UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശവാസികളേ, വരൂ, ഇത് ആഘോഷിക്കാനുള്ള സമയമാണ്

ടീം അഴിമുഖം

ഒരു ജനാധിപത്യ രാജ്യത്ത് അവിടുത്തെ പൗരന്മാര്‍ക്ക് എല്ലാ മൗലികാവകാശങ്ങളും ഒറ്റയടിക്ക് നല്‍കുക എളുപ്പമല്ലല്ലോ. എന്നാല്‍ സുഹൃത്തുക്കളേ, ഇത് അത്തരമൊരു സുന്ദര മുഹൂര്‍ത്തമാണ്.

 

അല്ലെങ്കില്‍ ബാങ്കുകളില്‍ നിന്ന് ഇറങ്ങിവരുന്നവരുടെ മുഖത്തുള്ള മന്ദഹാസം നോക്കൂ. തങ്ങളുടെ വിരലില്‍ പതിഞ്ഞ മഷി ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ ഇറങ്ങിവരുന്ന അവര്‍ തങ്ങള്‍ക്ക് ഈ അവകാശങ്ങള്‍ നേടിത്തന്ന ഭരണഘടനാ ശില്‍പ്പികളെ ആദരവോടെ ഓര്‍ക്കുകയാണ്.

 

റൈറ്റ് ടു ഇക്വാലിറ്റി: പാവപ്പെട്ടവരോ, പണക്കാരോ ആവട്ടെ, കറുത്തവരോ വെളുത്തവരോ ആവട്ടെ. എല്ലാവരും വരിവരിയായി നില്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഇത് അഭിമാന മുഹൂര്‍ത്തമാണ്, എത്ര മഹത്തായ ജനാധിപത്യത്തിലാണ് നാം ജീവിക്കുന്നതെന്നോര്‍ത്ത് ആര്‍ക്കെങ്കിലും ഗദ്ഗദം വന്നാലും അത്ഭുതപ്പെടരുത്. മുംബൈയില്‍ നോക്കൂ. ക്യൂവില്‍ നില്‍ക്കുന്ന മുകേഷ് അംബാനിയും അനില്‍ അംബാനിയുമായി അവരുടെ മഹത്തായ ബിസിനസ് സംരംഭങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു സാധാരണക്കാരനെ. ഗുജറാത്തിലേക്ക് നോക്കിയാല്‍ കാണാം, അതിരാവിലെ തന്നെ ഗൗതം അദാനി ഒരു എടിഎമ്മിനു മുന്നിലെ ക്യൂവില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഡല്‍ഹിയിലാണെങ്കില്‍ ക്യൂവില്‍ നില്‍ക്കുന്ന മറ്റുള്ളവരോട് തന്റെ കുട്ടിക്കാല വീരസാഹസങ്ങളൊക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന നരേന്ദ്ര മോദിയെ കാണാം. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒട്ടുമിക്ക അംഗങ്ങളും അവരുടെ കുടുംബങ്ങളുമൊക്കെയുണ്ട്. പോരെങ്കില്‍ നെഹ്‌റു കുടുംബത്തിലുള്ളവര്‍ പോലുമുണ്ട്. ഇത്രയധികം തുല്യത ഏത് നാട്ടിലാണുള്ളത്?

 

റൈറ്റ് ടു ഫ്രീഡം: ഇന്ത്യ വേനല്‍ക്കാലത്തു നിന്ന് പതിയെ ശൈത്യകാലത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്തല്ലെങ്കില്‍ പിന്നെ എന്നാണ് നാം നമ്മുടെ സ്വാതന്ത്ര്യം ആഘോഷിക്കുക? പാട്ടു പാടുകയും ഡാന്‍സ് ചെയ്യുകയുമൊക്കെ ജനങ്ങളെ മാത്രമാണ് നിങ്ങള്‍ക്ക് തെരുവില്‍ കാണാന്‍ കഴിയുക. അല്ലെങ്കില്‍ എന്തിന്റെ കുറവാണ് നമുക്ക്? അയല്‍രാജ്യങ്ങളുമായി സമാധാനപൂര്‍ണമായ ബന്ധം, സുരക്ഷിതരായ പട്ടാളക്കാര്‍, കൈയില്‍ ചെലവഴിക്കാന്‍ ഇഷ്ടം പോലെ പൈസ, പിന്നെന്തു വേണം1

 

എന്നു കരുതി ആനന്ദം മാത്രമേയുള്ളു എന്നു കരുതരുത്. ആ ക്യൂവില്‍ നിന്ന് പണം കിട്ടിയാല്‍ അടുത്ത നേരം ഭക്ഷണം കഴിക്കാം, പണം കിട്ടിയാല്‍ അസുഖബാധിതരെ സമയത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം തടയുകയും ചെയ്യാം. ക്യൂവില്‍ നില്‍ക്കുന്നതു കൊണ്ട് ചിലര്‍ക്കൊക്കെ ജോലി പോവുമായിരിക്കും. – ഇതൊക്കെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണ്, പരിഭ്രമിക്കാനൊന്നുമില്ല.

 

എന്നാല്‍ ഇതിനെയൊക്കെ അപ്രസക്തമാക്കുന്ന വലിയ തോതിലുള്ള സ്വാതന്ത്ര്യങ്ങക്കെുറിച്ച് ആലോചിച്ചു നോക്കൂ. അല്ലെങ്കില്‍ നമ്മുടെ നേതാക്കളെ നോക്കൂ. അവര്‍ എങ്ങനെയൊക്കെയാണ് ആ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് എന്ന്. പ്രത്യേകിച്ച് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം.

 

സ്വതന്ത്ര ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടപടികളിലൊന്നായ നോട്ട് പിന്‍വലിക്കല്‍ പദ്ധതിയെപ്പറ്റി നമ്മുടെ പ്രധാനമന്ത്രി പറയുന്നത് തന്നെ കേട്ടു നോക്കൂ. പണക്കാര്‍ക്ക് മാത്രമേ ഉറക്കം നഷ്ടപ്പെട്ടിട്ടുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. “Gareeb chayn ki neend so raha hai aur amir neend ki goliyan khareedne ke liye bazaar mein chakkar kaat raha hai“- ഇന്ത്യക്കാര്‍ മുഴുവന്‍ സംസാരിക്കുന്ന ഈ ഭാഷയില്‍ എത്ര സുന്ദരമായാണ് അദ്ദേഹം ഇക്കാര്യത്തെ വിശദീകരിച്ചത്. ആലോചിച്ചു നോക്കൂ. ചെലവനുള്ള കാശിനു വേണ്ടിയാണെങ്കില്‍ പോലും നാം ക്യൂ നില്‍ക്കുന്നതിനെ എത്ര നന്നായാണ് അദ്ദേഹം പ്രകീര്‍ത്തിച്ചിട്ടുള്ളത്. അല്ലെങ്കിലും അദ്ദേഹം എല്ലാക്കാലത്തും സമ്പന്നരുടെ ശത്രുവാണ് എന്നാര്‍ക്കാണ് അറിയാത്തത്? നമുക്ക് കിട്ടിയിരിക്കുന്ന ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ നോക്കൂ. നട്ടുച്ചയ്ക്ക് വേണമെങ്കിലും ഇപ്പോള്‍ ഇരുട്ടാണ് എന്ന് വാദിച്ച് സമര്‍ഥിക്കാനുള്ള അദ്ദേഹത്തിന്റെ വാഗ്‌വൈഭവം നമുക്കൊരു മുതല്‍ക്കൂട്ടാണ്. അദ്ദേഹമാണ് പറഞ്ഞിട്ടുള്ളത് ‘വളരെ ചെറിയ അസൗകര്യങ്ങള്‍ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ടാകാം‘ എന്ന്.

 

 

നമ്മുടെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് ഇന്നുവരെ നമുക്ക് ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച പ്രതിരോധ മന്ത്രി. അദ്ദേഹം പറഞ്ഞതു കേള്‍ക്കൂ. “നേരെത്ത ഓരോന്നിനും നിരക്കുണ്ടായിരുന്നു. സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുന്നതിന് 500 രൂപ. മറ്റു കാര്യങ്ങള്‍ ചെയ്യുന്നതിന് 1000 രൂപ. നമ്മുടെ പ്രധാനമന്ത്രി ഈ ഭീകരതയ്ക്കുള്ള ഫണ്ടിംഗ് ഒറ്റയടിക്കാണ് അവസാനിപ്പിച്ചത്.” സ്വാതന്ത്ര്യം വേണം, സ്വയംനിര്‍ണയാവകാശം വേണം, സുരക്ഷാ സേന കൊല്ലുന്നതും ബലാത്സംഗം ചെയ്യുന്നതുമൊക്കെ അവസാനിപ്പിക്കണം എന്നൊക്കെ പറഞ്ഞ് കുറെപ്പേര്‍ സമാധാന ജീവിത്തിന് ഭംഗം വരുത്തുന്നത് അവസാനിപ്പിക്കാനുള്ള നടപടി എടുക്കുമ്പോള്‍ നാം സന്തോഷിക്കുകയല്ലാതെ എന്താണ് വേണ്ടത്. ഭീകരതയെ അവസാനിപ്പിക്കാനുള്ള നമ്മുടെ നടപടി ആഗോള തലത്തില്‍ പോലും പ്രകീര്‍ത്തിക്കപ്പെടുകയാണ്.

 

ഇനി ഈ രാജ്യത്തിന്റെ ആത്മാവിന് വെളിച്ചവും തെളിച്ചവുമെല്ലാം നല്‍കുന്ന ആത്മീയ ഗുരു ബാബാ രാംദേവ് സധൈര്യം പറഞ്ഞത് കേള്‍ക്കൂ: “യുദ്ധം നടക്കുമ്പോള്‍ നമ്മുടെ സൈനികര്‍ ഏഴും എട്ടും ദിവസം ഭക്ഷണം പോലും കഴിക്കാതെയാണ് പൊരുതുന്നത്. ഈ രീതിയില്‍ നമ്മുടെ രാജ്യത്തിന് വേണ്ടി നമുക്കും ചെയ്തുകൂടെ?” അദ്ദേഹം ഒരു ദേശീയരഹസ്യം വെളിപ്പെടുത്തുകയാണോ എന്നു പോലും നമുക്ക് സംശയിക്കേണ്ടിയിരിക്കുന്നു. അത്രമേല്‍ പ്രധാനപ്പെട്ട ഒരു കാര്യമല്ലേ അദ്ദേഹം പറഞ്ഞിരിക്കുന്നത്? നമ്മുടെ പട്ടാളക്കാര്‍ ഒഴിഞ്ഞ വയറുമായി യുദ്ധം ചെയ്യുന്നു എന്ന്‍. നിറവയറുമായി യുദ്ധം ചെയ്യുന്ന പട്ടാളക്കാരായിരുന്നല്ലോ ഇത്രയും കാലം നമ്മുടെ മനസില്‍. യുദ്ധകാലത്ത് പട്ടാക്കാര്‍ക്ക് കഴിക്കാനുള്ള എന്തെങ്കിലും ദേശി ഗുളികകള്‍ പതഞ്ജലി കണ്ടുപിടിക്കുമെന്ന് നമുക്ക് ആശ്വസിക്കാം.

 

റൈറ്റ് എഗനസ്റ്റ് എക്സ്പ്ലോയിറ്റേഷന്‍: ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള അവകാശം നാം പൂര്‍ണമായി നേടിക്കാഴിഞ്ഞു എന്നാര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? നമ്മുടെ പട്ടിണി ആരും ചൂഷണം ചെയ്യുന്നില്ല, നമ്മുടെ നിസഹായത ആരും ചൂഷണം ചെയ്യുന്നില്ല. നമുക്കു നേരെ ആരും വിദ്വേഷത്തോടെ സംസരിക്കുന്നതു പോയിട്ട് നോക്കാറു പോലുമില്ല.

 

റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍: നോക്കൂ, ക്യൂവിന്റെ അങ്ങേത്തലയ്ക്കല്‍ നില്‍ക്കുന്നത് ഒരു നിരീശ്വരവാദിയാണ്. തന്റെ ഊഴം എത്തുന്നതിനു മുമ്പേ പണം തീര്‍ന്നു പോകല്ലേ എന്ന് അയാള്‍ പോലും പ്രാര്‍ഥിക്കുന്നതു കണ്ടോ? അങ്ങനെ എല്ലാ മതസ്ഥര്‍ക്കും സമാധനത്തോടെയും സഹിഷ്ണുതയോടെയും കഴിഞ്ഞു പോകാനുള്ള ഒരിടം നമ്മള്‍ ഉണ്ടാക്കിയെടുത്തിയിരിക്കുകയാണ്.

 

ഭരണഘടനാവകാശങ്ങള്‍ അങ്ങനെ പറഞ്ഞാല്‍ തീരില്ല. ഈ ക്യുവില്‍ നിന്ന് ഒന്നിറങ്ങി വല്ലതും കഴിച്ചിട്ട് ബാക്കിയുള്ളവയെക്കുറിച്ച് കൂടി പറയാം. നമ്മുടെ ഭരണഘടനയെ ആഘോഷിക്കാനുളള അവസരമാണിത്. ആരും വിട്ടുനില്‍ക്കരുത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍