആനുകാലിക-ദേശീയ ചിത്രശില്പകലാക്യാമ്പ് എന്ന പേരിൽ രാജ്യത്താകമാനം നിന്ന് കലാകാരരെ ക്ഷണിച്ചുവരുത്തി ഒരു പ്രഹസനം കാണിച്ച് ആരെയാണ് നിങ്ങൾ കബളിപ്പിക്കാൻ ശ്രമിക്കുന്നത്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അജയകുമാര്‍

അജയകുമാര്‍

ചിത്രകാരന്‍, ലളിത കലാ അക്കാദമി മുന്‍ സെക്രട്ടറി, തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ട്സ് മുന്‍ പ്രിന്‍സിപ്പല്‍, മുന്‍ ഡീന്‍, വിഷ്വല്‍ ആര്‍ട്ട്, വേള്‍ഡ് യൂണിവേര്‍സിറ്റി ഓഫ് ഡിസൈന്‍, ഡല്‍ഹി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍