UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനം സഹിച്ചോളും; പക്ഷേ ഈ പിടിച്ചെടുക്കുന്ന കള്ളപ്പണം എത്രയെന്നും ആരുടേതെന്നും കൂടി പറയണം

ഷൈജന്‍ ഡേവിസ്

 

500, 1000 രൂപ നോട്ടുകളുടെ നാണയമൂല്യം ഇല്ലാതാക്കിയത് മുതല്‍ കേട്ടു തുടങ്ങുന്ന ചില വാദങ്ങള്‍ ഇവയാണ്. ഒന്ന്, കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്. രണ്ടാതായി ഹ്രസ്വകാലത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് ദീര്‍ഘകാലത്തെ രാജ്യനന്മയ്ക്കുവേണ്ടി സഹിക്കാവുന്നതാണ്.

ഇവിടെ ആദ്യമായി തന്നെ കള്ളനോട്ടും കള്ളപ്പണവും രണ്ടും വേര്‍തിരിച്ച് കാണേണ്ടതാണ്. ഇവ രണ്ടും തമ്മല്‍ ആശയക്കുഴപ്പം ജനങ്ങളില്‍ ഒരു പക്ഷെ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ആശയക്കുഴപ്പമാണ് ജനങ്ങളില്‍ ചിലര്‍ക്കെങ്കിലും ഈ തോന്നലുണ്ടാക്കുന്നത്: ‘കുറച്ചു നാള്‍ ഞങ്ങള്‍ കഷ്ടപ്പെട്ടാലും സാരമില്ല; കള്ളപ്പണക്കാരെ മുഴുവന്‍ പിടികൂടാമല്ലോ,’ എന്നത്.

നാണയമൂല്യം ഇല്ലാതാക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ ആദ്യവാചകത്തില്‍ ഉള്‍പ്പെടെ ഉത്തരവില്‍ ഉടനീളം ഊന്നല്‍ നല്‍കുന്നത് ‘കള്ളപ്പണ’ത്തിന് അല്ല മറിച്ച് ‘കള്ളനോട്ടി’നാണ് എന്നതാണ് സത്യം. തീവ്രവാദത്തിനും ആയുധകച്ചവടത്തിനും ഉപയോഗിപ്പെടുന്നു എന്ന് നാം വിശ്വസിക്കുന്ന ‘കള്ളനോട്ട്’ അതുകൊണ്ടുതന്നെ ഇല്ലാതാകേണ്ടതാണ് (കള്ളപ്പണമല്ല ഇവിടെ ഉദ്ദേശിക്കുന്നതെന്ന് എടുത്ത് പറയട്ടെ).

ഇതുവരെ ഇറക്കിയിട്ടുള്ള കള്ളനോട്ടുകള്‍ ഇല്ലാതാക്കാന്‍ ഈ തീരുമാനത്തിന് കഴിയും എന്നത് ഒരു ഹ്രസ്വകാലനേട്ടം ആകാമെങ്കിലും വളരെ വൈകാതെ പുതിയ നോട്ടുകളുടെ വ്യാജപ്പതിപ്പ് ഇറങ്ങില്ലെന്ന് എന്താണ് ഉറപ്പ്? പ്രത്യേകിച്ചും പുതിയ നോട്ടില്‍, നടപ്പിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകളില്‍ ഉണ്ടായിരുന്നതിനപ്പുറം ഒരു സുരക്ഷാ സംവിധാനവും കൂട്ടിച്ചേര്‍ത്തിട്ടില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍. 500-ന്റെയും ആയിരത്തിന്റെയും നോട്ടുകളിലും നിരവധി സുരക്ഷാസവിശേഷതകള്‍ ഉണ്ടായിരുന്നില്ലേ? ഒരു കള്ളനോട്ടും നല്ല നോട്ടും തിരിച്ചറിയാന്‍ നമ്മുടെ നാട്ടിലെ എത്ര പേര്‍ക്ക് സാധിക്കും? രണ്ടാം ദിനം തന്നെ വെറും കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ കൊണ്ട് 2000-ത്തിന്റെ നോട്ടുണ്ടാക്കി കൈമാറ്റം നടത്താന്‍ കഴിഞ്ഞില്ലേ? അതായത് ഇപ്പോള്‍ അസാധുവാക്കപ്പെട്ടിരിക്കുന്ന 500, 1000 രൂപ നോട്ടുകളുടെ വ്യാജന്മാര്‍ പാടെ ഒഴിയുമെങ്കിലും പുതുവ്യാജന്മാര്‍ ഉണ്ടാകാതിരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. പ്രത്യേകിച്ചും അച്ചടി സാങ്കേതികവിദ്യ ഇത്രയും വികാസം പ്രാപിച്ചിരിക്കുന്ന ഈ കാലത്ത്. കള്ളനോട്ടടിക്കുന്നവര്‍ക്ക് വലിയ മൂല്യമുള്ള നോട്ടുകള്‍ അടിക്കുന്നതാണ് ലാഭമെങ്കില്‍ പിന്നെ 2000-ത്തിന്റെ പുതിയ നോട്ടുകള്‍ അവതരിപ്പിച്ചതിന്റെ ഉദ്ദേശവും ചോദ്യം ചെയ്യപ്പെടേണ്ടി വരും.

യഥാര്‍ത്ഥത്തില്‍ ഇന്ന് നമ്മുടെ രാജ്യത്ത് ഇന്‍കംടാക്‌സ് ഉള്‍പ്പെടെ ഒത്തിരി സംവിധാനങ്ങള്‍ നിലവിലുണ്ട്. ഇവയെ എല്ലാം കടത്തിവെട്ടി കള്ളനോട്ട് പ്രചാരത്തില്‍ എത്തുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം വ്യാജ ശൃംഖല വളരെ വലുതാണെന്നാണ്. എന്നാല്‍ ഇതിനെ നിയന്ത്രിക്കാന്‍ ഒരു സര്‍ക്കാരിന് എടുക്കാന്‍ കഴിയുന്ന തീരെ ചെറിയ, അല്‍പം പോലും ധൈര്യം കാണിക്കാത്ത ഒരു മൃദുസമീപനമാണ് നാണയമൂല്യം ഇല്ലാതാക്കുന്ന നടപടി. ഇതിന് നല്‍കേണ്ടി വരുന്ന വിലയാകട്ടെ പൊതുജനങ്ങളെ മുഴുവന്‍ തെരുവിലിറക്കി, അസ്വസ്ഥരാക്കി, രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന പദപ്രയോഗത്തിലെ അര്‍ത്ഥശൂന്യതയും ഈ പശ്ചാത്തലത്തില്‍ മനസിലാക്കേണ്ടതുണ്ട്. പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ യാതൊരു പോറലും ഏല്‍പ്പിക്കാതെ പ്രശ്‌നം പരിഹരിക്കുന്നതിനെയാണ് ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന് പറയുന്നത്. എന്നാല്‍ ഇവിടെ സാധാരണ ജനങ്ങളും ബാങ്കിംഗ് സംവിധാനവും ഉദ്യോഗസ്ഥരുമൊക്കെ സാരമായി പരീക്ഷിക്കപ്പെടുകയും എന്നാല്‍ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കണ്ടെത്താന്‍ സാധിക്കുകയും ചെയ്യുന്നില്ല എന്നതാണ്.

 

 

1946-ലും 1978-ലും 5000, 10000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ അത് സാധാരണ ജനങ്ങളെ ബാധിച്ചിരുന്നില്ല. ഇത്തരം വലിയ മൂല്യമുള്ള നോട്ടുകള്‍ അക്കാലത്ത് സാധാരണക്കാര്‍ക്ക് കാണാന്‍ തന്നെ സാധിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്നത്തെ അവസ്ഥ അതല്ല. ദിവസക്കൂലി എടുക്കുന്ന ഒരാള്‍ക്ക് കിട്ടുന്ന വേതനം പോലും 500-ന് മുകളിലാണ്. പെന്‍ഷന്‍ തുകകള്‍ പോലും 500-ന്റെയും 1000-ത്തിന്റെയും നോട്ടുകളായാണ് ലഭിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും മുല്യമുള്ള നോട്ടുകള്‍ സാധാരണക്കാരന്റെ കൈയില്‍പ്പോലും ഉണ്ടാവും എന്ന് സാരം. കൂടാതെ മൊത്തം മൂല്യത്തിന്റെ 86.4 ശതമാനവും 500, 1000 രൂപ നോട്ടുകളാണ്. മൊത്തം നോട്ടുകളുടെ എണ്ണത്തില്‍ നോക്കിയാലും 24.4 ശതമാനം ഈ രണ്ടു നോട്ടുകള്‍ ആണ്. 2016 ഓഗസ്റ്റ് 29ന് പുറത്തിറക്കിയ റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

എണ്ണത്തിലും മൂല്യത്തിലും ഇത്രയും വലിയ ശതമാനമുള്ള നോട്ടുകള്‍ സമ്പദ്വ്യവസ്ഥയില്‍ നിന്നും തുടച്ചു നീക്കുമ്പോള്‍ അതിന് വലിയ മുന്നൊരുക്കങ്ങള്‍ കൈക്കൊള്ളണമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ട സമയം നല്‍കിയില്ല എന്നു മാത്രമല്ല, നിലവിലെ സംവിധാനം പുനഃസജ്ജമാക്കുന്നതിനും സാവകാശം കൊട്ടത്തില്ല എന്നത് വലിയ പോരായ്മയായി അവശേഷിക്കുന്നു. ഇത്തരം മുന്നൊരുക്കമില്ലായ്മയുടെയും എടുത്തുചാട്ടത്തിന്റെയും അനന്തരഫലമാണ് പ്രായോഗിക ജീവിതത്തില്‍ ഇന്ന് ഈ രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്നത്.

ഇനി, കള്ളപ്പണം ഇല്ലാതാക്കാന്‍ ഇത് സഹായിക്കുമോ എന്ന ചോദ്യം പരിശോധിക്കാം. ഇതുവരെ വന്നിട്ടുള്ള വിദഗ്ധ അഭിപ്രായങ്ങളില്‍ നിന്നും ഇക്കാര്യത്തില്‍ ഒരു പൊതുധാരണ ഉരുത്തിരിഞ്ഞതായാണ് ഞാന്‍ മനസിലാക്കുന്നത്. അതായത്, കള്ളപ്പണം എന്ന വലിയ കടുവയുടെ വാലിന്റെ തുമ്പത്ത് ഒരു ചെറിയ അസ്വസ്ഥത ഉണ്ടാക്കാന്‍ മാത്രമേ ഈ നടപടി ഉപകരിക്കൂ (1978-ല്‍ ആര്‍കെ ലക്ഷ്മണ്‍ വരച്ച കാര്‍ട്ടൂണിനോട് കടപ്പാട്). ഡിസംബര്‍ മുപ്പത് വരെ (ഇനിയും നീട്ടിയേക്കാം) കയ്യിലെ പണം മാറാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ബിനാമികള്‍ വഴി ഇത് വെളിപ്പിക്കാനാവും എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

കള്ളപ്പണം തടയാന്‍ ഈ നടപടി പര്യാപ്തമാവില്ല എന്ന നിലയിലുള്ള ചര്‍ച്ചകള്‍ ധാരാളം ഇതിനകം തന്നെ നടന്നു കഴിഞ്ഞതിനാല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ആ പണം എങ്ങനെ ഉണ്ടാകുന്നു എന്നതാണ് കൂടുതല്‍ പ്രസക്തമായ ചോദ്യമെന്നാണ് ഞാന്‍ കരുതുന്നത്. നിയമവിരുദ്ധമായ ഇടപാടുകളിലൂടെയും നികുതി നല്‍കുന്നതില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി കണക്കില്‍ കാണിക്കാതെ പണം സൂക്ഷിക്കുന്നതിനേയുമാണല്ലോ കള്ളപ്പണം എന്ന് പറയുന്നത്.

 

അതായത് രണ്ട് കാര്യങ്ങളാണ് ഇവിടെ പ്രധാനം. ഒന്ന്, നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനം. രണ്ട് കണക്കില്‍ കാണിക്കാതെ സ്വത്ത് സമ്പാദിക്കല്‍. നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ അല്ലെങ്കില്‍ ഇടപാടുകളില്‍ കൈക്കൂലിയും അഴിമതിപ്പണവും പെടും. ഇങ്ങനെ സമ്പാദിക്കുന്നതിന്റെ ഒരോഹരിയാണ് ഓരോ തിരഞ്ഞെടുപ്പിലും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സംഭാവനയായി ലഭിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളെ അഥവാ ഇടപാടുകളെ തടയാന്‍ നോട്ടുകള്‍ പിന്‍വലിക്കുന്നത് വഴി എങ്ങനെ സാധിക്കും? രണ്ടാമതായി നികുതി ഒഴുവാക്കിക്കിട്ടുന്നതിനായി കണക്കില്‍ തിരിമറിനടത്തുന്നതാണ്. ഇതും വ്യാജസാമ്പത്തിക പ്രവര്‍ത്തനമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളും നോട്ടു പിന്‍വലിക്കലും തമ്മില്‍ എന്തു ബന്ധം? ഇന്നത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് കള്ളപ്പണത്തിന്റെ ആധാരം. അതിനാല്‍ തന്നെ ഇതിനെ തൊടാന്‍ ഇന്നത്തെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും ഇച്ഛാശക്തിയുള്ള നടപടികള്‍ പ്രതീക്ഷിക്കേണ്ടതില്ല.

ജനങ്ങളെ പൊതുവില്‍ ദരിദ്രര്‍, സമ്പന്നര്‍, മധ്യവര്‍ഗ്ഗം എന്നിങ്ങനെയാണ് വേര്‍തിരിക്കാറ്. എന്നാല്‍ ഈ വിഭജനം അവരുടെ സാമ്പത്തികപ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തിലായാല്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരും. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, വ്യവസായ, കാര്‍ഷീക തൊഴിലാളികള്‍, സംരംഭകര്‍, മൊത്ത-ചെറുകിട കച്ചവടക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെയുള്ള ഒരു വിഭജനത്തിന്റെ പ്രസക്തി ഇവിടെ പ്രധാനമാണ്. ഇതില്‍ പണം കൈയില്‍ വച്ചുകൊണ്ടുള്ള സാമ്പത്തിക പ്രവര്‍ത്തനം എല്ലാവര്‍ക്കും നിര്‍ബന്ധമാണെങ്കിലും കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ നിത്യവും പണം കൈയില്‍ കരുതേണ്ടവരാണ്. ഒറ്റ രാത്രികൊണ്ട് കൈയിലെ പണത്തിന് മൂല്യമില്ലാതെ വരുമ്പോള്‍, അത് അവരുടെ സാമ്പത്തിക ഇടപാടുകള്‍ എത്രത്തോളം ബാധിച്ചിട്ടുണ്ടാവും?

 

 

വളരെ പെട്ടെന്ന് നശിച്ചുപോകുന്ന (Perishable) ഉല്‍പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും, അവരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ മൂല്യമില്ലാത്ത നോട്ടുകളാണ് ലഭിക്കുന്നതെങ്കിലോ? അങ്ങനെ കിട്ടുന്ന മൂല്യമില്ലാത്ത നോട്ടുകള്‍ യഥാര്‍ത്ഥ പണമാക്കാന്‍ അടുത്ത ദിവസം ബാങ്കുകളില്‍ പോയി ക്യൂ നില്‍ക്കേണ്ടി വരികയാണെങ്കിലോ? അവരുടെ എത്ര ദിവസത്തെ തൊഴില്‍ ദിനങ്ങളും അധ്വാനവുമാണ് നഷ്ടപ്പെടുന്നത് എന്നതിനെ സംബന്ധിച്ച എന്തെങ്കിലും പഠനം നടത്തുകയോ മുന്നൊരുക്കം നടത്താന്‍ തയ്യാറാവുകയോ ചെയ്തിട്ടുണ്ടോ നമ്മുടെ അധികാരികള്‍?

 

ധാരാളം ഇടപാടുകള്‍ ദൈനംദിനം നടത്തുന്ന വ്യാപാരികളും സേവന മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുമാണ് നമ്മുടെ നാട്ടില്‍ ഭൂരിപക്ഷവും. അന്നത്തെ അന്നത്തിന് അധ്വാനിക്കുന്നവരെയാണ് ഈ നയം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചതെന്ന് കഴിഞ്ഞ നാലുദിവസത്തെ അനുഭവത്തില്‍ നിന്നു തന്നെ സ്പഷ്ടമാണ്. ഇവരെയാണ് കള്ളപ്പണക്കാര്‍ എന്ന് മുദ്ര കുത്തുന്നതെങ്കില്‍ അതിലും വലിയ ഒരു ദ്രോഹം ഈ നാട്ടിലെ ജനങ്ങളോട് ചെയ്യാനില്ല.

യൂറോപ്യന്‍ യൂണിയന്‍ നിലവില്‍ വന്നപ്പോള്‍ അംഗരാജ്യങ്ങള്‍ പഴയ കറന്‍സി മാറ്റി പുതിയ യൂറോ എന്ന നാണയം ഇറക്കി. അവിടെ, പൊതുജനത്തിന് ഇത്തരം ക്യൂവോ മരണമോ പരിക്കോ ചികിത്സാ നിഷേധമോ നേരിടേണ്ടി വന്നില്ല. പലപ്പോഴും പുതിയ നയം രൂപീകരിക്കുമ്പോള്‍ നാം വിദേശരാജ്യങ്ങളിലെ ഉദാഹരണങ്ങള്‍ നിരത്താറുണ്ട്. എന്നാല്‍, നയങ്ങള്‍ പ്രാബല്യത്തിലാക്കുമ്പോള്‍ അവിടെ നടപ്പാക്കിയ രീതി നാം ശ്രദ്ധിക്കാറില്ല എന്നതാണ് ദുരന്തം.
സ്വന്തം പണം കൈയില്‍ കിട്ടാന്‍ ആഴ്ചകളോ ദിവസങ്ങളോ പോകട്ടെ മണിക്കൂറുകള്‍ പോലും ഒരു പൗരന്‍ കാത്തിരിക്കേണ്ടി വരുന്നതിന്റെ ആവശ്യകത എന്താണ്? മേല്‍ വിവരിച്ചത് പോലെ ഹൃസ്വകാലത്തിലോ ദീര്‍ഘകാലത്തിലോ ഒരു ഗുണവും ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരു കാര്യത്തിന് വേണ്ടി പൗരന്മാര്‍ തെരുവിലിറങ്ങി കഷ്ടപ്പെടേണ്ട കാര്യമെന്താണ്?

 

സര്‍ക്കാരിനും സമ്പദ്വ്യവസ്ഥയ്ക്കും ഏറെ ലാഭമുണ്ടാക്കാനാവും എന്ന് പ്രവചിക്കുന്നവര്‍, സ്വന്തം പണം കിട്ടാന്‍ ചിലവാക്കുന്ന സമയത്തിനും കഷ്ടപ്പാടിനും പ്രതിഫലമായി ഈ ലാഭം എങ്ങനെയാണ് വിതരണം ചെയ്യാന്‍ പോകുന്നത്? സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൂടുമെന്നും വിലക്കയറ്റം കുറയുമെന്നും പ്രലോഭിപ്പിച്ച് ഇതിന് മുമ്പ് എന്തൊക്കെ വാഗ്ദാനങ്ങളാണ് നല്‍കിയത്? ഇത്രയും ക്യൂ നില്‍ക്കാനും സമയം കളയാനും സഹനം കാണിച്ച പൊതുജനത്തെ ഇനിയെന്ത് പുതിയ ഉമ്മാക്കി കാട്ടിയാണ് പറ്റിക്കാന്‍ പോകുന്നത്? അഞ്ച് കീലോമീറ്റര്‍ ചുറ്റളവില്‍ ഒരു ബാങ്ക് ശാഖ പോലുമില്ലാത്ത എന്തുമാത്രം പ്രദേശങ്ങളാണ് നാട്ടിലുള്ളതെന്നെങ്കിലും ‘വിപ്ലവകരമായ’ തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവര്‍ ഒന്നാലോചിക്കേണ്ടതായിരുന്നു.

ഈ നാട്ടിലെ പൗരന്മാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. രാജ്യത്തെ കള്ളപ്പണക്കാരെ മുഴുവന്‍ ഈ ഒറ്റനടപടിയിലൂടെ തുറന്നുകാണിക്കാന്‍ കഴിയുമെങ്കില്‍ ഒരാഴ്ചയോ ഒരു മാസമോ ക്യൂ നില്‍ക്കാനും ഞങ്ങള്‍ തയ്യാറാണ്. പക്ഷെ, എന്ത് തിരിച്ചടിയും നേരിടാന്‍ തയ്യാറാണെന്ന് നെഞ്ചത്തടിച്ച് പറയുന്ന പ്രധാനമന്ത്രി ഈ നാട്ടിലെ സാധാരണ പൗരന്മാര്‍ക്ക് ഒരുറപ്പു നല്‍കണം. ഈ ബഹളമെല്ലാം ശമിച്ചു കഴിമ്പോള്‍ എത്രമാത്രം കള്ളപ്പണമാണ് കണ്ടുകെട്ടിയതെന്ന് ഈ നാട്ടിലെ പൊതുജനങ്ങളെ അറിയിക്കാമെന്ന്. ആ കള്ളപ്പണം സൂക്ഷിച്ചത് ആരോക്കെയാണെന്ന്. ഈ ഉറപ്പിന്റെ മേല്‍ രാജ്യനന്മയ്ക്കായി എന്ത് ത്യാഗം സഹിക്കാനും ഈ നാട്ടിലെ പൗരന്മാര്‍ തയ്യാറാവും.

 

(കാലിക്കറ്റ് സര്‍വകലാശാല ഡോ. ജോണ്‍ മത്തായി സെന്ററില്‍ സാമ്പത്തിക വിഭാഗം അസി. പ്രൊഫസറാണ് ഷൈജന്‍ ഡേവിസ്) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍