UPDATES

ന്യൂസ് അപ്ഡേറ്റ്സ്

8 ദിവസം: 47 മരണം; 50 ദിവസം തികയാന്‍ എത്ര ജീവന്‍ കൂടി കുരുതികൊടുക്കണം?

അഴിമുഖം പ്രതിനിധി

 

രാജ്യത്ത് പ്രഖ്യാപിച്ച കറന്‍സി നിരോധനത്തിനു ശേഷം ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെ മരണം 47. കഴിഞ്ഞ എട്ട് ദിവസങ്ങള്‍ക്കുളില്‍ മരിച്ചവരുടെ എണ്ണമാണിത്. കറന്‍സി നിരോധനം അഞ്ചു ദിവസം പിന്നിട്ടപ്പോള്‍ മരണസംഖ്യ 16 ആയി ഉയര്‍ന്നിരുന്നു. (5 ദിവസം: 16 മരണം; കാര്യങ്ങള്‍ നേരെയാകാന്‍ 50 ദിവസം വേണമെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍) എന്നാല്‍ ആറാം ദിവസത്തിലേക്ക് കടന്നപ്പോള്‍ മരണസംഖ്യ 25 ആയി ഉയര്‍ന്നു. (നോട്ട് പിന്‍വലിക്കല്‍: 6 ദിവസം: 25 മരണം. ഇനി…?)

 

ഈ മാസം എട്ടിന് വൈകുന്നേരം എട്ടു മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നു രാത്രി 12 മണിക്കു ശേഷം 500, 1000 രൂപാ നോട്ടുകള്‍ സാധുവല്ലെന്ന് പ്രഖ്യാപിച്ചത്. 10 മുതല്‍ ഈ കറന്‍സികള്‍ മാറിയെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീടുണ്ടായത് സാര്‍വത്രിക സാമ്പത്തിക അരാജകത്വമാണ്. 50 ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ നേരെയാക്കുമെന്നാണ് മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഓരോ ദിവസവും മരണസംഖ്യ കൂടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 

 

1. ഝാര്‍ഖണ്ഡിലെ പലമുവില്‍ ക്യൂ നിന്നിരുന്ന രാം ചന്ദ്ര പാസ്വാന്‍ കുഴഞ്ഞുവീണു മരിച്ചു. അദ്ദേഹം മണിക്കൂറുകളായി ക്യൂവില്‍ നില്‍ക്കുകയായിരുന്നുവെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

2. ബാങ്കില്‍ മണിക്കൂറുകളോളം ക്യൂ നിന്നെങ്കിലും നോട്ടു മാറ്റിയെടുക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ ബലിയയില്‍ സുരേഷ് സോണാര്‍ ഹൃദയാഘാതത്തെു തുടര്‍ന്ന് മരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് സുരേഷ് അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

3. പൂനെയില്‍ ഒരു ബാങ്കില്‍ പ്യൂണായിരുന്ന തുക്കാറാം തന്‍പുരെ എന്ന 53-കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തത്ക്ഷണം മരിച്ചു. ദിവസം 12 മണിക്കൂര്‍ വരെ ഈ ദിവസങ്ങള്‍ ജോലി ചെയ്യേണ്ടി വന്നെന്നും വന്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പലപ്പോഴും കഷ്ടപ്പെടുകയായിരുന്നു തുക്കാറാം എന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

4. നാലു മണിക്കൂര്‍ ക്യൂവില്‍ നിന്ന ശേഷമാണ് മഹാരാഷ്ട്രയിലെ നന്ദേഡില്‍ 60 വയസുകാരനായ ദിഗംബര്‍ കസ്‌ബെ കുഴഞ്ഞുവീണു മരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

5. ഝാര്‍ഖണ്ഡിലെ ബൊക്കോറോ ജില്ലയില്‍ 20 വയസുകാരനായ ലവ്കുഷ് മരിച്ചത് കുടൂംബത്തിലെ ദാരിദ്ര്യം നിമിത്തമെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കറന്‍സി നിരോധനത്തെ തുടര്‍ന്ന് ലവ്കുഷിന്റെ പിതാവിന് ഏറെ ദിവസമായി ജോലി ഇല്ലായിരുന്നു.

 

6. ലവ്കുഷിന്റെ മരണവാര്‍ത്തയറിഞ്ഞ ഷോക്കില്‍ മുത്തശി ലക്ഷ്മിയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

 

7. തെലുങ്കാനയിലെ സിദ്ദിപ്പെട്ട് ജില്‌യില്‍ 45 വയസുള്ള ബാലയ്യ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ച് മരിച്ചു. കടക്കെണിയിലായിരുന്ന തന്റെ കൃഷി ഭൂമി വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നോട്ട് നിരോധനത്തെ തുടര്‍ന്ന് ഭൂമിവില ഏക്കറിന് 6-7 ലക്ഷത്തില്‍ നിന്ന് 2-3 ലക്ഷമായി കുറഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

8. ഈ സംഭവത്തില്‍ ബാലയ്യയുടെ പിതാവ് 65 വയസുള്ള ഗലയ്യയും മരിച്ചു. ബാലയ്യയുടെ ഭാര്യയും മകനും ആശുപത്രിയില്‍.

 

9. ഓള്‍ഡ് ഡല്‍ഹിയിലെ ബാങ്കില്‍ മണിക്കുറുകള്‍ ക്യൂ നിന്ന് 48 വയസുള്ള സൗദ് ഉര്‍ റഹ്മാന്‍ ക്യൂവില്‍ വച്ചു തന്നെ തളര്‍ന്നുവീണു മരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പഴയ നോട്ടുകള്‍ മാറ്റിക്കിട്ടുന്നതിനായി റഹ്മാന്‍ ക്യൂ നിന്നത്. രാവിലെ അഞ്ചു മണി മുതല്‍ റഹ്മാന്‍ ക്യൂ നില്‍ക്കുകയായിരുന്നുവെന്ന് ബന്ധുവിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

10. യു.പിയിലെ ബെറെയ്‌ലിയില്‍ 56 വയസുള്ള ഖാലിദ് ഹസന്‍ ക്യൂവില്‍ തളര്‍ന്നുവീണു മരിച്ചെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

11. മുംബൈയില്‍ 60 വയസുള്ള ദീപക് ഷാ ക്യൂവില്‍ തളര്‍ന്നു വീണതിനെ തുടര്‍ന്ന് മരിച്ചെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

12. 23 വയസുള്ള സഞ്ജയ് പ്രജാപത് ബാങ്കില്‍ ക്യൂ നില്‍ക്കുന്ന പിതാവിന്റെ ആധാര്‍ കാര്‍ഡ് എടുക്കാനായി വീട്ടിലേക്ക് ഓടുന്നതു വഴി കുഴഞ്ഞു വീണ് മരിച്ചെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

13. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയില്‍ 70 വയസുള്ള വിജയലക്ഷ്മി ബാങ്കിലേക്ക് കയറുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചെന്ന് ദി ഹാന്‍സ് ഇന്ത്യ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

14. ബംഗാളിലെ കുച്ച് ബിഹാര്‍ ജില്ലയില്‍ 56 വയസുള്ള ധരണി കാന്ത ഭൗമിക് മൂന്നു ദിവസം തുടര്‍ച്ചയായി ക്യൂവില്‍ നിന്നതിനെ തുടര്‍ന്ന് മരിച്ചെന്ന് ആനന്ദ ബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു.

 

15. മകളുടെ വിവാഹത്തിന് നാല് ദിവസം മുമ്പ് പഞ്ചാബിലെ ടാന്‍ തരണില്‍ സുഖ്‌ദേവ് സിംഗ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മകളുടെ വിവാഹത്തിനായി സൂക്ഷിച്ചുവച്ചിരുന്ന പണം ആരും എടുക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ ഭര്‍ത്താവ് അതീവ അസ്വസ്ഥനായിരുന്നുവെന്നും ഭാര്യ സുര്‍ജിത് കൗറിനെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

16. ബി.എസ്.എഫ് ജവാന്റെ 17 വയസുള്ള മകന്‍ ജീവനൊടുക്കി. മാതാവ് ചെറിയ തുകയ്ക്കുള്ള നോട്ടുകള്‍ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ഇതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

17. ഒഡീഷയിലെ സംബല്‍പ്പൂരില്‍ 2 വയസുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു. പഴയ നോട്ടുകള്‍ മാത്രമേ മാതാപിതാക്കളുടെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ഒഡീഷയുടെ വാര്‍ത്തയില്‍ പറയുന്നു.

 

 

18. തെലുങ്കാനയിലെ സെക്കന്ധ്രാബാദില്‍ രണ്ടു മണിക്കൂറിലേറെ ക്യൂവില്‍ നിന്ന 75 വയസുള്ള ലക്ഷ്മിനാരായണ കുഴഞ്ഞു വീണു മരിച്ചു. തന്റെ പക്കലുള്ള 1.7 ലക്ഷം രൂപ ബാങ്കി നിക്ഷേപിക്കാന്‍ പോയതായിരുന്നു അദ്ദേഹം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്കുകളില്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയിട്ടുമില്ലെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

19. ബിഹാറിലെ ഔറംഗാബാദില്‍ സുരേന്ദ്ര ശര്‍മ എന്ന വൃദ്ധന്‍ ക്യൂവില്‍ കുഴഞ്ഞുവീണു മരിച്ചെന്ന് ദൗദ്‌നഗര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

20. റാബി സീസണ്‍ ആരംഭിച്ചെങ്കിലും വളവും വിത്തും വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ ഹല്‍ക്കേ ലോധി എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ബാങ്കില്‍ നിന്ന് പണം മാറിക്കിട്ടിയിരുന്നെങ്കില്‍ ലോധി ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്ന് ബന്ധുവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

21. യുപിയിലെ മീററ്റില്‍ 60 വയസുള്ള അസീസ് അന്‍സാരി എന്ന ഫാക്ടറി തൊഴിലാളി ബാങ്കിലെ ക്യൂവില്‍ കുഴഞ്ഞുവീണു മരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമായിരുന്നു തന്റെ പണം മാറ്റിക്കിട്ടുന്നതിന് അന്‍സാരി ക്യൂ നില്‍ക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

22. പശ്ചിമ ഉത്തര്‍പ്രദേശിലെ ജലാവൂനില്‍ 70 വയസുള്ള റിട്ടയേഡ് അധ്യാപകന്‍ രഘുനാഥ് വര്‍മ ക്യൂവില്‍ കുഴഞ്ഞുവീണു മരിച്ചു. വിവാഹത്തിന്റെ ആവശ്യത്തിന് ഞങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ആവശ്യമുണ്ടായിരുന്നു. ഇതിനായി പിതാവ് മൂന്നുദിവസം തുടര്‍ച്ചയായി ബാങ്കില്‍ പോയി. മാനേജറോട് നിരവധി തവണ സഹായം അഭ്യര്‍ഥിച്ചു. മാനേജറുടെ കാല് പിടിക്കുക വരെ ചെയ്തിട്ടും സഹായിച്ചില്ലെല്ലന്ന് മകന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

23. കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രിയായ മഹേഷ് ശര്‍മയുടെ ഉടമസ്ഥതയിലുള്ള കൈലാഷ് ഹോസ്പിറ്റലില്‍ മരിച്ചത് ഒരു കുട്ടി. പശ്ചിമ യു.പിയിലെ ബുലന്ദ്ഷഹറിലുള്ള കൈലാഷ് ആശുപത്രിയുടെ ഒരു ചെറിയ ആശുപത്രിയിലാണ് സംഭവം. മാതാപിതാക്കളോട് പണമായി 10,000 രൂപാ കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവരുടെ പക്കല്‍ പഴയ നോട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചികിത്സ കിട്ടാതെ കുട്ടി മരിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രി ഇത് നിഷേധിച്ചു.

 

24. മൂന്നു ദിവസമായി പണം മാറ്റി വാങ്ങാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നുള്ള അസ്വസ്ഥതയാല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 24 വയസുകാരി തൂങ്ങിമരിച്ചു.

 

25. കുടുംബത്തിന് റേഷന്‍ വാങ്ങാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് രണ്ടു കുട്ടികളുടെ അമ്മയായ 50-കാരി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ കടക്കാര്‍ വിസമ്മതിച്ചതാണ് കാരണം.

 

26. പശ്ചിമ യു.പിയിലെ ഷാംലിയില്‍ 20 വയസുകാരി തൂങ്ങിമരിച്ചു. പണം മാറ്റിയെടുക്കാന്‍ പോയ സഹോദരന്‍ ഇതിനു കഴിയാതെ തിരിച്ചു വന്നപ്പോഴായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

27. മദ്യപനായ ഭര്‍ത്താവില്‍ നിന്ന് ഒളിച്ചു വച്ചിരുന്ന 15,000 രൂപയുമായി ബാങ്കിലേക്ക് മാറാന്‍ പോയ 40 വയസുകാരിക്ക് യാത്രാമധ്യേ പണം നഷ്ടപ്പെട്ടു. കര്‍ണാടകയിലെ ചിക്ബല്ലാപൂരിലാണ് സംഭവം. ആ സ്ത്രീ ആത്മഹത്യ ചെയ്തു.

 

28. മൂന്നു ദിവസം തുടര്‍ച്ചയായി ശ്രമിച്ചിട്ടും 3,000 രൂപാ മാറ്റിയെടുക്കാന്‍ കഴിയാതെ ഛത്തീസ്ഗഡിലെ റായ്ഗഡില്‍ 45 വയസുള്ള കര്‍ഷകന്‍ തൂങ്ങിമരിച്ചു. തമിഴ്‌നാട്ടില്‍ കുടുങ്ങിപ്പോയ മക്കള്‍ക്ക് അയച്ചു കൊടുക്കാനുള്ള പണമായിരുന്നു ഇത്. വീട്ടില്‍ മട്ങ്ങിയെത്തി അയാള്‍ ആത്മഹത്യ ചെയ്തു.

 

29. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ 69 വയസുകാരി പണം മാറ്റിയെടുക്കാനുള്ള ക്യൂവില്‍ നിന്ന് തളര്‍ന്നു വീഴുകയും തുടര്‍ന്ന് ഹൃദ്രോഗമുണ്ടായി മരിക്കുകയും ചെയ്തു.

 

30. കാണ്‍പൂരില്‍ വൃദ്ധയായ സ്ത്രീ പണമെണ്ണുന്നതിനിടയില്‍ മരിച്ചു. ഇവരുടെ മൃതദേഹത്തിന് അടുക്കല്‍ നിന്ന് 2.69 ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ പോലീസ് കണ്ടെടുത്തു.

 

31. കാണ്‍പൂരില്‍ തന്നെ ചെറുപ്പക്കാരന്‍ ഹൃദ്രോഗ ബാധയാല്‍ മരിച്ചു. മോദിയുടെ പ്രസംഗം കേട്ടുകൊണ്ടിരുന്നപ്പോള്‍ തളര്‍ന്നു വീഴുകയായിരുന്നു. മരിക്കുന്നതിന്റെ തലേന്നാണ് തന്റെ ഭൂമി വിറ്റ് 70 ലക്ഷം രൂപ ഇയാള്‍ക്ക് ലഭിച്ചത്. മാസങ്ങളായി ഭൂമി വില്‍ക്കാന്‍ ശ്രമിച്ചു വരികയായിരുന്നു.

 

32. അസുഖബാധിതനായ നവജാതശിശുവിനെ ചികിത്സിക്കാന്‍ മുംബൈയിലെ ഒരാശുപത്രി വിസമ്മതിച്ചു. കുട്ടി മരിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം പഴയ നോട്ടുകള്‍ സ്വീകരിച്ചാല്‍ മതി എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

 

33. വിശാഖപട്ടണത്ത് 18 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് മരുന്ന് വാങ്ങാന്‍ മാതാപിതാക്കളുടെ പക്കല്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന്. പഴയ നോട്ടുകള്‍ വാങ്ങാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല.

 

 

34. ഒരു വയസുകാരന്‍ കുഷ് യുപിയിലെ മെയിന്‍പുരിയില്‍ മരിച്ചത് ഡോക്ടര്‍മാര്‍ ചികിത്സ പാതിവഴിക്ക് അവസാനിപ്പിച്ചതിനെ തുടര്‍ന്ന്. മാതാപിതാക്കളുടെ പക്കലുള്ള 100 രൂപാ നോട്ടുകള്‍ തീര്‍ന്നു പോയതായിരുന്നു കാരണം. മാതാപിതാക്കള്‍ കുട്ടിയുമായി വീട്ടിലേക്ക് പോന്നു. കുട്ടി മരിച്ചു.

 

35. രാജസ്ഥാനിലെ പാലി ജില്ലയില്‍ ചമ്പാലാല്‍ മേഘ്‌വാള്‍ എന്നയാളുടെ നവജാത ശിശുവിനെ ആംബുലന്‍സില്‍ കൊണ്ടു പോകാന്‍ വിസമ്മതിച്ചു. അയാളുടെ പക്കല്‍ 500, 100 മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് 100 രൂപാ നോട്ടുകള്‍ സംഘടിപ്പിച്ചു വന്നപ്പോഴേക്കും കുട്ടി മരിച്ചു.

 

36. ഉത്തര്‍ പ്രദേശിലെ കുശിനഗറില്‍ അലക്കുജോലികള്‍ ചെയ്യുന്ന ഒരു സ്ത്രീ ബാങ്കിലെത്തിയത് തന്റെ ഏക സമ്പാദ്യമായ രണ്ട് 1000 രൂപാ നോട്ടുകള്‍ നിക്ഷേപിക്കാനായിരുന്നു. ആ നോട്ടുകള്‍ക്ക് വിലയില്ലെന്ന് ബാങ്കുകാര്‍ പറഞ്ഞതിന്റെ ഷോക്കില്‍ ആ സ്ത്രീ തത്ക്ഷണം മരിച്ചു.

 

37. തെലുങ്കാനയിലെ മഹൂബാബാദില്‍ കണ്ഡുകുരി വിനോദ എന്ന 55 വയസുള്ള സ്ത്രീ ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെ ചികിത്സ, മകളുടെ സ്ത്രീധനം എന്നിവ കൊടുക്കാനും ബാക്കിയുള്ള തുകയ്ക്ക് ഒരു ചെറിയ തുണ്ട് ഭൂമി വാങ്ങാനുമായി തന്റെ ഭൂമി വിറ്റ് കിട്ടിയ 54 ലക്ഷം രൂപയ്ക്ക് പുതിയ പ്രഖ്യാപനം വന്നതോടെ വിലയില്ല എന്നു കരുതിയായിരുന്നു ആത്മഹത്യ.

 

38. പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ബാങ്കില്‍ പോയ ഭാര്യ വെറുംകൈയുമായി മടങ്ങി വന്നതാണ് ഭര്‍ത്താവിനെ ക്രൂദ്ധനാക്കിയത്. ഭാര്യ കൂടുതല്‍ നേരം ക്യൂ നിന്ന് പണം വാങ്ങി വരണമായിരുന്നു എന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം.

 

39. മകളെ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ പഴയ നോട്ടുകള്‍ സ്ത്രീധനമായി സ്വീകരിക്കില്ലേ എന്ന ആശങ്കപ്പെട്ട് ബിഹാറിലെ കൈമൂര്‍ ജില്ലയില്‍ 45 വയസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. അയാള്‍ 35,000 രൂപ മകള്‍ക്കുള്ള സ്ത്രീധനമായി സൂക്ഷിച്ചിരുന്നു.

 

40. തലശേരിയില്‍ 45 വയസുള്ളയാള്‍ മരിച്ചത് പണം മാറ്റാനുള്ള തിരക്കിനിടെ അപേക്ഷ പൂരിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന അയാള്‍ തലേന്നാണ് അഞ്ചു ലക്ഷം രൂപ വായ്പയായി എടുത്തിരുന്നത്. ഈ പണം ആദ്യ ദിവസം തന്നെ മാറ്റിയെടുക്കാന്‍ കഴിയാതിരുന്നതില്‍ അസ്വസ്ഥനുമായിരുന്നു.

 

41. മുംബൈയില്‍ വിശ്വാസ് വാര്‍തക് എന്ന 72 വയസുകാരന്‍ പണം മാറ്റാനുള്ള ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഹൃദയസ്തംഭനം മൂലം മരിച്ചു.

 

42. ഗുജറാത്തിലെ താരാപ്പൂരില്‍ 47 വയസുകാരന്‍ മരിക്കുന്നതും പണം മാറ്റാനുള്ള ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന്. തന്റെ കൃഷിയിടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് കൂലി കൊടുക്കാനുള്ള പണത്തിനായി വന്നതായിരുന്നു അയാള്‍.

 

43. ആലപ്പുഴയില്‍ കാര്‍ത്തികേയന്‍ എന്ന 75 വയസുകാരന്‍ മരിച്ചത് ഒരു മണിക്കുര്‍ പണം മാറ്റിയെടുക്കാനുള്ള ക്യൂവില്‍ നിന്ന ശേഷം തളര്‍ന്നു വീണ്.

 

44. കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ 96 വയസുള്ളയാള്‍ മരിച്ചത് ക്യൂവില്‍ ദീര്‍ഘനേരം നിന്നതിനെ തുടര്‍ന്ന്. ബാങ്ക് തുറന്നിട്ടു പോലുമുണ്ടായിരുന്നില്ല.

 

45. മധ്യപ്രദേശിലെ സാഗറില്‍ മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരനായിരുന്ന വിനയ കുമാര്‍ പാണ്ഡെ മരിച്ചത് പണം മാറ്റിയെടുക്കാനുള്ള ക്യൂവില്‍ നില്‍ക്കുമ്പോള്‍.

 

46. മധ്യപ്രദേശിലെ ഭോപ്പാലില്‍ എസ്.ബി.ഐ കാഷ്യര്‍ ജോലിക്കിടെ ഹൃദയസ്തംഭനം മൂലം മരിച്ചു. ഈ ദിവസങ്ങളിലെ അമിത ജോലിഭാരമായിരുന്നു കാരണം.

 

47. യു.പിയിലെ ഫൈസാബാദില്‍ നരേന്ദ്ര മോദിയുടെ പ്രഖ്യാപനം കണ്ടുകൊണ്ടിരുന്ന ഒരു ബിസിനസുകാരന്‍ നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണു. ഡോക്ടര്‍ എത്തുന്നതിനു മുമ്പേ മരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍