UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

ന്യൂസ് അപ്ഡേറ്റ്സ്

രാജാവേ, നിങ്ങള്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത് ഈ ജനത്തിന്റെ മേലാണ് എന്നോര്‍ത്തോളൂ

[ഈ ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം- സാമ്പത്തിക അടിയന്തിരാവസ്ഥ ഒരു പരീക്ഷണ പറക്കലോ?]

സര്‍ക്കാര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നും വിമര്‍ശകര്‍ സാമ്പത്തിക്ക അടിയന്തിരാവസ്ഥയെന്നും വിശേഷിപ്പിക്കുന്ന ഈ നീക്കത്തിന് അതിനപ്പുറം എന്തെങ്കിലും താല്പര്യമുണ്ടോ, ഇത് മറ്റെന്തെന്തെങ്കിലും വന്‍ അജണ്ട മുന്‍ നിര്‍ത്തിയുള്ളൊരു പരീക്ഷണ പറക്കല്‍ മാത്രമാണോ തുടങ്ങിയ ആശങ്കകള്‍ക്ക് നിരവധി കാരണങ്ങളുണ്ട്. അവര്‍ വിശദീകരിക്കുന്നത് പോലെ കള്ളപ്പണത്തിനെതിരേയുള്ള നടത്തിവരുന്ന വിട്ടുവീഴ്ചയില്ലാത്ത സമരത്തിന്റെ ഭാഗമാണീ നോട്ട് പിന്‍വലിക്കല്‍ എന്നൊക്കെ കണ്ണടച്ചങ്ങ് വിശ്വസിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല എന്നതാണ് ഒന്ന്. അത്തരം ഒരു നട്ടെല്ലുള്ള ഉറച്ച കാല്‍വയ്പ്പിന് ഈ സര്‍ക്കാര്‍ മുതിരും എന്ന് അവരുടെ നാളിതുവരെയുള്ള രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ള ആര്‍ക്കും സമ്മതികാനാവില്ല എന്നത് മറ്റൊന്ന്.

 

ഇനി ഇതൊക്കെ മാറ്റിവച്ച് സര്‍ക്കാരിന് പൊടുന്നനെ ധനാത്മകമായ ഒരു മാനസിക പരിവര്‍ത്തനം വന്നു എന്ന് നാടകീയവും സിനിമാറ്റിക്കും ആയിത്തന്നെ അങ്ങ് വിശ്വസിക്കാം എന്ന് വയ്ക്കുക. അപ്പോഴും ഐസക്ക് (തോമസ് ഐസക്ക് എന്ന രാഷ്ട്രീയക്കാരനെ വിടുക, സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ അയാളുടെ നിലപാടിനെ സമീപിച്ചാല്‍ മതി) ചോദിച്ച ചോദ്യം ബാക്കിയാവുന്നു. ‘പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തില്‍ പാക്കിസ്താനില്‍ നിന്നുള്ള കള്ളനോട്ട് പിടിക്കാനാണ് ഈ നടപടിയെന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ട് ആഴ്ച ജനങ്ങള്‍ക്ക് സാവകാശം കൊടുത്തിരുന്നുവെങ്കില്‍ ഈ കള്ളനോട്ട് വല്ലതും രക്ഷപെടുമായിരുന്നോ? പുതിയ നോട്ടിനായി ബാങ്കില്‍ വരുമ്പോള്‍ കള്ളനോട്ടിനെ കണ്ടുപിടിക്കാം. അര്‍ദ്ധരാത്രി നോട്ടെല്ലാം റദ്ദാക്കിയതുകൊണ്ട് കൂടുതലായി ഒരു കള്ളനോട്ടും പിടിക്കാന്‍ പോകുന്നില്ല.’

 

കള്ളനോട്ടും, കള്ളപ്പണവും
കള്ളനോട്ടും കള്ളപ്പണവും ഒക്കെ തരാതരം കൂടിക്കുഴഞ്ഞും വേറിട്ട് മാറിയും കിടക്കുന്നവയാണ് എന്നാണ് നടപടിയെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ നിരത്തുന്ന യുക്തികള്‍. കള്ളനോട്ട് എന്നത് വ്യാജനോട്ടാണ്. അത് റിസര്‍വ് ബാങ്ക് അച്ചടിച്ച് ഗവര്‍ണ്ണറുടെ ഒപ്പോടെ വ്യവഹാര മണ്ഡലത്തില്‍ എത്തുന്ന നോട്ടല്ല. എന്നാല്‍ കള്ളപ്പണം എന്നത് ഈ വ്യാജ നോട്ടുകളല്ല, അവ നല്ല ഒന്നാന്തരം അസല്‍ നോട്ടുകള്‍ തന്നെയാണ്. അവ കള്ളപ്പണമായിതീരുന്നത് ഉറവിടം കാണിച്ച് ന്യായമായ നികുതിയും ഒടുക്കി കണക്കില്‍ കൊള്ളിച്ചെടുക്കാന്‍ അത് കൈവശം വച്ചിരിക്കുന്നവര്‍ മടിക്കുന്നതുകൊണ്ടാണ്. അത്തരക്കാര്‍ക്ക് പണം വെളുപ്പിച്ചെടുക്കാന്‍ ഒരവസരം സര്‍ക്കാര്‍ തന്നെ വ്യാപകമായ പരസ്യപ്രചരണങ്ങളുടെ അകമ്പടിയോടെ നല്‍കിയിരുന്നു എന്നതും ശരി. അതുകൊണ്ട് ആദ്യം അവ തമ്മില്‍ കൂട്ടിക്കുഴയ്ക്കാതെ വേറിട്ട് പരിഗണിക്കാം.

 

കള്ളനോട്ട് പല ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി പല ഉറവിടങ്ങളില്‍ നിന്ന് ഉത്ഭവിക്കാം. കേവലമായ തട്ടിപ്പ് ലാഭം ലക്ഷ്യം വച്ച് വ്യക്തികള്‍ അച്ചടിക്കുന്നതാവാം. ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനായി ശത്രു രാജ്യം അച്ചടിച്ച് വിതരണം ചെയ്യുന്നതാവാം. ഇതില്‍ ധാര്‍മ്മിക രോഷത്തിന്റെ ഒരു ജനപ്രിയ സ്രോതസ്സ് എന്ന നിലയില്‍ പാകിസ്ഥാനില്‍ അച്ചടിച്ച് നിലവില്‍ ഇവിടെ കറങ്ങി നടക്കുന്ന കള്ളനോട്ടുകള്‍ പിടിക്കാനാണെങ്കില്‍ അത് ഐസക്ക് പറയുന്നതുപോലെ സാവകാശം കൊടുത്തും ആകാമായിരുന്നു. ഇനി അതല്ല, കണ്ടുപിടിക്കാന്‍ ആവാത്തവണ്ണം വന്‍ തോതില്‍ ഒരു കപ്പല്‍ വ്യൂഹം നിറയെ നോട്ട് നാളെ വന്നിറങ്ങുമെന്ന് വിവരം കിട്ടിയിട്ടാണെങ്കില്‍ അത് പിടിക്കാനുള്ള നടപടി എടുക്കുകയല്ലേ വേണ്ടത്? അതായത് കള്ളനോട്ട് പിടിക്കാന്‍ നല്ല നോട്ട് പിന്‍വലിച്ചിട്ട് ഒരു കാര്യവുമില്ല. അതിന് ആഭ്യന്തര നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും നടപടികള്‍ ഉര്‍ജ്ജിതപ്പെടുത്തുകയുമാണ് വേണ്ടത്.

 

എന്നാല്‍ കള്ളപ്പണത്തിന്റെ കാര്യം അങ്ങനെയല്ല. അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ സമ്പാദിച്ച, ഉറവിടം കാണിക്കാനാവാത്ത പണം രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വ്യാജനോട്ടുകള്‍ ഉണ്ടാക്കുന്നതിലും വലിയ ആഘാതം ഉണ്ടാക്കുന്നു എന്നതും നിസ്തര്‍ക്കം. പക്ഷെ അത് നേരിടാന്‍ സാധാരണക്കാരെ നെട്ടോട്ടമോടിക്കുന്ന ഇത്തരം ഒരു ഇല്ലംചുടല്‍ നാടകം എന്തിന്?

 

 

എന്നിട്ട് എലി ചത്തോ?
കള്ളപ്പണം എന്നത് ഒരു സത്യമാണ്, പക്ഷേ അത് വ്യക്തികള്‍ ചാക്കില്‍ കെട്ടിയും മെത്തയുണ്ടാക്കിയും ഭൂഗര്‍ഭ അറകളുണ്ടാക്കിയും സൂക്ഷിച്ചിരിക്കുകയാണെന്ന ധാരണ സിനിമാറ്റിക്കായ ഒരു ലളിതവല്‍ക്കരണവുമാണ്. കള്ളപ്പണം നോട്ടായി തന്നെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന മനുഷ്യര്‍ ഇന്ത്യയിലേ ഇല്ല എന്നൊന്നുമല്ല. ലക്ഷക്കണക്കിന് കള്ളപ്പണം വീട്ടില്‍ സൂക്ഷിക്കുന്ന സ്വകാര്യ ധനമിടപാടുകാര്‍ ഇന്ന് കേരളത്തില്‍ പഞ്ചായത്തൊന്നില്‍ പലര്‍ എന്ന തോതില്‍ കാണും. എന്നാല്‍ അവരുടെ പക്കല്‍ കള്ളപ്പണം ഉണ്ട് എന്നത് പരസ്യമായ രഹസ്യവുമാണ്. അത് പിടിക്കാന്‍ സാധാരണക്കാരെ വലയ്ക്കുന്ന, ഒരു ഹൃസ്വമായ കാലത്തേയ്‌ക്കെങ്കിലും അവരുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന ഇത്തരം നാടകമൊന്നും ദേശസുരക്ഷയുടെ പേരുപറഞ്ഞ് കളിക്കേണ്ട കാര്യമില്ല, നട്ടെല്ലുള്ള നടപടി മതി.

 

പ്രശ്‌നം അതല്ല. നമ്മുടെ കള്ളപ്പണത്തില്‍ ഗണ്യമായ ഒരു ശതമാനം വിദേശത്താണ് എന്ന വസ്തുതയെയാണ് ആദ്യം പരിഗണിക്കേണ്ടത്. നമ്മുടെ ഇന്നത്തെ പ്രധാനമന്ത്രി തന്നെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആ വസ്തുതയെ അഭിസംബോധന ചെയ്യുകയും താന്‍ അധികാരത്തില്‍ എത്തുകയാണെങ്കില്‍ ആ കള്ളപ്പണം ഒട്ടാകെ നാട്ടില്‍ തിരിച്ചെത്തിച്ച് ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുകയും ചെയ്യും എന്ന് വാഗ്ദാനം ചെയ്യുകയും ഉണ്ടായി എന്നത് നമ്മളില്‍ പലരും ഓര്‍ക്കുന്നുണ്ടാവും. ഇതിപ്പൊ അദ്ദേഹം അധികാരത്തില്‍ വന്നിട്ട് കാലം കുറേ കഴിഞ്ഞിട്ടും അക്കൗണ്ടില്‍ പൈസയൊന്നും വന്നില്ല എന്നത് പോട്ടെ. വിദേശത്താണ് കള്ളപ്പണത്തില്‍ സിംഹഭാഗവും എന്ന് മോദിക്ക് തന്നെ സംശയമില്ലാത്തതിനാല്‍ മോദിയെക്കാള്‍ വലിയ മോദിഭക്തിയില്ലാത്ത ഭക്തര്‍ക്ക് പോലും ഈ നോട്ട് പിന്‍വലിക്കല്‍ നടപടികൊണ്ട് ആ പണത്തിന്റെ നാരില്‍ തൊടാന്‍ പറ്റില്ല എന്ന് മനസിലാവേണ്ടതാണ്.

 

ഇനി അതും പോട്ടെ, എല്ലാം കൃത്യമാക്കി, പഴുതടച്ച് ഒന്നും ചെയ്യാന്‍ പറ്റില്ല. ഉള്ളത് പോരട്ടെ എന്നാണെങ്കില്‍ അതിന് സമയം നല്‍കിയാല്‍ എന്തായിരുന്നു പ്രശ്‌നം? സമയം കിട്ടിയാല്‍ കള്ളന്മാര്‍ അപ്പാടെ കാശുവെളുപ്പിച്ച് കളയും എന്നാണ് മറുപടി. എങ്ങനെ? സ്വര്‍ണ്ണം, വസ്തു തുടങ്ങിയ ഖര ദ്ര്യവ്യങ്ങളിലേയ്ക്ക് ആ പണം പരിവര്‍ത്തിക്കപ്പെടും എന്ന്. അതായത് ഒരാഴ്ചയ്ക്കുള്ളില്‍ കള്ളപ്പണക്കാര്‍ തങ്ങളുടെ പക്കല്‍ കെട്ടി വച്ചിരിക്കുന്ന ശതകോടിക്കണക്കിന് രൂപയ്ക്ക് സ്വര്‍ണ്ണവും വസ്തുവും വാങ്ങി അത് മുഴുവന്‍ അലക്കിയെടുക്കുമെന്ന്. ഇത്ര പ്രകടവും പരിഭ്രാന്തവുമായ ഒരു വാങ്ങല്‍ പ്രക്രിയയെ പോലും കൃത്യമായി നിരീക്ഷിച്ച് നടപടി എടുക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ ഈ സര്‍ക്കാര്‍ സംവിധാനങ്ങളെ വിശ്വസിച്ച് കള്ളപ്പണമുക്ത സമ്പദ്വ്യവസ്ഥ സ്വപ്നം കണ്ട് നമ്മള്‍ സാധാരണക്കാര്‍ ബാങ്കിന്റെ മുമ്പില്‍ ക്യൂ നിന്നിട്ട് എന്ത് കാര്യം? അതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും എന്ന് സ്വപ്നം കണ്ട്!

 

നോട്ട് പിന്‍വലിച്ചതുകൊണ്ട് അഴിമതിയോ മാഫിയാ പ്രവര്‍ത്തനമോ നികുതി വെട്ടിപ്പോ ‘ദീര്‍ഘ കാലാടിസ്ഥാന’ത്തില്‍ ഇല്ലാതാവില്ല. തത്ക്കാലം ഉണ്ടാകുന്ന പ്രശ്‌നം എന്ന് സര്‍ക്കാര്‍ തന്നെ പറയുന്ന മാന്ദ്യം കഴിയുന്നതോടെ, നിലവില്‍ അഴിമതിയിലും മാഫിയാ പ്രവര്‍ത്തനത്തിലും വെട്ടിപ്പിലും ഒക്കെ വരുന്ന താത്ക്കാലിക മാന്ദ്യവും മാറും. പിന്നെ എല്ലാം ക്രമേണെ പഴയ പടിയാകും. അതായത് ദേശതാത്പര്യം മുന്‍നിര്‍ത്തി ബാങ്കില്‍ ദിവസങ്ങളോളം ക്യൂ നിന്ന നമ്മള്‍ ജപ്പാനില്‍ പോയില്ലെങ്കിലും ഫ്‌ളൂട്ട് വായിക്കുക തന്നെ ആയിരുന്നു എന്ന്!

 

 

നടപടികളുടെ വിശ്വാസ്യത
സഹസ്രകോടിക്കണക്കിന് കള്ളപ്പണം വിദേശത്ത് നിക്ഷേപിച്ച് സമൂഹത്തില്‍ നന്മയുടെയും സാമൂഹ്യബോധത്തിന്റെയും അംബാസഡര്‍മാരായി വിലസുന്നവര്‍ ലോക്കല്‍ ബ്ലേഡുകാരും ലൈറ്റ് മാഫിയ ടീമുകളും അപ് കമിങ്ങ് ടെററുകളും ഒന്നുമല്ല. അത്തരം വമ്പന്‍മാരുമായുള്ള ഈ സര്‍ക്കാരിന്റെ ചാര്‍ച്ചകളും അതിലൂടെ ലളിത് മോഡിമാരും, മല്യമാരും ‘നൈസായി സ്‌കൂട്ടായ’ കഥകളും നമുക്ക് അറിയാം. ആ പശ്ചാത്തലത്തില്‍ ഈ നടപടിയെ നോക്കുമ്പോഴാണ് രാജ്യത്തിനായി അഞ്ചുനാള്‍ മുണ്ട് മുറുക്കിയുടുത്താല്‍ എന്താണ് പ്രശ്‌നം എന്ന സംഘി വ്യാക്ഷേപകം സാധാരണക്കാര്‍ക്ക് ഒരു ആക്ഷേപമായി തോന്നുന്നത്.

 

വിശ്വാസ്യത എന്നത് എന്തുതരം സഹകരണത്തിനും അനിവാര്യമായ ഒരു മുന്‍ ഉപാധിയാണ്. മറ്റ് കണക്കുകള്‍ ഒക്കെ പോട്ടെ, നമ്മുടെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നമുക്ക് തന്ന വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യന്‍ പൗരന്റെയും അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം രൂപ വീതം നിക്ഷേപിക്കും എന്ന വാഗ്ദാനം മുഖവിലയ്‌ക്കെടുത്താല്‍ ആ തുക 1950 ലക്ഷം കോടി വരും. ഈ ഘട്ടത്തില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ദീര്‍ഘകാല നന്മയ്ക്കായി വെറുംവയറ്റില്‍ ക്യൂനില്‍ക്കുന്ന രാജ്യസ്‌നേഹികള്‍ക്കായി ഒരു ലളിതമായ കണക്ക് അവതരിപ്പിക്കാം. ഈ കണക്കിന് ഫേസ്ബുക്ക് സുഹൃത്തായ പ്രതീഷ് പ്രകാശിനോട് കടപ്പാട്. പുള്ളി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ കുറിക്കുന്നു: ”അപ്പോള്‍ മോദിയുടെ കണക്കനുസരിച്ച് (15 ലക്ഷം രൂപ X 130 കോടി) = 1950 ലക്ഷം കോടി രൂപ കള്ളപ്പണമായുണ്ട്. ഇന്ത്യയില്‍ മൊത്തത്തില്‍ സര്‍ക്കുലേഷനിലുള്ള 500ന്റെയും (1650 കോടി എണ്ണം) 1000ന്റെയും (670 കോടി എണ്ണം) നോട്ടുകളുടെ മൂല്യം എന്ന് പറയുന്നത് 14.95 ലക്ഷം കോടി രൂപയാണ്. ഇതു മുഴുവന്‍ കള്ളപ്പണക്കാര്‍ കള്ളപ്പണമായി സൂക്ഷിച്ചു വെച്ചിരിക്കുകയാണെങ്കില്‍പ്പോലും, ആകെയുള്ള കള്ളപ്പണത്തിന്റെ 0.7 ശതമാനം മാത്രമാണ് അത് വരുന്നത്. അതായത് കള്ളപ്പണത്തിന്റെ 0.7 ശതമാനം തിരിച്ചു പിടിക്കുവാനാണോ രാജ്യത്തെ കറന്‍സിയുടെ 80 ശതമാനം മുഴുവന്‍ പിന്‍വലിലിച്ച്, പുതിയ നോട്ടുകള്‍ 11.5 കോടി രൂപ കൊടുത്ത് പ്രിന്റ് ചെയ്യുന്നത്?’

 

സാമാന്യബുദ്ധിക്ക് നിരക്കാത്ത ഇത്തരം ‘തള്ളു’കളെ മുഴുവന്‍ ഈ നടപടിയെ എതിര്‍ക്കുന്നവന്റെയൊക്കെ കയ്യില്‍ കള്ളപ്പണം കാണും, അതാണീ ആധി എന്ന തമാശ പറഞ്ഞ് നേരിടാന്‍ ശ്രമിക്കുന്നവരോട് മറ്റൊരു സുഹൃത്തായ ലതീഷ് മോഹന്‍ തന്റെ ഫേസ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചതേ പറയാനുള്ളു. ‘ഊളരാജാവേ, താങ്കളുടെ ഇരുട്ടടികള്‍ അരാജകവാദികള്‍ക്ക് മൈരാണ്. പക്ഷേ, വെറുംവയറ്റില്‍ ചിരിപ്പിക്കരുത്.’

 

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
നമ്മള്‍ വീണ്ടും, തുടങ്ങിയയിടത്തേക്ക് തന്നെ മടങ്ങിവന്നാല്‍ ഈ നോട്ട് പിന്‍വലിക്കല്‍ നാടകം മറ്റെന്തിനോ വേണ്ടിയുള്ള ഒരു പരീക്ഷണ പറക്കലായിരുന്നുവോ എന്ന സംശയം ഇപ്പോള്‍ ഒരാധാരവുമില്ലാത്ത ഒന്നാണ് എന്ന് ദേശസ്‌നേഹം ഭരണകൂട സ്‌നേഹമായി തെറ്റിദ്ധരിച്ചവര്‍ പോലും പറയും എന്ന് തോന്നുന്നില്ല. ഇവിടെ പ്രകടമായ ഒരു കാര്യം നാം തുടക്കത്തില്‍ ഓര്‍മ്മ പുതുക്കിയ നാലുപതിറ്റാണ്ടില്‍ അധികം പഴക്കമുള്ള അടിയന്തിരാവസ്ഥയിലേയ്ക്ക് നയിച്ച സാഹചര്യങ്ങളും വര്‍ത്തമാന സാഹചര്യങ്ങളും തമ്മില്‍ ചില സമാന്തരങ്ങളുണ്ട് എന്ന വസ്തുതയാണ്.

 

അറുപത്തിയേഴ് മുതല്‍ എഴുപത്തിയൊന്ന് വരെ ഭരിക്കുകയും വീണ്ടും വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ആയിരുന്നു ഇന്ദിരാ ഗാന്ധി 75 മുതല്‍ 77 വരെ 21 മാസം നീണ്ടുനിന്ന അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. 71-ല്‍ ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യത്തിന്റെ രഥത്തിലേറി അവര്‍ വീണ്ടുമധികാരത്തില്‍ വരുമ്പോള്‍ പ്രത്യക്ഷത്തില്‍ ജനപക്ഷമെന്ന് വ്യാഖ്യാനിക്കാവുന്നതും പിന്നീട് ഏകാധിപത്യതാത്പ്പര്യങ്ങളാല്‍ മാത്രം പ്രചോദിപ്പിക്കപ്പെട്ടത് എന്ന് വെളിപ്പെട്ടവയുമായ നിരവധി നടപടികളുടെ പിന്‍ബലമുണ്ടായിരുന്നു ആ ആരോഹണത്തിന്. അവ നമ്മള്‍ ചര്‍ച്ച ചെയ്ത് കഴിഞ്ഞതുമാണ്.

 

അവയ്ക്ക് പ്രസ്ഥാനരൂപം ആര്‍ജ്ജിച്ച് വ്യാപകമായ വിമര്‍ശനം നേരിടേണ്ടിവന്നത് വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നാണ്. മോദി സര്‍ക്കാര്‍ അതിന്റെ ആദ്യ ഊഴം തന്നെ തികച്ചിട്ടില്ലെങ്കിലും അതിന്റെ പ്രമുഖ വിമര്‍ശകരും വിദ്യാര്‍ത്ഥി സമൂഹം തന്നെ. സര്‍ക്കാരിനെ ഈ രണ്ടര വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പ്രതിരോധത്തിലാക്കിയ സമരങ്ങളും ദുര്‍ബലമായ പ്രതിപക്ഷത്തിന്റെയായിരുന്നില്ല, അതിന് പുറത്ത് പ്രബലമായിക്കൊണ്ടിരിക്കുന്ന മറ്റൊരു രാഷ്ട്രീയത്തിന്റെ- ദളിത്, വിദ്യാര്‍ത്ഥി, ഇടത് സഖ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതാണ്. സര്‍ക്കാര്‍ അതിനെ പ്രതിരോധിക്കുന്നതാവട്ടെ ആഭ്യന്തര ഭദ്രത, ബാഹ്യ ഭീഷണി തുടങ്ങിയ പതിവ് വാദങ്ങള്‍ നിരത്തിയും. 75-ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോള്‍ ഭാഷ്യം അഭ്യന്തര പ്രശ്‌നങ്ങള്‍ വരള്‍ച്ചയും എണ്ണപ്രതിസന്ധിയും ഒക്കെ ഉണ്ടാക്കിയ ദീര്‍ഘകാല വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ആഭ്യന്തര അസ്ഥിരതയും പാകിസ്ഥാനെതിരേ സമീപകാലത്ത് കഴിഞ്ഞ ഒരു യുദ്ധം ബാക്കി വയ്ക്കുന്ന വിദേശ ഭീഷണിയും ഒക്കെ ആയിരുന്നു. അതായത് ഭരണമാറ്റം ദേശീയ താല്പര്യത്തെ അപകടത്തിലാക്കും എന്നതിനാല്‍ നമ്മുടെ നന്മയ്ക്കായി, നമ്മുടെ ചിലവില്‍ വരവുവച്ച ഒന്നായിരുന്നു അതും. ആ കണക്കില്‍ അന്ന് രാജനെപ്പോലെ നിരവധി ചെറുപ്പക്കാര്‍ പൊടുന്നനെ അപ്രത്യക്ഷരായി, അതായത് നമ്മള്‍ അപ്രത്യക്ഷരാക്കി.

 

വായന നല്ലതാണ്; അര്‍ത്ഥമറിഞ്ഞ് വായിക്കണം എന്ന് മാത്രം

 

 

ഇന്നിപ്പോ ഇന്ത്യയില്‍ അടിയന്തിരാവസ്ഥയൊന്നും നിലവിലില്ല, പക്ഷേ ഒരു വിദ്യാര്‍ത്ഥിയായ നജീബിനെ കാണാനില്ല. അയാള്‍ എവിടെപ്പോയി എന്ന് ചോദിച്ച മനുഷ്യരുടെ കൂട്ടത്തെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നും നമുക്ക് അറിയാം. പാകിസ്ഥാന്‍ ഇന്നും ഉണ്ട്. പോരാത്തതിന് തീവ്രവാദം എന്ന മറ്റൊരു ഭീഷണി കൂടിയുണ്ട്. ആഭ്യന്തരമായി കള്ളപ്പണവും കള്ളനോട്ടും ദേശീയ, അന്തര്‍ദേശീയ മാഫിയാ സംഘങ്ങളും ഉണ്ട്. അതായത് ഏത് സമയത്തും ഒരു അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ പോന്ന ആഭ്യന്തരവും ബാഹ്യവുമായ വന്‍ ഭീഷണികള്‍ ഉണ്ട് എന്ന പൊതുബോധബന്ധിയായ മുന്നൊരുക്കം രണ്ട് ടേമൊന്നും കൂടാതെ തന്നെ മോദി സര്‍ക്കാര്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇവിടെയാണ് ഓര്‍മ്മകള്‍ ജാഗ്രതയെ സദാ സമരസജ്ജമാക്കി നിര്‍ത്തേണ്ടതിന്റെ ആവശ്യം.

 

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങളും അവയോടുള്ള പ്രതികരണങ്ങളും, നേരിടുന്ന ഭൗതികപ്രശ്‌നങ്ങളുടെ ദൈനംദിന ക്ലേശം നിര്‍ണ്ണയിക്കുന്ന ഒന്നാണ്. അതിനെ അതിനപ്പുറത്തുള്ള ഒരു നൈതിക ഉള്ളടക്കത്തിലേയ്ക്ക് കേന്ദ്രീകരിക്കുക എന്നത് അതാത് സമൂഹങ്ങളിലെ ജൈവബുദ്ധിജീവികളുടെ കടമയാണ്. എന്നാല്‍ ഇവിടെ ഉണ്ടാകുന്ന ഒരു പ്രശ്‌നം കള്ളനോട്ടും കള്ളപ്പണവും അവയുടെ ഉറവിടങ്ങളും അവയുടെ തനത് വ്യതിരിക്തതകളെ പരിഗണിക്കാതെ കൂടിക്കുഴയുമ്പോള്‍ അവ എല്ലാം ചേരുന്ന ഒരു വ്യവഹാര മണ്ഡലത്തില്‍ അവയുടെ പരോക്ഷവാഹകരാകുന്ന സാധാരണ മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പം പോലെ ഒന്നാണ്. ഈ പറയുന്ന ബുദ്ധിജീവികളിലും ഉണ്ട് അടുമുടി വ്യാജരും കണക്കില്‍ കൊള്ളിക്കാനാവാത്ത താത്പ്പര്യങ്ങള്‍, പൊതുവില്‍ പറയപ്പെടുന്ന തമാശ പോലെ ഹരിക്കാന്‍ അറിയാത്തതുകൊണ്ട് ഉണ്ടാകുന്നവയും, ഹരിച്ച്, ഗുണിച്ച് തിട്ടപ്പെടുത്തിയ വ്യക്തിഗത ലാഭകണക്കിന്റെ പുറത്താണ് പൊതുഗണിതമെന്നതിനാലും കള്ളബുദ്ധിജീവികളാകുന്നവരും.

 

അംഗീകാരം കൊണ്ട് മാത്രം മൂല്യത്തെ വായിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ സ്വാഭാവികമായും അതിന്റെ പൊതുവായ വീഴ്ചകള്‍ മാത്രം കണക്കില്‍പ്പെടാതെ പോവും. അത് കള്ളപ്പണക്കാര്‍ വഴി വരുന്നതായാലും ശരി, കള്ളപ്രാതിനിധ്യം വഴി നിലവില്‍ വരുന്ന ഭരണകൂടങ്ങളായാലും ശരി, അവര്‍ക്കായി ഫ്ലൂട്ട് വായിച്ച് നിലനില്‍ക്കുന്ന ബുദ്ധിജീവികള്‍ വഴി നിലവില്‍ വരുന്ന സമ്മതിനിര്‍മ്മാണമായാലും ശരി, വായന നല്ലതാണ്; പക്ഷെ അര്‍ത്ഥമറിഞ്ഞ് വായിക്കണം എന്ന് മാത്രം.

 

(അവസാനിച്ചു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍