UPDATES

മൂന്ന് ദിവസം തുടര്‍ച്ചയായി ക്യൂ നിന്നു, വധുവിന്റെ അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കാനുള്ള അര്‍ദ്ധരാത്രി വെളിപാട് നേരിട്ടുള്ള ജനകീയ പ്രതികരണങ്ങള്‍ വഴിതെളിക്കുകയാണെന്ന് വേണം മനസിലാക്കാന്‍. നോട്ട് മാറാനായി ബാങ്കില്‍ ക്യൂ നിന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത് വരാനിരിക്കുന്ന കുച്ച് ബിഹാര്‍ ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചാവിഷയമാവുകയാണ്.

തുടര്‍ച്ചയായി മൂന്നാം ദിവസവും ബാങ്കില്‍ ക്യൂ നില്‍ക്കേണ്ടി വന്ന 55കാരനായ ധരണി കാന്ത ഭൗമിക് എന്ന സ്‌കൂള്‍ ഹെഡ്മാസ്റ്ററാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. ഈ മാസം 19ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുച്ച് ബിഹാര്‍ ലോക്‌സഭ മണ്ഡലത്തിലെ സദാകുര എന്ന ഗ്രാമത്തില്‍ നിന്നുള്ള ആളാണ് അദ്ദേഹം. മകളുടെ വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങാനും മറ്റ് ചിലവുകള്‍ക്കുമായി തന്റെ പ്രൊവിഡന്റ് ഫണ്ടില്‍ ഉണ്ടായിരുന്ന നാല് ലക്ഷം രൂപ, സതാകുര പ്രൈമറി സ്‌കൂളിലെ അധ്യാപകനായിരുന്ന ഭൗമിക് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം വന്നത്. അതോടെ അദ്ദേഹം പരിഭ്രാന്തനായതായി ബന്ധുക്കള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

തന്റെ ആജീവനാന്ത സമ്പാദ്യമാണ് അദ്ദേഹം ആയിരം, അഞ്ഞൂറ് രൂപ നോട്ടുകളായി മാറിയെടുത്തതെന്നും ഒരു ദിവസം കൊണ്ട് തന്റെ സമ്പാദ്യം മുഴുവന്‍ വെറും കടലാസുകഷ്ണങ്ങളായി മാറിപ്പോയതിന്റെ ഞെട്ടലിലായിരുന്നു അദ്ദേഹമെന്നും ഭാര്യ സബിത ഭൗമിക് പറഞ്ഞു. വിവാഹ ആവശ്യങ്ങള്‍ക്ക് 2.5 ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്നും അതിന് പാന്‍ കാര്‍ഡും സത്യവാങ്മൂലവും നല്‍കണമെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് വിശദീകരിക്കുന്നു.

ഭൗമികിന്റെ മരണം ‘പ്രകൃതി സഹജം’ ആണെന്നും പ്രതിപക്ഷ കക്ഷികള്‍ വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയുമാണെന്നുമാണ് കുച്ച് ബിഹാര്‍ മണ്ഡലത്തിലെ ബിജെപി നേതാവ് ഹേംചന്ദ്ര ബര്‍മന്റെ നിലപാട്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി ബിജെപി കുച്ച് ബിഹാര്‍ അധ്യക്ഷന്‍ നിഖില്‍ രഞ്ജന്‍ പറയുന്നു. രാജ്യത്തെ ദരിദ്രരുടെ നേരെയുള്ള ‘സര്‍ജിക്കല്‍ ആക്രമണം’ ആണ് സര്‍ക്കാര്‍ നടത്തിയത് എന്നുള്ളതിന്റെ ഉത്തമോദാഹരണമാണ് ഭൗമികിന്റെ മരണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. തൃണമൂല്‍ എം രേണുക സിന്‍ഹയുടെ മരണത്തെ തുടര്‍ന്നാണ് കുച്ച് ബിഹാര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍